TIME 100 : നരേന്ദ്രമോഡി ഔട്ട്‌?

ഓരോ വര്‍ഷവും ലോകത്തെ സ്വാധീനിച്ച നൂറു പേരുടെ ലിസ്റ്റ് തയ്യാറാക്കുന്ന ഒരു തട്ടിപ്പ് പരിപാടി ടൈം മാഗസിനുണ്ട്. ഈ വര്‍ഷത്തെ പ്രാഥമിക ലിസ്റ്റിന്റെ മുന്‍ നിരയില്‍ നമ്മുടെ നരേന്ദ്രമോഡി സാഹിബുണ്ട്. ഇന്ത്യ കണ്ട ഏറ്റവും വലിയ മനുഷ്യക്കുരുതികളില്‍ ഒന്നിന് ഒത്താശ ചെയ്തു കൊടുത്ത വകയിലാണോ അതോ ഗുജറാത്ത് കൈവരിച്ച വ്യവസായിക പുരോഗതിയുടെ പേരിലാണോ  അദ്ദേഹം ഈ ലിസ്റ്റില്‍ ഇടം പിടിച്ചത് എന്നറിയില്ല. ഇരുനൂറു പേരുടെ ലിസ്റ്റില്‍ നിന്ന് നൂറു പേരെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടിംഗ് ഏപ്രില്‍ ആറിനു അവസാനിച്ചു. ഓരോരുത്തര്‍ക്കും കിട്ടിയ വോട്ടുകളുടെ എണ്ണം ടൈം മാഗസിന്‍ അവരുടെ വെബ്‌ സൈറ്റില്‍ പ്രസിദ്ധീരിക്കുകയും ചെയ്തു. നരേന്ദ്ര മോഡിയെ ലിസ്റ്റില്‍ ഉള്‍പെടുത്തണമെന്ന് വോട്ടു ചെയ്തവരുടെ എണ്ണം 2,56,792. അദ്ദേഹത്തിനെ ആ വഴിക്ക് അടുപ്പിക്കരുത്‌ എന്ന് പറഞ്ഞവരുടെ എണ്ണം 2,66,684. ലതായത് 9892 പേരുടെ ഭൂരിപക്ഷത്തിന് മോഡി സാഹിബ് തോറ്റു.

ഈ വര്‍ഷം ലോകത്തെ 'ഉഴുതുമറിച്ച' നൂറു മാന്യമഹാജനങ്ങളുടെ ഫൈനല്‍ ലിസ്റ്റ് ഏപ്രില്‍ ഇരുപത്തി ഏഴിന് ടൈം മാഗസിന്‍ പ്രഖ്യാപിക്കുമ്പോള്‍ അതില്‍ മോഡി ഉണ്ടാകുമോ എന്നറിയില്ല. വോട്ടിംഗ് പരിഗണിക്കുമെങ്കിലും ഫൈനല്‍ ലിസ്റ്റ് ഒരു പ്രത്യേക സമിതി അവരുടെ ഇഷ്ടപ്രകാരം പ്രഖ്യാപിക്കുകയാണ് പതിവ്. (ഏതാണ്ട് ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഗ്രാന്‍ഡ്‌ ഫിനാലേയുടെ മോഡലില്‍ !!). മോഡി ലിസ്റ്റില്‍ വന്നാലും ഇല്ലെങ്കിലും മോഡിക്കെതിരെ No പറഞ്ഞവരാണ് Yes പറഞ്ഞവരെക്കാള്‍ കൂടുതലുള്ളത്. ടൈമിന്റെ വോട്ടിംഗ് റിസള്‍ട്ടിലെ രസകരമായ ഒരു കാര്യം ഇത്തവണ ഏറ്റവും കൂടുതല്‍ വോട്ടു കിട്ടിയിട്ടുള്ളത് 'അനോണി'ക്കാണ് എന്നതാണ്. ഇന്റര്‍നെറ്റില്‍ ഒളിഞ്ഞിരുന്നു സൈബര്‍ ആക്രമണം നടത്തുന്ന ഹാക്കര്‍മാരുടെ പ്രതിനിധിയായ അനോണിക്ക് ഏതാണ്ട് നാല് ലക്ഷം വോട്ടുകളാണ് കിട്ടിയത്. ഇതിനു മുമ്പും അനോണികള്‍ ടൈം ലിസ്റ്റില്‍ ഏറെ പുകിലുകളും  വിവാദങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.



