ചൈനയിലെ സുരേഷ് ഗോപിയും ഡോളറമ്മാവനും

രണ്ടു ദിവസമായി എനിക്ക് കലശലായ ഒരാഗ്രഹമുണ്ട്. ഏതെങ്കിലും ഒരു ചൈനക്കാരനെ കണ്ടു കിട്ടിയാല്‍ ഒരു ഐ ലവ് യു പറയണം. ഒത്താല്‍ ഒന്ന് കെട്ടിപ്പിടിക്കണം. അറ്റ്‌ലീസ്റ്റ് ഒരു ഷേക്ക്‌ഹാന്‍ഡ് എങ്കിലും കൊടുത്ത് നീയാടാ ആണ്‍കുട്ടി എന്നും കാച്ചണം. സത്യത്തില്‍ കൈ കൊടുക്കേണ്ടത് ചൈനീസ്‌ പ്രധാനമന്ത്രിക്കോ പ്രസിഡന്റിനോ ആണ്. അത് നമ്മള് കൂട്ടിയാല്‍ കൂടുന്ന പരിപാടിയില്ല. അതുകൊണ്ടാണ് ഏതെങ്കിലും ഒരു ചൈനക്കാരനെ കിട്ടിയാലും സംഗതി ഒപ്പിക്കാം എന്ന് തീരുമാനിച്ചത്. ഇങ്ങനെയൊരു ആഗ്രഹം പെട്ടെന്ന് പൊട്ടിമുളക്കാനിടയായ കാരണം പറയാം. ചൈന കഴിഞ്ഞ ദിവസം നമ്മുടെ സുരേഷ് ഗോപി സ്റ്റൈലില്‍ നാല് ഡയലോഗ് കാച്ചി. ഒബാമ സായിപ്പിനോട്‌. ഞാനത് ഒരു പത്തു തവണയെങ്കിലും വായിച്ചു കാണും. എനിക്കതത്രക്കങ്ങ് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ. സൂപ്പര്‍ ഡയലോഗ്.

ഇന്റര്‍നാഷണല്‍ ഡിപ്ലോമസിയുടെ സോപ്പും പൌഡറും ഒഴിവാക്കിയാല്‍ ചൈന പറഞ്ഞ ഡയലോഗിന്റെ പച്ച മലയാളം ഇങ്ങനെയാണ്. "എടാ, അമേരിക്കേ, പണം കടം വാങ്ങുന്നതൊക്കെ കൊള്ളാം. പക്ഷെ മര്യാദക്ക് ചിലവഴിക്കാന്‍ പഠിച്ചിട്ടില്ലെങ്കില്‍ അഞ്ചു കാശ് ഇനി തരില്ല. ഞങ്ങടെ പൈസ കൊണ്ട് നീയിനി ലോകപോലീസ് കളിക്കേണ്ട. സൈനിക പരാക്രമങ്ങള്‍ ഇന്നത്തോടെ നിര്‍ത്തണം. ഡോളറിന്റെ കാലം കഴിഞ്ഞു എന്ന ഓര്‍മ വേണം. മര്യാദക്ക് ഒതുക്കിക്കഴിഞ്ഞാല്‍ കഞ്ഞി കുടിച്ചു പോകാം. അതല്ലെങ്കില്‍ വിവരം അറിയും. ജസ്റ്റ്‌ റിമംബര്‍ ദാറ്റ്‌ ". ഇപ്പോള്‍ കേട്ട ഡയലോഗ് ചൈനയിലെ സുരേഷ് ഗോപി മുണ്ട് മടക്കിക്കുത്തുന്നതിന് മുമ്പ് പറഞ്ഞതാണ്. ബാക്കിയുള്ള വെടിക്കെട്ട് വരാനിരിക്കുന്നതേയുള്ളൂ. 'ആസനത്തില്‍ വാലും ചുരുട്ടിയിരിക്കുന്ന' പ്രസിദ്ധമായ ആ ഡയലോഗിന്റെ ബാക്കി ഭാഗങ്ങള്‍ അവര്‍ അടുത്തു തന്നെ ഒബാമയോട് പറയും.  അങ്ങോട്ടാണ് സംഗതികള്‍ പോകുന്നത്.  


