ചെങ്കടലില്‍ ഒരു ബ്ലോഗ്‌ മീറ്റ്‌

ബ്ലോഗര്‍മാര്‍ തവളകളെപ്പോലെ ഉഭയജീവികളല്ല. അതുകൊണ്ട് ബ്ലോഗ്‌ മീറ്റുകള്‍ അധികവും കരയിലാണ് നടക്കാറുള്ളത്. വാടക കുറഞ്ഞ ഏതെങ്കിലും ഓഡിറ്റോറിയം അതല്ലെങ്കില്‍ ഫ്രീയായി കിട്ടുന്ന പാര്‍ക്കുകള്‍ (ധൂര്‍ത്ത് ഇഷ്ടപ്പെടാത്തവരാണ് ബ്ലോഗര്‍മാര്‍ , അല്ലാതെ പിശുക്കന്മാര്‍ ആയതു കൊണ്ടല്ല!) ഇതിലേതെങ്കിലും ഒന്നിലായിരിക്കും മീറ്റും ഈറ്റും! എന്നാല്‍ വളരെ ലാവിഷായി ഒട്ടും പിശുക്കില്ലാതെ  കടലില്‍ നടത്തിയ ഒരു ബ്ലോഗ്‌ മീറ്റിനെക്കുറിച്ചാണ് ഈ പോസ്റ്റ്‌. ഒരു ആവേശത്തിന് ആളെക്കൂട്ടാന്‍ വേണ്ടി പറഞ്ഞതല്ല. അക്ഷരാര്‍ത്ഥത്തില്‍ തന്നെ കടലില്‍ നടത്തിയ ഒരു മീറ്റ്!!. കരയിലെന്ന പോലെ കടലിലും ഒരു കൈ നോക്കാന്‍ ചങ്കുറപ്പുള്ള പത്തു ബ്ലോഗര്‍മാരാണ് (നീന്താന്‍ അറിയാത്തവര്‍ മൂന്ന് ) ഈ മീറ്റിലെ കഥാപാത്രങ്ങള്‍. ചെങ്കടലില്‍ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു ദ്വീപ്‌ സമൂഹമുണ്ട്‌. അല്‍ബതാഇന്‍ ഐലന്റ്സ്. സൗദി അറേബ്യയുടെ തെക്കന്‍ പ്രവിശ്യയില്‍ കരയില്‍ നിന്നും ഏതാണ്ട് അര മണിക്കൂര്‍ സ്പീഡ് ബോട്ടില്‍ സഞ്ചരിച്ചാല്‍ എത്താവുന്ന ദൂരത്താണ് അടുത്തടുത്ത് കിടക്കുന്ന അഞ്ചു ദ്വീപുകളുടെ ഈ കൂട്ടമുള്ളത്. 

