ലോകത്തെ ഏറ്റവും വലിയ പണക്കാരില്‍ ഒരാളായ അംബാനിയുടെ മക്കള്‍ക്ക് സ്കൂളില്‍ പോകുമ്പോള്‍ 5 രൂപയുടെ നാണയങ്ങള്‍ ആണത്രേ അമ്മ നിത അംബാനി പോക്കറ്റ് മണിയായി നല്‍കുന്നത്!!. സ്കൂള്‍ കാന്റീനില്‍ നിന്ന് വല്ലതും വാങ്ങിത്തിന്നാനാണ് ഈ തുക നല്‍കുന്നത്. ഒരു ദിവസം മകന്‍ ആനന്ദ് 10 രൂപ വേണം എന്ന് ആവശ്യപ്പെട്ടു. അമ്മ തരില്ലെന്ന് പറഞ്ഞപ്പോള്‍ അവന്റെ ഡയലോഗ് ഇങ്ങനെ. 'കുട്ടികള്‍ എന്നെ കളിയാക്കുന്നുണ്ട് അമ്മേ. "നീ അംബാനിയാണോ അതോ തെണ്ടിയാണോ" ("Tu Ambani hai ya bhikari") എന്നാണ് അവര്‍ ചോദിക്കുന്നത് !!'. മുകേഷേട്ടനും നിതയും ഇതുകേട്ട് പൊട്ടിച്ചിരിച്ചത്രേ. മക്കള്‍ കോളേജിലേക്ക് പോകുന്നത് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ബസ്സുകളില്‍ കയറിയാണെന്നും നിത പറയുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് ഒരു പബ്ലിക് റിലേഷന്‍ ഗിമ്മിക്ക് നടത്തുകയാണ് നിത അംബാനി ചെയ്യുന്നത് എന്ന് പറയുന്നവര്‍ കാണുമായിരിക്കും. മുംബൈയിലെ ചേരികളുടെ നടുവില്‍ എണ്ണായിരം കോടി രൂപ ചിലവഴിച്ചു വീട് നിര്‍മിച്ച അംബാനി ഇപ്പോള്‍ അഞ്ചു രൂപയുടെ കോയിന്‍ കഥയുമായി വരുന്നത് വിശ്വസിക്കാന്‍ ഞങ്ങളെ കിട്ടില്ല എന്ന് പറയുന്നവരുമുണ്ടാവും. എന്നാല്‍ നിത അംബാനിയുടെ വാക്കുകള്‍ അതിന്റെ മുഖവിലക്കെടുക്കാനാണ് എനിക്ക് താത്പര്യം. അത് പബ്ലിക് റിലേഷന്‍ തട്ടിപ്പാണെങ്കില്‍ അതങ്ങനെ ആയിക്കോട്ടെ. സംഭവം ഉള്ളതായാലും ഇല്ലാത്തതായാലും ഒരു ചെറിയ സന്ദേശം ഈ ഇന്റര്‍വ്യൂ നല്‍കുന്നുണ്ട്. കുട്ടികളെ നാം ലാളിച്ചു കൊല്ലരുത്.
