മുനീര്‍ കളിക്കുന്ന ഐസ്ക്രീം ഗെയിം

ഇന്നലത്തെ മാതൃഭൂമി പത്രത്തില്‍ ഡോ മുനീറിന്റെ ഒരു പ്രസ്താവന കണ്ടു. അത് വായിച്ചിട്ട് ചിരിക്കണോ അതോ കരയണോ അതല്ല ഒരു അനുശോചനം രേഖപ്പെടുത്തണോ എന്താണ് വേണ്ടതെന്ന കാര്യത്തില്‍ എനിക്കൊരു സംശയം.  പ്രസ്താവനയുടെ തലവാചകം ഇതാണ്.കുഞ്ഞാലിക്കുട്ടിയെ വേട്ടയാടുന്ന ഇന്ത്യാവിഷന്‍ രീതിയോട് യോജിപ്പില്ല -മുനീര്‍ . തലക്കെട്ട്‌ വായിച്ച ഞാന്‍ ആകെ കണ്ഫ്യൂസ്ഡ് ആയി. 'അമേരിക്കയുടെ പോക്ക് ശരിയല്ല: ഒബാമ' എന്ന തലക്കെട്ടില്‍ ഒരു പത്ര വാര്‍ത്ത കണ്ടാല്‍ പോലും എനിക്കിത്ര കണ്ഫ്യൂഷന്‍ ഉണ്ടാകില്ല. ഇന്ത്യാവിഷന്‍ തുടങ്ങിയത് മുനീറാണ്. അതിനു കാശ് പിരിച്ചതും നിയമാവലി ഉണ്ടാക്കിയതും മുനീറാണ്. അതിന്റെ ചെയര്‍മാനും മുഖ്യ ഷെയര്‍ ഹോള്‍ഡറും മുനീറാണ്. നയ നിലപാടുകളെക്കുറിച്ചു അവസാന വാക്ക് പറയേണ്ട ആളും മുനീര്‍ തന്നെ. ആ മുനീര്‍ തന്നെയാണ് പറയുന്നത് ഇന്ത്യാവിഷന്റെ പോക്ക് ശരിയല്ല എന്ന്. ഇതെന്തു കൂത്ത് എന്ന് ഞാന്‍ ചോദിച്ചു പോയാല്‍ മുനീറിന്റെ ഫാന്‍സുകാര്‍ എന്നെ തെറി വിളിക്കരുത്. കുഞ്ഞാലിക്കുട്ടിയുടെ ഫാന്‍സുകാരില്‍ നിന്ന് കേട്ടത് ഇനിയും ദഹിച്ചു കഴിഞ്ഞിട്ടില്ല!!

മുനീറിന്റെ പ്രസ്താവനയുടെ പൂര്‍ണ രൂപം ഇങ്ങനെയാണ്. "പൊതുരംഗത്ത് ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ നിരന്തരമായി വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തനത്തോട് യോജിക്കാനാവില്ലെന്ന് മന്ത്രി എം.കെ.മുനീര്‍ പ്രസ്താവിച്ചു.പൊതു പ്രവര്‍ത്തനവും രാഷ്ട്രീയപ്രവര്‍ത്തനവും വര്‍ഷങ്ങളായി തുടരുന്ന ഒരാളെ പിന്നാലെ നടന്ന് പീഡിപ്പിക്കുകയും വ്യക്തിഹത്യ നടത്തുകയും വേട്ടയാടുകയും ചെയ്യുന്ന ഇന്ത്യാവിഷന്റെ നിലപാടിനോടും യോജിക്കാനാവുകയില്ല.ഒളിക്യാമറ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്. ഈ ദുരുപയോഗപ്പെടുത്തല്‍ പ്രതിഷേധാര്‍ഹമാണ്. അതിര്‍വരമ്പുകള്‍ അതിലംഘിക്കുന്ന എഡിറ്റോറിയല്‍ സ്വാതന്ത്ര്യം പത്രപ്രവര്‍ത്തനത്തിന്റെ ധാര്‍മികതയെ തകര്‍ക്കുന്നതും ചോദ്യംചെയ്യുന്നതുമാണെന്നും മുനീര്‍ അഭിപ്രായപ്പെട്ടു."


