പേര് ഫേസ്ബുക്ക്, വയസ്സ് പതിനാറ് (Female)

പേര് തെസ്സ. വയസ്സ് പതിനാറ്. പെണ്‍കുട്ടി. തത്ക്കാലം ഇത്രയും മനസ്സില്‍ ഓര്‍ത്ത്‌ വെക്കുക. ബാക്കി ഞാന്‍ വഴിയെ പറയാം. ഫേസ്ബുക്കില്‍ കയറിയാല്‍ പലര്‍ക്കും ഒടുക്കത്തെ വെപ്രാളമാണ്.  രണ്ടു ദിവസം പട്ടിണി കിടന്ന ശേഷം ബുഫേ ഡിന്നറിനു കയറിയത് പോലുള്ള ഒരു ആക്രാന്തം. വേണ്ടിടത്തും വേണ്ടാത്തിടത്തുമൊക്കെ കൊത്തും. കണ്ടവന്റെയൊക്കെ മെക്കിട്ടു കയറി മെസ്സേജു വിടും, കമന്റടിക്കും. പരിചയമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പരിചയമുള്ളവള്‍ക്കും ഇല്ലാത്തവള്‍ക്കും ഫ്രണ്ട് റിക്വസ്റ്റ് അയക്കും. കാണുന്നവരോടൊക്കെ ചാറ്റ് ചെയ്യും. അഡ്രസ്‌ ചോദിക്കും. മൊബൈല്‍ നമ്പരും ഫോട്ടോയും കൈമാറും. വായില്‍ വരുന്നതൊക്കെ എഴുതി സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യും. ചുരുക്കത്തില്‍ ഫേസ്ബുക്കിലെത്തിയാല്‍ ഒരു സെക്കന്റ്‌ ഒഴിവില്ല. മുടിഞ്ഞ ബിസി.

ജര്‍മന്‍കാരിയായ  നമ്മുടെ കഥാനായികയും ഏതാണ്ട് ഈ വകുപ്പില്‍പ്പെട്ട ഒരു ആക്രാന്തക്കാരിയാണെന്നാണ്‌ എന്റെ വിശ്വാസം. പുള്ളിക്കാരത്തി ബെര്‍ത്ത്‌ഡേ ആഘോഷിക്കാന്‍  തീരുമാനിച്ചു. സുഹൃത്തുക്കള്‍ക്കുള്ള ഇന്‍വിറ്റേഷന്‍ ഫേസ്ബുക്കിലൂടെ നല്‍കി. മുടിഞ്ഞ ബിസിക്കിടയില്‍ ഒരു ചെറിയ അബദ്ധം കാണിച്ചു. ഇന്‍വിറ്റേഷന്‍ പ്രൈവറ്റ് ആക്കുന്നതിനു പകരം പബ്ലിക്‌ ആക്കി.അബദ്ധം പറ്റിയ വിവരം അറിയാതെ ഫേസ്ബുക്ക് പൂട്ടി നമ്മുടെ മധുരപ്പതിനാറ് സുഖമായി കിടന്നുറങ്ങി!. ന്യൂട്ടന്റെ ഫോര്‍ത്ത് ലോ ഓഫ് മോഷന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി!. പെണ്‍കുട്ടിയാണ്!. പതിനാറ് വയസ്സാണ്!!. ബെര്‍ത്ത്‌ഡേ 'ആഘോഷിക്കാന്‍' വിളിച്ചു വരുത്തുകയാണ്!!!. പോരാത്തതിന് ഭൂമി ഉരുണ്ടതുമാണ്!!!!. പിന്നെ പറയണോ?.. പതിനയ്യായിരം പേര്‍ 'ഒറ്റയടിക്ക്' ഇന്‍വിറ്റേഷന്‍ സ്വീകരിച്ചു. (മോളെ നിന്റെ ബെര്‍ത്ത്‌ ഡേ ഞങ്ങള്‍ അടിച്ചു പൊളിക്കും കെട്ടാ)..


