യേശുദാസിന്റെ കാര്യവും മറിച്ചല്ല. പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് യേശുദാസ് ഒരു വിവാദ പ്രസ്താവന നടത്തി. ലതാ മങ്കേഷ്കര്‍ പാട്ട് നിര്‍ത്തണമെന്ന്. ലതാജിയടക്കം പലരും അത് കേട്ട് ഞെട്ടി. പക്ഷെ അദ്ദേഹം അന്ന് പറഞ്ഞത് സത്യമായിരുന്നു. ഇന്ത്യയുടെ വാനമ്പാടി ശ്രുതി തെറ്റിപ്പാടുന്നത് കേള്‍ക്കാനുള്ള ഗതികേട് ഉണ്ടാവരുത് എന്നായിരുന്നു അതിന്റെ താത്പര്യം. യേശുദാസിനോട് ഇപ്പോള്‍ നമുക്ക് പറയാനുള്ളതും അതാണ്. സാര്‍, ദയവു ചെയ്തു ഇനി പാടരുത്. ആയിരം തവണ കേട്ടാലും മടുക്കാത്ത താങ്കളുടെ പഴയ പാട്ടുകള്‍ ഞങ്ങള്‍ ആസ്വദിക്കട്ടെ. താങ്കള്‍ തൊണ്ടയിടറിപ്പാടുന്നത് കേള്‍ക്കാനുള്ള ശക്തി ഞങ്ങള്‍ക്കില്ല. മുഹമ്മദ് റാഫിയെ താങ്കള്‍ക്ക് ഓര്‍മയില്ലേ. അദ്ദേഹം മരിച്ചിട്ട് മൂന്നു പതിറ്റാണ്ടുകള്‍ കഴിഞ്ഞു. എങ്കിലും ഇന്ത്യന്‍ സംഗീതം എന്ന് കേള്‍ക്കുമ്പോള്‍ ആരുടേയും മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് മുഹമ്മദ് റാഫിയുടെ പേരായിരിക്കും. അതിനാണ് അനശ്വരത എന്ന് പറയുന്നത്. അദ്ദേഹം തൊണ്ടയിടറി ഇപ്പോഴും പാടിക്കൊണ്ടേ ഇരുന്നിരുന്നുവെങ്കില്‍ ഒരുപക്ഷെ ആ ഇമേജ് ഇന്ന് ഉണ്ടാകുമായിരുന്നില്ല. ജനങ്ങളുടെ ഓര്‍മയില്‍ നിന്ന് അദ്ദേഹം എന്നോ മാഞ്ഞു പോയിരുന്നേനെ..
വി എസിന്റെ സ്ഥിതിയും ഏതാണ്ട് ഇത് തന്നെയാണ്. അഴുകി നാറാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ വിധിയും. "ഇനി മത്സരിക്കാനില്ല" എന്ന ഒരൊറ്റ വാക്ക് പറയേണ്ട സമയത്ത് പറഞ്ഞിരുന്നെങ്കില്‍ വി എസ് എന്ന രണ്ടക്ഷരം കേരള രാഷ്ട്രീയത്തില്‍ സ്ഥിരപ്രതിഷ്ഠ നേടുമായിരുന്നു. പക്ഷെ "ഞാന്‍ ഇനിയും മത്സരിക്കും .. മത്സ.. രി.. രി.. ക്കും.. ഉം.. ഉം.." എന്ന് പറയുക വഴി ആര്‍ത്തി പൂണ്ട കടല്‍ കിഴവന്മാരുടെ പട്ടികയിലേക്ക് അദ്ദേഹവും കയറുകയാണ്. ഒരു സീറ്റ് തരുമോ എന്ന് ചോദിച്ചു പാര്‍ട്ടി മെമ്പര്‍മാരുടെ മുന്നില്‍ ഓച്ചാനിച്ചു നില്‍ക്കേണ്ട ഗതികേടിലേക്കാണ് അദ്ദേഹം ഇന്ന് എത്തിപ്പെട്ടിരിക്കുന്നത്.
പാര്‍ട്ടി ടിക്കറ്റ് കിട്ടിയിട്ടില്ലെങ്കില്‍ അദ്ദേഹത്തിന് ചെയ്യാനുള്ളത് ഒരു മിമിക്രി ട്രൂപ്പ് തുടങ്ങുകയാണ്. അതില്‍ അദ്ദേഹം നന്നായി ശോഭിക്കും. അഥവാ പാര്‍ട്ടി കനിഞ്ഞാല്‍ അദ്ദേഹത്തിന് മത്സരിച്ച് വീണ്ടും പ്രതിപക്ഷ നേതാവാകാം. നിയമസഭയില്‍ വീരശൂര പരാക്രമം നടത്താം. ഐസ് ക്രീം, കിളിരൂര്‍ കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വേണ്ടി പ്രക്ഷോഭം നയിക്കാം. !!!. സ്വയം നാറുന്നത് എങ്ങിനെയെന്ന് തിരിച്ചറിയാന്‍ കഴിയാതിരിക്കുക എന്നതാണ് ഒരു മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ ദുരന്തം. ആ ദുരന്തമാണ് വി എസ് ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്നത്.
എല്ലാ തൊഴിലിനും ഒരു പെന്‍ഷന്‍ പ്രായമുണ്ട്. രാഷ്ട്രീയക്കാര്‍ക്ക് മാത്രം അത് വേണ്ടതില്ല എന്ന് പറയുന്നത് ശുദ്ധ ധിക്കാരമാണ്. മുന്നില്‍ കൊണ്ട് വന്നു വെച്ച മൈക്ക് പോലും കാണാന്‍ കഴിയാത്ത എണ്‍പതും തൊണ്ണൂറും കഴിഞ്ഞ നേതാക്കള്‍ എല്ലാ പാര്‍ട്ടികളിലുമുണ്ട്. അവര്‍ മോണകള്‍ തമ്മിലുരസി പ്രസംഗിക്കുന്നത് കാണുമ്പോള്‍ സഹതാപമല്ല പുച്ഛമാണ് തോന്നുക. പഴയ ജയന്‍ സിനിമയിലെ ഡയലോഗ് പോലെ "ഒരു എ കെ 47 കയ്യിലുണ്ടായിരുന്നെങ്കില്‍.. " എന്ന് പല്ലിറുമ്മാനും തോന്നിപ്പോവുക സ്വാഭാവികം മാത്രം. ഇത്തരക്കാര്‍ക്കൊക്കെ മനശ്ശാന്തി കിട്ടണമെങ്കില്‍ നിയമസഭക്കകത്ത് തന്നെ കുഴിമാടം കെട്ടേണ്ടി വരും. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുക എന്ന ദൌത്യം നിര്‍വഹിച്ച ശേഷം അധികാര കേന്ദ്രങ്ങളില്‍ നിന്ന് പടിയിറങ്ങിയ ഗാന്ധിജി ചരിത്രത്തിന്റെ സൂര്യ തേജസ്സിലെക്കാണ് ചെന്ന് കയറിയത് എന്നോര്‍ക്കണം. ആ മഹാത്മാവിനെ ഇടയ്ക്കു സ്വപ്നത്തിലെങ്കിലും കണ്ടു ഞെട്ടിയുണരാന്‍ ഈ കിഴവന്മാര്‍ക്കും കിഴവികള്‍ക്കും കഴിഞ്ഞെങ്കില്‍. . അധികം പറയുന്നില്ല. കിഴവന്മാരേ വഴി മാറുക. പുതു തലമുറ നിങ്ങളെ ചവിട്ടി കടന്നു പോകാതിരിക്കാന്‍ അതാണ് നല്ലത്.