നേപ്പാളിലെ മുന്‍ പ്രധാനമന്ത്രി ബി പി കൊയിരാള ഒരിക്കല്‍ ഒ വി വിജയനോട് പറഞ്ഞ ഒരു തമാശയുണ്ട്. തന്‍റെ പട്ടാള മേധാവികളുടെ യോഗത്തില്‍ കൊയിരാള ഇങ്ങനെ പറഞ്ഞു “നേപ്പാളിന് ഒരു സൈന്യത്തിന്റെ ആവശ്യമില്ല. നമുക്ക് സൈന്യത്തെ പിരിച്ചു വിടാം”. സദസ്സ് സ്വാഭാവികമായും പ്രക്ഷുബ്ദമായി. പട്ടാളക്കാരോട് പത്ത് ദിവസം പട്ടിണി കിടക്കാന്‍ പറഞ്ഞാല്‍ അവരത് കൂളായി കേള്‍ക്കും. തോക്കെടുക്കരുത് എന്ന് പറഞ്ഞാല്‍ പറഞ്ഞവനെ തട്ടും. അത് ഏത് രാജ്യത്തെയും പട്ടാളക്കാരന്‍റെ മനസ്സാണ്. അങ്ങിനെയുള്ള പട്ടാളക്കാരോട് സൈന്യത്തെ തന്നെ പിരിച്ചു വിടണം എന്ന് പറഞ്ഞാലുണ്ടാകുന്ന പുകില് ഊഹിക്കാവുന്നതല്ലേയുള്ളൂ. ചുട്ട് പഴുത്ത് നില്‍ക്കുന്ന സൈനിക മേധാവികളോട് കൊയിരാളയുടെ ചോദ്യം. “എങ്കില്‍ പറയൂ, ഇന്ത്യന്‍ സൈന്യത്തെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവുമോ?”. ആര്‍ക്കും ഉത്തരമില്ല. “അത് വയ്യെങ്കില്‍ ചൈനീസ് സൈന്യത്തെ തോല്പിക്കാനാവുമോ” വീണ്ടും മൌനം. സ്വപ്നത്തില്‍ പോലും കാണാന്‍ പറ്റാത്ത കാര്യങ്ങളാണ് പ്രധാനമന്ത്രി ആവശ്യപ്പെടുന്നത്!!.
നേപ്പാളിന്‍റെ രണ്ടു അയല്‍ക്കാര്‍ ഇന്ത്യയും ചൈനയുമാണ്. ഈ രണ്ടു രാഷ്ട്രങ്ങളെയും എതിര്‍ക്കാന്‍ കെല്‍പ്പില്ലാത്ത നേപ്പാളിന് ഒരു സൈന്യത്തിന്റെ ആവശ്യമുണ്ടോ എന്നായിരുന്നു കൊയിരാളയുടെ ചോദ്യം. ഉള്ളത് കൊണ്ട് കഞ്ഞി കുടിച്ച് ബാക്കി സമയം പ്രാര്‍ത്ഥിച്ച് കഴിയുന്നതല്ലേ നല്ലത് എന്നതാണ് ആ ചോദ്യത്തിന്‍റെ ശരിയായ അര്‍ത്ഥം. ഇത് നേപ്പാളിനോട് മാത്രം ചോദിക്കേണ്ട ചോദ്യമല്ല. ഇതേ ചോദ്യം പാക്കിസ്ഥാനോടും ബംഗ്ലാദേശിനോടും ചോദിക്കാം. അല്പം മാറ്റം വരുത്തിയാല്‍ ഇന്ത്യയോടെന്നല്ല ചൈനയോട് വരെ ചോദിക്കാം. ലോകത്തിന്‍റെ മിലിട്ടറി ഭൂപടത്തില്‍ ഇടം പിടിക്കാന്‍ ജനങ്ങളെ പട്ടിണിക്കിട്ട് തോക്ക് വാങ്ങുന്ന എത്രയോ രാജ്യങ്ങള്‍ ഭൂമുഖത്തുണ്ട്. അവരോടോക്കെയും ഈ ചോദ്യം ചോദിക്കാവുന്നതാണ്. ഒരു ഇന്ത്യക്കാരന് പാക്കിസ്താന്‍കാരനോട് ഐ ലവ് യു ഡാ പറയാന്‍ കഴിയില്ലേ? തെക്കന്‍ കൊറിയ വടക്കന്‍ കൊറിയയോട് ഐ ലവ് യു പറഞ്ഞാല്‍ ഭൂമിയുടെ കറക്കം നില്‍ക്കുമോ? ഒറ്റ ഐ ലവ് യു കൊണ്ട് ലോകത്ത് എത്ര കോടി ലാഭിക്കാന്‍ പറ്റും?. എന്റെ ചിന്തകള്‍ കാട് കയറുന്നുണ്ടെങ്കില്‍ അല്പം ക്ഷമിക്കൂ..
