ദാസേട്ടാ, രഞ്ജിനി വിളിക്കുന്നു

രഞ്ജിനി ഹരിദാസ് ആളൊരു മഹാ സംഭവം തന്നെയാണ്. മലയാളത്തിന്റെ ഗാനഗന്ധര്‍വനായ ദാസേട്ടനെ വളച്ചെടുത്ത് കളഞ്ഞല്ലോ. ഇന്ന് വരെ കാര്യമായ ചീത്തപ്പേരൊന്നും ഉണ്ടാക്കിയിട്ടില്ലാത്ത ദാസേട്ടനെ ഇവളെങ്ങിനെ വളച്ചെടുത്തുവെന്നാണ് എനിക്ക് മനസ്സിലാകാത്തത്. തെറ്റിദ്ധരിക്കരുത്. ഞാന്‍ പറഞ്ഞു വരുന്നത് ഇന്നലെ നടന്ന ഐഡിയ സ്റ്റാര്‍ സിംഗറിന്റെ സീസന്‍ ഫൈവ് ഗ്രാന്‍ഡ്‌ ഫിനാലെയുടെ കാര്യമാണ്. നൂറില്‍ നൂറ്റിപ്പത്ത് മാര്‍ക്ക് കിട്ടേണ്ട പെര്‍ഫോര്‍മന്‍സ് ആണ് ഇന്നലെ രഞ്ജിനി കാഴ്ച വെച്ചത്.

യേശുദാസ് പാട്ട് നിര്‍ത്തേണ്ട കാലമായി എന്ന്  ഞാന്‍ മുമ്പ് ഒരു പോസ്റ്റില്‍ പറഞ്ഞിരുന്നു . അദ്ദേഹം പ്രസംഗവും നിര്‍ത്തേണ്ട കാലമായി എന്ന് പറയാനാണ് ഈ പോസ്റ്റ്‌. സ്റ്റാര്‍ സിംഗര്‍  ഗ്രാന്‍ഡ്‌ ഫിനാലെയില്‍ ഇന്നലെ മുഖ്യാതിഥി യേശുദാസ് ആയിരുന്നു!!. റിയാലിറ്റി ഷോകള്‍ക്കെതിരെ ഏറ്റവും രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയിരുന്ന ഒരാളാണ് അദ്ദേഹം. എസ് എം എസ്സിന് വേണ്ടി കുട്ടികളെ തെണ്ടിക്കുന്ന പരിപാടിയാണ് ഇത്തരം റിയാലിറ്റി ഷോകളെന്ന് വരെ ദാസേട്ടന്‍ പറഞ്ഞിട്ടുണ്ട്. ആ പ്രസ്താവന വായിച്ചു അറിയാതെ കയ്യടിച്ചു പോയിട്ടുണ്ട്. സത്യം തുറന്നു പറയാന്‍ ദാസേട്ടന്‍ കാണിച്ച ചങ്കൂറ്റത്തെ ആദരിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നലെ അദ്ദേഹം ചെയ്ത പണി കണ്ടു ഞാന്‍ അന്തം വിട്ടു പോയി. ഏഷ്യാനെറ്റിന്റെ അടുത്ത 'എസ് എം എസ് തെണ്ടല്‍ പരിപാടി'യായ (പ്രയോഗം ദാസേട്ടന്റെത് )  സ്റ്റാര്‍ സിംഗര്‍ സീസന്‍ സിക്സ്  തംബുരു മീട്ടി ഉദ്ഘാടനം ചെയ്തു കളഞ്ഞു ഗാന ഗന്ധര്‍വന്‍ !!!. നേരത്തെ അടിച്ചുപോയ കയ്യടി തിരിച്ചെടുക്കാന്‍ വല്ല വകുപ്പുമുണ്ടോ?


ഇതൊന്നു കേട്ട് നോക്കൂ..

