ഇനി താരം ഫൈവ് സ്റ്റാര്‍ സ്വാമി

ബാബാ രാംദേവിനെ അറസ്റ്റ് ചെയ്തതോടെ ഡല്‍ഹിയിലെ ഫൈവ് സ്റ്റാര്‍ അഴിമതി സമരം പുതിയ വഴിത്തിരിവിലേക്ക് നീങ്ങിയിരിക്കുകയാണ്. നിരാഹാര സത്യാഗ്രഹത്തിന് നല്ല മാര്‍ക്കറ്റുള്ള സമയമാണ് ഇപ്പോള്‍ . ചുളുവില്‍ പബ്ലിസിറ്റി കിട്ടണമെങ്കില്‍ ഒരു കിടക്കയും കട്ടിലുമായി രാംലീല മൈതാനത്ത് എത്തിയാല്‍ മതി. ബാക്കി കാര്യം ജനാധിപത്യത്തിന്റെ കാവല്‍ പട്ടികളായ മാധ്യമങ്ങള്‍ നോക്കിക്കൊള്ളും. എത്ര ദിവസം പട്ടിണി കിടക്കുന്നുവോ അത്രയും കൂടുതല്‍ പബ്ലിസിറ്റി കിട്ടും. ജ്യൂസും സാന്‍ഡ്‌വിച്ചും കഴിക്കുന്നത് ക്യാമറ കാണാതെ വേണം എന്ന് മാത്രം.


രാം ലീലാ മൈതാനത്ത് പുതിയ കട്ടിലുമായി എത്തിയ ബാബ രാംദേവ് ഇരുപത്തിനാല് മണിക്കൂറിനുള്ളിലാണ് ഇന്ത്യയുടെ ഹീറോ ആയത്. അഴിമതി തുടച്ചു നീക്കുകയായിരുന്നു പ്രധാന ലക്‌ഷ്യം!!.  വിദേശ വസ്തുക്കള്‍ ബഹിഷ്കരിക്കണം എന്ന് ശക്തമായി ആവശ്യപ്പെടുന്ന പുള്ളി സമരം നടത്താന്‍ ഡല്‍ഹിയില്‍ പറന്നിറങ്ങിയത് അമേരിക്കന്‍ നിര്‍മിത പ്രൈവറ്റ് ജെറ്റില്‍ ആണ്!  പതിനെട്ടു കോടി ചിലവാക്കിയാണ് നിരാഹാരത്തിന് പന്തലിട്ടത്!!. എയിഡ്സിനും കാന്‍സറിനും തന്റെ പക്കല്‍ ആയുര്‍വേദ ഗുളികകള്‍ ഉണ്ട് എന്ന തട്ടിപ്പ് പരസ്യവുമായി തൊണ്ണൂറ്റിയാറില്‍ രംഗത്ത് വന്ന ലതേ ബാബ തന്നെയാണ് ലിത്. മൂന്നു മില്യന്‍ അമേരിക്കന്‍ ഡോളര്‍ കൊടുത്ത് വിദേശത്തു ഒരു ദ്വീപ്‌ തന്നെ സ്വന്തമായി വാങ്ങിയിട്ടുള്ള ഈ ബാബയുടെ പ്രധാന പണി യോഗ പഠിപ്പിക്കുകയാണ്. മുന്‍ നിരയില്‍ ഇരുന്നു പഠിക്കാന്‍ അന്‍പതിനായിരം, അതിനു പിറകില്‍ ഇരിക്കാന്‍ മുപ്പതിനായിരം, ഏറ്റവും പിറകില്‍ പതിനായിരം എന്നിങ്ങനെയാണത്രേ ഫീസ്‌!!. അക്ഷരാര്‍ത്ഥത്തില്‍ തന്നെ പട്ടിണിപ്പാവങ്ങളുടെ സംരക്ഷകന്‍ ! ഗാന്ധിജി പോയ ശേഷം നിരാഹാര സമരത്തിന് ഇങ്ങനെയൊരു സ്വാമിയിലൂടെ ജീവന്‍ വെക്കാന്‍ സാധിച്ചത് നമ്മള്‍ ഇന്ത്യക്കാരുടെ ഫാഗ്യം എന്നല്ലാതെ എന്ത് പറയാന്‍.  എന്തായാലും പാവം അണ്ണാ ഹസാരെ ക്ലീന്‍ ബൌള്‍ഡ്. ഇനി താരം ഫൈവ് സ്റ്റാര്‍ സ്വാമി.


