സാറേ, ആ അരിയുടെ കാര്യം എന്തായി?

സാറേ, നിങ്ങള്‍ തിരക്കിലാണ് എന്നറിയാം. സ്വാശ്രയം, മൂന്നാര്‍ , 'അഞ്ചാം മന്ത്രി' തുടങ്ങി നിങ്ങള്‍ക്ക് പിടിപ്പതു പണിയുള്ള സമയമാണ്. അതുകൊണ്ട് ഒറ്റവാക്കില്‍ ചോദിക്കുകയാണ്. ആ അരിയുടെ കാര്യം എന്തായി ?. ചത്തവന്റെ കീശയിലെ അഞ്ചു രൂപയിലാണെന്റെ കണ്ണ് എന്ന് എ അയ്യപ്പന്‍ പാടിയ പോലെ സാധാരണക്കാരന്റെ കണ്ണ് ഒറ്റ രൂപ അരിയിലാണ്. എല്ലാ കാര്യങ്ങളെക്കുറിച്ചും മുടിഞ്ഞ ചര്‍ച്ച നടക്കുന്നു. തീരുമാനങ്ങള്‍ ടപ്പേന്ന് വരുന്നു. ശ്രുതിയും താളവും തെറ്റാതെ എല്ലാം അതിവേഗം ബഹുദൂരം നടക്കുന്നു. പക്ഷേ അരിയുടെ കാര്യം മാത്രം ഒന്നും കേള്‍ക്കുന്നില്ല!!.

മാസം രണ്ടല്ലേ ആയുള്ളൂ എന്ന് അങ്ങ് പറഞ്ഞേക്കും. ശരിയാണ്. മാസം രണ്ടേ ആയുള്ളൂ.. പക്ഷേ നിങ്ങള്‍ അധികാരമേറ്റ് ആദ്യം ചെയ്യുമെന്ന് ജനം പ്രതീക്ഷിച്ചത് ആ അരിയുടെ കാര്യമാണ്. അത്രയും ഉച്ചത്തിലാണ്  വോട്ടു വാങ്ങുമ്പോള്‍ നിങ്ങളും നിങ്ങളുടെ കൂടെയുള്ളവരും അക്കാര്യം പറഞ്ഞിരുന്നത്. ഒറ്റരൂപ അരിയുടെ കാര്യം പ്രഖ്യാപിച്ചപ്പോള്‍ കേരളത്തില്‍ പല സ്ഥലത്തും ആംബ്ലിഫയറിന്റെ കിഡ്നി പൊട്ടിയതായി പത്രങ്ങളില്‍ ഉണ്ടായിരുന്നു!. ഇത്രയും സബ്സിഡി നല്‍കി ഒറ്റ രൂപയ്ക്കു അരി കൊടുക്കുന്നതിനോട് തത്വത്തില്‍ യോജിപ്പുള്ള ആളല്ല ഞാന്‍. എന്നാലും വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം.


മൂന്നാറില്‍ ഒരു കെട്ടിടം പൊളിക്കുന്നുണ്ടോ ഇല്ലയോ എന്നത് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വലിയ വിഷയമല്ല. പതിനായിരത്തില്‍ ഒരു കുട്ടിക്ക് സര്‍ക്കാര്‍ ഫീസില്‍ 'സ്വാശ്രയം' പഠിക്കാന്‍ പറ്റുമോ ഇല്ലയോ എന്നതും അരപ്പട്ടിണിക്കാരന്റെ ടെന്‍ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഒന്നല്ല. ലീഗിന് അഞ്ചാംമന്ത്രിയുണ്ടോ ഇല്ലയോ എന്നറിയാന്‍ മഞ്ഞളാംകുഴിക്കും ചാനലുകാര്‍ക്കും ആകാംക്ഷയുണ്ടാകും. പക്ഷേ ഒരു പാവം ബി പി എല്ലു കാരന് അറിയേണ്ടത് ഒരേയൊരു കാര്യമാണ്. കൊതിപ്പിച്ചു നിര്‍ത്തിയ ഒറ്റ രൂപ അരിയുടെ കാര്യം.

