ഐശ്വര്യയുടെ മുറിച്ചുണ്ടിന്റെ സാമൂഹിക പ്രസക്തി

ഐശ്വര്യറായിയുടെ ഗര്‍ഭം നമ്മുടെ മാധ്യമങ്ങളും ബ്ലോഗുകളുമൊക്കെ നന്നായി ആഘോഷിച്ചു. ഇപ്പോഴും ആഘോഷിച്ചു കൊണ്ടിരിക്കുന്നു. കൌണ്ട് ഡൌണ്‍ ക്ലോക്ക് കൃത്യമായി വര്‍ക്ക് ചെയ്യുന്നുണ്ട്. ഒമ്പത് മാസവും പത്തു ദിവസവും എന്ന യൂണിവേഴ്സല്‍ തിയറി അനുസരിച്ച് ആഘോഷങ്ങള്‍ അതിന്റെ ക്ലൈമാക്സിലേക്ക് നീങ്ങിക്കൊണ്ടിരിക്കും എന്നത് തീര്‍ച്ചയാണ്. എന്റെ വിഷയം അതല്ല. അതെല്ലാം അതിന്റെ മുറക്ക് നടക്കട്ടെ. ഗര്‍ഭവും പ്രസവവും വാര്‍ത്തയുമൊന്നും നമ്മള്‍ വിചാരിച്ചാല്‍ നിര്‍ത്താവുന്ന പരിപാടികളല്ല. ഈ 'വിഷയ'ത്തിലൊക്കെ ആളുകള്‍ക്ക് താത്പര്യം ഉള്ളിടത്തോളം കാലം അതെല്ലാം നടന്നുകൊണ്ടിരിക്കും. പക്ഷേ ഐശ്വര്യറായിയുമായി ബന്ധപ്പെട്ട് ശരിക്കും വാര്‍ത്തയാകേണ്ടിയിരുന്ന ഒരു വാര്‍ത്ത വാര്‍ത്തയായിക്കണ്ടില്ല. അതിനല്പം സാമൂഹ്യ പ്രസക്തി ഉള്ളത് കൊണ്ടാണോ ആവോ?.

'വിശ്വസുന്ദരി'യായ നടി സ്മൈല്‍ ട്രെയിന്‍ എന്ന അന്താരാഷ്‌ട്ര സന്നദ്ധ സംഘടനയുടെ ആദ്യത്തെ ഗുഡ്-വില്‍ അംബാസഡറായി പ്രവര്‍ത്തിക്കാന്‍ പോവുകയാണ്. ഇതിലെന്തിരിക്കുന്നു എന്ന് ചോദിക്കും. കാശ് കിട്ടിയാല്‍ ഏത് കോപ്പിനും അംബാസഡറാകാനും വൈകീട്ടെന്താ പരിപാടീന്ന് ചോദിക്കാനും താരങ്ങള്‍ ഓടിനടക്കുന്ന കാലമല്ലേന്ന്?. ശരിയാണ്. ഐശ്വര്യറായിക്ക് ഇതിന് കാശ് കിട്ടുന്നുണ്ടായിരിക്കാം. ഇല്ലായിരിക്കാം. എന്നാലും ഇതിനല്പം വ്യത്യാസമുണ്ട്. ഇച്ചിരി മനുഷ്യപ്പറ്റുമുണ്ട്. ലോകസുന്ദരിപ്പട്ടം നേടിയ ഈ നടി തന്റെ ഗ്ലാമര്‍ പരിവേഷം മാറ്റിവെച്ചു ഒരു വലിയ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് സഹകരിക്കാനും ലോകാടിസ്ഥാനത്തില്‍ അതിനു പ്രചാരണം നല്‍കാനും സന്നദ്ധയായിരിക്കുന്നു.

