കൈപ്പത്തിയുണ്ടോ സാറേ ഒന്നാത്മഹത്യ ചെയ്യാന്‍ ?

വലിയ ചുരങ്ങളുടെ ഉച്ചിയില്‍  ആത്മഹത്യാ മുനമ്പുകള്‍ ഉണ്ടാകാറുണ്ട്.  തീവണ്ടിക്കു തലവെക്കാനും കെട്ടിത്തൂങ്ങി ചാകാനും ചങ്കുറപ്പില്ലാത്തവര്‍ക്ക് കണ്ണ് മുറുക്കി ചിമ്മി ഒരൊറ്റ ചാട്ടം വെച്ചു കൊടുത്താല്‍ ക്ലീന്‍ ക്ലീനായി വടിയാകാന്‍ പറ്റും എന്നുള്ളതാണ് ഇത്തരം മുനമ്പുകളുടെ ഒരു പ്രത്യേകത. എന്‍ഡോസള്‍ഫാനോ എലിവിഷമോ വാങ്ങാന്‍ കാശില്ലാത്തവര്‍ക്കും  ആത്മഹത്യാ മുനമ്പുകള്‍ വലിയ പ്രതീക്ഷയാണ് നല്‍കാറുള്ളത്. സെല്‍വരാജിന് ചാടാന്‍ വേണ്ടി  യു ഡി എഫിന്റെ ആത്മഹത്യാമുനമ്പ് റെഡിയായിക്കഴിഞ്ഞു. യു ഡി എഫിലേക്ക് പോകുന്നതിനേക്കാള്‍ ഭേദം ആത്മഹത്യ ചെയ്യുകയാണ് എന്നാണ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് സെല്‍വരാജ് പറഞ്ഞിരുന്നത്. എന്നാല്‍ ലതേ വേന്ദ്രന്‍ തന്നെ  ഇന്നലെ പറഞ്ഞത് യു ഡി എഫിലേക്ക് പോവുന്നതിലും കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നതിലും അഫിമാനം കൊള്ളുന്നു എന്നാണ്!!. ഈ ഒരൊറ്റ മലക്കം മറിച്ചിലോട് കൂടി തന്നെ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് സെല്‍വരാജ് എന്ന കപട രാഷ്ട്രീയക്കാരന്‍ ആത്മാഹൂതി ചെയ്തുകഴിഞ്ഞു.

തെമ്മാടികളുടെ അവസാന അഭയ കേന്ദ്രമാണ് രാഷ്ട്രീയം എന്ന് ആരാണ്ടോ പറഞ്ഞതായി എവിടെയോ വായിച്ചിട്ടുണ്ട്. അപ്പറഞ്ഞയാളെ കണ്ടുമുട്ടിയിരുന്നെങ്കില്‍ തറവാട് വിറ്റിട്ടാണെങ്കിലും ഒരു പരിപ്പ് വടയും ചായയും വാങ്ങിച്ചു കൊടുക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. വോട്ടു ചെയ്തു അഞ്ചു വര്‍ഷക്കാലത്തേക്ക്‌ എം എല്‍ എ ആക്കിയ പൊതുജനത്തിന്റെ മുഖത്തു കാര്‍ക്കിച്ചു തുപ്പിയത് പോരാഞ്ഞിട്ടാണ്‌ ഒരു ഉളുപ്പുമില്ലാതെ ഇത്ര പരസ്യമായി വാക്ക് മാറി ആത്മഹത്യാ മുനമ്പിലേക്ക്‌ സെല്‍വരാജ് എത്തിയിരിക്കുന്നത്. വോട്ടു ചെയ്ത പൊതുജനത്തെ കഴുതകളാക്കി കാലുമാറിയും കൂറ്മാറിയും പലരും പല പാര്‍ട്ടിയിലും ചേക്കേറിയിട്ടുണ്ട്. ഇങ്ങനെ ചേക്കേറി വരുന്ന അവസരവാദികള്‍ക്ക് ഇടതുപക്ഷവും വലതുപക്ഷവും ഒരുപോലെ അവസരം കൊടുത്തിട്ടുണ്ട്. ഈ കുളിമുറിയില്‍ എല്ലാവരും ഉടുമുണ്ടില്ലാത്തവര്‍ തന്നെയാണ്. എന്നാലും സെല്‍വരാജിന്റെ ആത്മഹത്യാ പ്രസ്താവനയും പെട്ടെന്നുള്ള ഈ കരണം മറിച്ചിലും വല്ലാത്ത അറപ്പും വെറുപ്പും ഉളവാക്കുന്നു എന്നതാണ് സത്യം.


