സൂക്ഷിക്കുക, ഭാര്യ ഫേസ്ബുക്കിലുണ്ട് !!.

സഊദി അറേബ്യയിലെ പെണ്ണുങ്ങള്‍ ഇത്ര മാത്രം കൗശലക്കാരികളാണെന്ന് ഞാന്‍ കരുതിയിരുന്നില്ല. മിഡില്‍ ഈസ്റ്റിലെ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് പത്രമായ അറബ് ന്യൂസില്‍ ഈയിടെ വന്ന ഒരു വാര്‍ത്തയാണ് അവരെക്കുറിച്ചുള്ള 'തെറ്റിദ്ധാരണകള്‍ ' നീക്കാന്‍ അവസരമുണ്ടാക്കിയത്. കട്ടിലില്‍ കിടക്കുന്ന ഭാര്യമാരെ വിട്ട് ഫേസ്ബുക്കിലെ അനോണിപ്പെണ്ണിന്റെ പിറകെ ഉമിനീരിറക്കി നടക്കുന്ന ഭര്‍ത്താക്കന്മാര്‍ കേരളത്തില്‍ മാത്രമല്ല സഊദി അറേബ്യയിലുമുണ്ട്. അങ്ങിനെയുള്ള ചിലരെ കയ്യോടെ പിടികൂടിയാണ് സഊദി പെണ്ണുങ്ങള്‍ അവരുടെ സൈബര്‍ കഴിവ് തെളിയിച്ചത്. അവരില്‍ ഒരാളുടെ മാത്രം കഥ പറയാം. ഭർത്താവ്  ഫേസ്ബുക്കില്‍ നിന്ന് എഴുന്നേല്‍ക്കാതായപ്പോള്‍ ഭാര്യയക്ക് സംശയമായി. ഇതിയാനു മുസ്‌ലി പവര്‍ അല്പം കൂടിയിട്ടുണ്ട്!. ഒന്ന് ടെസ്റ്റ്‌ ചെയ്തിട്ട് തന്നെ കാര്യം. അവള്‍ നേരെ പോയി ഒരു ഫേസ്ബുക്ക് അക്കൗണ്ട്‌ ഉണ്ടാക്കി. നെറ്റില്‍ നിന്ന് കാണാന്‍ കൊള്ളാവുന്ന ഒരു പെണ്ണിന്റെ ഫോട്ടോയെടുത്തു പ്രൊഫൈലിലിട്ടു. കറിക്ക് മസാല ചേർക്കുന്ന പോലെ ജോലിയും വിദ്യാഭ്യാസ യോഗ്യതയുമൊക്കെ വേണ്ട പോലെ ചേർത്തിളക്കി പ്രൊഫൈൽ കിടിലനാക്കി. പിന്നെ തന്റെ  ബ്ലാക്ക് ബെറിയില്‍ നിന്ന് ഭര്‍ത്താവിനു ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. അയക്കേണ്ട താമസം തൊട്ടപ്പുറത്തെ റൂമിലെ ലാപ് ടോപ്പില്‍ നിന്നും  പുള്ളിക്കാരന്‍ എക്സപ്റ്റ് അടിച്ചു.

പിന്നെ ചാറ്റായി, കൊച്ചു വര്‍ത്തമാനങ്ങളായി. ആശുപത്രി  > പാലുകാച്ചല്‍ , പാല് കാച്ചല്‍ > ആശുപത്രി എന്ന് പറഞ്ഞ പോലെ ബ്ലാക്ക് ബെറി > ലാപ് ടോപ്‌, ലാപ് ടോപ്‌ > ബ്ലാക്ക് ബെറി. ഭര്‍ത്താവിന്റെ ഉള്ളിലിരുപ്പ് അറിയാനായി  ബ്ലാക്ക് ബെറിയില്‍ നിന്ന് ഒരു ചോദ്യം പറന്നു.  'ഭാര്യ എങ്ങിനെയുണ്ട്?. കൊള്ളാമോ?'. ഒരു സെക്കന്റില്‍ മറുപടിയെത്തി. ഭര്‍ത്താക്കന്മാരുടെ ടിപ്പിക്കല്‍ മറുപടി.  "കെട്ടിക്കുടുങ്ങി! അഞ്ചു കാശിനു കൊള്ളില്ല"!!. സമ്മൂസക്ക്  ഉള്ളി അരിയുന്ന പോലെ പഹയനെ അരിഞ്ഞു നുറുക്കാന്‍ കൈ തരിച്ചെങ്കിലും ബ്ലാക്ക് ബെറി നിയന്ത്രണം വിടാതെ പ്രതികരിച്ചു. 'അയ്‌വ, കുവൈസ്!!'. ദിവസങ്ങള്‍ കടന്നു പോയി. ചാറ്റ് മൂത്ത് മീറ്റിനുള്ള സമയമായി. സമയവും സ്ഥലവും നിശ്ചയിച്ചു. കുളിച്ചൊരുങ്ങി അത്തറ് പൂശി പുറപ്പെട്ട ഫര്‍ത്താവ്  ഫേസ്ബുക്ക്‌ പ്രണയിനിയെ കണ്ട് ബോധം കെട്ട് വീണു!!. നാല് ഓപ്പറേഷന്‍ ചെയ്ത ശേഷമാണ് പുള്ളിക്ക് ബോധം തെളിഞ്ഞതത്രേ! (അറബ് ന്യൂസ്‌ സ്റ്റോറിയോട് 'ഇത്തിരി' എന്റെ വക കൂട്ടിയിട്ടുണ്ട് കെട്ടോ).

