ചാനല്‍ ചര്‍ച്ചക്കാരുടെ കൂട്ടക്കൊല

ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗാര്‍ഡിയന്‍ പത്രത്തില്‍ കഴിഞ്ഞ ദിവസം ചാര്‍ളി ബ്രൂക്കര്‍ എഴുതിയ ലേഖനമാണ് ഈ കുറിപ്പ് എഴുതാനുള്ള പ്രേരണ. Keep the guesswork out of the news coverage എന്നതാണ് അദ്ദേഹത്തിന്‍റെ ലേഖനത്തിന്റെ കാതല്‍ . മാധ്യമ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്  ആ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പാലിക്കേണ്ട ചില അടിസ്ഥാന തത്വങ്ങളെക്കുറിച്ചാണ് ബ്രൂക്കര്‍ തന്റെ ലേഖനത്തില്‍ പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച നോര്‍വേയില്‍ ഒരു കൂട്ടക്കൊല നടന്നു. 68 പേര്‍ കൊല്ലപ്പെട്ടു. എഴുപത്തിയാറു ലക്ഷം വായനക്കാരുള്ള സണ്‍ ദിനപത്രത്തിന്റെ പിറ്റേ ദിവസത്തെ തലക്കെട്ട്‌ ഇതായിരുന്നു. AL-QAEDA MASSACRE - NORWAY'S 9/11 (അല്‍ഖാഇദ കൂട്ടക്കൊല - നോര്‍വേയുടെ 9/11).

കൂട്ടക്കൊല നടന്ന ഉടനെ തന്നെ മര്‍ഡോക്കിന്റെ പത്രം പ്രതിസ്ഥാനത്ത് അല്‍ഖാഇദയെ നിര്‍ത്തി. മര്‍ഡോക്ക് മാത്രമല്ല ലോകത്തെ പല പ്രസിദ്ധ മാധ്യമങ്ങളും അല്‍ഖായിദയുടെ പിടലിക്ക് പിടിച്ചു അടിച്ചു കസറി. പക്ഷെ ആക്രമണത്തിനു പിന്നില്‍ അല്‍ഖാഇദയുടെ പൊടി പോലും ഉണ്ടായിരുന്നില്ല എന്ന് പിറ്റേന്ന് തന്നെ വ്യക്തമായി. നോര്‍വേക്കാരന്‍ തന്നെയായ ആന്‍ഡേഴ്സ് ബ്രെവിക് എന്ന മുപ്പത്തിരണ്ടുകാരനായിരുന്നു ഭീകരന്‍ !  മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യുവാവ് കുറ്റം സമ്മതിച്ചു.  ഇസ്ലാം മതവിശ്വാസികള്‍ യൂറോപ്പില്‍ അധികരിച്ച് വരുന്നതിനെതിരെയും സാംസ്കാരിക വൈവിധ്യത്തിനെതിരെയും പ്രതിഷേധം പ്രകടിപ്പിക്കാനാണ് കൂട്ടക്കൊല നടത്തിയത് എന്നും വ്യക്തമായി. ജനാധിപത്യ രാജ്യങ്ങളെ അട്ടിമറിക്കുക, ഇസ്ലാം മതത്തിന്റെ പ്രചാരം തടയുക, 'സാംസ്കാരിക മാര്‍ക്സിസ്റ്റ്' ഘടനയെ തകര്‍ക്കുക തുടങ്ങിയവയാണ് ബ്രെവിക്കിന്റെ മാനിഫെസ്റ്റോ. ഇന്ത്യയിലെ സംഘപരിവാര്‍ സംഘടനകളെയാണ്  പുള്ളി മാതൃകയാക്കുന്നത് പോലും!.    


ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ അല്‍ഖാഇദക്ക് എതിരെ  വെണ്ടയ്ക്ക നിരത്തിയ മാധ്യമങ്ങള്‍ തലേന്ന് കൊടുത്ത വാര്‍ത്ത അപ്പാടെ വിഴുങ്ങി. മര്‍ഡോക്കിന്റെ ഫോക്സ് ന്യൂസ്‌ അടക്കമുള്ള ദൃശ്യമാധ്യമങ്ങള്‍ സംഭവം നടന്നയുടനെ നടത്തിയ കിടിലന്‍ ചര്‍ച്ചകളുടെ രസികന്‍ വിവരണം ബ്രൂക്കറിന്റെ ലേഖനത്തില്‍ ഉണ്ട്. "എന്തായിരിക്കും അല്‍ഖാഇദ ഇങ്ങനെയൊരു ആക്രമണം നടത്താന്‍ കാരണം?". അവിടത്തെ ന്യൂസ്‌ അവറുകാരന്റെ ചോദ്യം. ഇത്തരം കാര്യങ്ങളിലൊക്കെ ഫയങ്കര വിവരമുള്ള 'എക്സ്പേര്‍ട്ടിന്റെ' മറുപടി. 'പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തിയ കാര്‍ട്ടൂണ്‍ ഒരു നോര്‍വേ പത്രത്തില്‍ വന്നിരുന്നു. അതായിരിക്കാന്‍ സാധ്യതയുണ്ട്!!". ഒരു മുസ്ലിം പണ്ഡിതനെതിരെ നോര്‍വേ കുറ്റപത്രം പുറപ്പെടുവിച്ചതാണ് അല്‍ഖാഇദയെ പ്രകോപിപ്പിച്ചതെന്ന് മറ്റൊരു എക്സ്പേര്‍ട്ട്.. തൊട്ടപ്പുറത്തിരുന്ന വേറൊരു വിദഗ്ദന്‍ അല്‍ഖാഇദയുടെ ബോംബിംഗ് രീതികളുമായി ഇതിനുള്ള സാമ്യം ഒറ്റയിരുപ്പിനു കണ്ടുപിടിച്ചു കളഞ്ഞു!!. ഇതിനിടയില്‍ വെടിവെച്ചത് നോര്‍വേക്കാരന്‍ യുവാവാണെന്ന ബ്രേക്ക്‌ ന്യൂസ്‌ വന്നു. ഉടനെ വിദഗ്ദന്മാര്‍ വിധിയെഴുതി. അല്‍ഖാഇദക്ക് യുവാക്കളെ വിലക്കെടുക്കുന്ന ഫയങ്കര നെറ്റ്‌വര്‍ക്ക് ഉണ്ട്!!. കൊന്നാലും അല്‍ഖായിദയെ വിടാനുള്ള ഒരു പരിപാടിയും അവര്‍ക്കില്ലായിരുന്നു!!. ഇങ്ങനെ ചാനലുകളിലും പത്രങ്ങളിലും ഇന്റര്‍നെറ്റിലും ചര്‍ച്ചകള്‍ പൊടിപൊടിക്കവെയാണ് ഇടിത്തീ പോലെ യുവാവിന്റെ കുറ്റസമ്മതം വന്നത്. അതോടെ വിദഗ്ദന്മാര്‍ മുങ്ങി!!.

മലയാള പത്രങ്ങളിലും മര്‍ഡോക്കിന്റെത് അടക്കമുള്ള നമ്മുടെ ചാനലുകളിലും ഇതുപോലെയൊരു ചര്‍ച്ച ഉണ്ടായിരുന്നുവോ ആവോ?.. മറ്റു ചില തിരക്കുകളില്‍ ആയിരുന്നതിനാല്‍ എനിക്ക് ശ്രദ്ധിക്കാന്‍ പറ്റിയിട്ടില്ല. അതെന്തോ ആകട്ടെ. ഇത്തരം പൊട്ടന്‍ വിശകലനങ്ങള്‍ നടത്തുന്ന മാധ്യമ വിശാരദമാരെ Expert എന്ന് വിളിക്കരുതെന്നാണ് ബ്രൂക്കറിന്റെ പക്ഷം. അവരെ വിളിക്കേണ്ടത് Guesser എന്നാണ്. ഭീകാരാക്രമാണങ്ങള്‍ നടന്നു നിമിഷങ്ങള്‍ക്കകം 'പ്രതികളെ' പ്രഖ്യാപിക്കുന്നത് യൂറോപ്പില്‍ മാത്രമല്ല, ഇന്ത്യയിലും പതിവാണെന്ന് ഈ ലേഖനം എഴുതിയ ബ്രൂക്കര്‍ സായിപ്പിന് ഒരുപക്ഷെ അറിയുമായിരിക്കില്ല. ഭീകാരാക്രമണങ്ങളെ തുടര്‍ന്നുള്ള ചര്‍ച്ചകളിലും സംവാദങ്ങളിലും നിറഞ്ഞു നിന്നിരുന്ന പല 'പ്രതി'കളും സംഘടനകളും കേസന്വേഷണം പൂര്‍ത്തിയായപ്പോള്‍ ആവിയായിപ്പോയ സംഭവങ്ങള്‍ ഇന്ത്യയിലും നിരവധിയുണ്ട്.