നൂറു രൂപ ദിവസ വരുമാനമുള്ളവര്‍ നൂറ്റിപ്പത്ത് രൂപ കുട്ടികള്‍ക്ക് ടിപ്സ് നല്‍കുന്ന കാലത്താണ് നാം ജീവിക്കുന്നത്. അച്ഛന്‍ ബാത്ത് റൂമില്‍ പോകുന്ന തക്കം നോക്കി പോക്കറ്റില്‍ നിന്നും കാശെടുത്ത് മക്കള്‍ക്ക് കൊടുക്കുന്നവരാണ് ഒരുമാതിരിപ്പെട്ട അമ്മമാരെല്ലാം. നന്നായി പഠിച്ചു വരാനാണ് കൂടുതല്‍ കാശ് കൊടുക്കുന്നത്!! മക്കള്‍ പട്ടച്ചാരായം അടിച്ചു വന്നാലും കൊക്കകോളയാണ് മണക്കുന്നത് എന്നേ അമ്മമാര്‍ പറയൂ. അത് സ്നേഹക്കൂടുതല്‍ കൊണ്ടാണ്. ഇവിടെയാണ് ഈ അഞ്ചുരൂപ 'കഥ' പ്രസക്തമാകുന്നത്. നിത അംബാനിക്ക് വേണമെങ്കില്‍ ദിവസവും ഒരു കിലോ സ്വര്‍ണത്തിന്റെ അവലോസുണ്ട ഉണ്ടാക്കി സ്കൂള്‍ ബാഗില്‍ വെച്ചു കൊടുക്കാം. ആരും ചോദിക്കാന്‍ പോകുന്നില്ല. പക്ഷെ അഞ്ചു രൂപയുടെ കാന്റീന്‍ ഭക്ഷണം ക്യൂ നിന്ന് വാങ്ങിക്കുവാനാണ് അവര്‍ മക്കളോട് പറഞ്ഞത്. കുട്ടികള്‍ നന്നാവണം എന്നൊരു ചെറിയ ചിന്ത അതിനു പിന്നിലുണ്ട്. അത്തരമൊരു ചിന്ത ഇല്ലാത്തത് കൊണ്ടുള്ള കുഴപ്പങ്ങള്‍ സാധാരണക്കാരായ നമ്മുടെയൊക്കെ വീടുകളില്‍ ധാരാളമുണ്ട്. അത്യാവശ്യം കഴിഞ്ഞു കാശ് ബാക്കിയാവുമ്പോഴാണ് ആവശ്യങ്ങളെക്കുറിച്ച് ഓര്‍മ വരിക. ആവശ്യങ്ങളും കഴിഞ്ഞു കാശ് ബാക്കിയാവുമ്പോഴാണ് അനാവശ്യങ്ങളെക്കുറിച്ച് ഓര്‍മ വരിക. അനാവശ്യങ്ങളും കഴിഞ്ഞു കാശ് ബാക്കിയാവുമ്പോഴാണ് തലയ്ക്കു വട്ടു പിടിക്കുക. കുട്ടികള്‍ക്ക് വട്ടു പിടിക്കാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്.
ഉത്സവ സ്ഥലങ്ങളില്‍ ഉരുളക്കിഴങ്ങ് പൊരിച്ചു വിറ്റ് കാശുണ്ടാക്കിയ ആളാണ് നിതയുടെ അമ്മോശന്‍കാക്ക. ലതായത് ധിരുഭായി അംബാനി. അതുകൊണ്ടാണോ എന്നറിയില്ല മുകേഷ് അംബാനിക്ക് തട്ട് കടകളിലെ ഭക്ഷണമാണ് ഏറെ പ്രിയം എന്ന് നിത അഭിമുഖത്തില്‍ പറയുന്നുണ്ട്. തട്ട്കടകളില്‍ നിന്ന് സ്ഥിരമായി തട്ടുന്ന നമുക്ക് ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ഭക്ഷണത്തോട് കൊതി തോന്നുന്നത് പോലെയുള്ള ഒരു സംഗതി ആണിത്. കയ്യില്‍ പൂത്ത കാശില്ലാത്തതിനാല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ ബോര്‍ഡ് നോക്കി നാം തട്ടുകടയിലെ ദോശയും ചട്ടിണിയും കഴിക്കും. കുടുംബ ഡോക്ടര്‍മാര്‍ സമ്മതിക്കാത്തതിനാല്‍ തട്ടുകട മനസ്സില്‍ ധ്യാനിച്ച് മുകേഷേട്ടന്‍ കത്തിയും മുള്ളും കൊണ്ട് നൂഡില്‍സ് കഴിക്കും. മുകേഷേട്ടനും ദുഃഖം. നമുക്കും ദുഃഖം. ഭൂമി ഉരുണ്ടതാണ് എന്ന് നമ്മള്‍ പറയുന്നത് ഇതുകൊണ്ടൊക്കെയാണ്.