കുഞ്ഞാലിക്കുട്ടിയെ 'വേട്ടയാടുന്നതില്‍ ' ഇത്ര വലിയ ധാര്‍മിക രോഷം മുനീറിന് ഉണ്ടെങ്കില്‍ ഒരു ലോക്കല്‍ കാള്‍ കൊണ്ട് അത് നിര്‍ത്തിപ്പിക്കാവുന്നതേയുള്ളൂ. ഇങ്ങനെയൊരു പ്രസ്താവന നടത്തി മൂക്ക് പിഴിയേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. ഇന്ത്യാവിഷന്‍ ന്യൂസ്‌ എഡിറ്ററെ വിളിച്ചു "താന്‍ എന്തുവാടോ ഈ കാണിക്കുന്നത്" എന്ന ഒറ്റച്ചോദ്യം ചോദിച്ചാല്‍ ഈ 'വേട്ടയാടല്‍ ' നില്‍ക്കും. "താനാരെടോ അത് ചോദിക്കാന്‍" എന്ന് ഒരു ബഷീറും മുനീറിനോട് തിരിച്ചു ചോദിക്കില്ല. കാരണം മുനീറാണ് ഈ ചാനലിന്റെ ജീവാത്മാവും പരമാത്മാവും. അതല്ല, ഇന്ത്യാവിഷന്‍ ചെയ്യുന്നത് തികഞ്ഞ മാധ്യമ ധര്‍മമാണ്‌ എന്നാണു അഭിപ്രായമെങ്കില്‍ ലീഗുകാരെ സോപ്പിടാന്‍ വേണ്ടി ഇത് പോലുള്ള വാചകക്കസര്‍ത്തുകള്‍ നടത്തരുത്. ലീഗുകാര്‍ക്കും അല്പമൊക്കെ വിവരം കാണും. മന്ത്രിസ്ഥാനം പോകാതിരിക്കാന്‍ കാണിക്കുന്ന ഒരു കസര്‍ത്തായിട്ടേ ഇതുമാതിരിയുള്ള ഉഡായിപ്പ് പ്രസ്താവനകളെ കാണാന്‍ പറ്റൂ.

ഭൂലോക തരികിടയായ റഊഫാണ് ഇന്ത്യാവിഷന്റെ ഇപ്പോഴത്തെ ചീഫ് റിപ്പോര്‍ട്ടര്‍ . പുള്ളിയാണ് ലേറ്റസ്റ്റ് എപ്പിസോഡിലെ ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറി തയ്യാറാക്കിയിരിക്കുന്നത്. ഒരാളെ തന്റെ BMW കാറില്‍ ഇരുത്തി റഊഫ് ഡയലോഗ് വായിക്കുന്നു. കാര്യമെന്താണെന്നു ഒരു പിടിയും കിട്ടാതെ ആ പാവം ഇടയ്ക്കിടെ യെസ് യെസ് എന്ന് പറയുന്നു. ഈ  ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറിയാണെന്ന് തോന്നുന്നു മുനീറിന്റെ പുതിയ പ്രസ്താവനയുടെ സിറ്റുവേഷന്‍ ക്രിയേറ്റ് ചെയ്തത്.  ഒന്നുകില്‍ മുനീര്‍ സാഹിബ് തികഞ്ഞ ആശയക്കുഴപ്പത്തിലാണ്. അതല്ലെങ്കില്‍ മഹാവെളവന്‍ ആണ്. രണ്ടാമത്തെ വകുപ്പില്‍ പെടുത്താനാണ് 'സാഹചര്യ ത്തെളിവുകള്‍' സാധ്യത നല്‍കുന്നത്. "ആമയെ ചുടുന്നെങ്കില്‍ മലര്‍ത്തി ചുടണം, ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായാണാ" എന്ന് പണ്ടാരാണ്ടോ പറഞ്ഞ പോലെ ഇന്ത്യാവിഷനിലെ കുട്ടികള്‍ക്ക് 'ആമയെ ചുടാനുള്ള' ട്രിക്ക് പറഞ്ഞു കൊടുത്ത ശേഷം ഞാനൊന്നുമറിഞ്ഞില്ലേ എന്ന് വിലപിക്കുന്നത് ഒരുമാതിരി ഊളത്തരമാണ്. കുഞ്ഞാലിക്കുട്ടിയെ പൂജപ്പുരയില്‍ എത്തിക്കാനുള്ള സമര്‍ത്ഥമായ ചരടാണ്‌ മുനീര്‍ വലിച്ചു കൊണ്ടിരിക്കുന്നത് എന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ 'സാഹിബിനെ' ഒതുക്കാനുള്ള കളികളില്‍ ഒരു ചരട് മുനീറിന്റെ കയ്യിലാണ് ഉള്ളത് എന്ന് നിസ്സംശയം പറയാം. പാര്‍ട്ടി ഭാരവാഹിത്വമോ ഇന്ത്യാവിഷനോ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കേണ്ട ഘട്ടം വന്നാല്‍ ഞാന്‍ ഇന്ത്യാവിഷന്‍ തിരഞ്ഞെടുക്കും എന്ന് മുനീര്‍ പറഞ്ഞപ്പോള്‍ ടി വിക്ക് മുന്നിലിരുന്നു പലരും കയ്യടിച്ചു. വക്കം മൗലവിയുടെ പാതയില്‍ ഇതാ ചോരത്തിളപ്പുള്ള ഒരു ചെറുപ്പക്കാരന്‍ എന്ന് പറഞ്ഞവരും ഉണ്ട്.  അതേ മുനീര്‍ തന്നെ 'അര മന്ത്രി' സ്ഥാനം കിട്ടാനുള്ള വകുപ്പ് കണ്ടപ്പോള്‍ വാക്ക് മാറ്റി നേരെ തിരോന്തരത്തേക്ക് വെച്ചു പിടിച്ചു. ചക്കരക്കുടം കാണുമ്പോള്‍ വായില്‍ വെള്ളമൂറുന്ന ഒരു സാധാരണ രാഷ്ട്രീയക്കാരന്‍ മാത്രമാണ് മുനീര്‍ എന്ന് അതോടെ വ്യക്തമായി. ഇയാള്‍ മഹാവെളവനാണ് എന്ന ഒരു നിഗമനത്തില്‍ ഞാന്‍ എത്തുന്നത് ഇത്തരം കാര്യങ്ങളെല്ലാം ഗുണിച്ച്‌ ഗണിച്ചു വിലയിരുത്തിയ ശേഷമാണ്.


ഒരു ലീഗുകാരന്‍ എന്നോട് പറഞ്ഞത് "സി എച്ചിന്റെ മോനായിപ്പോയി, അല്ലേല്‍ ഞങ്ങള്‍ ...." എന്നാണ്. അവന്റെ ഡയലോഗിന്റെ അവസാന ഭാഗം ഇവിടെ എഴുതാന്‍ കൊള്ളില്ല. അത് അണ്‍ പാര്‍ലിമെന്ററിയായ ഒരു പദമാണ്. ലീഗ് അണികള്‍ക്കിടയില്‍ അടുത്ത കാലത്തായി ഏറ്റവും വിലയിടിഞ്ഞിട്ടുള്ളത് ഡോക്ടര്‍ മുനീറിനാണ്. ഷെയര്‍ മാര്‍ക്കറ്റില്‍ സ്റ്റോക്കുകള്‍ ഇടിയുന്നതിനേക്കാള്‍ വേഗത്തിലാണ് മുനീറിന്റെ മാര്‍ക്കറ്റ് ഇടിഞ്ഞു കൊണ്ടിരിക്കുന്നത്. പഴയകാല തിരഞ്ഞെടുപ്പുകളില്‍ മുനീറിനെ സ്ഥാനാര്‍ഥിയായി കിട്ടാന്‍ വേണ്ടി നിയോജക മണ്ഡലങ്ങള്‍ തമ്മില്‍ പിടിവലിയായിരുന്നു. ഇപ്പോള്‍ നേരെ മറിച്ചാണ് ഉണ്ടാകുന്നതത്രേ. "ഞങ്ങള്‍ക്ക് വേണ്ടേ നിങ്ങള്‍ എടുത്തോളൂ" എന്ന് പരസ്പരം ലീഗുകാര്‍ തട്ടിക്കളിച്ചു എന്നാണ് വാര്‍ത്തകള്‍ . ഇതെന്തുകൊണ്ട് ഉണ്ടായി എന്ന് ചോദിച്ചാല്‍ ഇന്ത്യാവിഷന്‍ എന്നല്ലാതെ മറ്റൊരു ഉത്തരമില്ല.