യൂനിസെഫിന്റെ കണക്കുകള്‍ പ്രകാരം ലോകത്ത് ഓരോ ദിവസവും ഇരുപത്തി അയ്യായിരം കുഞ്ഞുങ്ങള്‍ പട്ടിണി കിടന്നു മരിക്കുന്നുണ്ട്. അതായത് ഓരോ നാല് സെക്കന്‍റിലും ഒരു കുഞ്ഞ് വീതം മരിക്കുന്നു!. ഈ കുറിപ്പ് വായിക്കാന്‍ നിങ്ങള്‍ അഞ്ചു മിനുട്ട് എടുക്കുമെങ്കില്‍ ആ സമയത്തിനകം ലോകത്ത് എഴുപത്തി അഞ്ച് കുഞ്ഞുങ്ങള്‍ പട്ടിണി കിടന്ന് മരിച്ചിട്ടുണ്ടാവും!!. ഐക്യ രാഷ്ട്ര സഭയുടെ കീഴിലുള്ള ഏജന്‍സിയുടെ കണക്കാണിത്. ലോക ജനസംഖ്യയുടെ നാല്പതു ശതമാനം വരുന്ന ദരിദ്ര നാരായണന്മാര്‍ ലോക വരുമാനത്തിന്റെ അഞ്ചു ശതമാനം കൊണ്ടാണ് ജീവിച്ചു പോകുന്നത്. ഇരുപതു ശതമാനം വരുന്ന ധനികരുടെ കൈവശമാണ് ലോക വരുമാനത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും. ഈ കണക്കുകളെയൊക്കെ മറികടക്കുന്നതാണ് ലോക രാജ്യങ്ങളുടെ മിലിട്ടറി ചിലവുകള്‍. സ്റ്റോക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിപ്രി) യുടെ ആധികാരിക കണക്കുകള്‍ പ്രകാരം രണ്ടായിരത്തി ഒമ്പതില്‍ ലോകം സൈനിക ആവശ്യങ്ങള്‍ക്ക് വേണ്ടി ചിലവഴിച്ചത് ഒന്നര ട്രില്യന്‍ ഡോളറാണ്. (ഒരു ട്രില്യന്‍ എത്രയാണെന്ന് പറയണമെങ്കില്‍ ഞാന്‍ രണ്ടാമതും കോളേജില്‍ പോകേണ്ടി വരും). ഈ തുകയെ ഇപ്പോഴത്തെ ലോക ജനസംഖ്യ കൊണ്ട് ഹരിച്ചാല്‍ ഒരാള്‍ക്ക് ഇരുനൂറ്റി ഇരുപത്തിയഞ്ച് ഡോളര്‍ ലഭിക്കുമത്രെ. ലോകത്തെ പട്ടിണി കിടക്കുന്ന മുഴുവന്‍ മനുഷ്യര്‍ക്കും വയറൊട്ടാതെ കഴിയാന്‍ ഈ മിലിട്ടറി ചെലവുകളുടെ ഒരു ചെറിയ ശതമാനം മതി എന്ന് ചുരുക്കം.
പുലിസ്റ്റര്‍ സമ്മാനം ലഭിച്ച കെവിന്‍ കാര്‍ട്ടറുടെ ഫോട്ടോ.
ആഫ്രിക്കയിലെ കുഞ്ഞുങ്ങളുടെ ദുരവസ്ഥയില്‍ മനം നൊന്ത് കെവിന്‍ പിന്നീട് ആത്മഹത്യ ചെയ്തു.
ആഫ്രിക്കയിലെ കുഞ്ഞുങ്ങളുടെ ദുരവസ്ഥയില്‍ മനം നൊന്ത് കെവിന്‍ പിന്നീട് ആത്മഹത്യ ചെയ്തു.
