കോണി കണ്ടാല്‍ കയ്യ് ബെറക്കുമോ?

ഇനി ഇലക്ഷന്‍ കാലമാണ്. രാഷ്ട്രീയത്തില്‍ ഒട്ടും താത്പര്യം കാണിക്കാത്ത തിരോന്തരംകാര്‍ക്ക് പോലും ഇലക്ഷന്‍ വൈറസ് പിടിപെടുന്ന സീസണാണ് വരുന്നത്. കേരളത്തിന്റെ പരമ്പരാഗത രീതിയനുസരിച്ച് ഇനിയത്തെ അഞ്ചു വര്‍ഷം യു ഡി എഫ് ഭരിക്കും. പ്രചാരണ കോലാഹലങ്ങളില്‍ വലിയ കാര്യമില്ല. എല്‍ ഡി എഫിനും യു ഡി എഫിനും ഒരു വോട്ടു ബാങ്കുണ്ട്. ഈ ബാങ്കില്‍ ഉള്ളവര്‍ ലോങ്ങ്‌ ലൈഫ് ഫിക്സഡ് ഡിപ്പോസിറ്റ് പോലെയാണ്. ചത്ത പോലെ കിടക്കും.

കുഞ്ഞാലിക്കുട്ടിക്കെതിരെ പതിനാലു രജീനമാര്‍ ഒന്നിച്ചു വന്നാലും കോണിക്ക് കുത്തുന്നവന്‍ കോണിക്ക് തന്നെ കുത്തും. അച്ചുമാമന്റെ മോന്‍ മക്കാവിലല്ല അതിനപ്പുറത്തെ ദ്വീപില്‍ പോയി അലമ്പുണ്ടാക്കിയാലും അരിവാള്‍ കൊത്തി ശീലിച്ചവര്‍ അതുകൊണ്ട് തന്നെ കൊത്തും. മുമ്പ് ഒരു ഇലക്ഷന്‍ കാലം.  ലീഗിന് വോട്ടു ചെയ്‌താല്‍ നരകത്തില്‍ പോവും എന്ന പ്രസംഗം കേട്ട് ഇത്തവണ മാറ്റിക്കുത്തും എന്ന് കട്ടായം പറഞ്ഞ ഒരു ഉമ്മാമയുണ്ടായിരുന്നു എന്റെ നാട്ടില്‍.  പോളിംഗ് ബൂത്തിലെത്തിയ ഉമ്മാമ കോണിക്ക് തന്നെ കുത്തി. "മാനേ, കോണി കണ്ടപ്പോ ന്റെ കയ്യ് ബെറച്ചു. സ്വര്‍ഗൂം നരകൂം ഒന്നും നോക്കീല. അതീ തന്നെ കുത്തി"  എന്നാണു ഉമ്മാമ പറഞ്ഞത്. ഉമ്മാമയെ താങ്ങിയെടുത്ത് കൊണ്ട് പോയ കാന്തപുരം സുന്നി യുവാക്കള്‍ അവരെ ബൂത്തിലിട്ടു തടിതപ്പി!!.  

വോട്ടര്‍മാരെല്ലാം ഇങ്ങനെ പാറ പോലെ ഉറച്ചതാണെങ്കില്‍ ഇരു മുന്നണികളും മാറി മാറി വരുന്നത് എങ്ങിനെയെന്ന് ചോദിക്കും. അതിന്റെ ലോജിക് വളരെ സിമ്പിള്‍ ആണ്. ഈ രണ്ടു മുന്നണികളിലും പെടാതെ വരമ്പത്ത് നില്‍ക്കുന്ന ചിലരുണ്ട്. അവരാണ് ആരു ഭരിക്കണമെന്ന്  തീരുമാനിക്കുന്നത്. നമ്മള്‍ വിചാരിക്കും ഈ വരമ്പത്ത് നില്‍ക്കുന്നവര്‍ വീര ശൂര പരാക്രമികളും മഹാ ബുദ്ധിശാലികളും ആണെന്ന്. അല്ല. അവര്‍ പച്ചപ്പാവങ്ങള്‍ ആണ്. അയിലക്കറി കൂട്ടി മടുക്കുമ്പോള്‍ മത്തിക്കറിയോടു ഇഷ്ടം തോന്നുന്ന മഹാ പാവങ്ങള്‍. മറ്റൊരു മീനും കിട്ടാനില്ലാത്തപ്പോള്‍ അയിലയും മത്തിയും മാറി മാറി കൂട്ടുക എന്നതിലപ്പുമുള്ള ഒരു പോളിസിയും അവര്‍ക്കില്ല.


സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും മുരളിയുടെ കാര്യത്തില്‍ എനിക്ക് അല്പം താല്പര്യം ഉണ്ട്. കുറച്ചു കാലത്തേക്ക് അലമ്പൊന്നും ഉണ്ടാക്കാതെ നില്‍ക്കണമെന്ന് ഞാന്‍ മുമ്പ് ഉപദേശിച്ചതാണെങ്കിലും മത്സരിക്കാന്‍ അവസരം വന്നാല്‍ വേണ്ടെന്നു വെക്കരുത് എന്ന് തന്നെയാണ് എന്റെ അഫിപ്രായം. യു ഡി എഫിന്റെ കേരളത്തിലെ ഏറ്റവും ഉറച്ച ഷുവര്‍ സീറ്റുകളില്‍ ഒന്നാണ് വള്ളിക്കുന്ന്. പുതുതായി ഉണ്ടായ ഈ മണ്ഡലത്തില്‍ മുരളി മത്സരിക്കണമെന്നതാണ് എന്റെ ആഗ്രഹം. കുഞ്ഞാലിക്കുട്ടി വിചാരിച്ചാല്‍ അത് നടക്കും. തൊണ്ണൂറ്റി അഞ്ചില്‍ ലീഗിന്റെ സിറ്റിംഗ് സീറ്റ്‌ കൊടുത്ത് എ കെ ആന്റണിയെ മുഖ്യമന്ത്രിയായി വിജയിപ്പിച്ച പാരമ്പര്യം ഈ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കുണ്ട്. (പഴയ തിരൂരങ്ങാടി മണ്ഡലം). വള്ളിക്കുന്നില്‍ ഇപ്പോള്‍ തന്നെ മുരളിയെ സ്വാഗതം ചെയ്തു കൊണ്ട് പോസ്റ്ററുകള്‍ വന്നു കഴിഞ്ഞു. (എന്റെ ബ്ലോഗുകളാണ് ഇതിന് പിന്നിലെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്!!  ഞാന്‍ അത്തരക്കാരനല്ല എന്ന് ഉണര്‍ത്തട്ടെ. അല്പം ഡീസന്റ് ആണ് ). എനിക്ക് വോട്ടില്ല എന്നത് മാത്രമാണ് ഒരു സങ്കടം. എന്നാലും എന്റെ ഭാര്യയുടെ വോട്ടെങ്കിലും മുരളിക്ക് ചെയ്യിപ്പിച്ചു ഞാന്‍ ആ വിഷമം തീര്‍ക്കും.

ഈ ഇലക്ഷന്‍ കാലത്ത് കേട്ട ഏറ്റവും നല്ല വാര്‍ത്തകളില്‍ ഒന്ന് ഇനി മത്സരിക്കാന്‍ ഇല്ല എന്ന വീരേന്ദ്രകുമാറിന്റെ പ്രസ്താവനയാണ്. മത്സരിക്കാന്‍ ഷുവര്‍ സീറ്റ് ലഭിക്കാനും ജയിച്ചാല്‍ മന്ത്രിയാകാനും ഏറ്റവും സാധ്യതയുള്ള നേതാവാണ്‌ വീരന്‍. വായുഗുളിക കഴിച്ച് കട്ടിലില്‍ മലര്‍ന്നു കിടക്കേണ്ട ഗൌരിയമ്മ പോലും മത്സരിക്കാന്‍ ഒരുങ്ങുന്ന ഇക്കാലത്ത് ചെറുപ്പക്കാര്‍ക്ക് വേണ്ടി വഴി മാറുന്നു എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ വലിയ ആവേശമാണ് നല്‍കുന്നത്. വീരേന്ദ്രകുമാരില്‍ നിന്ന് കടല്ക്കിഴവന്മാരും കിഴവികളുമായ നമ്മുടെ നേതാക്കള്‍ക്ക് ഒട്ടേറെ പഠിക്കാനുണ്ട് എന്ന് പറയാതെ വയ്യ.

ലെറ്റ്‌ മി കണ്‍ക്ലൂഡേ.. .റിസള്‍ട്ട് എന്തായിരിക്കുമെന്ന് ഏതാണ്ട് എല്ലാവര്‍ക്കും അറിയാം. മുഖ്യമന്ത്രി ചാണ്ടി തന്നെയാവുമോ അതോ ചെന്നിത്തല അടിച്ചെടുക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. ഇവര്‍ തമ്മില്‍ ഒരു തര്‍ക്കം ഉണ്ടാകുന്ന പക്ഷം കലക്ക് വെള്ളത്തില്‍ മഞ്ഞളേട്ട കേറി വരുന്നത് പോലെ (എന്റെ മനസ്സിലൊരു ലഡ്ഡു പൊട്ടിച്ചു കൊണ്ട്) അത് മുരളിയുടെ കാലില്‍ വന്നു വീഴുമോ എന്നും കണ്ടറിയണം. മത്സരിക്കാന്‍ അവസരം വന്നാന്‍ വേണ്ടെന്നു പറയരുത് എന്ന് മുരളിയേട്ടനെ ഞാന്‍ ഉപദേശിക്കുന്നതിന്റെ ഗുട്ടന്‍സ് ഈ 'മഞ്ഞളേട്ട തിയറി'യില്‍ ആണ് കിടക്കുന്നത്. ഒരു കൊമേര്‍ഷ്യല്‍ ബ്രേക്ക് കഴിഞ്ഞു നമുക്ക് വീണ്ടും കാണാം.Stay Tuned.

മ്യാവൂ:- ചിരി ആരോഗ്യത്തിന് നല്ലതാണല്ലോ. വള്ളിക്കുന്ന് മണ്ഡലത്തിലെ ചേളാരിയില്‍ ഇന്ന് ഞാന്‍ കണ്ട ഒരു പോസ്റ്റര്‍. കുഞ്ഞാലിക്കുട്ടിയുടെ മുഴുനീള ഫോട്ടോ. അടിക്കുറിപ്പ് ഇങ്ങനെ.. കടല്‍ നീന്തിക്കടന്ന കുഞ്ഞാലിക്കുട്ടിയെ പുഴ കാട്ടി പേടിപ്പിക്കരുത്.