ഇന്റര്‍നെറ്റില്‍ നിങ്ങളുടെ ഓഫീസ് ലൈവായി കാണിക്കുന്നുണ്ട് എന്നറിഞ്ഞു. കോണ്‍ഗ്രസ്സാരൊക്കെ വളരെ സന്തോഷത്തിലാണ്. ഇനി മുഖ്യമന്ത്രിയെ ജനങ്ങള്‍ക്ക്‌ ഇരുപത്തിനാല് മണിക്കൂറും കണ്ടോണ്ടിരിക്കാമെന്ന് അവര്‍ പറയുന്നുമുണ്ട്. ഭരണം സുതാര്യമാക്കുക എന്നത് നല്ല കാര്യം തന്നെയാണ്. ഒരായിരം അഭിനന്ദനങ്ങള്‍ .. പൂച്ചെണ്ടുകള്‍ .. എന്നാലും തൊണ്ടയില്‍ കുടുങ്ങിക്കിടക്കുന്ന ആ ചോദ്യം ഇടയ്ക്കിടെ തികട്ടി വരികയാണ്. അരിയുടെ കാര്യം എന്തായി സാര്‍ ? പറയുന്നത് കൊണ്ട് വിഷമം കരുതരുത്. നിങ്ങളുടെ ഓഫീസ് ഇന്റര്‍നെറ്റില്‍ കാണിച്ചത് കൊണ്ട് സാധാരണക്കാരന്റെ ചട്ടിയില്‍ അരി വേവില്ല. അന്നന്നേക്കുള്ളതു അന്നന്ന് കിട്ടുന്ന അവന്റെ വീട്ടില്‍ ബ്രോഡ്‌ ബാന്റ് കണക്ഷനും ഇന്റര്‍നെറ്റും ഇല്ല.  അവിടെയുള്ളത് മൂന്നു കല്ലുള്ള ഒരു അടുപ്പാണ്. ഒറ്റ രൂപയ്ക്കു അരി കൊടുത്താല്‍ നിങ്ങളുടെ മുഖം അവന്‍ എന്നും കാണും. കമ്പ്യൂട്ടര്‍ സ്ക്രീനില്‍ അല്ല. വേവുന്ന അരിയുടെ ഓരോ തുമ്പിലും..


അങ്ങയുടെ ധനകാര്യമന്ത്രി നല്ല കഴിവുള്ള ആളാണ്‌. സാമ്പത്തിക വിദഗ്ദനാണ്. പക്ഷേ അദ്ദേഹം ഒരു പാലാക്കാരനുമാണ്. രണ്ടു രൂപ ഇങ്ങോട്ട് കിട്ടുമെന്ന് ഉറപ്പുണ്ടെങ്കിലേ പാലാക്കാര്‍ ഒരു രൂപ അങ്ങോട്ട്‌ കൊടുക്കൂ. ആ പോളിസി വെച്ച് ഇരുപതു രൂപയ്ക്കു അരി വാങ്ങി ഒരു രൂപയ്ക്കു വില്‍ക്കുവാന്‍ അങ്ങേരു സമ്മതിക്കുമോ എന്നൊരു ഡൌട്ടുണ്ട്. ഒറ്റ രൂപയ്ക്കു അരി കൊടുക്കണമെങ്കില്‍ ഖജനാവില്‍ എത്രയോ കോടി സ്റ്റോക്ക്‌ വേണമെന്ന് അദ്ദേഹം ചില കണക്കുകള്‍ പറയുന്നതും കേട്ടു. ഒരു കാര്യം ചോദിച്ചോട്ടെ സാര്‍ .. ഈ കേരളത്തിന്റെ ഖജനാവ് മുന്നില്‍ കണ്ടു തന്നെയല്ലേ അങ്ങയും മാണി സാറും വോട്ടു ചോദിച്ചത്?  പ്രകടനപത്രിക എഴുതിത്? പത്മനാഭസ്വാമിയുടെ നിധി കണ്ടിട്ടല്ലല്ലോ?. ഉവ്വോ?. അരിയെ തൊട്ടുള്ള കളി തീക്കളിയാണ് എന്ന് ഞാന്‍ അന്നേ പറഞ്ഞതാണ് . വാക്ക് പറഞ്ഞ സ്ഥിതിക്ക് പുതുപ്പള്ളിയിലെയോ പാണക്കാട്ടെയോ പറമ്പ് വിറ്റിട്ടായാലും ഒറ്റ രൂപയ്ക്കു അരി കൊടുക്കണം. അതാണ്‌ അതിന്റെ ഒരന്തസ്സ്. നാളെ എന്തോ ഒരു ബഡ്ജറ്റ് മാണി സാര്‍ അവതരിപ്പിക്കുമെന്ന് പറയുന്നത് കേട്ടു. അതില്‍ ഒറ്റ രൂപ അരിയുടെ വകുപ്പ് ചേര്‍ത്തിട്ടില്ലെങ്കില്‍ ഇന്ന് രാത്രിയോടെ അത് എഴുതിച്ചേര്‍ക്കുവാന്‍ സാറ്  പറയണം. മറക്കരുത് .. ചതിക്കരുത്..

Related Posts
അരിയാണ് താരം!!!