കുബേര്‍ കുഞ്ചി, മാഗ്നറ്റ് ചെരുപ്പ്, സ്പെയിന്‍ കുങ്കുമം.

എന്റെയൊരു കണക്ക് കൂട്ടല്‍ അനുസരിച്ച് മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പൌഡര്‍ ഇടുന്നത് ശ്രീനിവാസനാണ്. എത്ര പൌഡര്‍ ഇട്ടാലും ശ്രീനിവാസന്‍ വെളുക്കുന്നതിന് ഒരു ലിമിറ്റുണ്ട്. മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ ദാസാ എന്ന് മോഹന്‍ലാല്‍ ചോദിച്ചത് അത് കൊണ്ടാണ്. കളറിന്റെ കാര്യത്തില്‍ ഡബിള്‍ കോട്ട് ആയതിനാല്‍ നമ്മളെക്കാള്‍ ഒരു കട്ടക്ക് പിന്നിലാണ് തമിഴന്മാര്‍. എന്നാലും നമ്മള്‍ വാരിത്തേക്കുന്ന അത്രയും പൌഡര്‍ അവര്‍ തേക്കാറില്ല.  കുട്ടിക്കൂറ പൌഡര്‍ ഇറങ്ങിയ കാലം മുതല്‍ കേരളത്തിലാണ് അത് ഏറ്റവും കൂടുതല്‍ ചിലവാകുന്നത്. (തോമസ്‌ ഐസക്ക് ലോട്ടറിയുടെ കണക്ക് പറയുന്ന പോലെ ഇതൊക്കെ എന്റെയൊരു മനക്കണക്കാണ് കെട്ടോ. ഒബ്ജക്റ്റ് യുവര്‍ ഓണര്‍ എന്ന് പറഞ്ഞു ആരും ചാടി വീഴരുത്).

മലയാളികളെപ്പോലെ പൊട്ടന്മാര്‍ അല്ലാത്തത് കൊണ്ട് പൌഡര്‍ തേച്ചാല്‍ കളര്‍ കൂടില്ല എന്ന് അണ്ണാച്ചികള്‍ക്ക് അറിയാം. അതുകൊണ്ട് തന്നെ കിട്ടിയ കറുപ്പുമായി അഡ്ജസ്റ്റ്‌ ചെയ്തു പോകാനുള്ള ശ്രമത്തിലാണ് അവര്‍.  ഈ അഡ്ജസ്റ്റ്‌മെന്റിന് വേണ്ടി ‘കറുപ്പ് താന്‍ എനക്ക് പുടിച്ച കളര്’ എന്ന ഒരു പാട്ട് തന്നെ അവര്‍ ഉണ്ടാക്കിയിട്ടുണ്ട്. കളറിനെക്കൊണ്ട് പറഞ്ഞ പോലെ നമ്മള്‍ മലയാളികളുടെ ഉയരത്തിനും ഒരു ലിമിറ്റുണ്ട്. ബുദ്ധിയുടെ കാര്യവും വ്യത്യസ്തമല്ല. ഒരു ശരാശരി ബുദ്ധിയേ പടച്ചവന്‍ നമുക്ക്‌ തന്നിട്ടുള്ളൂ. അതുകൊണ്ട് തന്നെയാണ് സകല പിശാചുക്കളും മലയാളികളെ പറ്റിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.

