ഈ പത്രക്കാര്‍ക്ക് ഒരു വിവരവുമില്ല. വെറുതെ ഓരോ ആരോപണങ്ങള്‍ ഉന്നയിയിച്ചുകൊണ്ടിരിക്കും. മക്കള്‍ നന്നായിക്കാണണം എന്നാഗ്രഹിക്കാത്ത അച്ഛന്‍മാരുണ്ടോ? മക്കാവില്‍ അയച്ചിട്ടാണെങ്കിലും അവര്‍ക്ക് നല്ല വിദ്യാഭ്യാസം നേടിക്കൊടുക്കുക, ആരുടെ കാലു പിടിച്ചിട്ടായാലും അവര്‍ക്കൊരു ജോലി ഉണ്ടാക്കിക്കൊടുക്കുക, പ്രായമായാല്‍ കല്യാണം കഴിപ്പിക്കുക, ഒമ്പത് മാസം കഴിഞ്ഞാല്‍ അവരുടെ കുട്ടികളെ കളിപ്പിക്കുക. ഇതൊക്കെ ഏതച്ഛന്‍മാരുടെയും ജന്മാവകാശമാണ്. ഇതൊന്നും ചെയ്യാത്തവന്‍ അച്ഛനല്ല. ഇന്നും ഇന്നലെയും തുടങ്ങിയ പരിപാടികളല്ല ഇതൊന്നും. കാറല്‍ മാര്‍ക്സിന്റെ കാലം മുതലേയുള്ളതാണ്. മക്കള്‍ നന്നായിക്കാണുമ്പോള്‍ അച്ഛന്‍മാര്‍ക്കുണ്ടാവുന്ന ആനന്ദത്തെയാണ് 'അച്ഛനാനന്ദം' എന്ന് പറയുന്നത്. ഏതു മലയാള ഡിക്ഷ്ണറി എടുത്തു നോക്കിയാലും ഇതിന്റെ അര്‍ത്ഥം കിട്ടും.
ഇതൊക്കെ ശരിക്കുമറിയാവുന്ന പത്രക്കാര്‍ തന്നെയാണ് സഖാവ് അച്യുതാനന്ദനെതിരെ ഇപ്പോള്‍ ആരോപണവുമായി വന്നിരിക്കുന്നത്. മകന്‍ അരുണ്‍കുമാറിന് സഖാവ് ഒരു ജോലി വാങ്ങിച്ചു കൊടുത്തത്രേ. ഭരണത്തില്‍ നിന്ന് ഇറങ്ങുന്നതിനു മുമ്പ് ഒരു പുതിയ ഡിപ്പാര്‍ട്ട്മെന്റ് ഉണ്ടാക്കി അതിന്റെ തലവനായി മകനെ നിയമിച്ചു. ഒന്നര ലക്ഷം ശമ്പളവും നിശ്ചയിച്ചു. ഇതിലൊക്കെ എന്തോന്നാ ഇത്ര ബഹളം വെക്കാന്‍?. എനിക്കൊന്നും മനസ്സിലാകുന്നില്ല. വിജിലന്‍സ് അന്വേഷണം വേണമെന്നാണ് പി സി വിഷ്ണുനാഥ് ആവശ്യപ്പെട്ടിരിക്കുന്നത്. അച്ഛന്‍ മകന്റെ കാര്യം നോക്കുന്നതില്‍ വിജിലന്‍സിന് എന്ത് കാര്യം?.
ചില പത്രങ്ങള്‍ എഴുതിയ റിപ്പോര്‍ട്ട് കണ്ടാല്‍ തോന്നും ഒരു മകന് ആദ്യമായി ജോലി വാങ്ങിച്ചു കൊടുക്കുന്ന അച്ഛന്‍ സഖാവ് അച്യുതാനന്ദന്‍ ആണെന്ന്. കലശലായ കോണ്‍ഗ്രസ് രോഗം പിടിപെട്ട മനോരമാക്കൊക്കെ എന്തും എഴുതാം. പക്ഷെ മാതൃഭൂമിയെങ്കിലും അല്പം വകതിരിവ് കാണിക്കണ്ടേ. അവര്‍ എന്തൊക്കെയാണ് എഴുതിയിരിക്കുന്നത് എന്ന് നോക്കൂ.