മുച്ചിറി (Cleft lip) അഥവാ മുറിച്ചുണ്ടുമായി ലോകത്ത് ഒരു വര്‍ഷം ഏതാണ്ട് ഒന്നേ മുക്കാല്‍ ലക്ഷം കുഞ്ഞുങ്ങള്‍ ജനിക്കുന്നുണ്ട്. അവികസിത രാജ്യങ്ങളിലാണ് ഇവയില്‍ ഭൂരിഭാഗവും. ചികിത്സക്കോ ശസ്ത്രക്രിയക്കോ പണമില്ലാതെ വികൃത മുഖവുമായി അവര്‍ വളരുന്നു. വലുതാവുന്നു. കാണുമ്പോള്‍ സഹതാപത്തോടെ ഒന്ന് നോക്കുമെന്നല്ലാതെ ആ കുഞ്ഞുങ്ങളുടെ ജീവിതത്തെ അടിമുടി മാറ്റാവുന്ന ഒരു കൊച്ചു ശസ്ത്രക്രിയക്ക് സഹായം നല്‍കാന്‍ നമുക്കാര്‍ക്കും തോന്നാറില്ല. അതിനു വേണ്ട പ്രേരണയും സാഹചര്യങ്ങളും ഇല്ല എന്നതാണ് പ്രധാന കാരണം. അവിടെയാണ് ന്യൂയോര്‍ക്ക്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്മൈല്‍ ട്രെയിന്‍ എന്ന സന്നദ്ധ സംഘടന പ്രസക്തമാവുന്നത്. ഏതാണ്ട് അഞ്ചര ലക്ഷം കുഞ്ഞുങ്ങളെ മുച്ചിറിയുടെ വൈകൃതത്തില്‍ നിന്നും ജീവിതത്തിന്റെ പുഞ്ചിരിയിലേക്ക് കൊണ്ടുവരുവാന്‍ ഈ സംഘടനക്കു സാധിച്ചിരിക്കുന്നു. ഇന്ത്യയടക്കം 75 രാജ്യങ്ങളില്‍ അവര്‍ ഡോക്ടര്‍മാര്‍ക്ക് വിദഗ്ദപരിശീലനം നല്‍കുകയും ആശുപത്രികളുമായി സഹകരിച്ചു സൗജന്യ ശസ്ത്രക്രിയകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. പട്ടിണിയും പോഷകാഹാരക്കുറവും കാരണം ശസ്ത്രക്രിയക്ക് സാധ്യമല്ലാത്ത കുഞ്ഞുങ്ങള്‍ക്ക്‌ ഓപ്പറേഷന് മുമ്പ് രണ്ടാഴ്ചക്കാലം ഭക്ഷണം നല്‍കാനും വീടില്ലാത്ത കുഞ്ഞുങ്ങള്‍ക്ക്‌ താത്കാലിക താമസം ഒരുക്കാനും അവര്‍ തയ്യാറാവുന്നു. കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ രണ്ടര ലക്ഷം കുഞ്ഞുങ്ങള്‍ക്ക്‌ സൗജന്യമായി ഈ ശസ്ത്രക്രിയ നടത്തി കൊടുക്കാന്‍ സ്മൈല്‍ ട്രെയിന്‍ ഇന്ത്യ ചാപ്റ്ററിന് കഴിഞ്ഞിട്ടുണ്ട്. വാരാണസിയിലെ ജി എസ് മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്ന് ശസ്തക്രിയ നടത്തപ്പെട്ട പിങ്കി എന്ന പെണ്‍കുട്ടി ഇന്ന് വളരെ പ്രശസ്തയാണ്. അവളുടെ കഥ പറയുന്ന  Smile Pinki എന്ന ഡോകുമെന്ററിക്ക് നിരവധി അന്താരാഷ്‌ട്ര അവാര്‍ഡുകള്‍ ഇതിനകം ലഭിച്ചു കഴിഞ്ഞു.

 പിങ്കി ഓപറേഷന് മുമ്പും പിമ്പും.