റെഡിറ്റ് എന്ന സോഷ്യല്‍ ന്യൂസ്‌ വെബ്‌ സൈറ്റിന്റെ ജനറല്‍ മാനേജര്‍ എറിക് മാര്‍ട്ടിനാണ് രണ്ടാം സ്ഥാനത്ത്. കിട്ടിയ വോട്ടുകളുടെ എണ്ണം  2,64,193. മൂന്നാം സ്ഥാനത്താണ് നമ്മുടെ സംഘപരിവാര നായകന്‍ ഉള്ളത്. വോട്ടിംഗ് തുടങ്ങിയ നാള്‍ മുതല്‍ തന്നെ മോഡിയെ മുന്നിലെത്തിക്കാന്‍ കൊണ്ടുപിടിച്ച പ്രചാരണങ്ങള്‍ ചില ഗ്രൂപ്പുകാര്‍ നടത്തിയിരുന്നു. അവരുടെ കൂട്ട വോട്ടിങ്ങിന്റെ ഫലമായിട്ടാണ് പുള്ളി മുന്നിലെത്തിയത്. പക്ഷേ ഇത്രയധികം ആളുകള്‍ അദ്ദേഹത്തിനെതിരെ വോട്ടു ചെയ്യുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. ലിസ്റ്റിലുള്ള ഇരുനൂറു പേരില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ NO എന്ന് എതിര്‍ത്തു വോട്ടു ചെയ്തത് മോഡിയുടെ പേരിനു നേരെയാണ്.  

വോട്ടിങ്ങില്‍ ഇരുപതാം സ്ഥാനത്താണ് മിസ്റ്റര്‍ ഒബാമയുള്ളത്. ഒബാമക്ക് തൊട്ടു താഴെ നമ്മുടെ അഭിനവഗാന്ധി അണ്ണാ ഹസാരെയും ഉണ്ട്!. ഒറ്റനോട്ടത്തില്‍ ലിസ്റ്റ് പരതിയപ്പോള്‍ ഇന്ത്യയില്‍ നിന്ന് വേറെയും ചില മഹാന്മാരെ കണ്ടു. വിദ്യാബാലന്‍, സല്‍മാന്‍ ഖാന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, നിതീഷ് കുമാര്‍ .  ഫേസ്ബുക്ക് ചെക്കന്‍ സുക്കര്‍ബര്‍ഗിനേക്കാള്‍ വോട്ട് വിദ്യാബാലന്‍ നേടിയിട്ടുണ്ട്!!.


 
ഈ ലിസ്റ്റില്‍ കടന്നു കൂടാന്‍ വേണ്ടി മോഡി കളിച്ച പി ആര്‍ കളികള്‍ വാര്‍ത്തകളില്‍ ഉണ്ടായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ ഉപയോഗപ്പെടുത്തി മോഡി വോട്ടിംഗ് ക്യാമ്പയിന്‍ നടത്തിയതായി ഗുജറാത്തിലെ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ ആരോപണവും ഉയര്‍ത്തിയിരുന്നു . അത് ശരിയാണെങ്കിലും അല്ലെങ്കിലും ടൈം മാഗസിനുമായി ഒരു നല്ല പി ആര്‍ ബന്ധം മോഡിക്കുണ്ട് എന്നതുറപ്പാണ്. അവരുടെ ഒരു ഇന്ത്യന്‍ പതിപ്പിന്റെ മുഖചിത്രത്തില്‍ ഇതിനു മുമ്പ് മോഡി പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്.

ലോകത്തെ ഗുണപരമായോ അല്ലാതെയോ സ്വാധീനിച്ച ആളുകളെ (അതായത് പ്രസിദ്ധരെയും കുപ്രസിദ്ധരെയും)  ഞങ്ങള്‍ തിരഞ്ഞെടുക്കാറുണ്ട് എന്നൊരു മുന്‍‌കൂര്‍ ജാമ്യം ടൈം അധികൃതര്‍ എടുത്തിട്ടുള്ളത് കൊണ്ട് ഏത് മോഡിയെ ലിസ്റ്റില്‍ പെടുത്തിയാലും അവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയും.   മാഗസിനുകളുടെ സര്‍ക്കുലേഷനും ഹിറ്റും കൂട്ടാനുള്ള ഒരു തന്ത്രം എന്നതിലുപരി ഇത്തരം സെലക്ഷനുകളില്‍ വലിയ കാര്യമൊന്നുമില്ല എന്ന് എല്ലാവര്‍ക്കും അറിയാം. സമീപകാല ചരിത്രത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ യുദ്ധങ്ങളും അധിനിവേശങ്ങളും നടത്തിയ ജോര്‍ജ് ബുഷിനെ രണ്ടു തവണയാണ് ഇതേ ടൈം മാഗസിന്‍ പേഴ്സന്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തത്!. കമ്മ്യൂണിസ്റ്റ് കൂട്ടക്കുരുതികളില്‍ വേള്‍ഡ് റിക്കോഡ്‌ ഉടമയായ ജോസഫ് സ്റ്റാലിനും രണ്ടു തവണ ഈ മഹാപദവി അലങ്കരിച്ചിട്ടുണ്ട്. എന്തിനധികം സാക്ഷാല്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ ആയിരുന്നു 1938 ലെ ടൈം മാഗസിന്റെ മാന്‍ ഓഫ് ദി ഇയര്‍ !! മിനിമം ഒരു 'തളത്തില്‍ ദിനേശ'ന്റെ ബുദ്ധിയെങ്കിലും ഉള്ളവര്‍ക്ക് ഈ അവാര്‍ഡിന്റെ ലൈന്‍ പെട്ടെന്ന് മനസ്സിലാവും. നരേന്ദ്ര മോഡി സിന്ദാബാദ് ! ടൈം മാഗസിന്‍ സിന്ദാബാദ്!!