കോഴി കട്ടവന്റെ തലയില്‍ പൂട കാണും എന്ന് പറഞ്ഞ പോലെയാണ് കോണ്ഗ്രസ്സുകാരുടെ കാര്യം. അഴിമതി എന്ന് എവിടെ കേട്ടാലും അവര്‍ തലയില്‍ തപ്പി നോക്കും. സമരം പ്രഖ്യാപിക്കാനെത്തിയ രാംദേവിനെ സ്വീകരിക്കാനും  അനുനയിപ്പിക്കാനും നാല് ക്യാബിനറ്റ് മന്ത്രിമാരാണ് വിമാനത്താവളത്തില്‍ നിരനിരയായി കാത്തു നിന്നത്. ബാബ വിമാനത്തില്‍ നിന്ന് ഇറങ്ങിയതും റണ്‍വെയില്‍ കമിഴ്ന്നു വീണു കാലു പിടിച്ചു നോക്കി. നോ രക്ഷ.  പിന്നെ അടിയന്തിര മീറ്റിങ്ങായി. ചര്‍ച്ചയായി വാഗ്ദാനങ്ങളായി.. ഭൂമി കുലുങ്ങിയാലും വീണ വായിച്ചിരിക്കാറുള്ള 'സര്‍ദാര്‍ജി' വരെ ചാടിയെഴുന്നേറ്റു. പാവം വിശ്വാസികളെ ചൂഷണം ചെയ്തു ജീവിക്കുന്ന ബാബമാരെപ്പോലും കോണ്‍ഗ്രസ്സുകാരന്‍ ഇത്രയേറെ പേടിക്കണമെങ്കില്‍ ഇവനൊക്കെ എത്ര മാത്രം കട്ട് മുടിച്ചിട്ടുണ്ടാവും എന്നാണു ഞാന്‍ ആലോചിച്ചത്. ഏതായാലും അഴിമതി നാടകം ക്ലൈമാക്സിലേക്ക് പോകുന്നതിനു മുമ്പ് കര്‍ട്ടന്‍ വീഴ്ത്താന്‍ ഡല്‍ഹി പോലീസിനു തോന്നിയത് നന്നായി. വിമാനത്താവളത്തില്‍ പോയി സ്വീകരിച്ചു കാലില്‍ വീഴുന്നതിനു പകരം അവിടെ വെച്ചു ചെയ്യേണ്ടിയിരുന്ന പണിയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.

അഴിമതിക്കെതിരായ സമരത്തെ പരിഹസിക്കുകയല്ല ഇവിടെ ഉദ്ദേശം. അണ്ണാ ഹസാരെ നടത്തിയ സമരത്തെ സര്‍വാത്മനാ പിന്തുണച്ചവരാണ് നാമെല്ലാവരും. അഴിമതിക്കെതിരായ ഒരു പ്രായോഗിക നിയമ നിര്‍മാണമാണ് അണ്ണ ഹസാരെ ആവശ്യപ്പെട്ടത്. എന്നാല്‍ ബാബ രാംദേവ് ഉന്നയിച്ചവയില്‍ പലതും മുദ്രാവാക്യങ്ങളും ഏറെ ചിരിക്കു വക നല്‍കുന്ന തമാശകളുമാണ്. വിദേശത്തുള്ള കള്ളപ്പണം ഇന്ത്യയിലേക്ക്‌ കൊണ്ട് വരിക എന്നതാണ് അതില്‍ പ്രധാനം. അതിന്റെ പ്രായോഗിക പ്രസക്തി നമുക്കെല്ലാവര്‍ക്കും അറിയാവുന്നതെയുള്ളൂ. മറ്റൊന്ന് വിദേശത്തുള്ള ഇന്ത്യക്കാരുടെ അന്യായ സ്വത്തുക്കള്‍ രാജ്യം കണ്ടുകെട്ടുക എന്നതാണ്. ഉറക്കെ വിളിക്കാന്‍ പറ്റിയ ഒരു മുദ്രാവാക്യം എന്നതില്‍ കവിഞ്ഞു ഇതിനൊരു പ്രസക്തി ഉണ്ടോ? അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടു നിരോധിക്കുക, ഇംഗ്ലീഷ്  ഒഴിവാക്കി ഹിന്ദി നിര്‍ബന്ധം ആക്കുക തുടങ്ങിയവയാണ് മറ്റു പ്രധാന ആവശ്യങ്ങള്‍. (ഹി..ഹി..) പശുക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കുക, എയിഡ്സ് കാന്‍സര്‍ എന്നിവയ്ക്ക് ആയുര്‍വേദ ഗുളികകള്‍ പ്രചരിപ്പിക്കുക തുടങ്ങിയ പുള്ളിയുടെ മുന്‍ കാല ഡിമാന്‍ഡുകള്‍ ഇപ്പോഴത്തെ പട്ടികയില്‍ ഇല്ല. അത്രയും ഭാഗ്യം!!!. 

