
മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ട് എന്ന് സമര മുഖങ്ങളില്‍ നിങ്ങള്‍ തൊണ്ട കീറി പ്രഖ്യാപിച്ച നയനിലപാടുകള്‍ ഒരു കസേരയുടെ ആണിയില്‍ ഇളകി ആടുന്നതാണോ മിസ്സ് ജോയി?. പോലീസിന്റെ അടി കൊണ്ട് ശരീരത്തില്‍ ചോര പൊടിഞ്ഞപ്പോള്‍ രക്ത പതാക നെഞ്ചോട് ചേര്‍ത്തി വിളിച്ച ആ ഇങ്ക്വിലാബിന് കാലണയുടെ വിലയില്ലേ?. പല തവണ മത്സരിക്കാന്‍ സീറ്റ് തന്ന പാര്‍ട്ടി ഒരു തവണ വെറുതെയിരിക്കാന്‍ പറഞ്ഞാല്‍ കടലില്‍ ചാടേണ്ടതുണ്ടോ?. 'സീറ്റല്ല പ്രശ്നം, പാര്‍ട്ടി അവഗണിക്കുന്നു' എന്നാണത്രേ പരാതി. മരണം വരെ ഒരാളെ തന്നെ പരിഗണിച്ചു കൊണ്ടേയിരുന്നാല്‍ ബാക്കിയുള്ളവരൊക്കെ എവിടെ പോകും മിസ്സ് ജോയി?. പല തവണ മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് നല്കിയപ്പോള് അത് പലരെയും അവഗണിച്ചു കൊണ്ടായിരുന്നു എന്നത് ഇത്ര വേഗം മറന്നുവോ?

ഏത് പാര്‍ട്ടി? എന്ത് നയം? എന്ത് നിലപാട്?.. ഒരു കോണ്‍ഗ്രസ്സുകാരി റിബലായി മത്സരിക്കാന്‍ തുനിഞ്ഞപ്പോള്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ വെട്ടി മാറ്റി അവള്‍ക്കു പിന്തുണ കൊടുത്ത മാര്‍ക്സിസ്റ്റു പാര്‍ട്ടിക്ക് എന്ത് ആദര്‍ശമാണ് പ്രസംഗിക്കാന്‍ കഴിയുക. സിന്ധു ജോയി രാജിക്കത്ത് എഴുതി എന്ന് കേള്‍ക്കേണ്ട താമസം അവളെ മാലയിട്ടു കൊണ്ടുവരാന്‍ കാറുമെടുത്തു ഓടുന്ന കൊണ്ഗ്രസ്സുകാരന് ഏത് ഗാന്ധിസമാണ് പ്രസംഗിക്കുക?. ജയ ഡാളിയെ വെച്ചു കോണ്‍ഗ്രസ്സിനെ അടിക്കാനിരുന്ന സി പി എമ്മിന് അതിനേക്കാള്‍ വലിയ നാണയത്തില്‍ ആണ് തിരിച്ചടി കിട്ടിയിരിക്കുന്നത് എന്നത് സത്യം തന്നെ. പക്ഷെ ആദര്‍ശങ്ങളും ആശയങ്ങള്‍ക്കും പാര്‍ട്ടി ഓഫീസിലേക്ക് പരിപ്പ് വട പൊതിയുന്ന കടലാസിന്റെ വിലയെങ്കിലും വേണ്ടേ? ഒരു തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിക്കുക. ആരോപണങ്ങള്‍ ഉതിര്‍ക്കുക. അടുത്ത തിരഞ്ഞെടുപ്പില്‍ അതേ ചാണ്ടിക്ക് വേണ്ടി വോട്ടു ചോദിക്കാന്‍ എത്തുക. നാടകമേ ഉലകം. ഉലകമേ നാടകം.
മ്യാവൂ: അല്‍ഫോന്‍സ് കണ്ണന്താനം ബി ജെ പി യിലേക്ക്.. ഹി..ഹി..