വാര്‍ത്ത വായിക്കുമ്പോള്‍ കരയാന്‍ പാടുണ്ടോ?

ഏഷ്യാനെറ്റിന്റെ ന്യൂസ് അവര്‍ സ്റ്റുഡിയോയില്‍ ഇരുന്നുകൊണ്ട് നമ്മുടെ വേണു മുമ്പ് ഹാര്‍മോണിയം വായിച്ചത് സോഷ്യല്‍ മീഡിയയില്‍ നല്ല ഹിറ്റായിരുന്നു.  അത് ഹിറ്റാകാനുള്ള പ്രധാന കാരണം ന്യൂസ്‌ റൂമില്‍ ഇത്തരം കലാപരിപാടികള്‍ ഒന്നും പാടില്ല എന്ന ഒരു പൊതു വിശ്വാസം ഉള്ളത് കൊണ്ടാണ്. വാര്‍ത്ത വായിക്കുന്നതിനിടയില്‍ ചിരിക്കാനോ കരയാനോ പാടുണ്ടോ എന്നത് ഒരു വലിയ പ്രശ്നമാണ്. ഏത് തരം വാര്‍ത്തയായാലും വേണ്ടില്ല ഒരു തരം ജീവച്ഛവം പോലെ വായിച്ചങ്ങു പോകണം എന്നുള്ളതാണ് നമ്മുടെ ഒരു പരമ്പരാഗത ലൈന്‍. ദുഃഖ സൂചകമായ വാര്‍ത്ത വായിക്കുന്നതിനിടയില്‍ ചിരിക്കാന്‍ പാടില്ല എന്നത് മനസ്സിലാക്കാന്‍ എളുപ്പമുണ്ട്. 'ആഫ്രിക്കയില്‍ ഭൂകമ്പം അയ്യായിരം പേര്‍ മരിച്ചു' എന്ന ബ്രേക്കിംഗ് ന്യൂസ്‌ വായിക്കുമ്പോള്‍ ങ്ങ്യാ ഹ. ഹ.. എന്ന കലാഭവന്‍ മണിയുടെ ചിരി ചിരിച്ചാല്‍ പാര്‍ട്ടി തോറ്റപ്പോള്‍ വി എസ് ചിരിച്ചത് പോലെ ആകെ കുളമാകും.

എന്നാല്‍ ദുരന്ത വാര്‍ത്തകള്‍ വായിച്ച ശേഷം പൊട്ടിക്കരയാന്‍ പാടുണ്ടോ?. അഥവാ കരഞ്ഞാല്‍ എന്ത് ചെയ്യണം. അതുവരെയുള്ള ശമ്പളം കൊടുത്ത് പറഞ്ഞു വിടണോ? ഇതാണ് ചോദ്യം. പണ്ട് ഷാഹിന വാര്‍ത്ത വായനക്കിടയില്‍ നിര്‍ത്താതെ ചുമച്ചു. അതോടെ ഏഷ്യാനെറ്റ്‌ അവളുടെ വാര്‍ത്ത വായന നിര്‍ത്തി. ഹാര്‍മോണിയം വായനക്ക് ശേഷം വേണുവും ഏഷ്യാനെറ്റില്‍ വല്ലാതെ നിന്നിട്ടില്ല. വേണുവിന്റെ വായന മുമ്പ് കണ്ടിട്ടില്ലാവര്‍ക്ക് വേണ്ടി ഒന്ന് കൂടെ ഇവിടെ ചേര്‍ക്കുന്നു. അവസാന ഭാഗത്താണ് വേണു ഫുള്‍ ഫോമില്‍ എത്തുന്നത്
.

ഇതൊക്കെ ഇപ്പോള്‍ പറയാന്‍ ഒരു കാരണമുണ്ട്. കഴിഞ്ഞ ദിവസം വാര്‍ത്ത വായിക്കുന്നതിനിടയില്‍ സൗദിയില്‍ നിന്നുള്ള 'അല്‍ അഖ്ബാരിയ' ചാനലിന്റെ വാര്‍ത്താ വായനക്കാരി ഫൗസ് അല്‍ഖംഅലി വിതുമ്പിക്കരഞ്ഞു. കുടുംബാധിപത്യത്തിനെതിരെ സിറിയയില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിനിടെ ഫിദാ അല്‍ ദിയാ എന്ന കൊച്ചു കുഞ്ഞിനെ സര്‍ക്കാര്‍ സൈന്യം വെടിവെച്ചു കൊല്ലുന്ന ഫൂട്ടേജ് കാണിക്കുന്നതിനിടെയാണ് ഫൗസ് നിയന്ത്രണം വിട്ടു കരഞ്ഞത്. പിതാവിന്റെ ഓരം ചേര്‍ന്ന് ഒളിച്ചിരുന്ന മുഹമ്മദ്‌ ദുറയെന്ന ഫലസ്തീനി ബാലനെ രണ്ടായിരം സെപ്റ്റംബര്‍ മുപ്പതിന് ഇസ്രാഈല്‍ സേന ദാരുണമായി വെടിവെച്ചു കൊന്നിരുന്നു. അതിനു സമാനമായി പിതാവിന് അരികില്‍ വെച്ചു തന്നെയാണ് ഈ കുഞ്ഞും കൊല്ലപ്പെട്ടത് എന്ന് പറഞ്ഞു കൊണ്ട് തുടങ്ങിയ വാര്‍ത്തയുടെ ദൃശ്യങ്ങള്‍ വരുന്നതിനിടയില്‍ അവര്‍ക്ക് വാചകങ്ങള്‍ മുഴുവിപ്പിക്കാനായില്ല. തുടര്‍ന്ന് മറ്റൊരു വാര്‍ത്തയിലേക്ക് നീങ്ങിയെങ്കിലും തേങ്ങി തേങ്ങിയുള്ള കരച്ചില്‍ നിന്നില്ല. അവസാനം ചാനലിനു കൊമേര്‍ഷ്യല്‍ ബ്രേക്ക് കൊടുത്ത് വാര്‍ത്താ സംപ്രേഷണം നിറുത്തിവേക്കേണ്ടി വന്നു!.
വീഡിയോ കാണുക

