ഫേസ്ബുക്ക്‌ പിടി മുറുക്കുന്നു, Timeline ക്ലിക്ക്ഡ്

എണ്‍പത് കോടി ജനസംഖ്യയുള്ള ഫേസ്ബുക്ക് മഹാരാജ്യത്ത് മഹാ വിപ്ലവങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അതിലൊന്നാണ് ഇന്നലെ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ ടൈംലൈന്‍. മൂന്നാല് മാസമായി ഇങ്ങനെയൊരു പുലി വരുന്ന കാര്യം പറഞ്ഞു കേള്‍ക്കുന്നുണ്ടായിരുന്നു. ഡെവലപ്പര്‍ വേര്‍ഷന്‍ ചിലരൊക്കെ പരീക്ഷിച്ചു നോക്കുകയും ചെയ്തിരുന്നു.  ഇന്നലെയാണ് സംഗതി ഔദ്യോഗികമായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. കാള പെറുന്നതിനു മുമ്പ് തന്നെ കയര്‍ റെഡിയാക്കി ശീലമുള്ളത് കൊണ്ട് ഞാന്‍ ചാടിക്കയറി പ്രൊഫൈലില്‍ ടൈംലൈന്‍ പിടിച്ചിട്ടു. ഉള്ളത് പറയാമല്ലോ, സംഗതി അടിപൊളിയായിട്ടുണ്ട്. സക്കർബർഗ് ആളൊരു ഗൊച്ചു ഗള്ളന്‍ തന്നെയാണ്. ഒരു കാര്യം ഉറപ്പ്, ഇവനൊരു കലക്കാ കലക്കും.

നമ്മുടെ പോസ്റ്റുകളും ഫോട്ടോകളും വീഡിയോകളുമൊക്കെ വര്‍ഷവും തിയ്യതിയും തരം തിരിച്ചു കൃത്യമായി അടുക്കി വെക്കുന്ന ഒരു സംവിധാനമാണ് ചുള്ളന്‍ ചെക്കന്‍ ഇപ്പോള്‍ കൊണ്ട് വന്നിരിക്കുന്നത്. ബ്ലോഗുകളെയും മറ്റും അപേക്ഷിച്ച് ഫേസ്ബുക്കിന്റെ ഒരു വലിയ പോരായ്മയായി പലരും കണ്ടിരുന്നത്‌ പോസ്റ്റുകളൊക്കെ പാതാളത്തിലേക്ക് താഴ്ന്നു പോകുന്നു എന്നതായിരുന്നു. മുല്ലപ്പെരിയാറില്‍ മഴു വീണത്‌ പോലെ ഒരിക്കല്‍ താഴ്ന്നു പോയാല്‍ പിന്നെ പൊക്കിക്കൊണ്ട് വരാന്‍ വലിയ പാടാണ്. ടൈംലൈന്‍ സംവിധാനം വന്നതോട് കൂടി ഇനിയെല്ലാം മണി മണിയായി പൊങ്ങി വരും. പ്രൊഫൈല്‍ ബാറിന്റെ വലതു വശത്ത്‌ കൊല്ലവും മാസവും തരം തിരിച്ചു ഓരോരുത്തരുടെയും പോസ്റ്റുകള്‍ അടുക്കി വെച്ചിട്ടുണ്ട്. (ചിത്രം കാണുക)



ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് അവരുടെ ജീവിതത്തിന്റെ തിരക്കഥ തയ്യാറാക്കാന്‍ കഴിയും വിധമാണ് ടൈം ലൈന്‍ സംവിധാനം ചെയ്തിരിക്കുന്നത്. Recover the Past എന്നാണ് അവര്‍ ഇതിനെ വിളിക്കാന്‍ ഇഷ്ടപ്പെടുന്നത്. ജനിച്ചത്‌ മുതലുള്ള ഫോട്ടോകള്‍ , വീഡിയോകള്‍, അനുഭവക്കുറിപ്പുകള്‍ എന്നിവയെല്ലാം സമയക്രമത്തില്‍ ശേഖരിച്ചു വെക്കാം. അവയില്‍ ആവശ്യമുള്ളത് സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യാം. സ്വകാര്യമായി വെക്കേണ്ടത് അങ്ങിനെയാവാം. ഒരു വലിയ ഡിജിറ്റല്‍ ഡയറിയായി ഫേസ്ബുക്ക്‌ മാറുന്നുവെന്ന് ചുരുക്കം. ഫേസ്ബുക്കിനു വെല്ലുവിളി ഉയര്‍ത്തും എന്ന് കൊട്ടിഘോഷിച്ചു കടന്നു വന്നിരുന്ന ഗൂഗിള്‍ പ്ലസ്സിനെ സുരേഷ് ഗോപി ഗുണ്ടകളെ അടിച്ചു പരത്തുന്നത് പോലെയാണ് സുക്കര്‍ബര്‍ഗ് ഇപ്പോള്‍ ഫ്ലാറ്റാക്കിയിരിക്കുന്നത്.