പെണ്‍പിള്ളേര്‍ എവിടെയുണ്ടോ അതിന്റെ നേര്‍ എതിര്‍ദിശയില്‍ വായ്നോക്കികള്‍ ഉണ്ടാവുമെന്നതാണ് ന്യൂട്ടന്റെ ഫോര്‍ത്ത് ലോ ഓഫ് മോഷന്‍. ശക്തമായ മണ്‍സൂണ്‍ അനുഭവപ്പെടുന്ന കേരളത്തെപ്പോലുള്ള ന്യൂനമര്‍ദ മേഖലകളില്‍ എതിര്‍ദിശയിലേക്കുള്ള ആകര്‍ഷണത്തിന്റെ ഗ്രാവിറ്റി അല്പം കൂടും!.  ഫേസ്ബുക്കിലും ബ്ലോഗിലുമൊക്കെയാണ് ഏറ്റവും ശക്തമായി ഈ ഗ്രാവിറ്റി അനുഭവപ്പെടുന്നത്. പെണ്‍ബ്ലോഗര്‍മാര്‍ എന്തെഴുതിയാലും അവിടെ 'ഹായ് പൂയ് എന്തൊരു പ്രതിഭ!' എന്ന് കമന്റ് ഇടാന്‍ പൂവലാന്മാരുടെ ഉന്തും തള്ളും ഉണ്ടാകുന്നത് അവരുടെ കുഴപ്പമല്ല, ഈ 'ഫോര്‍ത്ത് ലാ' യുടെ കളിയാണ്. എന്റെ ബ്ലോഗില്‍ അത്തരം കമ്മന്റുകള്‍ വരാത്തത് എന്റെ എഴുത്തിന്റെ കുഴപ്പമാണ് എന്ന് കരുതരുത്, പ്രൊഫൈലില്‍ ഇട്ട ഫോട്ടോയുടെ പ്രച്നമാണ് . (ഗൂഗിളില്‍ നിന്ന് ഏതെങ്കിലും ഒരു വരട്ട് ചെല്ലക്കിളിയുടെ ഫോട്ടോ ഇട്ടു ഞാന്‍ ബ്ലോഗിങ്ങ് തുടങ്ങിയിരുന്നെങ്കില്‍ എനിക്കെപ്പോള്‍ ജ്ഞാനപീഠം കിട്ടീന്നു ചോദിച്ചാല്‍ മതി!!.. ആ ഫുദ്ധി അന്ന് തോന്നിയില്ല, ഇനി പറഞ്ഞിട്ട് കാര്യവുമില്ല)

കഥാനായിക അപകടം തിരിച്ചറിഞ്ഞപ്പോഴേക്ക് സംഗതി പിടിവിട്ടു പോയിരുന്നു.  പലരും കേക്ക് ഓര്‍ഡര്‍ ചെയ്തു. ചിലര്‍ ബെര്‍ത്ത്‌ ഡേ പ്രസന്റേഷനുകള്‍ക്ക് അഡ്വാന്‍സ് കൊടുത്തു. വേറെ ചിലര്‍ 'വേറെ ചിലതൊക്കെ' കയ്യില്‍ കരുതി. ഒരു മുന്‍കരുതല്‍ എപ്പോഴും നല്ലതാണല്ലോ. സംഗതി പിടിവിട്ട വിവരം മാതാപിതാക്കള്‍ അറിഞ്ഞു. (തെറ്റിദ്ധരിക്കരുത്. ജര്‍മനിയിലും മാതാപിതാക്കള്‍ ഉണ്ട് !!!) പാര്‍ട്ടി ക്യാന്‍സല്‍ ചെയ്തതായി പെങ്കൊച്ചു ഫേസ്ബുക്കിലൂടെ കരഞ്ഞു പറഞ്ഞു. ആര് കേള്‍ക്കാന്‍. നാക്കീന്നു പോയ വാക്കും ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റും  ഒരുപോലെയാണെന്ന് വെറുതെയല്ല പണ്ടുള്ളവര്‍ പറഞ്ഞത്. കഥയുടെ ബാക്കി ഞാന്‍ പറയണം എന്നില്ല. താഴെ കൊടുത്ത ചിത്രങ്ങള്‍ കണ്ടാല്‍ മതി.

ഇവരൊക്കെ ബെര്‍ത്ത്‌ ഡേ ആഘോഷിക്കാന്‍ എത്തിയതാണ്!!. പാര്‍ട്ടി ക്യാന്‍സല്‍ ചെയ്തു എന്ന് അറിയിച്ചിട്ടും 1500 പേര്‍ എത്തി എന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. 1500 ന്റെ കൂടെ ഒരു പൂജ്യവും കൂടെ ചേര്‍ക്കേണ്ടി വരുമോ? ഫോട്ടോ കണ്ടിട്ട് അങ്ങനെയാണ് തോന്നുന്നത്. 