ഈ വീഡിയോ അറബ് ലോകത്ത് ഇപ്പോള്‍ നല്ല ഹിറ്റായിട്ടുണ്ട്‌. ഈ ഒറ്റ കരച്ചിലോടെ ഫൗസ് അല്‍ഖംഅലി പ്രേക്ഷകര്‍ക്ക്‌ ഏറെ പ്രിയങ്കരി ആയിക്കാണും എന്നതുറപ്പാണ്. ഏഷ്യാനെറ്റ് ചെയ്തത് പോലെ അഖ്ബാരിയ ചാനലുകാര്‍ ഫൗസിനെ പിരിച്ചു വിടുകയില്ല എന്നതും ഉറപ്പ്. വാര്‍ത്താ വായനക്കാരും മനുഷ്യരാണ്. അവര്‍ക്കും വിചാരങ്ങളും വികാരങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ വല്ലപ്പോഴും അത് പ്രകടമാകുന്നത് വലിയ അപരാധമല്ല. വാര്‍ത്ത വായിക്കുമ്പോള്‍ സ്റ്റുഡിയോയില്‍ റൊബോട്ട് പോലെ ഇരുന്നാലേ നല്ല അവതാരകന്‍ / അവതാരക ആവൂ എന്ന ധാരണയാണ് നമ്മുടെ ചാനലുകളില്‍ ഉള്ള പലര്‍ക്കുമെന്നു തോന്നുന്നു. കൊന്നാലും മുഖത്തൊരു ഭാവഭേദം വരാന്‍ പാടില്ല.( ന്യൂസ് അവര്‍ ഫുലികളെയല്ല ഞാന്‍ ഉദ്ദേശിക്കുന്നത്)   ബി ബി സി അടക്കമുള്ള പല വിദേശ ചാനലുകളിലും അവതാരകര്‍ അല്പം കൂടെ സജീവമായി വാര്‍ത്ത വായിക്കുന്നത് കാണാം. രണ്ടു പേര്‍ ഇരുന്നു അവതരിപ്പിക്കുന്ന വാര്‍ത്തയാണെങ്കില്‍ ചിരിക്കാനും അല്‍പ സ്വല്പം തമാശകള്‍ പറയാനും അവര്‍ തയ്യാറാകാറുണ്ട്. അവ വാര്‍ത്തകള്‍ക്ക് കുറേക്കൂടി സജീവത നല്‍കുന്നു.

സ്വാതന്ത്രത്തിന്റെ അര്‍ദ്ധ രാത്രിയില്‍ ചരിത്രപ്രസിദ്ധമായ പ്രസംഗം നടത്തിയപ്പോള്‍ (Tryst with Destiny) നെഹ്‌റുവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി എന്ന് ചരിത്രത്തിലുണ്ട്. ഗാന്ധിജിയുടെ മരണം ഓള്‍ ഇന്ത്യ റേഡിയോയിലൂടെ പ്രഖ്യാപിച്ചപ്പോഴും നെഹ്‌റു വിതുമ്പിയിട്ടുണ്ട്. എത്ര മാനസിക ശക്തിയുള്ള ആളുകളെയും ചില നേരങ്ങളില്‍ വികാരങ്ങള്‍ കീഴടക്കും. ഞാന്‍ പറഞ്ഞു വരുന്നത് ഇനി മുതല്‍ വാര്‍ത്ത വായിക്കുന്നവര്‍ കരച്ചിലും പിഴിച്ചിലുമായി ഒരു സീരിയല്‍ പരുവത്തില്‍ വാര്‍ത്ത വായിക്കണം എന്നല്ല. മുഖത്തു ഇച്ചിരിയൊരു ഭാവം ഉണ്ടായാല്‍ വായിക്കുന്നത് മനുഷ്യനാണ് എന്ന് ഒരു തോന്നലുണ്ടാക്കാന്‍ പറ്റും. വാര്‍ത്ത തുടങ്ങുമ്പോഴെങ്കിലും ഒന്ന് പുഞ്ചിരിച്ചാല്‍ അത്രയും നന്ന്. വാര്‍ത്താ വായനക്കും ഒരു ഹൃദയമുണ്ടെന്നു ഫൗസ് അല്‍ഖംഅലിയുടെ കരച്ചില്‍ ഓര്‍മപ്പെടുത്തുന്നു.

Latest Story വാര്‍ത്തവായനക്കിടയില്‍ ഓടിയെത്തിയ മകള്‍. പതറാതെയമ്മ

Related Posts
ചാടിച്ചാടി ഈ വേണു എവിടെയെത്തും?
വേണു, വീണ, നികേഷ്, വിനു. ആരെയാണ് കാണേണ്ടത്?