പട്ടിണിയുടെ വറുതികള്‍ക്കിടയില്‍ മുഖസൗന്ദര്യത്തിന് എന്ത്  പ്രസക്തി?. മുറിച്ചുണ്ടുള്ള ഒരു കുഞ്ഞിനെ സംബന്ധിച്ചിടത്തോളം അത് അവന്റെ/അവളുടെ ജീവിതത്തിന്റെ സകല നിറങ്ങളും കെടുത്തുന്ന വിധിയുടെ ഒരു കറുത്ത പടലമാണ്‌. കാണുന്നവരുടെയെല്ലാം സഹതാപം ഏറ്റുവാങ്ങി ജീവിക്കേണ്ടി വരുമ്പോള്‍ മുഖമുയര്‍ത്താന്‍ കഴിയാത്ത അപകര്‍ഷതാബോധത്തിന്റെ ഒരു വലയം അവര്‍ക്ക് ചുറ്റും രൂപപ്പെടുന്നുണ്ട്. ആ വലയം പൊട്ടിക്കുക എന്നതാണ് ഒരു കൊച്ചു ശസ്ത്രക്രിയ ചെയ്യുന്ന മാനുഷിക ദൗത്യം. സ്മൈല്‍ ട്രെയിന്‍ കണക്കുകള്‍ പ്രകാരം ഒരു ശസ്ത്രക്രിയയുടെ ശരാശരി ചെലവ് 250 ഡോളര്‍ (12,000 രൂപ) ആണ്. നാല്പതു മിനുറ്റ് മാത്രം നീണ്ടു നില്‍ക്കുന്ന ഒരു ചെറിയ ശസ്ത്രക്രിയയിലൂടെ ഒരു കുഞ്ഞിന്റെ ജീവിതം അടിമുടി വര്‍ണാഭമാകുന്നു. അവര്‍ തലയുയര്‍ത്തിത്തുടങ്ങുന്നു. ചുണ്ട് കോടാതെ പുഞ്ചിരിക്കുന്നു. നമ്മള്‍ എല്ലാവരും അനുഭവിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തിന്റെ നിറക്കൂട്ടിലേക്ക് ആ ബാല്യങ്ങളും കടന്ന് വരുന്നു.

സ്മൈല്‍ ട്രെയിനിനു വേണ്ടി ഐശ്വര്യ അഭിനയിച്ച വീഡിയോ ക്ലിപ്പാണിത്. 




സാധാരണ ഗതിയിൽ ഗ്ലാമർ പരിവേഷമുള്ള ഒരു നടിയും ഇത്തരമൊരു പരസ്യത്തിൽ അഭിനയിക്കാൻ തയ്യാറാകില്ല. ഇമേജ് തകരുമോ എന്ന ഭയപ്പാട് മാറ്റിവെച്ചു ഒരു നല്ല കാര്യത്തിന് പിന്തുണ നല്‍കിയ ഐശ്വര്യയെ അഭിനന്ദിക്കുന്നു. ഈ പരസ്യത്തിലൂടെ സ്മൈൽ ട്രെയിൻ എന്ന ജീവകാരുണ്യ സംഘടനക്ക് ലഭിക്കുന്ന പ്രചാരവും അതുവഴി ഒരു കുഞ്ഞിന്റെ മുഖത്ത് വിരിഞ്ഞേക്കാവുന്ന പുഞ്ചിരിയും ഒരു തട്ടുപൊളി സിനിമയിൽ അഭിനയിച്ചതിന് ലഭിക്കുന്ന കോടികളുടെ പ്രതിഫലത്തേക്കാൾ മൂല്യമുള്ളതായിരിക്കും എന്ന് പറയാതെ വയ്യ.  വിധിയുടെ വൈകൃതത്തെ മുഖത്ത് പ്രദർശിപ്പിച്ചു കൊണ്ട് വൈദ്യശാസ്ത്രത്തിന്റെ കാരുണ്യത്തിന്‌ വേണ്ടി കാത്തിരിക്കുന്ന ഇന്ത്യയിലെ പത്തു ലക്ഷത്തോളം  കുഞ്ഞുങ്ങള്‍ക്ക്‌ സൗജന്യ ശസ്ത്രക്രിയ നല്‍കുവാന്‍ വേണ്ട ധനസമാഹരണം നടത്തുവാൻ ഈ സംഘടനക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഈ സംരംഭത്തെ സഹായിക്കാന്‍ തയ്യാറുള്ളവര്‍ക്ക് ഇത് വഴി പോകാം .

സൂക്ഷിക്കുക, ഭാര്യ ഫേസ്ബുക്കിലുണ്ട് !!.