ഫേസ്ബുക്കില്‍ കളിക്കുമ്പോള്‍ ശ്രദ്ധിച്ചു കളിക്കണമെന്ന് ഇതിനും മുമ്പും പറഞ്ഞിട്ടുണ്ട്. പതിനാറുകാരി തെസ്സ പിടിച്ച പുലിവാലിന്റെ കഥയും മുമ്പ് എഴുതിയിട്ടുണ്ട്.  പണ്ടത്തെപ്പോലെയല്ല ഇപ്പോള്‍ കാര്യങ്ങള്‍ . മണ്ണില്‍ കാലു കൊണ്ട് ചക്രം വരച്ചു 'നാണ്‍ വന്നു' നില്‍ക്കുന്ന  ഭാര്യമാരുടെ കാലമൊക്കെ കഴിഞ്ഞു. ഭര്‍ത്താവ് ഒരു ഫേക്ക് ഐഡി ഉണ്ടാക്കുമ്പോള്‍ നാലെണ്ണം ഉണ്ടാക്കുന്ന ലവളുമാരുടെ കാലമാണിത്. ലവന്‍ നൂറു ഫ്രണ്ട്സ് തികക്കാന്‍ ചക്രശ്വാസം വലിക്കുമ്പോള്‍ ലവള്‍ കൂളായി ആയിരം ഒപ്പിച്ചിരിക്കും. അതാണ്‌ കാലം, യു നോ..അതുകൊണ്ടാണ് ഭാര്യയുടെമേല്‍ ഒരു കണ്ണ് വേണം എന്ന് പറയുന്നത്. അവളും ഫേസ്ബുക്കില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ബോധം വെച്ചു വേണം കരിമ്പിന്‍ തോട്ടത്തില്‍ ഇറങ്ങാന്‍.

ഫേസ്ബുക്കില്‍ രസകരമായ പലതും നടക്കുന്നുണ്ട്. സഊദി പെണ്ണ് ഉണ്ടാക്കിയ പോലുള്ള വ്യാജ ഐഡികളും പ്രൊഫൈലുകളും കൊണ്ട് അറബിക്കടല്‍ പോലെ പരന്നു കിടക്കുകയാണ് ഫേസ്ബുക്ക്‌. പഴയ കാര്‍ട്ടൂണ്‍ കഥാപാത്രം ലോലനെപ്പോലെ രാവിലെ എഴുന്നേറ്റു കണ്ണ് തിരുമ്മി ഞരമ്പ്‌  രോഗികള്‍ എഴുന്നേല്‍ക്കുന്നത് തന്നെ ചെല്ലക്കിളികളുടെ പ്രൊഫൈലിലേക്കാണ്.  ഇത്തരം പ്രൊഫൈലുകളില്‍ തൊണ്ണൂറു ശതമാനവും മെയിഡ് ഇന്‍ കുന്നംകുളം ആണ്. ഈ കുന്നംകുളം പ്രൊഫൈലിന് പിറകിലാണ് പല പൊട്ടന്മാരും വായിൽ തേനൊലിപ്പിച്ച് നടക്കുന്നത്. പ്രണയാഭ്യർത്ഥന നടത്തുന്നത്. ഒരാളെപ്പോലെ ലോകത്ത് ഏഴുപേര്‍ ഉണ്ടാകും എന്നാണു പറയാറ്. കാണാന്‍ കൊള്ളാവുന്ന പെണ്ണാണെങ്കില്‍ ഫേസ്ബുക്കില്‍ ഒരാളെപ്പോലെ എഴുനൂറു പേരുണ്ടാകും. ചില ഉദാഹരണങ്ങള്‍ കാണാം. (എന്റെ കണ്ടുപിടുത്തങ്ങള്‍ അല്ല. പലപ്പോഴായി മെയിലുകളില്‍ വന്നവയാണ്) 