ഇവരുടെയൊക്കെ തൊലിക്ക് എത്ര കിലോ കട്ടിയുണ്ടാവും?. ദാസേട്ടന്റെ പ്രസ്താവന പത്രങ്ങളില്‍ വന്നിട്ട് അധിക കാലമായിട്ടില്ല. ശുദ്ധ സംഗീതത്തെ നശിപ്പിക്കുന്ന പരിപാടികള്‍ ആണ് ഇതെന്ന് പല തവണ പല വേദികളില്‍ പറഞ്ഞിട്ടുള്ള ദാസേട്ടന് ഐഡിയ സീസന്‍ സിക്സ് ഉദ്ഘാടനം നിര്‍വഹിക്കാനുള്ള തൊലിക്കട്ടി എവിടുന്നു കിട്ടി?.  തന്റെ പാട്ടുകള്‍ മാത്രമേ ജനങ്ങള്‍ ഓര്‍മിക്കൂ, പ്രസംഗിച്ചത് നാട്ടാര്‍ക്ക് ഓര്‍മയുണ്ടാവില്ല എന്നെങ്ങാനും ദാസേട്ടന്‍ കരുതിയോ?. ഈ റിയാലിറ്റി ഷോ ആറല്ല, അറുപതല്ല ആറായിരം സീസന്‍ പിന്നിടട്ടെ എന്നും ഗന്ധര്‍വന്‍ പറഞ്ഞു കളഞ്ഞു!!. ആറായിരം വരെ പോണോ ഗന്ധര്‍വേട്ടാ, ഒരു അയ്യായിരത്തില്‍ നിര്‍ത്തികൂടെ എന്ന് ചോദിക്കാന്‍ വേദിയില്‍ ഒരു ജഗതി ശ്രീകുമാര്‍ ഉണ്ടായില്ല എന്നതിലാണ് എന്റെ സങ്കടം. ഇത്തരം വിഷയങ്ങളിലൊക്കെ ചൂടോടെ പ്രതികരിക്കാരുള്ള 'രായപ്പന്‍ ' വേദിയിലുണ്ടായിരുന്നു എങ്കിലും   പുള്ളി ഇന്നലെ മഹാ മര്യാദക്കാരനായി നിന്ന് കളഞ്ഞു!!. BBC വാര്‍ത്തകള്‍ സ്ഥിരമായി കേട്ട് ആളല്പം നന്നായ മട്ടുണ്ട്. അഞ്ചു സീസന്‍ കഴിഞ്ഞപ്പോഴേക്ക് തന്നെ പ്രേക്ഷകര്‍ കുറഞ്ഞ് ഒരു വഴിക്കായ പ്രോഗ്രാമാണ് അറുപതിനായിരം പിന്നിടുവാന്‍ ഗന്ധര്‍വ രാജന്റെ അനുഗ്രഹം ലഭിച്ചിരിക്കുന്നത്. ഇനി സ്റ്റാര്‍ സിംഗറിന് വെച്ചടി വെച്ചടി കേറ്റമായിരിക്കും. അറുപതിനായിരം സീസണും രഞ്ജിനി തന്നെ ആങ്കര്‍ ചെയ്യട്ടെ എന്നും നമുക്ക് ആശംസിക്കാം.

