ജനകോടികളുടെ വിശ്വസ്ത ബ്ലോഗര്‍

അങ്ങനെ അതും സംഭവിച്ചു. ലോകത്തെ കോടിക്കണക്കിനു വരുന്ന വള്ളിക്കുന്ന് ഡോട്ട് കോം ഫാന്സുകാരുടെ ജീവിതാഭിലാഷം തിരുവനന്തപുരം പ്രസ്‌ ക്ലബ്ബില്‍ പൂവണിഞ്ഞു. Super Blogger 2010 ആയി മഹാനായ ഞാന്‍ കവി ഡി വിനയചന്ദ്രനില്‍ നിന്നും അവാര്‍ഡ്  ഏറ്റു വാങ്ങി. സൂപ്പര്‍ താരം പ്രിഥ്വിരാജിനെ (സോറി, അമ്മ മല്ലിക സുകുമാരനെ) സാക്ഷി നിര്‍ത്തി ഈ അവാര്‍ഡ് വാങ്ങിയതോടെ കൂടുതല്‍ വിനയാന്വിതന്‍ ആവാനുള്ള തീരുമാനത്തില്‍ ആണ് ഞാന്‍. ലോകത്തിന്റെ പല കോണുകളിലും വള്ളിക്കുന്ന് ഫാന്‍സ്‌ അസോസിയേഷനുകള്‍ ഉണ്ടാക്കാനുള്ള തകൃതിയായ ഒരുക്കങ്ങള്‍ ഉണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്.



ഫാന്സുകാരോട് എനിക്കൊരു അഭ്യര്‍ത്ഥനയുണ്ട്. മോഹന്‍ലാല്‍, മമ്മുട്ടി, പ്രിഥ്വി തുടങ്ങിയവരുടെ ഫാന്സുമായി നമ്മള്‍ ഒരിക്കലും ഒടക്കാന്‍ നില്‍ക്കരുത്. അതെനിക്ക് ഇഷ്ടമല്ല. എന്നോടുള്ള സ്നേഹം മൂലം അവരുടെ പോസ്റ്ററുകള്‍ കീറുകയോ അടിച്ചു പൊളിക്കുകയോ ചെയ്യരുത്. എന്റെ പേരില്‍ വെക്കുന്ന കട്ടൌട്ടുകളും ബാനറുകകളിലും ഒരുകാരണവശാലും മറ്റുള്ളവരെ പരിഹസിക്കുന്ന പരാമര്‍ശങ്ങള്‍ പാടില്ല. നമ്മള്‍ ഏറ്റവും കൂടുതല്‍ വിനയം കാണിക്കേണ്ട ഒരു സന്ദര്‍ഭം ആണിത്. ഒരു കാര്യം കൂടി പ്രത്യേകം ശ്രദ്ധിക്കണം. ഒരു ബ്ലോഗറേയും ചീത്ത വിളിക്കരുത്!!. പലരും പ്രകോപിപ്പിക്കാന്‍ ശ്രമിക്കും. നമ്മള്‍ അതിലൊന്നും വീണുപോകരുത്.. .