Time of India യിലും അതിന്റെ തന്നെ കൊച്ചു മോനായ The Economic Times ലും പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ പല രസകരമായ അനുഭവങ്ങളും നിത പറയുന്നുണ്ട്. ഒരിക്കല്‍ നിതയുടെ ഭരതനാട്യം ധിരുഭായി അംബാനി കാണാനിടയായി. മകന് പെണ്ണ് അന്വേഷിച്ചു നടക്കുന്ന കാലമാണ്. ഇത് തന്നെ പെണ്ണ് എന്ന് പുള്ളി നിശ്ചയിച്ചു. നമ്പര്‍ സംഘടിപ്പിച്ചു നിതയെ വിളിച്ചു. "Iam Dhirubahi Ambani" നിത ഒറ്റയടിക്ക് ഫോണ്‍ കട്ട് ചെയ്തു. അംബാനിയല്ലേ, വിടുമോ. പിന്നെയും വിളിച്ചു. കളിപ്പീര് ഫോണ്‍ ആണെന്ന് ഉറപ്പിച്ച നിത പറഞ്ഞു. "താന്‍ അംബാനി ആണെങ്കില്‍ ഞാന്‍ എലിസബത്ത് ടെയ്ലറാ.. ഫോണ്‍ വെച്ചിട്ട് പോടോ.". വീണ്ടും അവള്‍ കട്ടി. അംബാനി മൂന്നാമതും വിളിച്ചു. ഇത്തവണ നിതയുടെ അച്ഛന്‍ ഫോണെടുത്തു. ഒറിജിനല്‍ അംബാനി തന്നെയാണ് വിളിക്കുന്നത് എന്ന് മനസ്സിലാക്കി മകള്‍ക്ക് ഫോണ്‍ കൊടുത്തു. ആ ഫോണ്‍ കാള്‍ ആണ് നിതയെ അംബാനി തറവാട്ടില്‍ എത്തിച്ചത്. തലവര വരുന്ന വഴി നോക്കണേ.
ഗോസ്സിപ്പ് പറഞ്ഞു നിങ്ങളുടെ നേരം കളയാന്‍ ഞാനില്ല. അതിനു വേറെ ബ്ലോഗര്‍മാര്‍ ഉണ്ട്. അംബാനി പിള്ളേര്‍ കഴിക്കുന്ന അഞ്ചു രൂപയുടെ ലഞ്ചിന്റെ കാര്യത്തിലേക്ക് തന്നെ തിരിച്ചു വരാം. നമ്മുടെ കീശയില്‍ കാശെത്ര ഉണ്ടായാലും ശരി കുട്ടികളുടെ കയ്യില്‍ അത്യാവശ്യത്തിനുള്ള കാശേ കൊടുക്കാവൂ എന്നതാണ് ഈ കഥയില്‍ നിന്ന് പഠിക്കാനുള്ള പാഠം. പഞ്ചതന്ത്രം കഥകളില്‍ നിന്ന് കിട്ടുന്നത് മാത്രമല്ല, നിതു അംബാനിയുടെ ഇന്റര്‍വ്യൂവില്‍ നിന്ന് കിട്ടുന്നതും ഗുണപാഠം തന്നെയാണ്. അത് മറക്കണ്ട.
മ്യാവൂ:- നേരത്തെ ഇട്ട പോസ്റ്റിനു പ്രായശ്ചിത്തം ഇത് മതിയോ.. പോരെങ്കില്‍ പറയണം. ഒന്ന് കൂടെ പോസ്റ്റാം. മുകേഷേട്ടനെ ഡബിള്‍ ഡക്കര്‍ ബസ്സിലെ മുന്‍സീറ്റില്‍ ഇരുത്തി പ്രേമഗാനം പാടിച്ച ത്രെഡ് ബാക്കി കിടക്കുകയാണ്!.
Related Posts
അംബാനിയുടെ തട്ടുകട റെഡി
ബ്ലോഗ് മോഷ്ടാക്കളോട് ഒരു റിക്വസ്റ്റ്