മറ്റൊന്ന് കൂടി ദാസേട്ടന്‍ പറഞ്ഞു കളഞ്ഞു. ഈ കുട്ടി ഇവിടെ ജനിക്കേണ്ടവളല്ല, അങ്ങ് അമേരിക്കായില്‍ ജനിക്കേണ്ടവളാണ് എന്ന്. മുജ്ജന്മ പാപം കൊണ്ടാണ് അവള്‍ ഈ മണ്ണില്‍ പിറന്നതത്രേ!!. അമേരിക്കയില്‍ ജനിച്ചിരുന്നെങ്കില്‍ അവള്‍ വലിയ ഗായിക ആയി പേരെടുത്തേനെ എന്ന് !! ലതായത് നമ്മള്‍ മലയാളികള്‍ സംഗീതം അറിയാത്തവരാണെന്നും  കഴിവുള്ളവരെ അംഗീകരിക്കാന്‍ പഠിച്ചിട്ടില്ല എന്നും!!. ദാസേട്ടന്‍ തന്നെ ഇത് പറയണം. ഗാനഗന്ധര്‍വന്‍ എന്നൊക്കെ വിളിച്ചു നമ്മള്‍ സംഗീതം അറിയാത്ത  മലയാളികള്‍ വളര്‍ത്തി വലുതാക്കിയ മഹാഗായകന്‍ തന്നെ ഇത് പറയണം. തൃപ്തിയായി!!. ഞാന്‍ ആലോചിച്ചു പോയി, ദാസേട്ടനെങ്ങാനും അങ്ങ് അമേരിക്കായില്‍ ജനിച്ചിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി എന്ന്? പെട്ടെന്ന് എന്റെ മനസ്സില്‍ എത്തിയത് വാക്കിംഗ് സ്റ്റിക്ക് മുന്നിലും ഒരു പട്ടി പിന്നിലുമായി ഹൗസിംഗ് ലോണിന് വേണ്ടി തെക്ക് വടക്ക് നടക്കുന്ന ദാസേട്ടന്റെ ചിത്രമാണ്!!! (എന്റെയൊരു കാര്യം.)


ഇന്നലത്തെ വേദിയില്‍ മറ്റൊരു അബദ്ധവും ദാസേട്ടന്‍ ചെയ്തു. ഫലപ്രഖ്യാപനം വരുന്നതിനു മുമ്പ് തന്നെ ഏറ്റവും നന്നായി പാടിയത് തന്റെ കുട്ടിക്കാല സ്നേഹിതന്റെ മകളാണെന്ന് - കല്പന രാഘവേന്ദ്ര - പറഞ്ഞു കളഞ്ഞു!!. മറ്റു നാല് മത്സരാര്‍ത്ഥികളുടെയും മുഖത്തടിച്ച പോലെയാണ് പുള്ളി അത് പറഞ്ഞത്. അവള്‍ക്കാണ് സമ്മാനം കൊടുക്കേണ്ടത് എന്ന് വ്യക്തമായി സൂചിപ്പിക്കുകയും ചെയ്തു. ദാസേട്ടന്റെ ഡയലോഗ് കേട്ടിട്ടാവണം, സമ്മാനം ഏഷ്യാനെറ്റ്‌ അവള്‍ക്കു തന്നെ കൊടുത്തു. കൂടുതല്‍ എസ് എം എസ് കിട്ടിയ മറ്റു രണ്ടു മത്സരാര്‍ത്ഥികളും ഔട്ട്‌.  വേദിയില്‍ വെച്ച് ഗന്ധര്‍വ ശാപം ഏല്‍ക്കാതിരിക്കാന്‍ ഏഷ്യാനെറ്റ് പ്രേക്ഷകരെ കുരുതി കൊടുത്തു എന്നര്‍ത്ഥം. ഇതിനു മുമ്പൊരു ലൈവ് പരിപാടിയില്‍ ജഗതീ ശ്രീകുമാര്‍ 'രഞ്ജിനീ വധം' നടത്തിയത് പോലെ സംഗതി കുളമാമായില്ല എങ്കിലും എസ് എം എസ് അയച്ചവരൊക്കെ പൊട്ടന്മാരായി. ഇനി ഏഷ്യാനെറ്റിനു എസ് എം എസ് അയച്ചു കാശ് കളയണോ എന്ന് പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്.

