ബ്ലോഗ് മോഷ്ടാക്കളോട് ഒരു റിക്വസ്റ്റ്

ബ്ലോഗ്‌ മോഷണം ഇപ്പോള്‍ ഒരു വിഷയമേ അല്ല. ‘അമേരിക്കക്കാര്‍ ചായ കുടിക്കുന്ന പോലെയുള്ള’ ഒരു റൊട്ടീന്‍ പരിപാടിയായി അത് മാറിയിട്ടുണ്ട്. എന്റെ ബ്ലോഗുകള്‍ പലരുടെയും പേരില്‍ പാറി നടക്കുന്നത് കാണുമ്പോള്‍  മുമ്പൊക്കെ എനിക്ക് കണ്ട്രോള്‍ പോയിരുന്നു . ഇപ്പോള്‍ അങ്ങനെയല്ല. സഖാവ് വി എസ്സിനെപ്പോലെ എല്ലാം സഹിച്ചും ക്ഷമിച്ചും കഴിയാന്‍ ഞാന്‍ പഠിച്ചു കഴിഞ്ഞു. എത്ര വലിയ മോഷണം കണ്ടാലും കുന്തം വിഴുങ്ങിയ പെരുച്ചാഴിയെപ്പോലെ (അങ്ങനെയൊരു പ്രയോഗം ഇല്ലെങ്കില്‍ ക്ഷമിക്കുക) സ്റ്റഡിയായി നില്‍ക്കാന്‍ എനിക്ക് കഴിയും.

പക്ഷേ എന്റെ സുഹൃത്തുക്കളില്‍ പലരും അങ്ങനെയല്ല. അവര്‍ മോഷണം കണ്ടാല്‍ ഉടന്‍ പ്രതികരിക്കും. കലാകൌമുദി വാരികയില്‍ അക്ഷര ജാലകം എന്ന ജനപ്രിയ പംക്തി കൈകാര്യം ചെയ്യുന്ന എം കെ ഹരികുമാറിന് നൗഷാദ്‌ കുനിയില്‍ ഒരു ഇമെയില്‍ അയച്ചു. സി സി എനിക്കും. അത് ഇങ്ങനെയാണ്.

"പ്രിയപ്പെട്ട ഹരികുമാര്‍ സാറിനു,
ഹൃദ്യമായ ഈദ്   മുബാറക്!
മലയാള സാഹിത്യത്തിലെ പുതുപ്രവണതകളെയും മലയാളത്തിനു പുറത്തുള്ള സാഹിത്യലോകത്തെ ചലനങ്ങളെയും അതിന്റെ വികാസ പരിണാമങ്ങളെയും സസൂക്ഷ്മം നിരീക്ഷിക്കുന്ന ,   ക്രീമിലെയര്‍ സാഹിത്യകാരെ മാത്രം വിലയിരുത്തുകയോ, സ്തുതിപാഠകന്റെ സൃഷ്ടികളുടെ പുറം മാത്രം ചൊറിയുകയോ ചെയ്യുന്ന സാമ്പ്രദായിക മലയാളി സാഹിത്യ നിരൂപണ ദുരന്തത്തിലെ ഒരു അപവാദമാണ് താങ്കളുടെ 'അക്ഷര ജാലകം' പംക്തി. കലാകൌമുദി കയ്യില്‍ കിട്ടിയാല്‍ ആദ്യം
തിരയുന്നതും, വായിക്കുന്നതും അക്ഷരജാലകം തന്നെയാണ്........

മാഷേ,
കലാകൌമുദിയുടെ, നവംബര്‍ ഏഴിലെ  അക്ഷരജാലകത്തില്‍ മുകേഷ് അംബാനിയുടെ പുതിയ വീടുമായി ബന്ധപ്പെട്ടു താങ്കള്‍ക്കു ലഭിച്ച ഒരു കുറിപ്പിനെ വളരെ പ്രാധാന്യപൂര്‍വ്വം താങ്കള്‍ വിലയിരുത്തിയല്ലോ. അതില്‍ ഈ കുറിപ്പ് എഴുതി, അയച്ചു തന്നത് എഴുത്തുകാരനും,  പ്രവാസിയുമായ ഓ. എം. അബൂബക്കര്‍ ആണെന്ന് പറയുന്നുണ്ട്. തീര്‍ച്ചയായും അദ്ദേഹം താങ്കളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഉണ്ടായത്. യഥാര്‍ത്ഥത്തില്‍ ... ശ്രീ ബഷീര്‍ വള്ളിക്കുന്ന് അദ്ധേഹത്തിന്റെ ബ്ലോഗില്‍ (www.vallikkunnu.com) കഴിഞ്ഞ ഒക്ടോബര്‍ 16  നു പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണിത്. ബഷീറിന്റെ ഒരു ബ്ലോഗു രചന പുതിയ ലക്കം മാതൃഭൂമി വാരികയിലെ 'ബ്ലോഗന'യില്‍ വന്നിട്ടുണ്ട്. മുകേഷ് അംബാനിയുടെ തട്ടുകടയെക്കുറിച്ചു. .. ഈ എഴുത്തുകാരന്‍ എഴുതിയ കുറിപ്പ് http://www.vallikkunnu.com/2010/10/blog-post_16.html#more  എന്ന linkല്‍ വായിക്കാവുന്നതാണ്.