ഇത്തരം പ്രൊഫൈലുകളുടെ പിറകെ പോയി അവരുടെ പോസ്റ്റിനു ലൈക് അടിച്ചു നടക്കുകയാണ് ഫേസ്ബുക്ക് പൂവാലന്മാരുടെ പ്രധാന പണി. 'രാവിലെ കട്ടന്‍ ചായ കുടിച്ചു' എന്നൊരു സ്റ്റാറ്റസ് ഒരു ചെല്ലക്കിളി ഇട്ടു എന്നിരിക്കട്ടെ. പത്തു മിനുട്ടിനുള്ളില്‍ മിനിമം ഇരുനൂറു പൂവാലന്മാര്‍ ലൈക്‌ അടിച്ചിരിക്കും!. ഓണത്തിനു ബീവറേജ് സ്റ്റോറിനു മുന്നിലെന്ന പോലെ പിന്നെ ഒടുക്കത്തെ തിരക്കായിരിക്കും അവിടെ. കമന്റോട് കമന്റ്. അവിടെ അടി നടക്കുമ്പോള്‍ സ്റ്റാറ്റസ് ഇട്ട 'ചെല്ലക്കിളി' കട്ടന്‍ ചായ കുടിച്ച ശേഷം ബാര്‍ബര്‍ ഷോപ്പില്‍ താടി വടിക്കാന്‍ പോയിട്ടുണ്ടായിരിക്കും!!. അവനറിയാം സ്വന്തം ഫോട്ടോ വെച്ചു "രാവിലെ ഞാനൊരു ആറ്റം ബോംബു വിഴുങ്ങി" എന്ന് സ്റ്റാറ്റസിട്ടാല്‍ പോലും ഒരുത്തനും തിരിഞ്ഞു നോക്കില്ലെന്ന്!.  ഇവിടെ ഒറ്റ കട്ടന്‍ചായ കൊണ്ടാണ് ഒരു പൂരത്തിനുള്ള ആളുകള്‍ എത്തിയിരിക്കുന്നത്. അപ്പോള്‍ പിന്നെ ശരിക്കുള്ള  ശൃംഗാരം കാച്ചിയാലത്തെ കഥ പറയാനുണ്ടോ? ഇത്തരം അലമ്പ് പൂവാലന്മാരെ മാത്രമല്ല ചിലപ്പോള്‍ നമ്പര്‍ വണ്‍ കില്ലാഡികളെയും ഫേസ്ബുക്കില്‍ കാണാറുണ്ട്‌.

ഈയടുത്ത് കേരളകൗമുദി പത്രത്തില്‍ ഒരു വാര്‍ത്ത ഉണ്ടായിരുന്നു. 'എന്റെ ഭാര്യ വില്‍പ്പനയ്ക്ക്, വില ആയിരം രൂപ' എന്നായിരുന്നു തലക്കെട്ട്‌. ഭാര്യയെ വില്‍പ്പനക്ക് വെച്ച ഒരു പ്രൊഫൈല്‍ ഫോട്ടോയെക്കുറിച്ചുള്ള റിപ്പോര്‍ട്ടായിരുന്നു അത്. രണ്ട് ഡസണിലധികം പ്രൊഫൈലുകളിലാണ് ഇതേ പെണ്‍കുട്ടിയുടെ ഫോട്ടോയുള്ളത് എന്ന് റിപ്പോര്‍ട്ടില്‍ ഉണ്ട്. അതിലൊന്നിലാണ് മുകളില്‍ കൊടുത്ത വില്പനയുള്ളത്. ഞരമ്പ്‌ രോഗം കലശലായ ആളുകള്‍ പടച്ചു വിടുന്നതാണ് ഇത്തരം പ്രൊഫൈലുകള്‍ എന്ന് എല്ലാവര്‍ക്കും അറിയാം. എവിടുന്നോ കിട്ടിയ ഒരു ഫോട്ടോ എടുത്തു അങ്ങ് ചാമ്പുകയാണ്. ആരാന്റെ പെങ്ങളെ സൈബര്‍ ചന്തയില്‍ വില്പനയ്ക്ക് വെക്കാന്‍ പാസ്പോര്‍ട്ടും റേഷന്‍ കാര്‍ഡുമൊന്നും ആവശ്യമില്ലല്ലോ. ഫോട്ടോയില്‍ കാണുന്ന പെണ്‍കുട്ടി ഒരു പക്ഷെ ഇതൊന്നും അറിഞ്ഞിരിക്കണം എന്നില്ല. ഏതോ ശാലീന ഗ്രാമത്തില്‍ ജീവിക്കുന്ന ഫേസ്ബുക്കോ മൊബൈലോ ഇല്ലാത്ത ഒരു കുട്ടിയുടെ ചിത്രമായിരിക്കാം അത്. പക്ഷെ ഫേസ്ബുക്കില്‍ അവള്‍ ഹോട്ട് പ്രോപര്‍ട്ടിയാണ്!.റാങ്ക് കിട്ടിയ കുട്ടികളുടെ പത്രത്തില്‍ വന്ന ഫോട്ടോയില്‍ നിന്നാണ് ഈയിടെ ഒരു പെണ്‍കുട്ടി ഫേസ്ബുക്കിലെ പ്രൊഫൈലുകളിലേക്ക് ചാടിയത്. നിരവധി ഞരമ്പുകള്‍ ആ കുട്ടിയെ വെച്ചു പ്രൊഫൈല്‍ കളിച്ചു.

