Comments Box Closed
തെറ്റിദ്ധരിക്കരുത്. ഞാന്‍ മഞ്ഞളാംകുഴി എന്നല്ല എഴുതിയത്. ‘മാഞ്ഞാളംകുഴി’ എന്നാണ്. എന്റെ നാട്ടില്‍ 'മാഞ്ഞാളം' എന്ന് പറഞ്ഞാല്‍ കുട്ടിക്കളി അല്ലെങ്കില്‍ തമാശ എന്നൊക്കെയാണ് അര്‍ഥം. കാര്യങ്ങളൊന്നും സീരിയസ്സായി എടുക്കാതെ ഒരുമാതിരി ഇന്ദ്രന്‍സിന്റെ കളി കളിച്ചു നടക്കുന്നവരെ മാഞ്ഞാളം കളിക്കുന്നവന് എന്നാണു പറയുക. അങ്ങിനെ മാഞ്ഞാളം കളിച്ച് നടക്കുന്നവരെ ഇറക്കാനുള്ള കുഴിയാണ് ‘മാഞ്ഞാളംകുഴി’. ഈ പദം മലയാള ഭാഷയില്‍ ഇല്ലെങ്കില്‍ ഇനിയിറക്കുന്ന ഡിക്ഷ്ണറിയില് എന്റെ വകയായി അത് ചേര്‍ക്കണം എന്ന് ഡി സി രവിയോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. കേരളത്തില്‍ വി എസ്സിനെപ്പോലെ മാഞ്ഞാളം കളിച്ച ഒരു മുഖ്യമന്ത്രി ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. പിണറായിയെപ്പോലെ മാഞ്ഞാളം കളിച്ച ഒരു പാര്‍ട്ടി സെക്രട്ടറിയും. രണ്ടു പേരെയും പൊതുജനം ‘മാഞ്ഞാളംകുഴി’യില്‍ ഇറക്കിയിരിക്കുന്നു.ഈ രണ്ടു പേര്‍ക്കും കിട്ടേണ്ടത് കിട്ടി എന്നേ ഞാന്‍ പറയൂ. അത് കൊടുത്തിട്ടില്ലെങ്കില്‍ മലയാളി മലയാളി ആവില്ല. കൊടുക്കേണ്ടവര്‍ക്ക് അപ്പപ്പോള്‍ കൊടുക്കുക എന്നതാണ് നമ്മുടെ ഒരു രീതി. അക്കാര്യത്തില്‍ നമ്മള് മലയാളികള്‍ മാഞ്ഞാളം കളിക്കാറില്ല. ‘ഇടതു മുന്നണിയുടെ ഭരണത്തിന്റെ വിധിയെഴുത്താവും ഈ തിരഞ്ഞെടുപ്പ് ..ഈ തി ര ഞ്ഞെ ടു പ്പ്..പ്പ്..പ്പ്.” എന്ന് നാല് ദിവസം മുമ്പ് പറഞ്ഞ മുഖ്യന് റിസല്‍ട്ട് വന്നതോടെ മലക്കം മറിഞ്ഞു. ഉളുപ്പില്ലാത്ത ഈ മലക്കം മറിച്ചില്‍ തന്നെയാണ് കഴിഞ്ഞ നാല് കൊല്ലമായി അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവായിരിക്കുമ്പോള് എന്തൊക്കെ പറഞ്ഞുവോ അതില്‍ നിന്നെല്ലാം മലക്കം മറിഞ്ഞാണ് അദ്ദേഹം മിമിക്രി കളിച്ച് നടക്കുന്നത്. യൂ ഡി എഫിന്റെ ഗുണം കൊണ്ടാണ് അവര്‍ക്ക് മലയാളികള്‍ വോട്ട് കൊടുത്തത് എന്ന് ആരും പറയില്ല. കഴുതപ്പുലിക്ക് കൊടുക്കുന്നതിനേക്കാള്‍ നല്ലത് കഴുതയ്ക്ക് കൊടുക്കുന്നതാണ് എന്ന് ജനം കരുതി എന്ന് പറയുന്നതാവും ശരി.