പറയേണ്ടത് പറയേണ്ട സമയത്ത് പറയണം. ചൈനയിലെ ആണ്‍കുട്ടികള്‍ അത് ചെയ്തു. അവര്‍ക്കത്‌ പറയാനുള്ള അവകാശവും ഉണ്ട്. ലോകം മറ്റൊരു സാമ്പത്തികത്തകര്‍ച്ചയുടെ വക്കിലാണ്. മുഖ്യവില്ലന്‍ വൈറ്റ് ഹൗസിലെ എം എന്‍ നമ്പ്യാരു തന്നെ. അതായത് ഡോളര്‍ എന്ന് നമ്മള്‍ വിളിക്കുന്ന അമേരിക്കന്‍ സായിപ്പ്. പുള്ളിയുടെ വില കുത്തനെ ഇടിയുകയാണ്. വാങ്ങിയ കടം തിരിച്ചടക്കാനുള്ള അമേരിക്കയുടെ കഴിവ് കുറഞ്ഞു വരികയാണെന്ന റിപ്പോര്‍ട്ട്‌ വന്നതിനെത്തുടര്‍ന്നാണ് പുതിയ പൊല്ലാപ്പുകള്‍ ഉണ്ടായിരിക്കുന്നത്. സ്വാഭാവികമായും ഏറ്റവും കൂടുതല്‍ പണം കടം കൊടുത്ത ചൈനക്ക് ആശങ്ക ഉണ്ടാവും. 1.2 ട്രില്യന്‍ ഡോളറാണ് അവര്‍ സൂപ്പര്‍ സായിപ്പിന് കടമായി കൊടുത്തിട്ടുള്ളത്. (ട്രില്യന്‍  എന്നാല്‍ എത്രയാണെന്ന് ഗൂഗിള്‍ നോക്കിയാല്‍ കിട്ടുവായിരിക്കും)  'അമേരിക്കക്ക് കടം കൊടുക്കുന്നവര്‍ അല്പം സൂക്ഷിച്ചു വേണം അത് ചെയ്യാന്‍ ' എന്ന് പറഞ്ഞത് മറ്റാരുമല്ല. അമേരിക്കയിലെ തന്നെ ഏജന്‍സി ആണ്. (Standard & Poor's). ആയിരം രൂപ കടം വാങ്ങിച്ച ആള്‍ ഐ സി യു വില്‍ കിടന്നാലുള്ള ബേജാറ് നമുക്കറിയാം.  അപ്പോള്‍ പിന്നെ ചൈനയുടെ കാര്യം പറയണോ? അതാണ്‌ അവര്‍ പെട്ടെന്ന് സുരേഷ് ഗോപി ആവാന്‍ കാരണം.