കള്ളപ്പണത്തിനെതിരെ ആര് സമരം നടത്തിയാലും അത് നല്ല കാര്യമാണ്. പക്ഷെ സമരം നടത്തുന്നവനെങ്കിലും തന്റെ സ്വത്ത് കള്ളപ്പണമല്ല എന്ന് തെളിയിക്കേണ്ടതുണ്ട്. കയ്യില്‍ പണം വന്ന വഴി വ്യക്തമാക്കിയ ശേഷം ബാബ സമരത്തിനു ഇറങ്ങിയാല്‍ മതി എന്ന് മേധാപട്കര്‍ പറഞ്ഞത് അതുകൊണ്ടാണ്. ആറരപതിറ്റാണ്ട് കാലമായി അഴിമതിക്കെതിരെ ഫലപ്രദമായി എന്തെങ്കിലും നിയമനിര്‍മാണങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കാത്ത സര്‍ക്കാരുകള്‍ക്കെതിരെ പൊതുജനങ്ങള്‍ തെരുവിലിറങ്ങാന്‍ തുടങ്ങി എന്നതാണ് അണ്ണാ ഹസാരെ തുടങ്ങി വെച്ച സമരത്തിന്റെ പ്രസക്തി. പക്ഷെ ആ സമരത്തെയും പൊതുജനവികാരത്തെയും ഹൈജാക്ക് ചെയ്തു കൊണ്ട് പോകുവാന്‍ വികാര ജീവികളായ ആളുകള്‍ ഇറങ്ങിപ്പുറപ്പെടുന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. അഴിമതിക്കെതിരായി ഉയര്‍ന്നുവരേണ്ട ക്രിയാത്മകമായ തുടര്‍ചലനങ്ങളെ പരിഹാസ്യമാക്കി നിറം കെടുത്താനേ ഇത്തരം നാടകങ്ങള്‍ ഉപകരിക്കൂ. 

നമ്മുടെ മാധ്യമങ്ങളുടെ കാര്യമാണ് ഏറെ കഷ്ടം. മുംബെയിലെ ചേരി നിവാസികള്‍ക്ക് വേണ്ടി ഒമ്പത് ദിവസം നിരാഹാരം കിടന്ന മേധാപട്കറുടെ അടുത്തേക്ക്‌ ഒരു റിപ്പോര്‍ട്ടറെപ്പോലും  പറഞ്ഞയക്കാത്ത മാധ്യമങ്ങളാണ് ഈ ഹൈട്ടെക്ക് സ്വാമിക്ക് വേണ്ടി ഒ ബി വാനുകള്‍ ക്യൂവായി നിര്‍ത്തിയിട്ടത്‌!.അഴിമതിയെ അങ്ങിനെയങ്ങ് കയറൂരി വിടാന്‍ പറ്റില്ലല്ലോ !!. എന്തെങ്കിലും ചെയ്തേ പറ്റൂ. അതുകൊണ്ട് ഇനി കുറച്ചു ദിവസം നമുക്കിത് ആഘോഷിച്ചു കുളമാക്കാം എന്ന ഒരു ലൈനിലായിരുന്നു അവരുടെ പടയൊരുക്കങ്ങള്‍. മനോരമേ, ഏഷ്യാനെറ്റേ.. ഒന്ന് കൂടി കൊഴുപ്പിക്കൂ.. ബാബ രാംദേവ് ഒരു മഹാ സംഭവമാണ്!!.

Related Posts
അണ്ണാ ഹസാരെ മരിച്ചിട്ടില്ല