കാത്ത ഓര്‍മയായി. മലയാള സാഹിത്യത്തിലെ കുലപതി ജീവിച്ച തകഴിയിലെ വീട്ടില്‍ പോയി കാത്ത ചേച്ചിയെ കണ്ടതും അല്പ നേരം സംസാരിച്ചിരുന്നതും എനിക്ക് മറക്കാനാവാത്ത ഒരോര്‍മയാണ്. തകഴി ശിവശങ്കരപിള്ളയെന്ന മഹാ സാഹിത്യകാരനോടൊപ്പം അദ്ദേഹത്തിന്റെ ശ്വാസവും നിശ്വാസവുമായി നീണ്ട അറുപത്തിയഞ്ചു വര്‍ഷങ്ങള്‍ കാത്ത കൂടെയുണ്ടായിരുന്നു. എഴുത്തുകാരിയല്ലെങ്കിലും ഒരു എഴുത്തുകാരിയേക്കാള്‍ പ്രശസ്തയായിരുന്നു അവര്‍ . 'തകഴിയെ കാത്ത വിളക്കണഞ്ഞു' എന്നാണ് ഇന്നത്തെ മനോരമ ഈ മരണ വാര്‍ത്തക്ക് നല്‍കിയ അര്‍ത്ഥഗര്‍ഭമായ തലക്കെട്ട്. മലയാള സാഹിത്യ ലോകത്ത് ഇത്രയേറെ തേജസ് പരത്തിയ മറ്റൊരു ഭാര്യയില്ല.
അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരവധിക്കാലത്താണ് അവിചാരിതമായി കാത്ത ചേച്ചിയുടെ വീട്ടിലെത്തിയത്. കുടുംബത്തോടൊപ്പം ആലപ്പുഴയില്‍ ഹൗസ്ബോട്ടില്‍ ഒരു ദിവസം കഴിയാന്‍ പോയതായിരുന്നു. ഉമ്മയും എന്റെ സഹോദരന്മാരും അവരുടെ കുടുംബവും കുട്ടികളുമെല്ലാമടക്കം പത്തിരുപതു പേരുണ്ട്. നാല് ബെഡ് റൂം ഉള്ള വിശാലമായ ബോട്ടില്‍ ഒരു പകലും രാത്രിയും. പകല്‍ മുഴുവന്‍ കറങ്ങിയ ശേഷം വൈകിട്ട് പുന്നമടക്കായലിന്റെ ദൃശ്യഭംഗിയുള്ള ഒരു മനോഹര തീരത്ത് ബോട്ട് നിര്‍ത്തി. കായലില്‍ കുളിച്ചു. കൊച്ചു തോണിക്കാരില്‍ നിന്ന് വിലപേശി കരിമീന്‍ വാങ്ങി. രാത്രി ഞാന്‍ ഒരു മീന്‍ കറിയുണ്ടാക്കി. ആ കറിക്ക് ഭയങ്കര ടേസ്റ്റ് ആയിരുന്നു എന്നാണ് ഭാര്യ പറഞ്ഞത്. (സത്യമായിട്ടും അവള്‍ അങ്ങിനെ പറഞ്ഞു!). ബോട്ട് ജീവനക്കാര്‍ ഉണ്ടാക്കിയ കറി ആര്‍ക്കും വേണ്ട!. സംഗതി എല്ലാം കൊണ്ടും അടിപൊളി. കായലോരത്തെ തെങ്ങില്‍ കെട്ടിയിട്ട ബോട്ടിന്റെ കൊച്ചു താളലയങ്ങളില്‍ ഒരു അന്തിയുറക്കം.
പിറ്റേന്ന് കാലത്ത് കുട്ടികളൊന്നും ബോട്ടില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കുന്നില്ല. ബോട്ടിന്റെ മുകള്‍ തട്ടിലെ വിശാലമായ ഹാളില്‍ അവര്‍ പാട്ടും ഒപ്പനയുമൊക്കെക്കെയായി അടിച്ചു പൊളിക്കുകയാണ്. ഒരു ദിവസത്തേക്ക് മാത്രമേ ഞങ്ങള്‍ ബുക്ക് ചെയ്തിട്ടുള്ളൂ.. സീസണായതിനാല്‍ ബോട്ടുകള്‍ക്ക് നല്ല തിരക്കാണ്. കുറച്ചു കൂടി സമയം നീട്ടിത്തരാന്‍ പറ്റുമോ എന്ന് ബോട്ടിലെ ജീവനക്കാരനോട് ചോദിച്ചു. യാതൊരു രക്ഷയുമില്ല. അവര്‍ക്ക് മറ്റൊരു ബുക്കിംഗ് ഉണ്ട്. 'ബിഷപ്പുമാരുടെ ഒരു മീറ്റിങ്ങിനു വേണ്ടി ബുക്ക് ചെയ്തതാണ്. ഭക്ഷണം ഉണ്ടാക്കണം. മുകളില്‍ നൂറിലധികം കസേരകള്‍ നിരത്തണം. ഞങ്ങള്‍ക്ക് ഒരു പാട് പണിയുണ്ട്. നിങ്ങള്‍ ഇറങ്ങിയാലേ അതൊക്കെ ചെയ്യാന്‍ പറ്റൂ' അയാള്‍ നിസ്സഹായനായി പറഞ്ഞു. 'നിങ്ങള്‍ പണി തുടങ്ങിക്കൊള്ളൂ. അവര്‍ വരുമ്പോള്‍ ഞങ്ങള്‍ ഇറങ്ങാം' എന്ന് ഞാനും. 'ഇല്ല ചേട്ടാ, തകഴിയില്‍ നിന്നാണ് അവര്‍ കയറുക. ഞങ്ങള്‍ അങ്ങോട്ടാണ് പോകുന്നത്'. തകഴി എന്ന് കേട്ടതും എന്നിലെ സാഹിത്യകാരന്‍ ഉണര്‍ന്നു. മനസ്സില്‍ ഒന്ന് രണ്ടു ലഡ്ഡു പൊട്ടി. 'എങ്കില്‍ തകഴിയിലേക്ക് വിട്ടോളൂ.. ഞങ്ങള്‍ അവിടെ ഇറങ്ങാം'. അവര്‍ക്ക് സമ്മതം. കാത്തചേച്ചിയെ കണ്ടിട്ട് തന്നെ കാര്യം. ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.