തിരഞ്ഞെടുപ്പിന് ഏതാനും നാള് മുമ്പ് ജമാഅത്തെ ഇസ്ലാമിയുടെ തിരെഞ്ഞെടുപ്പ് രംഗ പ്രവേശത്തെക്കുറിച്ച് ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. മാറ്റത്തിന് ഒരോട്ട് കിട്ടുമോ’ അതല്ല ‘ഒരാട്ട് കിട്ടുമോ’ എന്ന് ഞാനതില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. (ആ സംശയം തീര്‍ന്നു കിട്ടി). ആ പോസ്റ്റ് ജമാഅത്തുകാരെ വല്ലാതെ പ്രകോപിപ്പിച്ചു എന്ന് വേണം കരുതാന്‍. വാദവും പ്രതിവാദവുമായി എഴുനൂറിലേറെ കമന്റുകളാണ് ആ പോസ്റ്റില്‍ വന്നത്. (അവസാനം എനിക്ക് കമന്റ് ബോക്സ് പൂട്ടേണ്ടി വന്നു). മത രാഷ്ട്രവാദത്തിന്റെ അടിത്തറയില്‍ നിന്ന്കൊണ്ട് ഇന്ത്യന്‍ മതേതര ജനാധിപത്യ രീതികളെ അങ്ങേയറ്റം അപഹസിച്ചു നടന്നിരുന്ന ജമാഅത്തെ ഇസ്ലാമി രൂപം മാറി ജനകീയ മുന്നണി ഉണ്ടാക്കി വന്നപ്പോള്‍ മനസ്സില്‍ തോന്നിയ ചില സന്ദേഹങ്ങള്‍ പ്രകടിപ്പിക്കുകയായിരുന്നു ഞാന്‍.
വോട്ടെണ്ണി കഴിയട്ടെ ബാക്കി അപ്പോള്‍ പറയാം എന്നാണു ചില ജമാഅത്ത് സുഹൃത്തുക്കള്‍ വെല്ലുവിളിച്ചിരുന്നത്. ഇന്നലെ ഉച്ചക്ക് ശേഷം അവരെ ഈ വഴി കണ്ടിട്ടില്ല. ഇടി വെട്ടിയവന്റെ മൂര്ദ്ധാവിന് അടിക്കരുത് എന്ന ഒരു പഴംചൊല്ല് ഇല്ല. എന്നാലും നമ്മളൊരു മിനിമം മര്യാദ കാണിക്കണമല്ലോ. അതുകൊണ്ട് ഞാന്‍ ആ പണിക്ക് മുതിരുന്നില്ല. പാവങ്ങള്‍ ജീവിച്ചു പോകട്ടെ. 'ജനകീയം ജാനകി' എന്നൊരു ചെല്ലപ്പേരെങ്കിലും കിട്ടിയല്ലോ. പണ്ടൊരു സര്‍ക്കസ്സില്‍ കാണികള്‍ ആര്‍ത്തു ചിരിക്കുന്നത് കണ്ടപ്പോള്‍ കോമാളിക്ക് ആവേശം കയറി. പയറ്റിത്തെളിഞ്ഞ അഭ്യാസികളെ അനുകരിച്ചു ചില നമ്പറുകള്‍ കാണിക്കാന്‍ പുറപ്പെട്ട പാവം ഊഞ്ഞാലില്‍ നിന്ന് താഴെ വീണു നടുവൊടിഞ്ഞു. ഓരോരുത്തര്‍ക്കും അവനവനെക്കൊണ്ട് എന്തൊക്കെ ചെയ്യാന്‍ പറ്റും എന്തൊക്കെ ചെയ്യാന്‍ പറ്റില്ല എന്ന് ഒരു ഏകദേശ ധാരണ വേണം. അത്തരം ഒരു ധാരണ ജമാഅത്തെ ഇസ്ലാമിക്കും ഉണ്ടായാല്‍ അവര്‍ക്ക് നന്ന് എന്ന് മാത്രമേ ഇപ്പോള്‍ ഞാന്‍ പറയുന്നുള്ളൂ...
ഇടതോ വലതോ ആകട്ടെ, ജയിച്ച എല്ലാവര്ക്കും ആശംസകള്‍.. തോറ്റവര്‍ക്ക് ഒരു ആപ്തവാക്യം ഞാന്‍ വെടിക്കേറ്റ് ചെയ്യുന്നു. "Try and fail, but don't fail to try"
മ്യാവൂ: മഞ്ഞളാംകുഴി ഒരു പുലിയാണ് കെട്ടോ... (തെറ്റിദ്ധരിക്കരുത്. 'മാഞ്ഞാളംകുഴി' എന്നല്ല എഴുതിയത്. 'മഞ്ഞളാംകുഴി' എന്നാണ്. )