അമേരിക്ക പൊളിയാതിരിക്കേണ്ടത് ചൈനയുടെ മാത്രമല്ല, ലോക സമ്പദ്ഘടനയുടെ തന്നെ ആവശ്യമാണ്‌. പൊളിഞ്ഞു പാളീസായ രാജ്യങ്ങള്‍ പോലും ഒബാമ സായിപ്പിന് ഒന്നും പറ്റരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നത് നിവൃത്തി കേടു കൊണ്ടാണ്. കാരണം ഒരു ബാലന്‍സിംഗ് കറന്‍സി ആയി പല രാജ്യങ്ങളും സൂക്ഷിച്ചു വെച്ചിരിക്കുന്നത് ഡോളര്‍ ആണ്. അവരുടെ രാജ്യാന്തര ഇടപാടുകളെല്ലാം അതിലാണ് കിടക്കുന്നത്. ലോക വ്യാപാരങ്ങളുടെ സിംഹഭാഗവും നടക്കുന്നത് ഡോളറില്‍ ആണ്. ഡോളര്‍ പൊട്ടിയാല്‍ ഒരു പാടാളുകള്‍ പൊട്ടും. അവിടെയാണ് ഒരു ബദല്‍ കറന്‍സിയെക്കുറിച്ച് ചിന്തിക്കണം എന്ന് ചൈനക്കാരന്‍ പറയുന്നതിന്റെ ഗുട്ടന്‍സ് കിടക്കുന്നത്. ഒബാമക്ക് ഒരു തലവേദനയും പനിയും വന്നാല്‍ ഗള്‍ഫ് മേഖലയിലേതടക്കം ലക്ഷക്കണക്കിന്‌ വിദേശ ഇന്ത്യക്കാര്‍ക്ക് മേല് വേദന തുടങ്ങും. കാരണം ഡോളറിനു വിലയിടിയുന്നതോടെ ഇന്ത്യന്‍ രൂപ മീശ പിരിക്കും. ദിര്‍ഹമിന്റെയും  റിയാലിന്റെയും എക്സ്ചേഞ്ച് റേറ്റ് കുത്തനെ ഇടിയും. 500 റിയാല്‍ ശമ്പളത്തിന് ആടിന്റെ പാല്‍ കറക്കുന്ന മരുഭൂമിയിലെ പാവം പ്രവാസിക്കും ഈ പണ്ടാരം പിടിച്ച ഡോളറിനു കേടൊന്നും പറ്റരുതേ എന്ന് പ്രാര്‍ത്ഥിക്കേണ്ടി വരുന്നു. രാവിലെ സഖാക്കളോടൊപ്പം ചേര്‍ന്ന് അമേരിക്ക തുലയട്ടെ എന്ന് മുദ്രാവാക്യം വിളിക്കുക, വൈകുന്നേരം ഡോളറിനു ഒരു ഇടിവും പറ്റല്ലേ തമ്പുരാനേ എന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുക. വല്ലാത്തൊരു ഗതികേടാണ് ഈ സാമ്രാജ്വത്വ ശക്തികളുടെ സൂത്രപ്പണികള്‍ കൊണ്ട് സാധാരണക്കാരന് വന്നു ഭവിച്ചിട്ടുള്ളത്.


സ്റ്റോക്ക്‌ എക്സ്ചേഞ്ചില്‍ എനിക്ക് കുറച്ചു ഷെയറുകള്‍ ഉണ്ടായിരുന്നു . അതിന്റെ കാര്യം പറയാതിരിക്കുകയാണ് നല്ലത്. അറ്റാക്ക് വരുമോ എന്ന് പേടിച്ച് ഞാന്‍ ഒരാഴ്ചയായി ആ വഴിക്ക് തിരിഞ്ഞു നോക്കിയിട്ടേ ഇല്ല. ഡോളറോ യൂറോയോ ക്ഷീണിച്ചാല്‍ ഉടന്‍ സ്റ്റോക്ക്‌ മാര്‍ക്കറ്റിന് വയറിളക്കം പിടിക്കും. പിന്നെ എല്ലാം ലൂസായിട്ടു ഒരു പോക്കാണ്. അതാണിപ്പോള്‍ സ്റ്റോക്ക്‌ എക്സ്ചേഞ്ചുകളില്‍ നടക്കുന്നത്. പ്രധാന കറന്‍സികള്‍  ക്ഷീണിക്കുമ്പോള്‍ വിവരമുള്ളവരൊക്കെ നിക്ഷേപം സ്വര്‍ണത്തിലേക്ക്‌ മാറ്റും. അതോടെ അതിന്റെ വില കുത്തനെ കയറും. കല്യാണ പ്രായമായ പെണ്‍മക്കളുടെ രക്ഷിതാക്കള്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് വരുന്നത് കൊളസ്ട്രോള്‍ കൂടിയത് കൊണ്ടാണെന്ന് ഡോക്ടര്‍മാര്‍ പറയുമെങ്കിലും യഥാര്‍ത്ഥ വില്ലന്‍ വൈറ്റ് ഹൌസിലെ ഓവല്‍ ഓഫീസിലാണുള്ളത്.