പാവം പെണ്‍കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം പ്രൊഫൈലുകള്‍ കണ്ടാല്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന ചോദ്യം പ്രസക്തമാണ്. ഏറ്റവും ചുരുങ്ങിയത് ഇക്കാര്യം ഫേസ്ബുക്ക്‌ അധികൃതര്‍ക്ക് റിപ്പോര്‍ട്ട്‌ ചെയ്യാനെങ്കിലും നമുക്ക് സാധിക്കും. ഒരു മിനുട്ട് പോലും വേണ്ട ഇത് റിപ്പോര്‍ട്ട്‌ ചെയ്യുവാന്‍. അവരുടെ പ്രൊഫൈലില്‍ പോവുക. ഇടതു സൈഡ് ബാറില്‍ ഏറ്റവും താഴെയുള്ള Report/Block എന്ന ലിങ്കില്‍ ക്ലിക്കുക. അനുയോജ്യമായ കാരണങ്ങള്‍ക്ക് നേരെ ടിക്ക് മാര്‍ക്ക് ചെയ്തു സബ്മിറ്റ് ചെയ്യുക. കൂടുതല്‍ പേരുടെ റിപ്പോര്‍ട്ടിംഗ് ലഭിച്ചാല്‍ ബാക്കി പണി ഫേസ്ബുക്ക്‌ ചെയ്തു കൊള്ളും.



കൂടുതല്‍ ഗുരുതരമായ ഞരമ്പ്‌ ആണെന്ന് തോന്നിയാല്‍ ഒരു സ്ക്രീന്‍ ഷോട്ട് എടുത്ത് ബന്ധപ്പെട്ട സൈബര്‍ സെല്ലിന് ഒരു ഇമെയില്‍ അയക്കാനും കഴിയും. (തന്റെ മകളുടെ ഫോട്ടോ വെച്ചു പ്രൊഫൈല്‍ ഉണ്ടാക്കിയതിനെതിരെ ഒരു രക്ഷിതാവ് കൊടുത്ത പരാതിയില്‍ കോഴിക്കോട്ടു നടക്കാവ് പോലീസ് സൈബര്‍ സെല്ലുമായി സഹകരിച്ചു അന്വേഷണം ആരംഭിച്ചതായ  ഒരു വാര്‍ത്ത ഇന്നലത്തെ പത്രത്തില്‍ കണ്ടു. അത്രയും നല്ലത്). പക്ഷെ അധികമാരും ഇത്തരം റിപ്പോര്‍ട്ടിംഗുകള്‍ ചെയ്യാന്‍ മിനക്കെടാത്തത്  കൊണ്ട് ഞരമ്പുകള്‍ കൂളായി വിലസുന്നു എന്ന് മാത്രം.

ഭര്‍ത്താവിനെ കയ്യോടെ പിടിച്ച സൗദി പെണ്ണിന് എന്റെ അഭിനന്ദനങ്ങള്‍ .. ഇത് വായിക്കുന്ന ഭാര്യമാരില്‍ /കാമുകിമാരില്‍ ഇനിയും ഐ ഡി ഉണ്ടാക്കിയിട്ടില്ലാത്തവര്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഒന്നുണ്ടാക്കി ഫര്‍ത്താവിനു/കാമുകന് ഫ്രണ്ട് റിക്വസ്റ്റ് അയക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഉഷ്ണം ഉഷ്ണേന ശാന്തി. ഞരമ്പ്‌ ഞരമ്പേന സ്വാഹ.

Related Posts
രമ്യാ നമ്പീശൻ കുളിക്കുന്നു, എല്ലാവരും ഓടി വരൂ.  
ഫേസ്ബുക്കിനെ വെടിവെച്ചു കൊല്ലുന്ന വിധം
പേര് ഫേസ്ബുക്ക്, വയസ്സ് പതിനാറ് (Female)