ബ്ലോഗര്‍ നിയമസഭയിലേക്ക്

ബോധം കെട്ട് വീഴരുത്. ബ്ലോഗര്‍ നിയമസഭയിലെത്തി എന്നല്ല നിയമസഭയിലേക്ക് മത്സരിക്കുന്നു എന്നാണ് ഞാന്‍ പറഞ്ഞത്. ജയിച്ചാലും ജയിച്ചില്ലേലും  മത്സര രംഗത്തുള്ള ബ്ലോഗര്‍ക്ക് പിന്തുണ കൊടുക്കേണ്ടത് ഒരു സഹ ബ്ലോഗര്‍ എന്ന നിലക്ക് എന്റെ കടമയാണ്. വര്‍ഷങ്ങളായി മലയാള ബ്ലോഗില്‍ സജീവമായി തുടരുന്ന എഴുത്തുകാരിയാണ് ലതിക സുഭാഷ്. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ ഒരു മണ്ഡലത്തില്‍ അവര്‍ ജനവിധി തേടുന്നു. മണ്ഡലം മലമ്പുഴ. എതിര്‍ സ്ഥാനാര്‍ഥി വി എസ്.
മത്സരിക്കുന്ന വിവരം അറിയിച്ചു കൊണ്ട് ലതിക സുഭാഷ് തന്റെ ബ്ലോഗില്‍ ഇട്ട പോസ്റ്റില്‍ ഇങ്ങനെ പറയുന്നു. "സുഹൃത്തുക്കളേ, ഈ വരുന്ന നിയമാസഭാ തിരഞ്ഞെടുപ്പിൽ, ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മലമ്പുഴ നിയോജക മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ, കോൺഗ്രസ്സ് പാർട്ടി നിയോഗിച്ചിരിക്കുന്നത് എന്നെയാണ്. എല്ലാ ബൂലോക സുഹൃത്തുക്കളുടേയും, ഭൂലോക സുഹൃത്തുക്കളുടേയും സഹായസഹകരണങ്ങളും അനുഗ്രഹവും ഈ അവസരത്തിൽ ഞാൻ പ്രതീക്ഷിക്കുന്നു, വിനീതമായി അഭ്യർത്ഥിക്കുന്നു. സസ്നേഹം, ലതികാ സുഭാഷ്"

വി എസ്സിനെതിരെ ചാവേറാകാന്‍ കോണ്‍ഗ്രസ്‌ കണ്ടെത്തിയതാണ് ലതികയെ എന്ന് ചിലര്‍ പറയുന്നുണ്ട്. എനിക്കങ്ങിനെ അഭിപ്രായമില്ല. വി എസ് തിരെഞ്ഞെടുപ്പുകളില്‍ ജയിച്ചിട്ടും തോറ്റിട്ടുമുണ്ട്. ബ്ലോഗര്‍മാരുടെ കാര്യം അതല്ല. അവരിലൊരാള്‍ ആദ്യമായാണ്‌ ഇതുപോലൊരു കൊമ്പനുമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. കിളിരൂര്‍ കേസിലെ പ്രതികളെ കയ്യാമം വെച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ വി എസ്സിനെതിരെ മത്സരിക്കാന്‍ എത്തിയ തനിക്കു കെട്ടിവെക്കാനുള്ള പണം തന്നത് പീഡനത്തിനിരയായി മരിച്ച ശാരിയുടെ മകളാണ് എന്നാണ് ലതിക പറയുന്നത് !!.ഉറച്ച സീറ്റായ മാരാരിക്കുളത്ത് വി എസ്സിന് തോല്‍ക്കാമെങ്കില്‍ അതിനേക്കാള്‍ ഉറപ്പു കുറഞ്ഞ മലമ്പുഴയില്‍ തോല്‍ക്കുന്നത് കൊണ്ട് കുഴപ്പമൊന്നും വരില്ല.


എനിക്കും നിങ്ങള്‍ക്കും വി എസ് ഹീറോ ആണെങ്കിലും പാര്‍ട്ടിക്കാരെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല. ഉണക്കപ്പിണ്ണാക്ക് കാഞ്ഞിരക്കഷായത്തില്‍ അരച്ച് കുടിക്കുന്ന പോലെയാണ് കഴിഞ്ഞ അഞ്ചു  വര്‍ഷം പാര്‍ട്ടി വി എസ്സിനെ സഹിച്ചത്. ഇനിയൊരു അഞ്ചു  വര്‍ഷം കൂടി അങ്ങേരെ സഹിക്കാന്‍ ഉറച്ച പാര്‍ട്ടിക്കാര്‍ക്ക് അല്പം ബുദ്ധിമുട്ട് കാണും. വി എസ്സിന് പോളിറ്റ് ബ്യൂറോ വീണ്ടും സീറ്റ് കൊടുത്തതില്‍ 'പിണങ്ങാറായി' നില്‍ക്കുന്ന മുഴുവന്‍ പേരും മനസ്സ് വെച്ചാല്‍ നമ്മുടെ ലതിക ചേച്ചി രക്ഷപ്പെടും. ഒരു ബ്ലോഗര്‍ നിയമസഭയില്‍ എത്തിയാല്‍ നമ്മള്‍ ബ്ലോഗര്‍മാരും രക്ഷപ്പെടും. ലതികചേച്ചിയെ വെച്ച് നിയമസഭയില്‍ നമുക്കൊരു കളി കളിക്കാം.