ഈ ദ്വീപിലേക്ക് ഒരു ട്രിപ്പ്‌ നടത്താനുള്ള ആശയം ബ്ലോഗര്‍ ഫൈസല്‍ ബാബുവിന്റെതാണ്. ഞങ്ങള്‍ ഒരുമിച്ചു ഇതിനുമുമ്പ്  രസകരമായ ഒരു മരുഭൂയാത്ര നടത്തിയിട്ടുണ്ട്. അന്നാണ് ഈ ആശയം ഫൈസല്‍ മുന്നോട്ടു വെക്കുന്നത്. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഞാന്‍ ഉടനെ ഓക്കേ പറഞ്ഞു. അനുയോജ്യമായ തിയ്യതിയും കൂടെ ആരെയൊക്കെ കൂട്ടണം എന്നതും ഫൈസല്‍ എനിക്ക് വിട്ടു. യാത്ര ഉള്‍ക്കടലിലേക്കാണ്, മാത്രമല്ല സംഗതി അല്പം റിസ്ക്കുള്ള കാര്യവുമാണ്. അതുകൊണ്ട് തന്നെ ഒരു പ്രത്യേക ജനുസ്സില്‍പെട്ട ജീവിവര്‍ഗം എന്ന നിലയില്‍ ബ്ലോഗര്‍മാര്‍ ആയിക്കോട്ടെ എന്ന് ഞാന്‍ സജസ്റ്റ് ചെയ്തു. ഈ ദ്വീപിലേക്ക് പോകണമെങ്കില്‍ സൗദി കോസ്റ്റ് ഗാര്‍ഡിന്റെ മുന്‍കൂട്ടിയുള്ള അനുമതി വേണം. പത്തു പേരില്‍ കൂടുതല്‍ അനുമതി കിട്ടില്ല. ജിദ്ദയിലും പരിസരത്തുമായി അമ്പതിലധികം മലയാളി ബ്ലോഗര്‍മാര്‍ ഉണ്ട്. വിവരം അറിഞ്ഞാല്‍ എല്ലാവരും റെഡിയാവും. അറിയിക്കാതിരുന്നാല്‍ അത് പരാതിയാവുകയും ചെയ്യും. പക്ഷെ നിവൃത്തിയില്ല. പത്തു പേര്‍ക്ക് മാത്രമേ പറ്റൂ. വളരെ അടുത്ത സൗഹൃദമുള്ള മൂന്നാല് ബ്ലോഗര്‍മാരെ ഞാന്‍ സെലക്ട്‌ ചെയ്തു. പിന്നീട് അതിലൊരാളോട് ബാക്കിയുള്ളവരെ സെലക്ട്‌ ചെയ്യാന്‍ പറഞ്ഞു. (സുരക്ഷാ കാരണങ്ങളാല്‍ അദ്ദേഹത്തിന്‍റെ പേര് വെളിപ്പെടുത്തുന്നില്ല) വളരെ പ്രയാസപ്പെട്ടു അദ്ദേഹം ഒരു ഫൈനല്‍ ലിസ്റ്റ് ഉണ്ടാക്കി. അക്ബര്‍ ചാലിയാര്‍ , സലിം ഐക്കരപ്പടി , എം ടി മനാഫ് , അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍ , ഉസ്മാന്‍ ഇരിങ്ങാട്ടിരി , രമേശ്‌ അരൂര്‍ , എഞ്ചി. അബ്ദുല്‍ ലത്തീഫ് , കൊമ്പന്‍ മൂസ പിന്നെ ഞാനും ഫൈസലും. ടാസ്ക് ഫോഴ്സ് റെഡി.



ഉച്ച തിരിഞ്ഞു രണ്ടു കാറുകളിലായി ജിദ്ദയില്‍ നിന്നും യാത്ര. അക്ബറിന്റെ മെര്‍ക്കുറി ഗ്രാന്‍ഡ്‌ മാര്‍ക്വിസും ലത്തീഫിന്റെ ഫോര്‍ഡും ജീസാന്‍ ഹൈവേയിലൂടെ ചീറിപ്പാഞ്ഞു. ഒരു വണ്ടിയില്‍ ഇരിങ്ങാട്ടിരിയുടെ കവിതകളുടെ ബഹളം. മറ്റൊരു വണ്ടിയില്‍ രമേശിന്റെ നേതൃത്വത്തിലുള്ള സാഹിത്യ സംവാദങ്ങള്‍ . രണ്ടും നോണ്‍ സ്റ്റോപ്പ്‌. നാനൂറു കിലോമീറ്റര്‍ ഓടിയതേ അറിഞ്ഞില്ല.  രാത്രി ഒമ്പത് മണിയോടെ ഖുന്‍ഫുദക്ക് സമീപം ദ്വീപ്‌ സമൂഹത്തിനു നേരെയുള്ള കടല്‍ക്കരയില്‍ എത്തി. ഫൈസല്‍ അവിടെ കാത്തുനില്കുന്നുണ്ട്. അതിരാവിലെ ദ്വീപിലേക്ക് പോകാനാണ് പരിപാടി. രാത്രി കടല്‍ക്കരയില്‍ തങ്ങുക. അതിനു വേണ്ടി രണ്ടു ടെന്റുകള്‍ ഫൈസല്‍ റെഡിയാക്കി വെച്ചിട്ടുണ്ട്. തീരത്ത്‌ തന്നെയാണ് ടെന്റ് കെട്ടിയിട്ടുള്ളത്. കടല്‍ വെള്ളത്തിലേക്ക് കഷ്ടി രണ്ടോ മൂന്നോ മീറ്റര്‍ അകലം മാത്രം. അറബിക്കടലിന്റെ തീരങ്ങളിലേത് പോലുള്ള തിരമാലകള്‍ ചെങ്കടലിനു ഇല്ല.  രാത്രിയില്‍ നോക്കുമ്പോള്‍ കാറ്റില്‍ ഓളം തത്തിക്കളിക്കുന്ന ഒരു കായല്‍പരപ്പാണെന്നേ തോന്നൂ.


