അഭിസാരികയില്‍ നിന്ന് കറിവേപ്പിലയിലേക്കുള്ള ദൂരം

അന്തസ്സുള്ള കുടുംബത്തില്‍ പിറന്നവര്‍ അന്തസ്സുള്ള ഭാഷ ഉപയോഗിക്കും. അല്ലാത്തവര്‍ അവരുടെ കുടുംബത്തിന്റെ സംസ്കാരത്തിന് യോജിക്കുന്ന തെറി ഭാഷ ഉപയോഗിക്കും. രാഷ്ട്രീയരംഗത്തുള്ളവരെയും ഇല്ലാത്തവരെയുമൊക്കെ ഈ പൊതു തത്വം ഉപയോഗിച്ച് നമുക്ക് അളക്കാവുന്നതാണ്. നല്ല കുടുംബത്തില്‍ പിറന്ന് അച്ഛനും അമ്മയും നല്ല പോലെ വളര്‍ത്തിയ ഒരാളും സ്ത്രീകളെക്കുറിച്ച് അസംബന്ധങ്ങള്‍ പുലമ്പില്ല. സിന്ധു ജോയിയെ അഭിസാരികയോട് ഉപമിച്ച് പ്രസ്താവന നടത്തിയ വി എസ് ഇതില്‍ ഏത് വിഭാഗത്തില്‍ പെടുന്ന നേതാവാണ്‌ എന്ന് അറിയില്ല.പക്ഷേ ഒരു കാര്യം അറിയാം, അദ്ദേഹം നിരന്തരം ഉപയോഗിക്കുന്ന ഭാഷ അദ്ദേഹത്തിന്‍റെ സ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക്‌ ഒട്ടും യോജിച്ചതല്ല. വല്ലപ്പോഴും നാക്ക്‌ പിഴക്കുന്നത്‌ മനസ്സിലാക്കാം. പക്ഷേ നിരന്തരമായി അത് സംഭവിക്കുന്നുവെങ്കില്‍ ആ സൂക്കേടിനു അടിയന്തിര ചികിത്സ വേണം.

വായില്‍ വരുന്നതെന്തും വിളിച്ചു കൂവുക എന്നത് ഒരു മുഖ്യമന്ത്രിക്കോ പ്രതിപക്ഷ നേതാവിനോ ചേര്‍ന്ന പണിയല്ല. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിനെ 'വാണം വിടുന്നവന്‍' എന്നാണു വി എസ് ഒരിക്കല്‍ വിളിച്ചത്. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയെ പായസപ്പാത്രത്തില്‍ സ്വര്‍ണം കടത്തുന്ന കള്ളനെന്നും വിളിച്ചു!. മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയെ തന്തയില്ലാത്തവനെന്ന് ഉപമിച്ചതും വി എസ് തന്നെ. . കെ ഇ എന്‍ കുഞ്ഞഹമ്മദിനെ കുരങ്ങന്‍ എന്ന് പച്ചക്ക് വിളിച്ച വി എസ് ലതിക സുഭാഷിനെ അശ്ലീലച്ചുവയില്‍ 'പ്രശസ്ത'യെന്നും ചിത്രീകരിക്കുകയുണ്ടായി. രാജ്യത്തിന്‌ വേണ്ടി ജീവന്‍ അര്‍പ്പിച്ച മേജര്‍ ഉണ്ണികൃഷ്ണന്റെ വീട്ടിലെത്തി 'പട്ടി' പ്രയോഗം നടത്തിയതും മറ്റാരുമല്ല!!. ഏതെങ്കിലും ഒരു സാധാരണക്കാരനാണ് ഇത്തരം വാക്കുകള്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ചെകിടത്തടി ഉറപ്പാണ്. ഒരടി ശരിക്ക് കിട്ടിയാല്‍ പിന്നെ മറ്റൊന്ന് പറയുന്നതിന് മുമ്പ് കവിളൊന്ന് തടവി നോക്കും. പക്ഷെ വി എസ് ഉന്നതനായ ഒരു രാഷ്ട്രീയ നേതാവായതിനാല്‍ കേട്ടവര്‍ കേട്ടവര്‍ തലതാഴ്ത്തി നടന്നു പോകുന്നു. അത് വളമാക്കി അദ്ദേഹം ആര്‍ക്കെതിരെയും എന്തും പുലമ്പിക്കൊണ്ടേയിരിക്കുന്നു!!.


സിന്ധു ജോയി വിമര്‍ശനങ്ങള്‍ക്ക് അതീതയായ ഒരു രാഷ്ട്രീയ നേതാവാണ്‌ എന്നെനിക്കു അഭിപ്രായമില്ല. രാഷ്ട്രീയ ചതുരംഗക്കളത്തില്‍ ആളും തരവും നോക്കി ചാടിക്കളിക്കാന്‍ അതിസമര്‍ത്ഥ തന്നെയാണവര്‍ . രാഷ്ട്രീയ എതിരാളികള്‍ക്ക് അവരെ വിമര്‍ശിക്കാനും അര്‍ഹതയുണ്ട്. പക്ഷെ വി എസ് ഉപയോഗിച്ചത് പോലുള്ള ഒരു ഭാഷയിലല്ല അത് വേണ്ടത് എന്ന് മാത്രം. അവിവാഹിതയായ ഒരു സ്ത്രീയുടെ ഭാവിയെപ്പോലും ദോഷകരമായി ബാധിക്കുന്ന ഇത്തരമൊരു പ്രസ്താവന കേരളത്തിലെ രാഷ്ട്രീയ സദാചാരത്തിനു മൊത്തത്തില്‍ അപമാനമാണ് എന്ന് പറയാതെ വയ്യ.