തകഴിയില്‍ വള്ളമിറങ്ങി ഞങ്ങള്‍ നേരെ പോയത് കാത്തചേച്ചിയെ കാണാന്‍ 'ശങ്കരമംഗല'ത്തേക്കാണ്. മക്കളൊക്കെ പല വഴിക്ക് നീങ്ങിയെങ്കിലും ആറര പതിറ്റാണ്ട് ഒന്നിച്ചു കഴിഞ്ഞ പ്രിയതമന്റെ ഓര്‍മ്മകള്‍ വിട്ടു അവര്‍ എവിടെയും പോയില്ല. 'കാത്താ' എന്ന വിളി ഇന്നും അലയടിക്കുന്ന ആ വീട് വിട്ടു പോകാന്‍ അവരുടെ മനസ്സ് അനുവദിച്ചിരുന്നില്ല. കേരള സര്‍ക്കാര്‍ തകഴിയുടെ വീട് മ്യൂസിയമാക്കാന്‍ തയ്യാറായപ്പോള്‍ ഒരു രൂപ വാടകക് ആ വീട്ടില്‍ കഴിയാനുള്ള അനുമതിയാണ് കാത്ത ആവശ്യപ്പെട്ടത്. കുട്ടികളും ബഹളങ്ങളുമായി ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ കാത്ത മുറ്റത്ത് തന്നെയുണ്ട്. എല്ലാവരെയും സ്വീകരിച്ചിരുത്തി. വീടും പരിസരവും ഞങ്ങളോടൊപ്പം നടന്നു കാണിച്ചു തന്നു. കുട്ടികള്‍ക്ക് മിഠായി എടുത്തു കൊടുത്തു. തകഴി ഉപയോഗിച്ചിരുന്ന കസേരയും എഴുത്തുപകരങ്ങളും പഴയ ഫോട്ടോകളുമെല്ലാം കണ്ടു. തകഴിയെക്കുറിച്ചും എഴുത്തിന്റെ രീതികളെക്കുറിച്ചുമെല്ലാം ഞാന്‍ ചോദിച്ചു. വളരെ പതിഞ്ഞ സ്വരത്തില്‍ മുഖത്തെ പുഞ്ചിരി മായാതെ ഒറ്റ വാചകങ്ങളിലുള്ള മറുപടി. തകഴി ആരെന്നോ അദ്ദേഹത്തിന്റെ സാഹിത്യമെന്തെന്നോ അറിയാത്ത എന്റെ ഉമ്മയും കാത്തയും കൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞു. വീട്ടു വിശേഷങ്ങള്‍ പങ്കു വെച്ചു. സഹായത്തിന് ആരാണ് ഉള്ളത്, ഭക്ഷണമൊക്കെ ശരിക്ക് കിട്ടുന്നുണ്ടോ എന്നൊക്കെയാണ് ഉമ്മക്ക് അറിയേണ്ടിയിരുന്നത്. നിഷ്കളങ്കയായ ആ കുട്ടനാടന്‍ മുത്തശ്ശി ഞങ്ങളുടെ കൂടെ നിന്ന് ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു. (ആ ഫോട്ടോകള്‍ ഞാന്‍ ഇന്ന് കുറെ തിരഞ്ഞു. കാണുന്നില്ല. കിട്ടിയാല്‍ ഇവിടെ അപ്ഡേറ്റ് ചെയ്യാം).
കാത്ത മരിച്ചുവെന്നു കേട്ടപ്പോള്‍ അന്ന് കണ്ട ആ പുഞ്ചിരിക്കുന്ന മുഖമാണ് എന്റെ ഓര്‍മയില്‍ വന്നത്. തന്റെ പതിനാറാം വയസ്സില്‍ മലയാളത്തിന്റെ മഹാസാഹിത്യകാരന്റെ കൈ പിടിച്ച് ഒരുമിച്ചു വള്ളം തുഴഞ്ഞ് തകഴിയില്‍ എത്തിയതാണ് ഈ കുട്ടനാട്ടുകാരി. എഴുപത്തിയഞ്ച് സംവത്സരങ്ങളുടെ 'തകഴി'ക്കൂട്ടിന് ശേഷം തൊണ്ണൂറ്റിയൊന്നാം വയസ്സില്‍ അവര്‍ സാഹിത്യ പ്രേമികളുടെ ഓര്‍മപ്പുസ്തകത്തിലേക്ക് ചേക്കേറുകയാണ്. അവര്‍ വെച്ചുവിളമ്പിക്കൊടുത്ത ഭക്ഷണവും പകര്‍ന്നു നല്‍കിയ സ്നേഹവും തകഴിയിലെ എഴുത്തുകാരന് നല്കിയിരിക്കാനിടയുള്ള സര്‍ഗാത്മകതയുടെ ഊര്‍ജം വാക്കുകള്‍ക്ക് അപ്പുറത്താണ്. മലയാള സാഹിത്യത്തിനു കാത്ത ചേച്ചിയുടെ സംഭാവനയും അത് തന്നെയാണ്. ആദരാഞ്ജലികള്‍ ..