"സര്‍ക്കാര്‍ കാലാവധി തീരുംമുമ്പ് അരുണിനെ അക്കാദമി ഡയറക്ടറാക്കി. വെളിപ്പെടുത്തല്‍ വിവരാവകാശ രേഖയിലൂടെ"
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലാവധി തീരുന്നതിന് തൊട്ടുമുമ്പ് അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാറിനെ പുതിയ ഒരു അക്കാദമി രൂപവത്കരിച്ച് അതിന്റെ ഡയറക്ടറായി നിയമിച്ചിരുന്നുവെന്ന് വ്യക്തമായി. മുഖ്യമന്ത്രിയുടെ കീഴിലായിരുന്ന ഐ.ടി. വകുപ്പിന്റെയും അരുണ്‍കുമാര്‍ ജോലിചെയ്തിരുന്ന ഐ.എച്ച്. ആര്‍.ഡിയുടെയും പങ്കാളിത്തത്തോടെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ അക്കാദമി രൂപവത്കരിച്ച് അതിന്റെ ഡയറക്ടറായാണ് അരുണ്‍കുമാറിനെ നിയമിച്ചത്. .. ആറുവര്‍ഷത്തെ കാലാവധിയിലാണ് നിയമനം. യു.ഡി.എഫ്. സര്‍ക്കാര്‍ വന്നാലും കാലാവധി കഴിഞ്ഞ് പുതിയ സര്‍ക്കാര്‍ വരുന്നതുവരെ അരുണ്‍കുമാര്‍ സുരക്ഷിതനായിരിക്കണമെന്നതാണ് ഇതിനുപിന്നിലെ ഉദ്ദേശ്യമെന്നും ആക്ഷേപമുണ്ട്. ടെക്‌നോപാര്‍ക്കിലെ സി.ഇ.ഒയുടേതിനു തുല്യമായ ശമ്പളവും മറ്റാനുകൂല്യങ്ങളുമാണ് ഡയറക്ടര്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇത് മാസം ഒന്നര ലക്ഷത്തോളം രൂപ വരും. സ്ഥാനമൊഴിയുന്നതിനുമുമ്പ് മന്ത്രിസഭായോഗമാണ് അക്കാദമി രൂപവത്കരിക്കാനും അരുണ്‍കുമാറിനെ ഡയറക്ടറായി നിയമിക്കാനും തീരുമാനിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു .. ഡയറക്ടര്‍ നിയമനത്തിനുള്ള യോഗ്യതയോ വ്യവസ്ഥകളോ സ്ഥാപനത്തിന്റെ നിയമാവലിയില്‍ പറഞ്ഞിട്ടില്ല. എന്നാല്‍ കീഴ് ജീവനക്കാരെ സംബന്ധിച്ച വ്യവസ്ഥകള്‍ വ്യക്തമാക്കിയിട്ടുമുണ്ട്. അക്കാഡമിയിലെ വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നത് ഡയറക്ടറായിരിക്കുമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഡയറക്ടറുടെ യോഗ്യതകള്‍ പറയുന്നില്ലെങ്കിലും ശമ്പളം കൃത്യമായി വ്യവസ്ഥ ചെയ്തു."
വീ എസ്സിനെയും മക്കളെയും ഇങ്ങനെ പീഡിപ്പിക്കരുത് എന്നാണ് എനിക്ക് പത്രക്കാരോട് പറയാനുള്ളത്. ആകെയൊരു മകനെയുള്ളൂ എന്ന് സഖാവ് കരഞ്ഞു പറഞ്ഞിട്ടുണ്ട്. ആ മകനെ ഒന്ന് കരകയറ്റാന്‍ സഖാവിനെ അനുവദിക്കൂ.. ഏതെങ്കിലും അച്ഛന്‍മാരെക്കുറിച്ച് നാല് തെറി എഴുതിയാലേ നിങ്ങളുടെ കയ്യിന്റെ തരിപ്പ് തീരൂ എങ്കില്‍ ഇവിടെ വേറെ എത്ര അച്ഛന്‍മാരുണ്ട്. ഫോര്‍ എക്സാമ്പിള്‍ വണ്‍ മിസ്റ്റര്‍ ബാലകൃഷ്ണപ്പിള്ള. അദ്ദേഹത്തെക്കുറിച്ച് എഴുതൂ. ഒരു കേസ് ഫയല്‍ ചെയൂ.. ജയിലില്‍ അടക്കൂ.. ഞങ്ങടെ സഖാവിനെ വെറുതെ വിടൂ.. ബ്ലീസ്.