അധികാര ദുര്‍വിനിയോഗം നടത്തിയും രേഖകളില്‍ കൃത്രിമം നടത്തിയും സ്വന്തം മകന് അനര്‍ഹമായ സ്ഥാനമാനങ്ങള്‍ നേടിക്കൊടുത്ത ഒരച്ഛനാണ് വി എസ് എന്നാണ് നിയമസഭ സമിതി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അതിന്റെ നിയമ നടപടികളും അനന്തര പുകിലുകലും ഇനി വരാനാണിരിക്കുന്നത്. തീര്‍ച്ചയായും അതിന്റെ അസ്വസ്ഥത വി എസ്സിന് കാണും. പാര്‍ട്ടിക്കുള്ളിലെ തരം താഴ്ത്തലിന്റെ അപമാന ഭാരം വേറെയും. അദ്ദേഹത്തോട് എല്ലാവര്‍ക്കും തീര്‍ത്തും സഹതാപം തോന്നേണ്ട ഒരു സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. ഇത്രയും സംഭവങ്ങള്‍ നടന്നിട്ടും ഞാനൊരു പോസ്റ്റിടാതിരുന്നത് അത്തരമൊരു സഹതാപം  എനിക്കുള്ളത് കൊണ്ടായിരുന്നു. പക്ഷേ ഈ പ്രസ്താവന അതെല്ലാം കളഞ്ഞു കുളിച്ചിരിക്കുന്നു.

സിന്ധു ജോയിയോട് എനിക്ക് പറയാനുള്ളത് വി എസ് സമ്മാനിച്ച ഈ അപമാനത്തെ ഒരവസരമാക്കി മാറ്റണം എന്നാണ്. തന്നെ മറന്നു തുടങ്ങിയ കോണ്‍ഗ്രസ് നേതൃത്വത്തിനിടയിലേക്ക് നുഴഞ്ഞു കയറാനുള്ള ഒരവസരമാക്കി ഇതിനെ മാറ്റുക. അതായിരിക്കും വി എസ്സിന് കൊടുക്കാവുന്ന ഏറ്റവും നല്ല മറുപടി.

മ്യാവൂ : ശുംഭന്‍ എന്ന പദത്തിന് പ്രശോഭിക്കുന്നവന്‍ എന്ന് അര്‍ത്ഥം കണ്ടുപിടിച്ച മഹാകവി  ജയരാജനാശാനെ കടത്തിവെട്ടി അഭിസാരികക്ക് കറിവേപ്പില എന്ന അര്‍ത്ഥം കണ്ടുപിടിച്ചിരിക്കുകയാണ്  ഭാഷാവിശാരദന്‍ വേലിക്കപ്പുറത്ത് എഴുത്തച്ഛനാനന്ദന്‍. ഭാഷ ഇങ്ങനെ അനുദിനം വികസിച്ചു വരുമ്പോള്‍ മലയാളം മരിക്കുകയാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവനെ അരിവാള്‍ ചുറ്റിക കൊണ്ട് അടിച്ചു കൊല്ലണം !!.

ഈ പോസ്റ്റ്‌ പുന:പ്രസിദ്ധീകരിച്ച വര്‍ത്തമാനം പത്രത്തിനു (13 March 2012) നന്ദി.

Special Note: 13.03.2012
അഭിസാരിക എന്ന് വിളിച്ചില്ലല്ലോ, അഭിസാരികയെപ്പോലെ യു ഡി എഫ് ഉപയോഗിച്ചു എന്നല്ലേ വി എസ്  പറഞ്ഞുള്ളൂ എന്നാണു പലരും ഈ പോസ്റ്റിന്റെ കമന്റ് ബോക്സില്‍ എഴുതിയിരിക്കുന്നത്. logically അത് ശരിയാണ്. പക്ഷെ 'പോലെ' എന്ന പദം അതുപയോഗിക്കുന്ന ശൈലിയും ശരീര ഭാഷയും അനുസരിച്ച് വിലയിരുത്തപ്പെടും. ഒരു മാന്യന്റെ മുഖത്തു നോക്കി 'നിങ്ങള്‍ ഒരു ചെറ്റയെപ്പോലെ പെരുമാറരുത്‌' എന്ന് പറഞ്ഞു നോക്കൂ.. ചെകിടത്തടി എപ്പോള്‍ കിട്ടിയെന്നു ചോദിച്ചാല്‍ മതി. 'പോലെ'യുടെ അര്‍ത്ഥം അപ്പോള്‍ മനസ്സിലാവും!!. ഉപമയാണത്രെ, ഉപമ!!!.. Latest update : സിന്ധു മോളേ, അബദ്ധം പറ്റിപ്പോയി

Related Posts