ഇത്രയും പറഞ്ഞതില്‍ നിന്ന് തെറ്റിദ്ധരിക്കരുത്. ഇന്ത്യാവിഷനിലെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം നടത്താന്‍ അവസരം കൊടുക്കുന്ന വിശാലമനസ്കനായ മുതലാളി എന്ന ലേബല്‍ മുനീറിന് അവകാശപ്പെടാവുന്നത് തന്നെയാണ്. പക്ഷെ അത്തരം ഒരവകാശപ്പെടലിനെ തീര്‍ത്തും കൊഞ്ഞനം കുത്തുന്നതാണ് ഇപ്പോള്‍ നടത്തിയിട്ടുള്ള പ്രസ്താവന എന്നേ ഞാന്‍ പറയുന്നുള്ളൂ. ഇന്ത്യാവിഷന്‍ ചെയ്യുന്നത് ഒരു നേതാവിനെ കരുതിക്കൂട്ടി വേട്ടയാടുകയാണ് എന്ന് പറയുക, അത് ചെയ്യാനുള്ള സ്വാതന്ത്ര്യം ഞാന്‍ അവര്‍ക്ക് നല്‍കിയിട്ടുണ്ട് എന്ന് അവകാശപ്പെടുകയും ചെയ്യുക. ഇത് രണ്ടും കൂടെ കൂട്ടിവായിക്കുമ്പോഴാണ് മുനീറിന്റെ കയ്യിലുള്ള 'ചരടിന്റെ' കണ്ണികള്‍ പുറത്തേക്ക് വരുന്നത്. കൊക്കകോലാ വില്കാനുള്ള ലൈസന്‍സ് എടുത്ത കടയില്‍ പട്ടച്ചാരായം വില്‍ക്കുന്നത് കാണുമ്പോള്‍ ലൈസന്‍സ് എടുത്ത മുതലാളിക്ക് ഒഴിഞ്ഞു മാറാന്‍ കഴിയില്ല. എന്തും വില്‍ക്കാനുള്ള സ്വാതന്ത്ര്യം ഞാന്‍ പണിക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്, അതവരുടെ ഇഷ്ടമാണ് എന്ന് പറയാന്‍ പറ്റില്ല. ഒന്നുകില്‍ വില്‍ക്കുന്നത് പട്ടച്ചാരായമല്ല, അത് സാക്ഷാല്‍ കൊക്കകോള തന്നെയാണ് എന്ന് പറയുക, അതല്ലെങ്കില്‍ പട്ടച്ചാരായം വില്‍ക്കുന്നത് നിര്‍ത്താന്‍ പറയുക. രണ്ടാലൊന്ന് മുനീര്‍ സാഹിബ് ചെയ്യണം. അതാണ്‌ അതിന്റെ ഒരന്തസ്സ്. സി എച്ചിന്റെ മോനല്ലേ എന്ന് കരുതിയുള്ള ലീഗുകാരുടെ ക്ഷമക്കും ഒരതിരൊക്കെ ഉണ്ടാകില്ലേ.