കാശിനു കൊതി അല്പം കൂടുതലുള്ള ആളാണ്‌ ദാസേട്ടനെന്നു ചിലര്‍ പറയാറുണ്ട്‌. തന്റെ പഴയ പാട്ടുകള്‍ സ്റ്റേജില്‍ ആലപിക്കണമെങ്കില്‍ പുതിയ പാട്ടുകാര്‍ ടാക്സ് കൊടുക്കണം എന്നൊരു നിബന്ധന കൊണ്ട് വരാന്‍ അദ്ദേഹം ശ്രമിച്ചത് ഉദാഹരണമായി അവര്‍ പറയാറുമുണ്ട്. ഞാന്‍ അങ്ങിനെ വിശ്വസിക്കുന്നില്ല. നാല് തലമുറയ്ക്ക് കഴിയാനുള്ളത് അദ്ദേഹം പാടി ഉണ്ടാക്കിയിട്ടുണ്ട്. ഏഷ്യാനെറ്റ്‌ കൊടുക്കുന്ന നക്കാപിച്ചക്ക് വേണ്ടി തന്റെ അഭിപ്രായം മാറ്റിപറയേണ്ട ഗതികേട് അദ്ദേഹത്തിന് ഇല്ല. ദാസേട്ടനെക്കൊണ്ട് ഇങ്ങനെയൊരു കടും കൈ ചെയ്യിക്കാന്‍ എന്ത് 'ഐഡിയ'യാണ്  രഞ്ജിനി പ്രയോഗിച്ചിരിക്കുക? അതാണ്‌ ഞാന്‍ തുടക്കത്തിലേ പറഞ്ഞത്. രഞ്ജിനി ഹരിദാസ് ആളൊരു മഹാ സംഭവം തന്നെയാണ്!!

മ്യാവൂ 1) :- പാവം ശരത് അണ്ണാച്ചി. അടുത്ത സീസണിലെ ജഡ്ജിംഗ് പാനലില്‍ നിന്ന് പുള്ളിയെ ഏഷ്യാനെറ്റ് പുറത്താക്കി. ആ പരിപാടിയിലെ ഒരു നല്ല കൊമേഡിയന്‍ ആയിരുന്നു കക്ഷി. വളരെ നന്നായിട്ടുണ്ട് മോളെ എന്ന് ആദ്യ ശ്വാസത്തില്‍ പറയുകയും അഞ്ചു കാശിനു കൊള്ളില്ല എന്ന് ശ്വാസം വിട്ട ശേഷം പ്രഖ്യാപിക്കുകയും ചെയ്യുന്ന മഹാ മനസ്കന്‍ . ഷഡ്ജവും ശ്രുതിയും തെറ്റാതെയുള്ള ആ അപാര പെര്‍ഫോമന്‍സ് കാണാന്‍ നമ്മളിനി എവിടെ പോകും?

മ്യാവൂ 2) :- കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമിറപ്പിക്കാന്‍ ഏഷ്യാനെറ്റ്‌ അമ്പതു ലക്ഷം കൊടുത്തു എന്നാണ് എന്റെ ഒരു മാധ്യമ സുഹൃത്ത് പറഞ്ഞത്.  അമ്പതു ലക്ഷം കിട്ടിയാല്‍ വാക്കല്ല അപ്പന്റെ പേര് വരെ മാറ്റിപ്പറയുന്നവരുടെ നാടാണിത്!!.

Recent Posts
ചാടിച്ചാടി ഈ വേണു എവിടെയെത്തും?
പ്രവാചകനോ അതോ സിനിമയോ വലുത്?
ഫേസ്ബുക്കിനെ ആര്‍ക്കാണ് പേടി?

Related Posts
കിഴവന്മാരേ വഴി മാറൂ (കിഴവികളോടും കൂടിയാണ്)
കുബേര്‍ കുഞ്ചി, മാഗ്നറ്റ് ചെരുപ്പ്, സ്പെയിന്‍ കുങ്കുമം 
കക്കൂസിലിരുന്ന് പാടാന്‍ റോയല്‍റ്റി കൊടുക്കണോ?.
ഇന്ത്യവിഷന്‍ ഏഷ്യാനെറ്റിന്റെ മണ്ടക്കടിക്കുന്നു