മൂവായിരത്തി മുന്നൂറ്റി എഴുപത്തിയഞ്ച് രൂപ കൊടുത്ത് കുബേര്‍ കുഞ്ചി വാങ്ങി വെച്ചിരിക്കുന്നത് ആറായിരം ‘മലയെലി’കളാണ്. അതായത് രണ്ടേകാല്‍ കോടിയുടെ കുഞ്ചിയാണ് കേരളത്തില്‍ വിറ്റിരിക്കുന്നത്. ഇന്‍ഡോറില്‍ കുടില്‍ വ്യവസായമായി ഉണ്ടാക്കുന്ന ഉരുപ്പടിയാണ് ഈ കുഞ്ചി. അതുക്കുണ്ടാക്കുന്നവന്‍ തന്നെ പട്ടിണി കിടക്കുമ്പോഴാണ് ചുളുവില്‍ കുബേരനാവാന്‍ മഹാ ബുദ്ധിശാലികളും ‘സാച്ചര’രുമായ  നമ്മള്‍ ശ്രമിക്കുന്നത്. കുബേര്‍ കുഞ്ചി വാങ്ങി അലമാരയില്‍ വെച്ചു പൂട്ടിയാല്‍ നാല്പത്തിയഞ്ചാം ദിവസം അംബാനിയാവുമെന്നാണ് നമ്മുടെ ചാനലുകളിലും പത്രങ്ങളിലും വരുന്ന പരസ്യം. (അംബാനിയായത് വാങ്ങിയവനല്ല, വിറ്റവനാണ്!!)  ഈ പരസ്യം കണ്ടാണ് ആറായിരം മലയെലികള്‍ ഇത് വാങ്ങി വെച്ചിരിക്കുന്നത്. അതില്‍ ഒരു എലിയാണ് കഴിഞ്ഞ ദിവസം പോലീസില്‍ പരാതി കൊടുത്തത്. ഇത്തരം പരാതികളുമായി പോലീസ് സ്റ്റേഷനില്‍ വരുന്ന മുഴുവന്‍ എണ്ണത്തിന്റെയും ആസനത്തില്‍ കുബേര്‍ കുഞ്ചി കേറ്റണം (ഭരണഘടന അനുവദിക്കുമെങ്കില്‍ മാത്രം) എന്നാണ് എനിക്ക് പറയാനുള്ളത്. എന്നാലേ ഇവറ്റകള്‍ പഠിക്കൂ.



 ജപ്പാന്‍ നിര്‍മിത മാഗ്നറ്റ് ചെരുപ്പ് ധരിച്ചാല്‍ തൊണ്ണൂറ് ദിവസം കൊണ്ട് പതിനഞ്ചു സെന്റീമീറ്റര്‍ ഉയരം വെക്കുമത്രേ..(ജപ്പാന്‍ എന്ന് പറയുന്നത് ഏതാണ്ട് തൃശൂരിനും ഗുരുവായൂരിനും ഇടയിലായി വരും, വിവരം കെട്ട ഗൂഗിള്‍ മേപ്പുകാര്‍ ജപ്പാന് നേരെ കുന്നംകുളം എന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്). ടെലി മാര്‍ക്കറ്റിംഗ് പരസ്യം കണ്ട് ഈ ചെരുപ്പ് ധരിച്ച് നടക്കുന്ന നിരവധി ആളുകളെ കേരളത്തിലെ റോഡുകളില്‍ കാണാം. ഇവരെ തിരിച്ചറിയാന്‍ ഒരെളുപ്പവഴിയുണ്ട്. മോഹന്‍ലാലിനെപ്പോലെ ഇടത് വശത്തേക്ക് അല്പം ചെരിഞ്ഞായിരിക്കും നടത്തം. മാഗ്നറ്റ് വര്‍ക്ക് ചെയ്യാന്‍ വേണ്ടി ആഞ്ഞ് ചവിട്ടുന്നത് കൊണ്ടാണ് ഈ ചെരിച്ചില്‍ വരുന്നത്. ഈ ‘ജപ്പാന്‍ നിര്‍മിതം’ കാലിലിട്ടു കഴിഞ്ഞാലുടനെ അതിനടിയിലെ കാന്തം ചില പ്രത്യേക ഹോര്‍മോണുകള്‍ പുറപ്പെടുവിക്കും. അതോടു കൂടി ആട്ടിന്‍ കാഷ്ഠം കിട്ടിയ ശീമക്കൊന്ന പോലെ ശരീരം കുത്തനെ ഒരു കയറ്റമാണ്. പതിനഞ്ചു സെന്റീമീറ്റര്‍ കയറിയാല്‍ അവിടെ നിക്കും. തൊണ്ണൂറ് ദിവസത്തോട് കൂടി ഈ ചെരുപ്പിലെ കാന്തം തീരും!!. പിന്നെയും പതിനഞ്ചു സെന്റീമീറ്റര്‍ കൂടണമെങ്കില്‍ പുതിയ ഒരെണ്ണം വാങ്ങിച്ചു ഇട്ടാല്‍ മതി.