കടം വാങ്ങിയ പൈസ കൊണ്ട് വായു ഗുളിക വാങ്ങിക്കഴിച്ചാല്‍ നമ്മള്‍ ആരെയും ചീത്ത പറയില്ല. പക്ഷെ ആ കാശ് കൊണ്ട് ആരാന്റെ പറമ്പില്‍ പടക്കം പൊട്ടിച്ചു കളിച്ചാല്‍ അതിനു പേര് വേറെയാണ്. അഫ്ഘാനിസ്ഥാനിലും ഇറാഖിലും നടത്തിയ അധിനിവേശങ്ങള്‍ക്ക് അമേരിക്ക നാളിതു വരെ നാല് ട്രില്യനിലധികം ഡോളര്‍  ചിലവഴിച്ചു എന്നാണു പുതിയ കണക്കുകള്‍ പറയുന്നത്. എന്നുവെച്ചാല്‍ കടം വാങ്ങിയ കാശ് കൊണ്ടാണ് ആരാന്റെ ഭൂമി കയ്യേറാന്‍ പോയത് എന്ന്. ഇരന്നു വാങ്ങിയ കാശ് കൊണ്ടാണ് ലോക പോലീസ് കളിക്കുന്നത് എന്ന്. നോക്കണേ ഗതികേട്. ഇത്രയും കാശ് ചിലവാക്കിയിട്ട് എന്താണ് അവസ്ഥ?. അമേരിക്കക്കാരടക്കം ലക്ഷക്കണക്കിന്‌ പേരുടെ ജീവന്‍ പോയത് മാത്രം ബാക്കി. ഇക്കഴിഞ്ഞ ശനിയാഴ്ച താലിബാന്‍ വെടി വെച്ചിട്ടത് മുപ്പത്തൊന്നു അമേരിക്കന്‍ സൈനികരെയാണ്. ഒസാമയെ വധിക്കാന്‍ പോയ എലൈറ്റ് ഫോഴ്സിലെ എണ്ണം പറഞ്ഞ മുപ്പത്തൊന്നു കമാന്‍ഡോകളുടെ ശവപ്പെട്ടിയാണ് ന്യൂ യോര്‍ക്ക്‌ വിമാനത്താവളത്തില്‍ ഈ ആഴ്ച വന്നിറങ്ങുക. ഇറാഖിലെ സ്ഥിതിയും വ്യത്യസ്തമല്ല. സദ്ദാം ഹുസൈന്‍ ഭരിച്ചിരുന്ന കാലത്തേക്കാള്‍ അരക്ഷിതാവസ്ഥയാണ് ഇപ്പോള്‍ അവിടെയുള്ളത്. ഉള്ള കാശും പോയി സമാധാനവും പോയി എന്ന അവസ്ഥ. അരി തിന്ന പട്ടി ആശാരിച്ചിയെ കടിച്ച് പിന്നെയും മുറുമുറുക്കുന്ന പോലെ ഇനിയിപ്പോള്‍ ഇറാനും, യെമനും സോമാലിയയും 'നന്നാക്കാനുള്ള' പുറപ്പാടിലാണ് പാവങ്ങള്‍ . ലോക പോലീസ് പണി നിര്‍ത്തിയില്ലെങ്കില്‍ അഞ്ചു കാശ് ഇനി കടം തരില്ല എന്ന് ചൈനക്കാരന്‍ പറഞ്ഞതിന്റെ പൊരുള്‍ ഇതിനോട് ചേര്‍ത്തു വായിക്കണം. 

അല്‍പ കാലത്തേക്ക് കൂടി ഒരായുധ ശക്തിയായി തുടരാന്‍ അമേരിക്കക്ക് കഴിഞ്ഞേക്കും, പക്ഷെ ഒരു സാമ്പത്തിക ശക്തിയായി അവര്‍ ഇനി അറിയപ്പെടില്ല. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ 'സഖാക്കള്‍' കുറവാണ്. കുടുംബപരമായി മന്‍മോഹന്‍ സിംഗിന്റെ മൂത്താപ്പമാരാണ് അവിടുത്തെ പാര്‍ട്ടിയുടെ തലപ്പത്ത് ഉള്ളത്. സായിപ്പുമാര്‍ക്ക് ലവന്‍മാരെ പറ്റിക്കാന്‍ ഇച്ചിരി പാടാണ്.  അതുകൊണ്ട് തന്നെ ഇനി ജനകോടികളുടെ വിശ്വസ്ത സ്ഥാപനം ചൈനയാണ്. അവിടത്തെ സുരേഷ് ഗോപിമാരിലാണ് ഇനി നമ്മുടെ പ്രതീക്ഷ. ബാക്കി പിന്നെ പറയാം. എനിക്കല്പം ധൃതിയുണ്ട്. കെട്ടിപ്പിടിക്കാന്‍ ഒരു ചൈനക്കാരനെ കിട്ടുമോന്നു നോക്കട്ടെ. ഗുഡ് ബൈ.