നാടകം വി എസ്, അദ്ധ്യായം രണ്ട്

'വേലി ചാടുന്ന പശുവിനു കോല് കൊണ്ട് മരണം' എന്ന് പണ്ടുള്ളവര്‍ പറയാറുണ്ട്‌. "വേലി ചാടുന്ന പശു കോലും കൊണ്ട് പോകും" എന്ന് അത് മാറ്റിയെഴുതേണ്ട സമയം ആയിരിക്കുന്നു. സി പി എമ്മിന്റെ 'വേലിക്കകത്ത്' നില്‍ക്കുമ്പോഴും നിരന്തരം അത് ചാടിക്കടക്കാന്‍ ശ്രമിച്ച ആളാണ്‌ വി എസ്. സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചതോടെ സി പി എമ്മിന്റെ വേലി അടിയോടെ പിഴുതെറിയാന്‍ അദ്ദേഹത്തിന് ആയിരിക്കുന്നു. കിഴവന്മാരേ വഴി മാറൂ എന്ന എന്റെ കഴിഞ്ഞ പോസ്റ്റ് ഇനിയാരും വായിക്കരുത്. കാരണം ഗൗരിയമ്മയും വി എസും അടക്കം സെഞ്ച്വറി അടിക്കാറായ എല്ലാവരും അടുത്ത നിയമസഭയിലും ഉണ്ടാവുമെന്ന് ഉറപ്പായി.


കടം കേറി ആത്മഹത്യ ചെയ്യാന്‍ കയറെടുത്തവന് ഭൂട്ടാന്‍ ലോട്ടറി അടിച്ചു എന്ന് പറഞ്ഞ പോലെയാണ് വി എസ്സിന്റെ സ്ഥിതി. സകലതും നശിച്ചു എന്ന് കരുതിയ അവസാന കാലത്താണ് ഇമേജ് കുത്തനെ കയറിയത്. സ്മാര്‍ട്ട് സിറ്റിയാണ് ആദ്യം അടിച്ച ലോട്ടറി. ഡിസംബര്‍ അവസാന വാരത്തില്‍ മന്ത്രി എസ് ശര്‍മയെ നേരിട്ട് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു. സ്മാര്‍ട്ട് സിറ്റി എന്തായി സാര്‍ ? . "ഒന്നും പറയാന്‍ പറ്റില്ല. എറണാകുളത്ത് ഇന്നൊരു മീറ്റിംഗ് ഉണ്ട്. അതിനാണ് ഞാന്‍ പോകുന്നത്". ഒട്ടും പ്രതീക്ഷയില്ലാത്ത ഒരു മറുപടിയായിട്ടാണ് എനിക്കത് തോന്നിയത്. തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്സില്‍ എന്റെ മുന്നിലത്തെ സീറ്റിലാണ് മന്ത്രി ഇരുന്നിരുന്നത്. തൊട്ടപ്പുറത്ത് അബ്ദുറഹിമാന്‍ രണ്ടത്താണി എം എല്‍ യും ഉണ്ടായിരുന്നു. (ബെന്യാമിന്റെ 'ആട് ജീവിതം' വായിക്കുന്ന തിരക്കില്‍ ആയിരുന്നു രണ്ടത്താണി). ഞാന്‍ പറഞ്ഞു വരുന്നത് സ്മാര്‍ട്ട് സിറ്റിക്കാര്‍ കരാര്‍ ഒപ്പിടാന്‍ തയ്യാറായപ്പോള്‍ വകുപ്പ് മന്ത്രി ശര്‍മ പോലും ഞെട്ടിക്കാണും എന്നാണ്. എം എ യൂസഫ്‌ അലിയുടെ തന്ത്രപരമായ ഇടപെടല്‍ കൊണ്ടാണ് അത് സാധിച്ചത്. ശരിക്കും ഒരു ഭൂട്ടാന്‍ ലോട്ടറി.

അടുത്ത ലോട്ടറി എടുത്തു കൊടുത്തത് റഊഫും കുഞ്ഞാലിക്കുട്ടിയും കൂടിയാണ്. കയ്യാമം വെക്കുമെന്ന് ഇടയ്ക്കിടെ പറഞ്ഞിരുന്നതല്ലാതെ വി എസ്സിനോ വി എസ്സിന്റെ പോലീസിനോ ഐസ് ക്രീം കേസ്സിന്റെ എ ബി സീ ഡി അറിയുമായിരുന്നില്ല. അളിയന്മാര്‍ തമ്മില്‍ തെറ്റിയപ്പോഴാണ്‌ ആ കഥയൊക്കെ പുറത്തു വന്നത്. ഏത് അര്‍ത്ഥത്തിലും ഒരു ഭൂട്ടാന്‍ ലോട്ടറി തന്നെ. ബാലകൃഷ്ണ പിള്ളയുടെ ലോട്ടറി മാത്രമാണ് വി എസ് നേരിട്ട് എടുത്തത്. പക്ഷെ അതിലും ഒരു ഭൂട്ടാന്‍ ഘടകം ഉണ്ട്. ജന്മദിനത്തിന് കേസ് കൊടുത്താല്‍  ചരമ ദിനത്തില്‍ വിധി വരുന്ന നമ്മുടെ നാട്ടില്‍ 'കൃത്യ സമയത്ത്' വിധി വന്നു എന്നതാണ് ആ ഭൂട്ടാന്‍ ഘടകം.


പാര്‍ട്ടി തുലഞ്ഞാലും വേണ്ടില്ല, തന്റെ ഇമേജിന് കോട്ടമൊന്നും വരരുത് എന്ന ഒരു മിനിമം പരിപാടിയിലാണ് വി എസ് മുന്നോട്ടു പോയിരുന്നത്. തുടരെത്തുടരെ അടിച്ച ഈ ലോട്ടറികള്‍ ആ മിനിമം പരിപാടിയെ ഒരു നല്ല കലാശക്കൊട്ടില്‍ എത്തിച്ചു എന്ന് വേണം പറയാന്‍. പക്ഷെ ഈ  ലോട്ടറിയടിയുടെ പാണ്ടി ലോറി ശരിക്കും കയറിയത് പാവം പിണറായിയുടെ മുതുകില്‍ ആണ്. അദ്ദേഹത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് ശരിക്കും കരച്ചില്‍ വരുന്നുണ്ട്. എന്ത് ചെയ്യാന്‍. എല്ലാം വിധിയാണ് എന്ന് കരുതി സമാധാനിക്കുക തന്നെ.  ഇനി പിണറായി സഖാവിന് ചെയ്യാനുള്ളത് ഒരേ ഒരു കാര്യമാണ്. വി എസ്സിന് ജയ്‌ വിളിക്കുക. മലമ്പുഴയില്‍ ഒരു കളി കളിക്കുക!!!.