മലയാളത്തിലെ മുഖ്യധാരാ എഴുത്തുകാര്‍ക്ക് സര്‍ക്കാരിന്റെ കീഴില്‍ പല വിധ ആനുകൂല്യങ്ങളും അവാര്‍ഡുകളും പെന്‍ഷനുമെല്ലാം കിട്ടുന്നുണ്ട്‌. നമ്മള്‍ ബ്ലോഗര്‍മാര്‍ക്ക് ഒന്നും കിട്ടുന്നില്ല!!. ( സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡ് കിട്ടിയാല്‍ പോലും പതിനായിരം രൂപയെ കിട്ടൂ .) അറ്റ്‌ ലീസ്റ്റ് കേരള സാഹിത്യ അക്കാദമി മോഡലില്‍ ഒരു കേരള ബ്ലോഗ്‌ അക്കാദമിയെങ്കിലും ഒപ്പിച്ചെടുക്കണമെങ്കില്‍ നമ്മുടെ ഒരാള്‍ നിയമസഭയില്‍ വേണം. ഐ ബി യില്‍ നിന്ന് കിട്ടിയ രഹസ്യ വിവരം അനുസരിച്ച് മലയാളത്തില്‍ മുപ്പത്തി ആറായിരത്തി ഇരുപത്തി ഏഴു ബ്ലോഗര്‍മാരുണ്ട്. ലതിക ചേച്ചിക്ക് വേണ്ടി ഒരു ബ്ലോഗര്‍ ഒരു വോട്ടു പിടിച്ചാല്‍ അവര്‍ പുഷ്പം പോലെ ജയിക്കും. വി എസ്സ് തോല്‍ക്കുന്നതില്‍ നമുക്ക് എല്ലാവര്‍ക്കും സങ്കടമുണ്ട്. ആരേലും പെണ്ണ് പിടിക്കുന്നുണ്ടോ എന്ന് നോക്കാന്‍ ഒരാളുണ്ടാകുന്നത് നല്ലത് തന്നെയാണ്. പക്ഷെ ബ്ലോഗര്‍മാര്‍ക്ക് ഒരു പ്രതിനിധി എന്നത് അതിനേക്കാള്‍ പ്രാധാന്യമുള്ള ഒന്നാണ്.  ജയിച്ചാലും തോറ്റാലും വി എസ്സിന്റെ കാര്യം പാര്‍ട്ടി നോക്കിക്കൊള്ളും. പെന്‍ഷനും ജീവിക്കാന്‍ വേണ്ട എല്ലാ വകുപ്പുകളും പാര്‍ട്ടി കൊടുക്കും.  പക്ഷെ നമ്മള്‍ ബ്ലോഗര്‍മാരുടെ കാര്യം നോക്കാന്‍ നമ്മളല്ലാതെ മറ്റാരുമില്ല. ബ്ലോഗര്‍മാരെ, ചലോ ചലോ മലമ്പുഴ.

മ്യാവൂ :- ഈ മാസം പതിനേഴിന് തിരൂരില്‍ ഒരു ബ്ലോഗ്‌ മീറ്റ് നടക്കുന്നുണ്ട്. അതില്‍ ലതിക പങ്കെടുക്കും എന്ന് അറിയുന്നു. ഈ ബ്ലോഗ്‌ മീറ്റിന്റെ സംഘാടകരോട് എനിക്ക് പറയാനുള്ളത് കഴിയുമെങ്കില്‍ ഈ മീറ്റ്‌ ഇലക്ഷന് മുമ്പ് നടത്തണം എന്നാണ്. തിരൂരില്‍ ഒത്തു ചേരുന്നതിനു പകരം മലമ്പുഴയില്‍ കൂടാന്‍ പറ്റിയാല്‍ വളരെ നല്ലത്. ബ്ലോഗ്‌ മീറ്റ് നടത്താം, വോട്ടു പിടിക്കാം, ലതിക ചേച്ചിയെ മുന്നില്‍ നിര്‍ത്തി മലമ്പുഴ ഡാമിന് മുകളില്‍ നിന്ന് ഒരു കിടിലന്‍ ഗ്രൂപ്പ് ഫോട്ടോയുമെടുക്കാം. ഭാഗ്യത്തിനെങ്ങാനും ലതിക ചേച്ചി എം എല്‍ എ ആയാല്‍ ആ ഫോട്ടോ വെച്ചു തിരോന്തരത്തു നമുക്കൊന്ന് ഷൈന്‍ ചെയ്യുകയും ചെയ്യാം.  ഐഡിയ എപ്പടി?.

ലതിക സുഭാഷിന്റെ ബ്ലോഗ്‌   Latest Post: ഏത് ലതിക? എന്ത് കോടതി?