നെറ്റിലും ഇമെയിലുകളിലും ഷാഹിനയാണ് പുതിയ താരം. ഇന്ന് തന്നെ പത്തോളം ഇമെയിലുകള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. മൊയ്തുവിന്റെ അനുഭവം വരേണ്ട എന്ന് കരുതി ഞാന്‍ എല്ലാം ഡിലീറ്റ് ചെയ്തു!!. (എന്റെ ഇമെയില്‍ ബോക്സില്‍ നിന്ന് ഫോര്‍വേഡ് ബട്ടന്‍ ഒഴിവാക്കിത്തരണം എന്ന് ഞാന്‍ ജിമെയിലിനോട് ആവശ്യപ്പെടാന്‍ പോവുകയാണ്!!) കര്‍ണാടക പോലീസ് ഉണ്ടാക്കിയ ഇഞ്ചിത്തോട്ടം കേസില്‍ മഅദനിക്കെതിരെ 'സാക്ഷി പറഞ്ഞ' രണ്ടു പേരെ ഷാഹിന ഇന്റര്‍വ്യൂ ചെയ്തു. രണ്ടു പേരും സാക്ഷി മൊഴികള്‍ നിഷേധിച്ചു. മഅദനി കുടകില്‍ എത്തിയത് കണ്ടു എന്ന് മൊഴി കൊടുത്തത് പോലീസ് സമ്മര്‍ദ്ദത്താലാണെന്ന് 'പ്രധാന സാക്ഷിയായ' റഫീഖ് പറഞ്ഞതായി ഷാഹിന തെഹല്‍കയില്‍ എഴുതി. തന്നെ വൈദ്യുതി ഷോക്കടിപ്പിച്ചു പറയിപ്പിച്ചതായിരുന്നു അതെന്നാണത്രേ റഫീഖ് പറഞ്ഞത്!!!. മറ്റൊരു സാക്ഷിയായ യോഗാനന്ദിന് താന്‍ മഅദനി കേസില്‍ സാക്ഷിയാണെന്ന കാര്യം പോലും അറിയില്ലെന്നും ഷാഹിന എഴുതി. (Tehelka, Dec 4, 2010)
കര്‍ണാടക പോലീസിനു ചൂടാകാന്‍ വേറെ വല്ല കാരണവും വേണോ?..സമാവറില്‍ വെള്ളം തിളക്കുന്നത് പോലെ അവര്‍ തിളച്ചു മറിഞ്ഞു. ഷാഹിനയെത്തന്നെ ടെററിസ്റ്റ് ആക്കാനുള്ള പരിപാടിയിലാണത്രേ അവരിപ്പോള്‍. ഐ പി സി 506 വകുപ്പ് പ്രകാരം തനിക്കെതിരെ കര്‍ണാടക പോലീസ് കേസ് ഫയല്‍ ചെയ്തതായി ഷാഹിന ഇന്നലെയാണ് ഫേസ് ബുക്കില്‍ എഴുതിയത് . അതിനെത്തുടര്‍ന്ന് ഷാഹിനയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള സന്ദേശങ്ങളും മെയിലുകലുമാണ് ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ പറന്ന് നടക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങളില്‍ ഇത് വാര്‍ത്തയാവുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്.
ഷാഹിനയെന്ന മുസ്ലിം പേര് തന്നെ വല്ലാതെ വേട്ടയാടുന്നുണ്ടെന്ന് ഒരിക്കല്‍ ഷാഹിന എഴുതിയിട്ടുണ്ട്. The heaviness of a Muslim name could make life miserable in Delhi. No matter whether you follow religion, religion will definitely follow you. എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസില്‍ വന്ന ഒരു ലേഖനത്തില്‍ ഷാഹിന പറഞ്ഞത്. 'നാട്ടുപച്ച' ഈ ലേഖനം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി (വിജയന്‍ പുല്‍പള്ളി) നല്‍കിയിട്ടുണ്ട്. മുസ്ലിം ഐഡന്റിറ്റി തനിക്കില്ലെന്നു കാണിക്കാന്‍ ഒരു ശബാന ആസ്മി ലൈനില്‍ വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുള്ള ആളാണ് ഷാഹിന. വേഷത്തിലോ രൂപത്തിലോ 'മുസ്‌ലിം ടച്ച്' വരാതിരിക്കാന്‍ പരമാവധി അവര്‍ ശ്രമിക്കാറുണ്ട്. "കൗമാര കാലത്ത് തന്നെ മതപരമായ എല്ലാ കെട്ടുപാടുകളില്‍ നിന്നും മുക്തി നേടിയവളാണ്" താനെന്നാണ് ഷാഹിന പ്രഖ്യാപിച്ചത് . ജന്മം കൊണ്ട് ഹിന്ദുവായ രാജീവിനെ ജീവിത പങ്കാളിയാക്കിയതും കുഞ്ഞ് ജനിച്ചപ്പോള്‍ അവനു 'അന്‍പ്' എന്ന് പേരിട്ടതും ജനന റെജിസ്റ്ററില്‍ മതം എന്ന കോളം പൂരിപ്പിക്കാതെ വിട്ടതുമെല്ലാം ഒരു നല്ല 'ഐഡന്റിറ്റി' കിട്ടുമെന്ന പ്രതീക്ഷയോടെയായിരിക്കണം. പക്ഷെ അതൊന്നും ഷാഹിനയെ സഹായിച്ചില്ല എന്നാണ് പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്. ഷാഹിന എഴുതിയ ഒരു ലേഖനത്തിന്റെ വരികള്‍ ഡല്‍ഹി സ്ഫോടനം നടത്തിയ ചില ഭീകരവാദികളുടെ ഇമെയില്‍ സന്ദേശത്തില്‍ ഉദ്ധരിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ ആണ് ഷാഹിന ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതിയത്.
മ്യാവൂ: ഇന്ത്യന്‍ മാധ്യമ രംഗത്തെ സല്‍മാന്‍ ഖാനും ഐശ്വര്യ റായിയും ആയിരുന്ന വീര്‍ സാംഗ്വിയും ബര്‍ക്ക ദത്തയും അധികാരത്തിന്റെ ഇടനാഴികകളില്‍ നടത്തിയ നാണം കേട്ട പിമ്പ് പണി മറച്ചു വെക്കാന്‍ ഏറെ പാടുപെട്ടവരാണ് ഇന്ത്യന്‍ ദേശീയ മാധ്യമങ്ങള്‍ . കുരച്ച് ശൌര്യം കാണിക്കേണ്ട കാവല്‍ നായ്ക്കള്‍ കള്ളന്റെ കാലു നക്കുന്നത് കാണുമ്പോഴുള്ള സങ്കടമായിരുന്നു അത്തരമൊരു തമ്സകരണം എന്റെ മനസ്സില്‍ സൃഷ്ടിച്ചത്. ഷാഹിനയുടെ കാര്യത്തില്‍ പ്രതിഷേധം ഉയര്‍ത്താതെ മൗനം പാലിക്കുന്ന മാധ്യമസമൂഹത്തെ കാണുമ്പോഴും അത്തരമൊരു സങ്കടമുണ്ട്. കണ്ണേ മടങ്ങുക... Follow up Story: ഷാഹിന: വാര്‍ത്തയെ കൊല്ലുന്ന വിധം.
(ഈ പോസ്റ്റ് പുനപ്രസിദ്ധീകരിച്ച ചന്ദ്രിക (2 Dec 2010) ദിനപത്രത്തിന് നന്ദി)