ബാഗുകള്‍ ടെന്റില്‍ വെച്ചു എല്ലാവരും പുറത്തിറങ്ങി. കള്ളിമുണ്ടും തലയിലൊരു റൌഡിക്കെട്ടുമായി പുറത്തിറങ്ങിയ കൊമ്പന് ശരിക്കും ഒരു കുട്ടികൊമ്പന്റെ ലുക്ക്‌. പരിസരമൊക്കെ ഒന്ന് ചുറ്റിക്കറങ്ങി വന്ന ശേഷം രാത്രി ഭക്ഷണത്തിനു വേണ്ട ഒരുക്കങ്ങള്‍ .. കോഴിയും മീനും ചുടുകയാണ് പ്രധാന പരിപാടി. അതിനു വേണ്ട സംഗതികളൊക്കെ ഫൈസല്‍ ഒരുക്കിയിട്ടുണ്ട്. നേരിയ തണുത്ത കാറ്റില്‍ ബാര്‍ബിക്യൂ  അടുപ്പിന്റെ ചുറ്റും എല്ലാവരും വട്ടം കൂടി. പിന്നെ പാട്ടുകളും സാഹിത്യ ചര്‍ച്ചകളുമായി രംഗം കൊഴുത്തു. ചുട്ട കോഴിയുടെ മണം വന്നതോടെ അക്ബര്‍ ഫുള്‍ ഫോമിലായി. ഇടിവെട്ട് തമാശകളുടെ കുത്തൊഴുക്ക്. അക്ബറിന്റെ വാക്കുകള്‍ക്കു ഫൈസല്‍ എരിവു പകര്‍ന്നു. രണ്ട് പേരും സഹോദരന്മാരാണ്. ഇരുവരും തമ്മിലുള്ള സൗഹൃദബന്ധം ഞങ്ങളെ എല്ലാവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കളിയും ചിരിയും തമാശകളുമായി വല്ലാതെ ഇഴുകിച്ചേര്‍ന്ന ഒരു കൂട്ടുകെട്ട്. ചര്‍ച്ചയും തമാശകളും പുരോഗമിക്കുന്നതിനിടെ ലാപ്ടോപ്പിലെ കരോക്കി ഈണങ്ങള്‍ക്ക് സലീമിന്റെ ഹിന്ദി ഗസലുകള്‍ . വളരെക്കാലത്തെ  സൗഹൃദം ഉണ്ടെങ്കിലും സലീം ഇത്തരം കടുംകൈകള്‍ ചെയ്യാറുണ്ടെന്നത് എനിക്കൊരു പുതിയ അറിവായിരുന്നു. ഇതിനിടെ ഖലീല്‍ ജിബ്രാന്റെ ഒരു കവിതയുടെ മലയാള വിവര്‍ത്തനം വട്ടപ്പൊയില്‍ മനോഹരമായി ആലപിച്ചു. കടലിലെ ഓളങ്ങളുടെ നനുത്ത സംഗീതം ജിബ്രാന്റെ ഭാവനകള്‍ക്ക് എന്തെന്നില്ലാത്ത അനുഭൂതിയാണ് പകര്‍ന്നത്.


