രഞ്ജിനി സിനിമയിലേക്ക്, ന്‍റെ പടച്ചോനേ!!

രഞ്ജിനി ഹരിദാസ് സിനിമയില്‍ അഫിനയിക്കാന്‍ പോകുന്നു. അതും പോലീസ് വേഷത്തില്‍ !!. രണ്ടു ദിവസം മുമ്പ് പത്രത്തില്‍ ആ വാര്‍ത്ത‍ വായിച്ചപ്പോള്‍ ന്‍റെ പടച്ചോനേ! എന്നൊരു വിളി ഞാനറിയാതെ വായില്‍ നിന്ന് വന്നു പോയി. അതിന്റെ കാരണം എന്താണെന്ന് അറിയില്ല. ഞാന്‍ എന്നോട് തന്നെ ചോദിച്ചു.. 'അല്ല, രഞ്ജിനി ഹരിദാസിന് എന്താണൊരു കുഴപ്പം?. സാരിയുണ്ട്, ലിപ്സ്റ്റിക്കുണ്ട്, സൗന്ദര്യമുണ്ട്, ഇപ്പോഴുള്ള നടിമാര്‍ക്ക് വേറെ എന്തൊക്കെ കഴിവുകള്‍ ഉണ്ടോ  അതൊക്കെയുണ്ട്‌. (ഏതാണ്ടൊരു ഐഡിയ വെച്ചാണ് പറയുന്നത് കെട്ടോ). അവര്‍ക്കൊക്കെ അഭിനയിക്കാമെങ്കില്‍ രഞ്ജിനിക്കും അതാവാം'. ഞാന്‍ എന്നെത്തന്നെ സമാധാനിപ്പിച്ചു. 'കൂള്‍ ഡൌണ്‍ ! കൂള്‍ ഡൌണ്‍ !!. ചാടിപ്പിടിച്ചു ബ്ലോഗൊന്നും എഴുതല്ലേ!'. ഞാനാ വിഷയം വിട്ടു. മേശപ്പുറത്തു കിടക്കുന്ന പത്രത്തില്‍ നിന്നും  ഇന്നലെ വീണ്ടും ആ വാര്‍ത്ത എന്റെ കണ്ണിലുടക്കി. അപ്പോഴും വന്നു 'ന്‍റെ പടച്ചോനേ!' എന്നൊരു വിളി.. നിങ്ങള്‍ പറ.. ഇതെന്റെ മാത്രം കുഴപ്പമാണോ? അതോ മൊത്തം മലയാളികളുടെ തൊണ്ടയില്‍ നിന്നും ഇതുപോലൊരു നിലവിളി ഉയരുന്നുണ്ടോ?

രാജേഷ്‌ അമങ്കരയുടെ (അങ്ങനെയും ഒരു സംവിധായകന്‍ ഉണ്ട്!) ചിത്രത്തിലാണ് തട്ടുപൊളിപ്പന്‍ പോലീസ് ഓഫീസറായി രഞ്ജിനി എത്തുന്നത്. എന്‍ട്രി എന്നാണു സിനിമയുടെ പേര്. സിനിമയില്‍ നിന്ന് മുമ്പ് പലരും തന്നെ തേടിയെത്തിയിട്ടുണ്ടെന്നും പറ്റിയ തിരക്കഥ കിട്ടാത്തത് കൊണ്ടാണ് തന്റെ എന്‍ട്രി ഇത്ര വൈകിപ്പോയതെതുന്നും രഞ്ജിനി പറയുന്നു. സുരേഷ് ഗോപി സ്റ്റൈലില്‍ അല്പം ആക്ഷന്‍ സീനുകള്‍ക്ക് അവസരം ഉള്ളത് കൊണ്ടാണ് പോലീസ് ഓഫീസര്‍ റോള്‍ രഞ്ജിനി സ്വീകരിച്ചത്. (വരാനുള്ളതൊന്നും വഴിയില്‍ തങ്ങില്ല മക്കളേ, അത് ടാസ്കി പിടിച്ചു വരും!!) സിനിമ വാര്‍ത്ത പുറത്തു വിട്ട കൂട്ടത്തില്‍ സാംസ്കാരിക കേരളത്തെ ഞെട്ടിപ്പിക്കുന്ന മറ്റൊരു പ്രസ്താവനയും രഞ്ജിനി പുറപ്പെടുവിച്ചിട്ടുണ്ട്. അഫിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഐഡിയ സ്റ്റാര്‍ സിംഗറില്‍ നിന്ന് തത്ക്കാലം വിരമിക്കുന്നു എന്ന്!!.  ഐസക്ക് ന്യൂട്ടന്റെ തിയറി അനുസരിച്ച് ഏതൊരു സന്തോഷ വാര്‍ത്തക്കും പിറകെ ഒടുക്കത്തെ ഒരു ദുഃഖ വാര്‍ത്തയുണ്ടാവും. ഇത് അമ്മാതിരി ഒരു ദുഃഖ വാര്‍ത്തയായിപ്പോയി.


