നീസ മോളേ, നിന്റെ ഓര്‍മയ്ക്ക്..

ഈ കുഞ്ഞിനെ ഞാന്‍ കണ്ടിട്ടില്ല. മരണ വിവരം കേട്ടപ്പോഴാണ് അവള്‍ക്കൊരു ബ്ലോഗ്‌  ഉണ്ടായിരുന്നുവെന്നും മനോഹരമായ കവിതകള്‍ എഴുതിയിരുന്നു എന്നും അറിഞ്ഞത്. ആ ബ്ലോഗ്‌ സന്ദര്‍ശിച്ചപ്പോള്‍ അതില്‍ ഒരു കവിത കണ്ടു. മരിക്കുന്നതിന്റെ മണിക്കൂറുകള്‍ക്കു മുമ്പ് എഴുതി പോസ്റ്റ്‌ ചെയ്ത ഒരു കവിത. അതിന്റെ തലക്കെട്ട്‌ 'ഒഴുക്ക്' എന്നാണ്. അതിലെ വരികള്‍ എന്നെ വല്ലാതെ ഉലച്ചു കളഞ്ഞു. രക്താര്‍ബുദം കീഴടക്കിയ ശരീരത്തിന്റെ ഓരോ ധമനികളില്‍ നിന്നുമുള്ള വേദന കുടിച്ചു വറ്റിക്കുന്നതിനിടയിലായിരിക്കുമോ ഈ പിഞ്ചു കുഞ്ഞിന്റെ വിരലുകളില്‍ നിന്ന് ഈ കവിത പിറന്നിരിക്കുക?.


"മിഴിനീര്‍ കുടംനിറഞ്ഞ് പൊട്ടി
കുലംകുത്തിയപ്പോള്‍ 
അവള്‍  പ്രതീക്ഷിച്ചിരുന്നില്ല
ആ പ്രവാഹത്തില്‍
താനും ഒലിച്ചുപോകുമെന്ന്"

രോഗം കീഴക്കിടക്കിയ തന്നെ പോന്നു പോലെ നോക്കുന്ന ഉമ്മയെ ഓര്‍ത്തു കൊണ്ട് തിരൂര്‍ തുഞ്ചന്‍ പറമ്പിലെ ബ്ലോഗേഴ്സ് മീറ്റില്‍ അവള്‍ പാടിയ കവിതയുടെ  യു ടൂബ് ക്ലിപ്പും കണ്ണുകളെ വല്ലാതെ ആര്‍ദ്രമാക്കുന്നു.


ഈ മരണ വാര്‍ത്ത അറിഞ്ഞ ശേഷം ഫേസ്ബുക്ക്‌ പേജില്‍ ഞാനിട്ട സ്റ്റാറ്റസിനു താഴെ ശ്രീജിത്ത്‌ കൊണ്ടോട്ടി ഇങ്ങനെ എഴുതി. "ഇന്ന് വൈകുന്നേരം കിട്ടിയ ഹാഷിമിന്റെ മെയില്‍ വഴിയാണ് ഈ ദുഃഖവാര്‍ത്ത അറിയുന്നത്. നീസയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച വിവരം ഇന്നലെ രാത്രി സാബു കൊട്ടോട്ടി അറിയിച്ചിരുന്നു. സ്കൂള്‍ യുവജനോല്‍സവ വേദിയില്‍ കവിത ചൊല്ലി സമ്മാനം നേടിയ ആ കുഞ്ഞു കവയത്രിയുടെ പ്രതിഭ കണ്ട് അദ്ദേഹം തന്നെയാണ് അവള്‍ക്കൊരു ബ്ലോഗ്‌ ഉണ്ടാക്കികൊടുത്തതും, ബൂലോകത്തിന് പരിചയപ്പെടുത്തിയതും. എഴുത്തിനോടും, വായനയോടും അതിയായ താല്‍പര്യം സൂക്ഷിക്കുന്ന അവള്‍ക്ക് സ്വന്തമായി ഒരു ലാപ്‌ടോപ്‌ സംഘടിപ്പിച്ചു നല്‍കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. രണ്ടാഴ്ച മുന്‍പ്‌ വിളിച്ചപ്പോള്‍ കൊട്ടോട്ടി ഇതേ കുറിച്ച് സൂചിപ്പിക്കുകയും, ശ്രമിക്കാം എന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത് കൂടാതെ നീസ എഴുതിയ നിരവധി കവിതകള്‍ അദ്ദേഹത്തിന്‍റെ കൈവശം പോസ്റ്റ്‌ ചെയ്യാനായി നല്‍കിയിട്ടുണ്ട്. കുറിച്ചുവച്ച കാവ്യശകലങ്ങളിലൂടെ ആ കുഞ്ഞുകവയത്രിയുടെ ഓര്‍മ്മകള്‍ ബൂലോകത്തില്‍ നിറഞ്ഞുനില്‍ക്കട്ടെ. എഴുതി പൂര്‍ത്തിയാകാത്ത ഒരു കവിതപോലെ, നമ്മെ വിട്ടകന്ന അക്ഷരങ്ങളെ സ്നേഹിച്ച ആ കുഞ്ഞുപെങ്ങളുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ബാഷ്പാഞ്ജലികള്‍ ..."

ഇതില്‍ കൂടുതലൊന്നും പറയാനില്ല. അവള്‍ക്കിനിയൊരു ലാപ്ടോപ് വേണ്ട.. വേദനയുടെ തുരുത്തുകളില്‍ ആശ്വാസമായി ഒരു ബ്ലോഗും വേണ്ട. കവിത നന്നായി എന്ന കമന്റും വേണ്ട. മരണത്തിന്റെ മാലാഖമാര്‍ അവളെ ദൈവസന്നിധിയില്‍ എത്തിച്ചിരിക്കുന്നു.  സ്വര്‍ഗ്ഗത്തിന്റെ കവാടങ്ങള്‍ അവള്‍ക്കായി തുറന്നു കിടക്കപ്പെടട്ടെ എന്ന പ്രാര്‍ത്ഥനയോടെ..