തല ചായ്ക്കാന്‍ രാത്രി മൂന്നു കഴിഞ്ഞെങ്കിലും അതിരാവിലെ തന്നെ എല്ലാവരും എഴുന്നേറ്റു റെഡിയായി. രണ്ടോ മൂന്നോ മണിക്കൂറിന്റെ ഉറക്കം മാത്രം.എന്നിട്ടും ആര്‍ക്കും ഉറക്കച്ചവടില്ല. ദ്വീപിലേക്കുള്ള പോകാനുള്ള ആവേശമാണ് എല്ലാവരുടെയും മുഖത്ത്. ഫൈസലിന്റെ സുഹൃത്തും സഊദി പൗരനുമായ യഹ് യ ബോട്ടുമായി എത്തിയിട്ടുണ്ട്. അദ്ദേഹമാണ് ഞങ്ങളുടെ ഗൈഡും ബോട്ടിന്റെ ഡ്രൈവറും. സഊദി ഇന്റര്‍ മീഡിയറ്റ് സ്കൂളിലെ സ്പോര്‍ട്സ് അദ്ധ്യാപകനാണ് യഹ് യ മുഹമ്മദ്‌ മിന്കീര്‍ . കണ്ടാല്‍ ഒരു ഗ്രാമീണ മീന്‍പിടുത്തക്കാരന്റെ ലുക്ക്‌. അദ്ദേഹം തന്നെയാണ് ഫൈസലിന്റെ അഭ്യര്‍ത്ഥന പ്രകാരം ഇവിടെ ടെന്റ് ശരിയാക്കിക്കൊടുത്തതും. പണിക്കാരെ കിട്ടാതെ വന്നപ്പോള്‍ സ്വയം കുഴികള്‍ കുത്തി അദ്ദേഹം ഒറ്റക്കാണ് ഈ ടെന്റ് കെട്ടിയതത്രേ. ഫൈസല്‍ അത് പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും അദ്ദേഹത്തോട് വല്ലാത്ത ബഹുമാനമായി.

ബര്‍മുഡയും ബനിയനും റെഡിയാക്കി എല്ലാവരും ബോട്ടിലേക്ക്. ദ്വീപ്‌ ലക്ഷ്യമാക്കി കടലിലൂടെ ഒരു യാത്ര. കുസൃതിക്കുട്ടികള്‍ സൈക്കിള്‍ ഓട്ടുന്ന പോലെയാണ് യഹ് യ ബോട്ട് ഓടിക്കുന്നത്. ഞങ്ങളെ രസം പിടിപ്പിക്കുകയാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യമെന്നത് ഉറപ്പ്. ചായ്ച്ചും ചരിച്ചും വൃത്തം വരച്ചും പെട്ടെന്ന് നിറുത്തിയുമൊക്കെ സ്പീഡ് ബോട്ടിന്റെ സകല സാധ്യതകളും യഹ് യ പുറത്തെടുത്തു. ഇരിങ്ങാട്ടിരി മാഷിന്റെ അടുത്താണ് ഞാന്‍ ഇരിക്കുന്നത്. നീന്തല്‍ അറിയാത്ത മാഷിന്റെ നെഞ്ചിടിപ്പ് ഏതാണ്ട് ഉടുക്ക് കൊട്ടുന്ന പോലെ എനിക്ക് കേള്‍ക്കാം. ഞാന്‍ പറഞ്ഞു, പേടിക്കേണ്ട. എന്തെങ്കിലും സംഭവിച്ചാല്‍ വീട്ടിലെ മൊബൈല്‍ നമ്പര്‍ എന്റടടുത്തുണ്ട്. ഞാന്‍ വിളിച്ചു പറഞ്ഞോളാം. സലീമിന്റെ യു എസ് ബി യില്‍ നിന്നും കെ പി എ സിയുടെ ആ പഴയ നാടകപ്പാട്ട്. പാമ്പുകള്‍ക്ക് മാളമുണ്ട്... ഇത്തരമൊരു അടിച്ചുപൊളിയാത്രയുടെ നാലയലത്തു അടുപ്പിക്കാന്‍ പറ്റാത്ത പാട്ടാണ്. പക്ഷെ എന്ത് ചെയ്യാം. സലീമിന്റെ മൊത്തം കളക്ഷനില്‍ ശോക ഗാനങ്ങള്‍ മാത്രം. പാട്ടിന്റെ പോക്ക് ശരിയല്ല എന്ന് കണ്ടതോടെ പ്ലയര്‍ ഓഫാക്കി യഹ് യ നാടന്‍ അറബിപ്പാട്ടും ഡാന്‍സും തുടങ്ങി. അതിനൊപ്പിച്ച്‌ എല്ലാവരും കളി തുടങ്ങി.