cut & paste ന്റെ പുതിയ കാലത്ത്, അന്യന്റെ കുട്ടിയുടെ പിതൃത്വം അവകാശപ്പെടുവാന്‍ മത്സരിക്കുന്ന അല്പ്പന്മാരുടെ ഒരു കാലസന്ധിയില്‍  ആദരണീയനായ ഹരിസാര്‍ കബളിപ്പിക്കപ്പെട്ടുകൂട. ആഴ്ചതോറും മലയാളീ സാഹിത്യകുതുകികള്‍ അക്ഷമരായി കാത്തിരിക്കുന്ന അക്ഷരജാലകത്തെ തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയും എന്ന് പ്രതീക്ഷിക്കുന്നു.  ഒരു പാടു നന്ദി... ഒത്തിരി ആശംസകള്‍!
സസ്നേഹം, നൌഷാദ് കുനിയില്‍ "

നൗഷാദിന്റെ മെയില്‍ കിട്ടിയപ്പോഴാണ് ഞാന്‍ ഇതൊക്കെ അറിയുന്നത്. (എം കൃഷ്ണന്‍ നായര്‍ മരിക്കുന്നത് വരെ ഞാന്‍ കലാകൌമുദി സ്ഥിരമായി വായിച്ചിരുന്നു. അദ്ദേഹത്തിന്റെ സാഹിത്യവാരഫലം എന്ന പംക്തിയുടെ ഒരു അഡിക്റ്റ് ആയിരുന്നു അക്കാലത്ത് ഞാന്‍ എന്ന് പറയാം. ഇപ്പോള്‍ വിദേശത്തായതിനാല്‍ കലാകൌമുദി സ്ഥിരമായി കിട്ടാറില്ല). നൗഷാദിന്റെ മെയില്‍ കിട്ടിയിട്ടില്ലെങ്കില്‍ ഒ എം അബൂബക്കര്‍ എന്ന മഹാനായ സാഹിത്യകാരനെക്കുറിച്ച് ഞാന്‍ അറിയാതെ പോയേനെ. ഷേക്സ്പിയറെ അറിയാത്ത സായിപ്പ്‌ എന്ന് പറയുന്നപോലെ ഒ എം അബൂബക്കറെ അറിയാത്ത മലയാളി എന്ന് പറഞ്ഞാല്‍ അതിലും വലിയ നാറ്റക്കേസ് വേറെയുണ്ടോ?.


എന്റെ കണ്ട്രോള് പോയി എന്ന് കരുതരുത്. അംബാനിയുടെ തട്ടുകട റെഡി ഞാന്‍ പോസ്റ്റ് ചെയ്തതിന്‍റെ പിറ്റേ ദിവസം ചന്ദ്രിക ദിനപത്രത്തിന്റെ ഫ്രന്റ്‌ പേജില്‍ ഈ പോസ്റ്റിലെ പല ഭാഗങ്ങളും പകര്‍ത്തി ഒരു ഫീച്ചര്‍ ആയി വന്നിരുന്നുവെന്ന് എന്‍റെ സുഹൃത്തും ബ്ലോഗറുമായ കൂതറ ഹാഷിം (കൂതറ എന്‍റെ വകയല്ല, പുള്ളിയുടെ ബ്ലോഗ്‌ അഡ്രസ്‌ തന്നെ അതാണ്‌!!) അറിയിച്ചിരുന്നു. തെളിവിനായി അതിന്റെ ഫോട്ടോയെടുത്ത് എനിക്ക് അയക്കുകയും ചെയ്തു. മോഷണം കണ്ടാല്‍ ഒരു തരം നിസ്സംഗ ഭാവം (ജീവപര്യന്തം കഴിഞ്ഞ തടവുപുള്ളിയുടെ നിസ്സംഗതയില്ലേ, ഏതാണ്ട് അത് പോലത്തെ ഒന്ന്)  ഞാന്‍ ശീലിച്ചതിനാല്‍ “ചന്ദ്രികയല്ലേ, വിട്ടുകള ഹാഷിമേ” എന്ന് ഞാന്‍ പറഞ്ഞു. ഹാഷിം എന്നോട് പിണങ്ങുകയും ചെയ്തു.  മോഷണം നടന്നാല്‍ സഹിക്കാം. എന്നാല്‍ മോഷണ സൃഷ്ടിയെക്കുറിച്ച് മലയാളത്തിലെ എണ്ണം പറഞ്ഞ ഒരു വാരികയില്‍ ആസ്വാദനം വന്നത് കൊണ്ട് മാത്രമാണ് ഈ പോസ്റ്റ്‌ ഇടുന്നത്. ബ്ലോഗ്‌ മോഷ്ടാക്കളോട് ഒരു റിക്വസ്റ്റ്. മോഷ്ടിച്ചോളൂ.. ബ്ലോഗിലും നെറ്റിലും അത് വെച്ച് അടിച്ചു പൊളിച്ചോളൂ.. പക്ഷേ വാരികകളിലേക്ക് റിവ്യൂവിന് വേണ്ടി അയച്ചു കൊടുക്കരുത്. ബ്ലീസ്... ബ്ലീസ്.. 

മ്യാവൂ: നൗഷാദിന്റെ മെയില്‍ കിട്ടിയ സ്ഥിതിക്ക് എം കെ ഹരികുമാര്‍ തന്റെ കോളത്തില്‍ ഒ എം അബൂബക്കര്‍ എന്ന മഹാനായ മോഷ്ടാവിനെക്കുറിച്ച് (സോറി, സാഹിത്യകാരനെക്കുറിച്ച്) രണ്ടു വരി എഴുതും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ പാവം ബ്ലോഗറെക്കുറിച്ച് ഒരു വരിയും.