ഈ അവാര്‍ഡിന് പിന്നില്‍ കള്ളക്കളികള്‍ ഉണ്ട് എന്ന വിക്കിലീക്സ് വെളിപ്പെടുത്തല്‍ വ്യാജമാണ്. ബൂലോകം ഓണ്‍ലൈന്‍ സ്ഥാപകന്‍ ഡോക്ടര്‍ ജെയിംസ് ബ്രൈറ്റ്, പ്രധാന ഭാരവാഹികള്‍ ആയ ഡോക്ടര്‍ മോഹന്‍ ജോര്‍ജ്, കാപ്പിലാന്‍, ജിക്കു വര്‍ഗീസ്‌ തുടങ്ങിയരുമായുള്ളതെന്ന് അവകാശപ്പെട്ടുകൊണ്ട്‌ വിക്കി വെളിപ്പെടുത്തിയ എന്റെ രഹസ്യ സന്ദേശങ്ങള്‍ വ്യാജമാണ്. അതില്‍ ഫാന്‍സുകാര്‍ വഞ്ചിതര്‍ ആവരുത്. എനിക്ക് ഈ അവാര്‍ഡ് നല്‍കിയതോടെ ഇനി ബൂലോകം ഓണ്‍ലൈനിന് കുതിച്ചു കയറ്റത്തിന്റെ നാളുകള്‍ ആയിരിക്കും. ഇപ്പോള്‍ തന്നെ അവരുടെ സൈറ്റില്‍ ബ്ലോഗര്‍മാരുടെ വന്‍ തള്ളിക്കയറ്റമാണ് ഉള്ളത്. അനുദിനം ഹിറ്റുകള്‍ കൂടിക്കൊണ്ടിരിക്കുന്നു.  ഈ അവാര്‍ഡിന് പിന്നില്‍ മല്ലിക സുകുമാരന്റെ ബ്ലോഗിന് കിട്ടിയ  പബ്ലിസിറ്റി കണ്ടു ഇപ്പോള്‍ ബ്ലോഗില്ലാത്ത താരങ്ങള്‍ ബൂലോകത്തില്‍ ഇടിച്ചു കയറുന്നുണ്ട് എന്നാണു കേള്‍വി. ഈ ജിക്കു ഒരു വല്ലാത്ത വെളവന്‍ തന്നെ.. (ഫോട്ടോയില്‍ മല്ലിക സുകുമാരന് ലാപ്ടോപ്പില്‍ കാര്യങ്ങള്‍ ശരിയാക്കി കൊടുക്കുന്ന പതിനെട്ടു വയസ്സുകാരന്‍ പയ്യന്‍. ) 




കുഞ്ഞൂസിനു ഒരു അഭിമുഖം ഞാന്‍ കൊടുത്തിട്ടുണ്ട് . ഇനിയും അഭിമുഖം ആവശ്യമുള്ളവര്‍ എത്രയും പെട്ടെന്ന് ബന്ധപ്പെടണം. ബൂലോകം ഓണ്‍ലൈന്‍  ഉടമകളോട് ഒരഭ്യര്‍ത്ഥന. പതിനായിരം രൂപ അവാര്‍ഡായി നല്‍കിയതില്‍ സന്തോഷമുണ്ട്. എന്നാലും  ജിദ്ദയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന ടിക്കറ്റ് ഇനത്തില്‍ ഇരുപത്തയ്യായിരം രൂപ എനിക്ക് ചിലവായിട്ടുണ്ട്. അതുകൊണ്ട് ചുരുങ്ങിയത് പതിനയ്യായിരം രൂപയെങ്കിലും ഉടനെ മണി ഓര്‍ഡര്‍ ആയി അയച്ചു തരണം.


കമന്റ്‌ കോളത്തില്‍ എഴുതുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ഒരു കാരണവശാലും എന്നെ വിമര്‍ശിക്കുന്ന ഒരക്ഷരവും എഴുതിപ്പോകരുത്!!!. എന്റെ ഫാന്‍സുകാര്‍ ഇളകിവശായാല്‍ എനിക്ക് പോലും അവരെ നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ എന്നെ പുകഴ്ത്തുന്നതിനു യാതൊരുവിധ അതിര്‍വരമ്പുകളും ഇല്ല എന്ന് കൂടി അറിയിക്കുന്നു. മുരളിയെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടു എഴുതിയ കഴിഞ്ഞ പോസ്റ്റില്‍ വന്നു അഭിനന്ദിച്ചവര്‍ വീണ്ടും അതേ വാചകങ്ങള്‍ ഈ പോസ്റ്റിലും കട്ട്‌ & പേസ്റ്റ് ചെയ്യുവാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.