രഞ്ജിനി സൂപ്പര്‍ സ്റ്റാറായി മാറിയാല്‍ ഏഷ്യാനെറ്റ്‌ എന്ത് ചെയ്യുമെന്നത് ഒരു വലിയ വിഷയം തന്നെയാണ്. കാര്യമെന്തൊക്കെ പറഞ്ഞാലും മലയാളം റിയാലിറ്റി ഷോകളുടെ ചരിത്രത്തില്‍ നിന്നും രഞ്ജിനിയുടെ പേര് ആര്‍ക്കും മാറ്റി വെക്കാന്‍ കഴിയില്ല. ഒരേ പരിപാടിയില്‍ ഇത്രയധികം വര്‍ഷം ആങ്കര്‍ ആയി നിന്ന മറ്റൊരു അവതാരക ഉണ്ടോ എന്ന് തന്നെ സംശയമാണ്. രഞ്ജിനി ഐഡിയ സ്റ്റാര്‍ സിംഗറിനെക്കാള്‍ വലുതാകുന്നു എന്ന് തോന്നിത്തുടങ്ങിയപ്പോള്‍ ഏഷ്യാനെറ്റ്‌ ഒരിക്കല്‍ അവരെ മാറ്റി നിര്‍ത്തി ഒരു പുതുമുഖത്തെ പരീക്ഷിച്ചിരുന്നു. പക്ഷെ ഒരാഴ്ച കൊണ്ട് റേറ്റിംഗ് കുത്തനെ ഇടിഞ്ഞു. അപകടം മണത്ത ഏഷ്യാനെറ്റ് വീണ്ടും രഞ്ജിനിയെത്തന്നെ കൊണ്ട് വന്നു. ഇത് അസന്നിഗ്ദമായി തെളിയിക്കുന്ന ഒരു കാര്യം പ്രേക്ഷകര്‍ രഞ്ജിനിയുടെ 'മലയാലം' ഇഷ്ടപ്പെടുന്നു എന്ന് തന്നെയാണ്. അതിസുന്ദരമായി മലയാള ഭാഷ സംസാരിക്കാന്‍ കഴിയുന്ന അവതാരകര്‍ പോലും ഇപ്പോള്‍ കഷ്ടപ്പെട്ട് 'മലയാലം' പഠിച്ചു കൊണ്ടിരിക്കുന്നത് രഞ്ജിനി ട്രെന്‍ഡിന്റെ വിജയമെന്ന് വേണം പറയാന്‍. 

ഒരു താരത്തെയും താരമല്ല സൃഷ്ടിക്കുന്നത്, പ്രേക്ഷകരാണ്. രഞ്ജിനി വിജയിച്ചെങ്കില്‍ അതിന്റെ 'ക്രെഡിറ്റ്‌' മലയാള ടി വി പ്രേക്ഷകര്‍ക്ക്‌ അവകാശപ്പെട്ടതാണ്. അത് കൊണ്ട് തന്നെ 'ന്റെ പടച്ചോനെ' എന്ന വിളിക്ക് ഇനി അര്‍ത്ഥമില്ല. മലയാള ഭാഷയുടെ വഴിത്തിരിവില്‍ രഞ്ജിനി വെറുമൊരു നിമിത്തം മാത്രം!. ടെലിവിഷന്‍ കീഴടക്കിയ 'ശുദ്ധ മലയാലം' സിനിമയിലേക്കും അത് വഴി മലയാള സാഹിത്യത്തിലേക്കും പടര്‍ന്നു കയറാന്‍ പോകുന്ന ഒരു ചരിത്ര മുഹൂര്‍ത്തമായി മാത്രം നമുക്കിതിനെ കണ്ടാല്‍ മതി. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ 'രഞ്ജിനി മലയാല'ത്തില്‍ സംസാരിക്കുന്ന ഒരു നല്ല നാളെ ഉണ്ടായിക്കൂടെന്നില്ല. രഞ്ജിനിക്കും രഞ്ജിനിയിലൂടെ മലയാള സിനിമക്കും അത് വഴി നമ്മുടെ മാതൃഭാഷക്കും വെച്ചടി വെച്ചടി കയറ്റമുണ്ടാകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.

മ്യാവൂ: രഞ്ജിനിയുടെ നായകന്‍ ആരാണെന്ന് വാര്‍ത്തയില്‍ ഇല്ല. നമ്മുടെ മറ്റേ പുള്ളി ആയിരിക്കുമോ?

Related Posts
ദാസേട്ടാ, രഞ്ജിനി വിളിക്കുന്നു