ടൈംലൈനിന്റെ വരവോടെ ഫേസ്ബുക്ക് അതിന്റെ സ്വാധീന വലയം ഒന്ന് കൂടെ വിശാലമാക്കുകയാണ്. സ്റ്റാറ്റസ് മെസ്സേജും ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്തിരുന്ന ഒരു സൈബര്‍ സ്പേസ് എന്നതില്‍ നിന്ന് ഓരോരുത്തരുടെയും ഒരു ലൈഫ് സ്ക്രാപ്പ് ബുക്കായി ഇതിനെ മാറ്റാനുള്ള പരിപാടിയാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഏതായാലും ഒറ്റ ദിവസം കൊണ്ട് തന്നെ ടൈംലൈന്‍ ക്ലിക്ക് ആയ മട്ടാണ്. 'കൊലവെറി ഡി' ഹിറ്റായ പോലെ  ലക്ഷക്കണക്കിന്‌ പേര്‍ ആദ്യ ദിവസം തന്നെ ഇത് ആസ്വദിച്ചു തുടങ്ങിക്കഴിഞ്ഞു. പലരും ടൈംലൈനിന്റെ പണിപ്പുരയില്‍ ആണ്. പഴയ പോസ്റ്റുകളില്‍ ആവശ്യമില്ലാത്തത് ഒഴിവാക്കുക, പ്രധാനപ്പെട്ടവ ഫീച്ചര്‍ ചെയ്യുക, പ്രൈവസി സെറ്റിങ്ങുകള്‍ ശരിയാക്കുക തുടങ്ങി ടൈംലൈന്‍ പബ്ലിഷ് ചെയ്യുന്നതിന് മുമ്പ് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുവാന്‍ ഫേസ്ബുക്ക് സമയം നല്‍കുന്നുണ്ട്. പ്രൊഫൈലില്‍ ടൈംലൈന്‍ സിസ്റ്റം സ്വീകരിച്ചു കഴിഞ്ഞാല്‍ അത് പബ്ലിഷ് ചെയ്യുന്നതിന് ഒരാഴ്ച വരെ സമയം ഉണ്ട്. എന്നെപ്പോലുള്ളവര്‍ക്ക് മുന്നും പിന്നും നോക്കാതെ ഒറ്റയടിക്ക് പബ്ലിഷ് ചെയ്യുകയും ആവാം. 

ഏതായാലും ഇത് വലിയ പൊല്ലാപ്പാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിലവിലെ അവസ്ഥയില്‍ തന്നെ ഫേസ്ബുക്കില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പലര്‍ക്കും സമയം കിട്ടുന്നില്ല. രണ്ടു മണിക്കൂര്‍ ഉറങ്ങി എട്ടു മണിക്കൂര്‍ ഫേസ്ബുക്കില്‍ ഇരിക്കുക എന്നതാണ് പൊതുവേയുള്ള ട്രെന്‍ഡ്. ഇനി ഈ  ടൈംലൈന്‍ പണ്ടാരം ക്ലച്ചു പിടിച്ചാല്‍ പറയുകയും വേണ്ട!. എല്ലാ ഫേസ്ബുക്ക് ചങ്ങായിമാര്‍ക്കും എന്റെ ടൈംലൈന്‍ അഥവാ സ്ലീപ്‌ ലെസ്സ് ആശംസകള്‍ ..

Related Posts
സൂക്ഷിക്കുക, ഭാര്യ ഫേസ്ബുക്കിലുണ്ട് !!.
പേര് ഫേസ്ബുക്ക്, വയസ്സ് പതിനാറ് (Female)
ഒടുക്കത്തെ Google+
നൈജീരിയന്‍ ഈമെയിലും മലയാളിപൊട്ടനും