ഏതാണ്ട് പകുതി ദൂരം പിന്നിട്ടപ്പോള്‍  യഹ് യ ബോട്ട് നിര്‍ത്തി. പിന്നെ ചൂണ്ടലുകള്‍ പുറത്തെടുത്തു. അഞ്ചാറു ചൂണ്ടകള്‍ ഉണ്ട്. അവയില്‍ ഇര കോര്‍ത്ത്‌ ഓരോരുത്തരുടെ കയ്യിലായി നല്‍കി. ഭാഗ്യമുണ്ടെങ്കില്‍ നിങ്ങളുടെ ഉച്ച ഭക്ഷണത്തിനുള്ള മീന്‍ നമുക്ക് ഇപ്പോള്‍ പിടിക്കാം. ഇന്‍ഷാ അല്ലാഹ്.. യഹ് യ യുടെ ആ വാക്കുകളിലെ ശുഭ പ്രതീക്ഷ നല്‍കിയ ആവേശത്തില്‍ ഞങ്ങള്‍ ചൂണ്ടലുകള്‍ എറിഞ്ഞു. അവിശ്വസനീയമായിരുന്നു. ചൂണ്ടലുകളില്‍ തുടരെത്തുടരെ മീനുകള്‍ . അറബികളുടെ പ്രിയമത്സ്യങ്ങളില്‍ ഒന്നായ ശുഊറാണ് കൂടുതലും കിട്ടിയത്. യഹ് യ യുടെ ചൂണ്ടയില്‍ ആണ് ഏറ്റവും കൂടുതല്‍ മീനുകള്‍ കിട്ടിയത്. ആ ആവേശത്തില്‍ പലരും ഡാന്‍സ് തുടങ്ങി.

ചൂണ്ടക്കു വേണ്ട ഇരകളെ തയ്യാറാക്കുകയാണ് യഹ് യ
 
 

പെട്ടെന്നാണ് ടപ്പോ എന്ന ശബ്ദത്തില്‍ ആരോ കടലിലേക്ക്‌ വീണത്‌. എന്റെ നെഞ്ചിലൂടെ ഒരു ഇടിമിന്നല്‍ പാഞ്ഞു. ഞാന്‍ ഇരിങ്ങാട്ടിരിയുടെ സീറ്റിലേക്ക് നോക്കി. ഭാഗ്യം. പുള്ളി അവിടെയുണ്ട്. പിന്നെ എന്താണ് സംഭവിച്ചത്. നോക്കുമ്പോള്‍ ലത്തീഫ് കടലില്‍ മുങ്ങി ഉയരുന്നു!. ഒരു നിമിഷം പകച്ചു പോയെങ്കിലും സുന്ദരമായി നീന്തിക്കുളിക്കുകയാണ് കക്ഷി.  എല്ലാവരെയും ഒന്ന് ഞെട്ടിക്കാന്‍ വേണ്ടി എടുത്തു ചാടിയതാണ്. മീന്‍ വേട്ട തുടരുക തന്നെയാണ്. ഏകദേശം മുക്കാല്‍ മണിക്കൂറിനുള്ളില്‍ ആറര കിലോ മത്സ്യം പിടിച്ചു. പത്തു പേര്‍ക്ക് ഇത് ധാരാളം. അത് പറഞ്ഞു യഹ് യ വീണ്ടും ബോട്ട് സ്റ്റാര്‍ട്ടാക്കി. ഇപ്പോള്‍ ബോട്ട് വളരെപ്പതുക്കെയാണ് പോകുന്നത്. ഞാന്‍ കാര്യം തിരക്കിയപ്പോള്‍ യഹ് യ വെള്ളത്തിനടിയിലേക്ക്‌ സൂക്ഷിച്ചു നോക്കാന്‍ പറഞ്ഞു. പാറക്കെട്ടുകള്‍ .. കിലോമീറ്ററുകള്‍ പരന്നു  കിടക്കുന്ന പാറക്കുന്നുകള്‍ ഇവിടെ ധാരാളമുണ്ട്. അറിയാത്തവര്‍ ഈ വഴി വന്നാല്‍ ടൈറ്റാനിക്ക് ഉറപ്പ്.