 പാര്‍ട്ടിക്ക് ക്ഷണിച്ച ആള്‍ മുങ്ങിയപ്പോള്‍ ചിലര്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി. പെണ്ണിന്റെ ചിരിയല്ല, താടിക്കാരന്റെ കയ്യിലെ കുപ്പി ശ്രദ്ധിക്കൂ. 

ക്ഷണിച്ചു വരുത്തി അപമാനിക്കുന്നോ? ഇറങ്ങി വാടീ താഴോട്ട്. അല്ലേല്‍ ഈ മതില്‍ ഞങ്ങള്‍ പൊളിക്കും.
  
 ഗതികെട്ട വീട്ടുകാര്‍ പോലീസിനെ വിളിച്ചു.

 ഇത് തെസ്സക്ക് കൊടുക്കണേ.. 

കഥാന്ത്യം : വീട്ടിലേക്കു അതിക്രമിച്ചു കടക്കാനൊരുങ്ങിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു!.

എല്ലാം ലൈവായി കണ്ടാലേ വിശ്വസിക്കൂ എങ്കില്‍ ദാ അല്പം ഇവിടെയുണ്ട്.


AlJazeera English കുറേക്കൂടി വിശദമായി സംഭവം റിപ്പോര്‍ട്ട്‌ ചെയ്തത് കാണുക.


ജര്‍മനിക്കാര്‍ ഡീസന്റായത് കൊണ്ട് പെങ്കൊച്ചു രക്ഷപ്പെട്ടു. ഗോവിന്ദച്ചാമിമാര്‍ വിലസുന്ന നമ്മുടെ നാട്ടിലായിരുന്നെങ്കില്‍ കഥ മാറിയേനെ.   അവിടെ ആയതു കൊണ്ട് തെസ്സയുടെ സഹായത്തിനു പോലീസും എത്തി. ഇവിടെയായിരുന്നുവെങ്കില്‍ ഇമ്മാതിരി ഏടാകൂടം ഉണ്ടാക്കി വെച്ചതിനു പരാതിക്കാരന്‍ പൂജപ്പുരയില്‍ എത്തും!!. എല്ലാ കഥയിലും ഒരു ഗുണപാഠം ഉള്ളത് പോലെ തെസ്സയുടെ കഥയിലെ ഗുണപാഠം ഇതാണ്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ സൈറ്റുകളില്‍ അല്പം സുബോധത്തോടെ പെരുമാറുക. പ്രൈവസി സെറ്റിങ്ങുകള്‍ ശരിക്ക് ശ്രദ്ധിച്ചു ചെയ്യുക. വീട്ടുകാരോട്, അടുത്ത സുഹൃത്തുക്കളോട്, നാട്ടുകാരോട് എന്നിങ്ങനെ ഓരോ വിഭാഗത്തോടും പറയാന്‍ പറ്റുന്നത് അവരോടു മാത്രം പറയുക. (most importantly ഭാര്യയോടു പറയേണ്ടത് ഭാര്യയോട്‌  മാത്രം പറയുക) ഒറ്റവാക്കില്‍ പറഞ്ഞാല്‍ ആക്രാന്തം കാണിച്ച് കുളം തോണ്ടരുത്!. ഇത്രയും എഴുതിയതിനു എന്റെ മേക്കിട്ടു കയറുകയും ചെയ്യരുത്!. 

മ്യാവൂ: അന്ന് മുങ്ങിയ തെസ്സ പിന്നെ പൊങ്ങിയിട്ടില്ല. പെങ്കൊച്ചിനു എന്ത് പറ്റിയാവോ?.. എനിക്കൊരു ടെന്‍ഷന്‍..  Latest Post  സൂക്ഷിക്കുക, ഭാര്യ ഫേസ്ബുക്കിലുണ്ട് !!.

Related Posts 
ടീനേജുകാരുടെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് (തമാശ ഒഴിവാക്കി ഇച്ചിരി സീരിയസ്സായി ഈ വിഷയം വായിക്കണം എന്നുള്ളവര്‍ക്ക് മാത്രം!. അല്ലാത്തവര്‍ക്ക് ഗുഡ് ബൈ)