മുരളിയെ തിരിച്ചെടുക്കൂ, ഇനിയെങ്കിലും

ലീഡര്‍ പോയതോടെ ഇനി മുരളിക്ക് വേണ്ടി ശുപാര്‍ശ ചെയ്യാന്‍ ആരുമില്ല. ഇനി ആ ഉത്തരവാദിത്വം ലീഡറുടെ തണലില്‍ വളര്‍ന്ന നേതാക്കന്മാര്‍ക്കാണുള്ളത്. ഐ മീന്‍.. രമേശ്‌ ചെന്നിത്തല, വയലാര്‍ രവി, എ കെ ആന്റണി, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ക്ക്. ഇതില്‍ ആര് മുന്‍കൈ എടുത്തിട്ടാണെങ്കിലും വേണ്ടില്ല മുരളിയേട്ടനെ  കോണ്‍ഗ്രസ്സില്‍ എടുക്കണം. അത് മണ്മറഞ്ഞ ലീഡറുടെ ആത്മാവിനോട് ചെയ്യുന്ന  ഏറ്റവും വലിയ ആദരവായിരിക്കും.


മരിച്ചാല്‍ നല്ലത് പറയുക എന്നത് നാട്ടു നടപ്പാണ്. സുകുമാര്‍ അഴീക്കോട് അടക്കം പല പ്രമുഖരും കെ കരുണാകരന്‍ എന്ന ലീഡറെ വാനോളം പുകഴ്ത്തിയപ്പോള്‍ ആരും ഞെട്ടാതിരുന്നത് അത് കൊണ്ടാണ്. അദ്ദേഹം ജീവിച്ചിരുന്നപ്പോഴായിയിരുന്നു അഴീക്കോട്‌ മാഷ്‌ ഈ വാക്കുകള്‍ പറഞ്ഞതെങ്കില്‍ ലീഡറടക്കം ബോധം കെട്ട് വീഴുമായിരുന്നു. കഞ്ഞി കൊടുക്കാതെ കൊന്നിട്ട് പാല്‍പായസം തലയിലൊഴിച്ചു കൊടുക്കുക എന്നൊരു ചൊല്ലുണ്ട്. നമ്മുടെ നാട്ടില്‍ ഇങ്ങനെ പാല്‍പായസം ഉണ്ടാക്കുന്നവരാണ് കൂടുതല്‍ ഉള്ളത്. അതവിടെ നിക്കട്ടെ. ഞാന്‍ പറഞ്ഞു വന്നത് മുരളിയുടെ കാര്യമാണ്.
   
മുരളിക്ക് വേണ്ടി ഞാന്‍ വാദിക്കുന്നത് എനിക്കെന്തെങ്കിലും അദ്ദേഹത്തില്‍ നിന്ന് നേടിയെടുക്കാന്‍ വേണ്ടിയല്ല. അദ്ദേഹം എന്റെ അമ്മായിയുടെ മകനുമല്ല. എന്നാലും മുരളിയില്‍ ഒരു ലീഡറുണ്ട്. കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ ഇല്ലാത്തത് അതാണ്‌ താനും. ലീഡറുടെ മരണം സൃഷ്‌ടിച്ച ഒരു സഹതാപ തരംഗത്തിന്റെ പുറത്താണ് ഞാന്‍ ഇത് എഴുതുന്നത്‌ എന്ന് കരുതിയെങ്കില്‍ നിങ്ങള്ക്ക് തെറ്റി. മുരളിയെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് ലീഡറുള്ള കാലത്തും ഞാന്‍ എഴുതിയിട്ടുണ്ട് . ഒരിക്കലല്ല, പല തവണ . മൂന്ന് രൂപയുടെ ഒരു മെമ്പര്‍ഷിപ്പ്‌ ചോദിച്ച ആ പാവത്തിനെ കാലമേറെയായി  കോണ്‍ഗ്രസിന്റെ താക്കോല്‍ സൂക്ഷിപ്പുകാര്‍ തട്ടിക്കളിക്കുന്നു. വേള്‍ഡ് കപ്പ് ഫുട്ബാളില്‍ പോലും ഇതുപോലൊരു തട്ടിക്കളി കണ്ടിട്ടില്ല. ഇനിയെങ്കിലും കോണ്ഗ്രസ് നേതാക്കള്‍ പിടിവാശി മാറ്റണം.