ദൂരെ ഒരു പൊട്ടു പോലെ കാണുന്ന ആ ദ്വീപാണ് ഞങ്ങളുടെ ലക്ഷ്യം.
 
 
 
സൂക്ഷിച്ചു നോക്കിയാല്‍ പാറക്കൂട്ടങ്ങള്‍ കാണാം.
 
അറബ് ശൈലിയില്‍ ഒരു ബ്രേക്ക്ഫാസ്റ്റ് - ഫൂലും തമീസും
ഒരു കൊച്ചു ദ്വീപിലാണ് ഞങ്ങള്‍ ഇറങ്ങിയത്‌. ആള്‍ താമസമില്ലാത്തതിനാല്‍ തീര്‍ത്തും വൃത്തിയുള്ള തീരം. മരങ്ങളുടെ ഇലകളും പക്ഷികളുടെ തൂവലുകളും മാത്രമേ തീരത്ത്‌ ചിതറിക്കിടക്കുന്നുള്ളൂ. പലതരം പക്ഷികളെ അവിടെ കാണാന്‍ പറ്റി. ഒരു ഞണ്ടിനെക്കണ്ടപ്പോള്‍ അതിനെ പിടിക്കാനൊരു വിഫല ശ്രമം കൊമ്പന്‍ നടത്തി. ദ്വീപില്‍ ചുറ്റിക്കറങ്ങി ഞങ്ങള്‍ ഈ സന്ദര്‍ശനത്തിന്റെ പ്രധാന അജണ്ടയിലേക്ക് കടന്നു. എല്ലാവരും ബര്‍മുഡയില്‍ കയറി. അധികം ഉയരമില്ലാത്തതിനാല്‍ വട്ടപ്പൊയില്‍ ബര്‍മുഡയിട്ടിട്ടും പാന്റ് ധരിച്ച പോലെയുണ്ട്.

 
അകലെ മറ്റൊരു ദ്വീപ്‌ കാണാം.