 ഏഷ്യാനെറ്റിന്റെ ജാതിക്കണക്ക്!!.. 
അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന്റെ ഉദാത്ത മാതൃക..   

ആശയ പരമായ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം ഒരു പാര്‍ട്ടിയില്‍ നിന്നും മറ്റൊരു പാര്‍ട്ടിയിലേക്ക് പോകുന്നതിനെ ആര്‍ക്കും എതിര്‍ക്കാന്‍ കഴിയില്ല. ഒരു നിലപാട് തറയുടെ സുസ്ഥിരത അത്തരം കൂടുമാറ്റങ്ങളെ സാധൂകരിക്കും. എന്നാല്‍  ആശയപരമായ ഭിന്നതകള്‍ ഒന്നുമില്ലാതെ പാര്‍ട്ടി നേതാക്കള്‍ എന്നെ മൈന്‍ഡ് ചെയ്യുന്നില്ല എന്ന ഒറ്റ കാരണം പറഞ്ഞാണ് സെല്‍വരാജ് കൂട് മാറിയിരിക്കുന്നത്. കോലുമുട്ടായി തന്നില്ല എന്ന് പറഞ്ഞു കൊച്ചു പിള്ളേര്‍ പിണങ്ങിപ്പോകുന്ന പോലെ.. യു ഡി എഫിന്റെ 'പിന്തിരിപ്പന്‍ മുതലാളിത്ത മൂരാച്ചി' രാഷ്ട്രീയത്തെ ഇത്രകാലവും തൊണ്ട പൊട്ടുമാറുച്ചത്തില്‍ എതിര്‍ത്ത ഒരു തൊഴിലാളി വര്‍ഗ രാഷ്ട്രീയക്കാരന്‍  രായ്ക്കു രാമാനം ആ യു ഡി എഫിലേക്ക് തന്നെ കൂട് മാറുമ്പോള്‍ അതിലൊരു ആത്മഹത്യയുണ്ട്. മുപ്പതു വെള്ളിക്കാശിനു വേണ്ടി സ്വന്തം വ്യക്തിത്വത്തെ തീയിട്ടു ചുടുന്ന ആത്മഹത്യ. യു ഡി എഫില്‍ നിന്ന് കാശ് വാങ്ങിച്ചിട്ടാണ് സെല്‍വരാജ് പോയതെന്ന് ഞാന്‍ പറയുന്നില്ല. കാശ് വാങ്ങിച്ചാലും ഇല്ലെങ്കിലും ഒരു നിലപാടിന്റെയും രാഷ്ട്രീയ സദാചാരത്തിന്റെയും പ്രശ്നമാണ് ഉയര്‍ന്നു വരുന്നത്. ഒരു നിലപാടില്‍ നിന്ന് അതിന്റെ നേര്‍വിരുദ്ധമായ മറ്റൊരു നിലപാടിലേക്ക് കുതിരച്ചാട്ടം ചാടുമ്പോള്‍ ഒരു കോഴിമുട്ട വിരിയാനുള്ള സമയമെങ്കിലും കൊടുക്കണം. അധികാര രാഷ്ട്രീയത്തിന്റെ അപ്പക്കഷണങ്ങള്‍ക്ക് പിറകെ നാക്ക് നീട്ടി ഓടുന്ന തെരുവുനായ്ക്കളുടെ നിലവാരത്തിലേക്ക് തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന്റെ പ്രതിനിധികള്‍ക്ക് പോലും രൂപപരിണാമം വരുമ്പോള്‍ പ്രതീക്ഷയുടെ അവസാന തുരുത്തും കടലെടുക്കയാണ് എന്നാണു നാം തിരിച്ചറിയേണ്ടത്.

ഈ തിരഞ്ഞെടുപ്പില്‍ സെല്‍വരാജ് എട്ടു നിലയില്‍ പൊട്ടേണ്ടത്‌ നെയ്യാറ്റിന്‍കരക്കാരുടെ മാത്രം ആവശ്യമല്ല, അത് കേരളക്കരയുടെ രാഷ്ട്രീയ സദാചാരത്തിന്റെ കൂടി അനിവാര്യതയാണ്.