മുരളിക്ക് ഗുണങ്ങളും ദോഷങ്ങളും ഉണ്ടാവാം. എല്ലാം തികഞ്ഞ ഒരെണ്ണത്തിനെ കോണ്ഗ്രസ്സില്‍ കാണിച്ചു തരാന്‍ പറ്റുമോ? ഉണ്ണിത്താനും കല്‍മാഡിക്കും മെമ്പര്‍ഷിപ്പ്‌ കൊടുക്കാമെങ്കില്‍ പിന്നെ ആര്‍ക്കെങ്കിലും അത് നിഷേധിക്കുന്നതില്‍ എന്താണ് അര്‍ത്ഥം?. എന്റെ അഭിപ്രായത്തില്‍ മുരളി ഒരു ശുദ്ധനാണ്. വായില്‍ വന്നത് അപ്പപ്പോള്‍ പറയും!. ഒന്നും നാളേക്ക് വെച്ചേക്കില്ല. 'നിന്നെ ഞാന്‍ കാണിച്ചു തരാമെടാ' എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് 'ഹൌ ആര്‍ യു ഡാര്‍ലിംഗ്' എന്ന് ചോദിക്കാന്‍ പഠിച്ചവര്‍ക്ക് മാത്രമേ രാഷ്ട്രീയത്തില്‍ വെച്ചടി വെച്ചടി കയറിപ്പോകാന്‍ പറ്റൂ.. ഈയൊരു തന്ത്രമാണ് മുരളി ഇനിയും സ്വായത്തമാക്കേണ്ടത്.  

കണ്ണടക്കുന്നതിനു മുമ്പ് മുരളിയെ കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തിക്കുക എന്നത് ലീഡറുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു. പലരോടും അദ്ദേഹം പല വട്ടം ശുപാര്‍ശ ചെയ്തു നോക്കി. പലരുടെയും കാലു പിടിച്ചു.. താഴാവുന്നതിലേറെ താണു. ആരും തിരിഞ്ഞു നോക്കിയില്ല. "ലീഡര്‍ ഞങ്ങളുടെ എല്ലാമെല്ലാമാണ്, കോണ്ഗ്രസ്സിന്റെ ആത്മാവാണ്, കാണപ്പെട്ട ദൈവമാണ്, മണ്ണാങ്കട്ടയാണ്" എന്നൊക്കെ കഴിഞ്ഞ നാല്‍പത്തിയെട്ടു മണിക്കൂറായി ചറപറാ പറഞ്ഞു കൊണ്ടേയിരിക്കുന്ന ഒരെണ്ണം ലീഡറുടെ വാക്ക് കേട്ടിരുന്നില്ല. അദ്ദേഹത്തിന് പുല്ലുവില കല്പിച്ചിരുന്നില്ല. ആ വിഷമമെല്ലാം ഉള്ളിലൊതുക്കി ലീഡറെ അന്ത്യശ്വാസം വലിക്കാന്‍ ഇടയാക്കിയവര്‍ക്ക് പ്രായശ്ചിത്തം ചെയ്യാനുള്ള ഒരവസരമാണ് ഇത്. ലീഡര്‍ക്ക്  നല്‍കാവുന്ന ഏറ്റവും നല്ല മരണാന്തര ബഹുമതി ആയിരിക്കും മുരളിയെ തിരിച്ചെടുക്കുക എന്നത്. ജസ്റ്റ് റിമംബര്‍ ദാറ്റ്‌!!..