ഞങ്ങള്‍ വെള്ളത്തില്‍ ഇറങ്ങി കുളി തുടങ്ങി. പക്ഷെ മൂന്ന് പേര്‍ ബര്‍മുഡയിട്ട് കരയില്‍ തന്നെ നില്‍ക്കുന്നു. പെണ്ണ് കാണാന്‍ വന്ന ചെറുക്കനെ നോക്കി വധു വിരലുകൊണ്ട് നിലത്തു ചക്രം വരയ്ക്കുന്ന പോലെ അവര്‍ കടലിനെ നോക്കി ചിത്രം വരച്ചു നില്‍ക്കുകയാണ്. ഇരിങ്ങാട്ടിരി മാഷ്‌ക്ക്  തുണയായി നീന്തല്‍ അറിയാത്ത രണ്ട് പേര്‍ ഉണ്ടെന്നത്‌ അപ്പോഴാണ്‌ പുറത്തു വന്നത്. ജഗജില്ലികളായ രമേഷും സലീമും. സംഗതി മനസ്സിലാക്കിയ യഹ് യ അവരുടെ സംരക്ഷണ ചുമതല ഏറ്റെടുത്തു മൂന്ന് പേരെയും പിടിച്ചു വെള്ളത്തില്‍ ഇറക്കി. ഇതിനകം ഞങ്ങള്‍ കടലിലേക്ക്‌ കുറെ ദൂരം പോയിരുന്നു. മഹാ ധൈര്യശാലിയായ ഞാന്‍ വീണ്ടും ദൂരേക്ക്‌ പോകുന്നത് കണ്ടപ്പോള്‍ യഹ് യ വിലക്കി. 'ലാ തറൂഹ് ബഈദ്.. ഖത്റ .. (ദൂരേക്ക്‌ പോണ്ട.. അപകടമാണ്). ഒരു മണിക്കൂര്‍ നീണ്ട കുളി കഴിഞ്ഞതോടെ ബ്ലോഗ്‌ മീറ്റ്‌ തുടങ്ങി. ഔദ്യോഗികമായ സ്വാഗതം ഫൈസല്‍ ബാബു വക. ഉദ്ഘാടനം മഹാനായ ഞാന്‍ തന്നെ നിര്‍വഹിച്ചു. ഇരിങ്ങാട്ടിരി ഒരു കിടിലന്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി. നല്ല പോയിന്റുകള്‍ വരുമ്പോള്‍ എല്ലാവരും പരസ്പരം വെള്ളം തൂകി. കയ്യടിക്കുന്നതിനേക്കാള്‍ തികച്ചും അര്‍ത്ഥഗര്‍ഭമായിരുന്നു അത്. കൂടുതല്‍ പോയിന്റുകള്‍ പറയുന്നതിനനുസരിച്ച് ഇരിങ്ങാട്ടിരി കൂടുതല്‍ വെള്ളം കുടിച്ചു കൊണ്ടിരുന്നു. അപകടം മണത്ത അദ്ദേഹം പ്രസംഗം ചുരുക്കി. രമേശ്‌ അരൂര്‍ തന്റെ പത്രപ്രവര്‍ത്തന കാലത്തെ രസകരമായ അനുഭവങ്ങള്‍ പങ്കു വെച്ചു. ആദ്യമായി പ്രസംഗിക്കുകയാണ് എന്ന് പറഞ്ഞു തുടങ്ങിയ അക്ബര്‍ ഒരു കിടിലന്‍ പ്രസംഗം തന്നെയാണ് കാച്ചിയത്. മനാഫ് മാസ്റ്റര്‍ ഒരു മനോഹര കവിത ചൊല്ലിയാണ് പ്രസംഗം അവസാനിപ്പിച്ചത്. ഞങ്ങളുടെ കൂട്ടത്തിലെ ഒരേയൊരു ഇംഗ്ലീഷ് ബ്ലോഗറായ ലത്തീഫിന്റെ ഊഴം വന്നപ്പോള്‍ പുള്ളി ഒരൊറ്റ മുങ്ങല്‍ .. പൊങ്ങിയത് കൈ നിറയെ മണല്‍ തരികളുമായി. തന്റെ കുട്ടിക്കാലത്ത് വീടിനുടുത്ത പുഴയില്‍ ഇതുപോലുള്ള മണലായിരുന്നു. എന്നാല്‍ ഇപ്പോള്‍ മുട്ടോളം ചളിയാണ്‌. മണല്‍ ഖനനം നമ്മുടെ പുഴകളെ കൊന്നു തുടങ്ങിയിരിക്കുന്നു. വളരെ ടച്ചിംഗ് ആയ ഒരു ശൈലിയിലാണ് ലത്തീഫ് അത് പറഞ്ഞത്. 

 
  യോഗയല്ല, സലീമിനെ നീന്തല്‍ പഠിപ്പിക്കുകയാണ് യഹ് യ
 
യഹ് യ യുടെ ജിംനാസ്റ്റിക് പ്രദര്‍ശനം
 
ഇരിങ്ങാട്ടിരിയുടെ പ്രസംഗം കത്തിക്കയറുന്നു.

സലീം പ്രസംഗിക്കുന്നതിനിടയില്‍ പെട്ടെന്ന് വെള്ളത്തിനടിയില്‍ നിന്ന് രണ്ടു കാലുകള്‍ പൊങ്ങി വന്നു. എല്ലാവരും ഒന്ന് ഞെട്ടി പിറകോട്ടു മാറി. യഹ് യ ഊളിയിട്ടു വന്നു തല കീഴായി നിന്നതാണ്.  ഇനിയും പ്രസംഗം തുടര്‍ന്നാല്‍ മീന്‍ കേടു വരും എന്ന് മുന്നറിയിപ്പ് തന്നു അദ്ദേഹം വീണ്ടും ഊളിയിട്ടു എങ്ങോട്ടോ പോയി. കൊമ്പനും വട്ടപ്പോയിലും ബ്ലോഗ്‌ അനുഭവങ്ങള്‍ പങ്കുവെച്ചു. പ്രസംഗങ്ങള്‍ അധികം ദീര്‍ഘിപ്പിക്കാതെ ബ്ലോഗ്‌ മീറ്റ് അവലോകനം നടത്തി ഞങ്ങള്‍ മടങ്ങി. പിടിച്ച മീന്‍ അറേബ്യന്‍ സ്റ്റൈലില്‍ പൊരിച്ചു കൊണ്ടുവരാനുള്ള ഏര്‍പാടുകള്‍ കരയിലെത്തിയ ഉടനെ ഫൈസല്‍ ചെയ്തു.