ഈ ആക്രമണം നടത്തിയത് ആന്‍ഡേഴ്സ് ബ്രെവിക് എന്ന ഒരു കൃസ്ത്യന്‍ യുവാവ് ആണെന്നതിനാല്‍ ഇതിനെ ഒരു കൃസ്തീയ ഭീകരാക്രമണം എന്ന് നമുക്ക് പറയാന്‍ കഴിയില്ല. കാരണം സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്ന ആ മതവുമായി ഈ തെമ്മാടിക്കു പുലബന്ധം പോലുമില്ല. ഗാന്ധിജിയെക്കൊന്ന നാഥുറാം വിനായക് ഗോദ്സെക്ക് സനാതന ഹിന്ദു ധര്‍മവുമായി എന്ത് ബന്ധമാണുള്ളത്?. രാമമന്ത്രം ഉരുവിട്ടുകൊണ്ടിരുന്ന ഒരു മഹാത്മാവിനെയാണ് അയാള്‍ വെടി വെച്ചു കൊന്നത്. അഞ്ചു നേരം നമസ്കരിക്കുന്ന മുസ്ലിംകടക്കമുള്ള എണ്ണമറ്റ നിരപരാധികളെ ചാവേറുകളെ വിട്ട് കൊല്ലുന്ന അല്‍ഖാഇദ ഭീകരര്‍ക്ക്‌ എന്ത് മതം, എന്ത് ഇസ്ലാം? ഭീകരതയ്ക്ക് മതമില്ല. അവരുടെ മതം ചോരയുടെ 'മദ'മാണ്‌. എവിടെയെങ്കിലും ഏതെങ്കിലും ഭീകരന്‍ ആക്രമണം നടത്തിയാല്‍ ഉടനെ അയാളുടെ ജനന സര്‍ട്ടിഫിക്കറ്റിലെ മതം നോക്കി ലൈവ് ചര്‍ച്ചകള്‍ സംഘടിപ്പിക്കേണ്ട ആവശ്യം മാധ്യമങ്ങള്‍ക്കില്ല. കുറ്റവാളികളെക്കുറിച്ച വ്യക്തമായ വിവരം ലഭിക്കാതെ അസംബന്ധ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കേണ്ട ആവശ്യവുമില്ല. അന്വേഷണങ്ങളെ വഴിതിരിച്ചു വിടാനും യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടാനും മാത്രമേ ഇത്തരം പ്രഹസനങ്ങള്‍ ഉപകരിക്കൂ.  നോര്‍വേ കൂട്ടക്കൊല ഉയര്‍ത്തിയ മാധ്യമ ചലനങ്ങളെ മുന്‍നിര്‍ത്തി നമുക്ക് പറയാവുന്നത് ഇതാണ്. അല്പം വകതിരിവും ഔചിത്യ ബോധവും മാധ്യമങ്ങള്‍ക്കുമാവാം.

മാധ്യമ മുതലാളികളോടും ചാനലുകളില്‍ ഇരുന്ന് 'കൂട്ടക്കൊല' നടത്തുന്നവരോടും ചാര്‍ളീ ബ്രൂക്കര്‍ പറയുന്ന രസകരമായ വാചകം പറഞ്ഞു കൊണ്ട് അവസാനിപ്പിക്കാം. If anyone reading this runs a news channel, please, don't clog the airwaves with fact-free conjecture unless you're going to replace the word "expert" with "guesser" and the word "speculate" with "guess", so it'll be absolutely clear that when the anchor asks the expert to speculate, they're actually just asking a guesser to guess. Also, choose better guessers.