മലയാളിയുടെ ഇ-വായനയുടെ ചരിത്രത്തിലേക്ക് കോവളം കടന്നു കയറുകയാണ്. ബ്ലോഗര്‍മാര്‍ക്ക് അവിടെ ഒരു ആസ്ഥാനം തയ്യാറായി വരുന്നു. പ്രവാസികളെയും ആദിവാസികളെയും പോലെ മഹാദരിദ്രവാസികളാണ് ബ്ലോഗര്‍മാര്‍ എന്ന ഒരു ധാരണ പലര്‍ക്കുമുണ്ട്. അത് ശരിയല്ല. കയറിക്കിടക്കാന്‍ ഒരു ആസ്ഥാനം അവര്‍ക്കുമുണ്ട്. അതും തിരോന്തരത്ത്!. കോവളമെന്ന് കേട്ടാല്‍ അണ്ടര്‍വെയറിട്ട് വെയില് കൊള്ളുന്ന സായിപ്പിനെ മാത്രമല്ല മലയാള ഭാഷക്കും സാഹിത്യത്തിനും മഹാ സംഭാവനകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ബ്ലോഗര്‍മാരെയും ഇനി ജനം ഓര്‍ക്കും. ഓര്‍ക്കണം.
ചിത്രം - കാര്‍ട്ടൂണിസ്റ്റ് ജയരാജ് ടി ജി
മലയാളി ബ്ലോഗര്‍മാരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ബൂലോകം ഓണ്‍ലൈന്‍ ആണ് കോവളത്ത് ബ്ലോഗര്‍മാര്‍ക്കായി ഒരു ഓഫീസ് തുറക്കുന്നത്. ജൂലൈ ഒന്നിന് വൈകിട്ട് അഞ്ചു മണിക്ക് നടക്കുന്ന ലളിതമായ ചടങ്ങില്‍ പ്രമുഖ ബ്ലോഗറും എഴുത്തുകാരനുമായ മനോജ് രവീന്ദ്രന് (നിരക്ഷരന്) ഈ ഓഫീസിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിക്കുമെന്നാണ് ബൂലോകം ഓണ്‍ലൈന്‍ അറിയിച്ചിരിക്കുന്നത്. കോവളം ജങ്ങ്ഷനില്‍ കാനറ ബാങ്ക് കെട്ടിടത്തിനു താഴെയാണ് ഓഫീസ് തയ്യാറായി വരുന്നത്. ബ്ലോഗര്‍മാര്‍ക്ക് ഒത്തുകൂടാന്‍ ഒരു കൊച്ചു ഹാളും ഇന്റര്‍നെറ്റ് കണക്ഷനും കമ്പ്യൂട്ടറുകളുമെല്ലാം ഈ ഓഫീസില്‍ ഉണ്ടാവും. മലയാള ബ്ലോഗുകളുടെ ചരിത്രവും വികാസവും വ്യക്തമാക്കുന്ന ഒരു എക്സിബിഷന് ഹാള്‍ തയ്യാര്‍ ചെയ്യാനും സംഘാടകര്‍ക്ക് പരിപാടിയുള്ളതായാണ് അറിയാന്‍ കഴിഞ്ഞത്. (എനിക്ക് ഗുളിര് ഗോരുന്നു!!). മാത്രമല്ല ബ്ലോഗര്‍മാരുടെ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്പനയും ഇവിടെ നടക്കും. (വീണ്ടും ഗുളിര്..). തിരുവനന്തപുരത്തും പരിസരത്തുമുള്ള എല്ലാ ബ്ലോഗര്‍മാരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിച്ച്
ബ്ലോഗെന്ന് കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം
കോവളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍
ബൂലോകം ഓണ്‍ലൈന്‍ സ്ഥാപകന്‍ ഡോ. ജെയിംസ് ബ്രൈറ്റ്, ഈ സംരംഭത്തിന്റെ അണിയറ ശക്തികളായ ഡോക്ടര്‍ മോഹന്‍ ജോര്‍ജ്, ജിക്കു വര്‍ഗീസ്, സജിം തട്ടത്തുമല, 'നമ്മുടെ ബൂലോകം' പോര്‍ട്ടലിന്റെ സ്ഥാപകന്‍ ജോ തുടങ്ങി എല്ലാവര്ക്കും അഭിനന്ദനങ്ങള്‍ .. ( ഒറ്റ അഭ്യര്‍ത്ഥനയുണ്ട്.. ഓഫീസ് തുറന്ന സ്ഥിതിക്ക് പൂട്ടാതെ നോക്കണം !)
മ്യാവൂ: ഡോക്ടറേ, കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ബ്ലോഗറുടെ വ്യത്യസ്ത പോസുകളിലുള്ള നാല് കിടിലന്‍ ഫോട്ടോകള്‍ കേറിചെല്ലുന്ന സ്ഥലത്ത് തന്നെ വെക്കണേ..