   

ജുമുഅ നമസ്കാരം കഴിഞ്ഞു തിരിച്ചെത്തിയപ്പോഴെക്ക് ഫൈസലിന്റെ വീട്ടില്‍  ഭക്ഷണം റെഡി. ഞങ്ങള്‍ തന്നെ പിടിച്ച മത്സ്യമായതിനാല്‍ അതിനു എന്തെന്നില്ലാത്ത രുചി. ഫൈസലിനോടും കുടുംബത്തോടും യാത്ര പറഞ്ഞു ഞങ്ങള്‍ മടങ്ങി. സൗദിയിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നായ അല്‍ബാഹ ചുരം വഴിയാണ് മടക്കയാത്ര. ചെങ്കുത്തായ പര്‍വതനിരയുടെ മുകളിലേക്ക് ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ പണികഴിപ്പിച്ചിട്ടുള്ള ചുരത്തിലൂടെയുള്ള യാത്ര ഏറെ ആസ്വാദ്യകരമായിരുന്നു. ചുരത്തിനു മുകളിലെത്തിയപ്പോള്‍ മൂടല്‍ മഞ്ഞും നല്ല തണുപ്പും. ഏതു ഉഷ്ണ കാലത്തും ഇവിടെ നല്ല തണുപ്പായിരിക്കും.  ഒരു ഗ്രാമീണ അറബി നാടന്‍ മാങ്ങ വില്‍ക്കുന്നുണ്ട്. ഇരുപതു റിയാലിന് അയാളില്‍ നിന്നും ഒരു ചെറിയ പെട്ടി മാങ്ങ വാങ്ങി. മാങ്ങ തിന്നു കഴിഞിട്ടും കൊമ്പന്‍ മൂസ അണ്ടി വിടുന്നില്ല. ആ മല്ലയുദ്ധം കണ്ടു തൊട്ടപ്പുറത്തെ മരത്തിനു മുകളില്‍ നിന്ന് ഒരു കുരങ്ങന്‍ പ്രത്യേക ചിരി ചിരിച്ചു.'എന്നെക്കാള്‍ കഷ്ടമാണല്ലോടാ നിന്റെ സ്ഥിതി'  എന്നൊരു അര്‍ത്ഥം ആ ചിരിക്കുണ്ടോ ആവോ?. രസകരമായ ചുരം കാഴ്ചകള്‍ കണ്ടു ജിദ്ദയിലേക്ക് മടങ്ങുമ്പോള്‍  തികച്ചും വ്യത്യസ്തമായ ഒരു ബ്ലോഗ്‌ മീറ്റില്‍ പങ്കുകൊണ്ടതിന്റെ അനുഭൂതിയായിരുന്നു മനസ്സ് നിറയെ. ഒപ്പം ഈ യാത്രക്ക് അവസരമൊരുക്കിയ ഫൈസല്‍ ബാബുവിനോടുള്ള അകമഴിഞ്ഞ ഇഷ്ടവും. 


Related Posts (Travel)
മരുഭൂമിയില്‍ രണ്ടു നാള്‍ അഥവാ ആട് ജീവിതം റീലോഡഡ്
ദാല്‍ തടാകത്തിലെ രണ്ടു രാത്രികള്‍ 
പഞ്ചാബിലെ സുഹൃത്ത്, അയോധ്യയിലെ പള്ളി
കാത്തയെ കണ്ട ഓര്‍മയില്‍
മക്കയില്‍ നിന്ന് ചുള്ളിമാനൂരിലേക്ക് ബസ്സുണ്ടോ?
ബ്ലോഗറുടെ കപ്പല്‍ യാത്ര (ടിക്കറ്റ് ഫ്രീയാണ്)