സ്പെയിനിലെ കുങ്കുമം ആണ് മലയാളിയുടെ കണ്ണിലുണ്ണിയായ മറ്റൊരു ടെലി ബ്രാന്‍ഡ്‌. കറുപ്പ് വെളുപ്പാക്കുന്ന പരിപാടിയാണ് പുള്ളിയുടെത്. ഇത് വായിലിട്ട് ചവച്ചരച്ചു തിന്നാല്‍ ഏതു കരിങ്കുരങ്ങും സ്പെയിന്‍കാരികളെപ്പോലെ ചുവന്നു തുടുക്കും. നാല്പത്തിയഞ്ചാം ദിവസം കണ്ണാടിയില്‍ നോക്കിയാല്‍ മാത്രം മതി. ജാസിഗിഫ്റ്റ്‌ നാളെ തരൂര്‍ജിയുടെ കളറില്‍ വന്നാലും ഞെട്ടരുത് എന്ന് ചുരുക്കം. കുങ്കുമം പ്രവര്‍ത്തിച്ചു തുടങ്ങി എന്ന് കരുതിയാല്‍ മാത്രം മതി. നമ്മള്‍ മലയാളികളെ വെളുപ്പിക്കാന്‍ ആ പാവം സ്പെയിനുകാര്‍ എന്തുമാത്രം കഷ്ടപ്പെടുന്നു എന്നോര്‍ക്കുമ്പോഴാണ് എനിക്ക് സങ്കടം.

അധികം വളച്ചു കെട്ടുന്നില്ല. മറ്റെല്ലാ പരസ്യ ഉത്പന്നങ്ങളെയും പോലെ ഇത്തരം തട്ടിപ്പ്  ഉത്പന്നങ്ങളുടെയും ഏറ്റവും വലിയ മാര്‍ക്കറ്റായി കേരളം മാറിയിരിക്കുന്നു. മുകളില്‍ സൂചിപ്പിച്ചവയ്ക്ക് പുറമേ നസര്‍  സുരക്ഷാ കവചമടക്കമുള്ള നിരവധി ഉരുപ്പടികള്‍ നമ്മുടെ നാട്ടില്‍ ഇഷ്ടം പോലെ വിറ്റു പോകുന്നുണ്ട്. കഞ്ഞിക്ക് വകയില്ലാത്തവര്‍ താലിമാല വിറ്റിട്ടാണെങ്കിലും ഇവക്കൊക്കെ പണം കണ്ടെത്തുന്നുമുണ്ട്. ദോഷം പറയരുതല്ലോ, ഇത്തരം തട്ടിപ്പ് ഉത്പന്നങ്ങള്‍ക്കെല്ലാം ആളെ പിടിച്ചു കൊടുക്കുന്നതില്‍ വളരെ സ്തുത്യര്‍ഹമായ പങ്കാണ് നമ്മുടെ മാധ്യമങ്ങള്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. കൂട്ടിക്കൊടുപ്പുകാരന്റെ പണി വളരെ ഭംഗിയായും കൃത്യമായും ചെയ്യുന്ന എല്ലാ മാധ്യമങ്ങള്‍ക്കും അഭിമാനിക്കാം. നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്. !! 

മ്യാവൂ: ഭൂട്ടാന്‍ ലോട്ടറി പോലെ കുബേര്‍ കുഞ്ചിയുടെ പരസ്യവും ഏറ്റവും കൂടുതല്‍ കാണിക്കുന്നത് നമ്മുടെ സ്വന്തം കൈരളിയാണ്. ഒരു ജനതയുടെ തികഞ്ഞ ആത്മാവിഷ്കാരം തന്നെ. കൈരളി ചാനലിന്‍റെ അലമാരയിലും ഒരു കുബേര്‍ കുഞ്ചി ഉണ്ടെന്നു തോന്നുന്നു. ഇപ്പോള്‍ വെച്ചടി വെച്ചടി കയറ്റമാണ്. അഴിച്ചു പണിക്കാരാ, ആ കുഞ്ചിയില്‍ തൊട്ടുള്ള അഴിച്ചുപണി വേണ്ട കെട്ടോ...

Related Posts