ഓരോ നാല് സെക്കന്‍റിലും മരിച്ചു വീഴുന്ന ഒരു കുഞ്ഞിനു ഈ കണക്കുകള്‍ അറിയില്ലെങ്കിലും അവന്റെ മരണം ഈ കണക്കുകളുടെ കൂടി ഭാഗമാണ്. കുടിവെള്ളം കിട്ടാതെ, കിടപ്പാടമില്ലാതെ, ഉണ്ണാനും ഉടുക്കാനും ഇല്ലാതെ എത്രയെത്ര ആയിരങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്. അവര്‍ക്കൊക്കെ അവകാശപ്പെട്ട ഈ ഭൂമിയുടെ സമ്പത്ത് പരസ്പരം കൊന്നൊടുക്കാനുള്ള ആയുധങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുമ്പോള്‍ മരിക്കുന്നത് ഐ ലവ് യു ആണ്. ഇരുപത്തി ഒന്നാം നൂറ്റാണ്ട് പടി കയറി വന്നത് എഴുത്തും വായനയും അറിയാത്ത നൂറു കോടി മനുഷ്യരുമായാണ്. ലോക മിലിട്ടറി ബഡ്ജറ്റിന്‍റെ ഒരു ശതമാനം മതിയത്രേ ഇവരെയൊക്കെയും സാക്ഷരരാക്കാന്‍.
പട്ടിണി കിടന്നു എഴുന്നേല്‍ക്കാന്‍ വയ്യാതെ ഇരിക്കുന്ന ആഫ്രിക്കയിലെ കുഞ്ഞിനെ കൊത്തിതിന്നാന്‍ കഴുകന്‍ കാത്തിരിക്കുന്ന ചിത്രത്തിന് പുലിസ്റ്റര്‍ അവാര്‍ഡ് കിട്ടി. പത്രങ്ങളുടെ ഫ്രണ്ട് പേജില്‍ അതിന്റെ കളര്‍ ഫോട്ടോ നാം ആസ്വദിച്ചു. ഇമെയിലുകളില്‍ ഫോര്‍വേഡ് കളിച്ചു. പക്ഷെ ആ കുഞ്ഞിനോട് ആരും ഐ ലവ് യു പറഞ്ഞില്ല. കഴുകന്‍ ആസ്വദിച്ചിരിക്കാന്‍ ഇടയുള്ള ആ കുഞ്ഞും ഈ ഭൂമിയുടെ അവകാശിയായിരുന്നു. എല്ലും തോലുമായ അമ്മമാരുടെ മുല ഞെട്ടുകളില്‍ നിന്നും പാലിന് പകരം രക്തം നുണയേണ്ടി വരുന്ന പതിനായിരക്കണക്കിന് കുഞ്ഞുങ്ങള്‍. ഒരു ആന്‍റി ബയോട്ടിക് ഗുളിക പോലും ലഭിക്കാതെ രോഗവും വേദനയും തിന്ന് കാണുന്നവരെയൊക്കെ ദൈന്യമായി നോക്കുന്ന പിഞ്ചു പൈതങ്ങള്‍. അവര്‍ക്കൊക്കെയും വേണ്ടത് ലോക മനസ്സാക്ഷിയുടെ ഒരു ഐ ലവ് യു ആണ്.
ലോകത്തിന്റെ മിലിട്ടറി ചിലവുകള്‍ വെട്ടിച്ചുരുക്കാനോ അവക്കെതിരില്‍ പ്രതിഷേധം സംഘടിപ്പിക്കാനോ നമുക്ക് കഴിഞ്ഞു എന്ന് വരില്ല. പക്ഷെ തീരാദുരിതവുമായി നമുക്ക് ചുറ്റും കഴിയുന്ന എണ്ണമറ്റ മനുഷ്യരില്‍ ഒരാളോട് വല്ലപ്പോഴും ഒരു ഐ ലവ് യു പറയാന്‍ നമുക്ക് കഴിയില്ലേ?. വാര്‍ദോബില്‍ നിരനിരയായി അടുക്കി വെച്ച വസ്ത്രങ്ങള്‍ക്കിടയില്‍ നിന്ന് ഏത് തിരഞ്ഞെടുക്കണം എന്നത് നമ്മില്‍ പലര്‍ക്കും കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന ഒന്നാണ്. കീറിപ്പറഞ്ഞ ഒരേ ഉടുപ്പ് തന്നെ എന്നും ധരിക്കുകയും ദിനേന ഉടുപ്പുകള്‍ മാറ്റുന്ന നമ്മുടെ കുഞ്ഞുങ്ങളെ ആര്‍ത്തിയോടെ നോക്കുകയും ചെയ്യുന്ന അയല്‍വീട്ടിലെ കൊച്ചു കുഞ്ഞിന്‍റെ മുഖം എന്നെങ്കിലും നമ്മുടെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ടോ?. ഒരു പുത്തനുടുപ്പ് നല്‍കി ആ കുഞ്ഞിനോട് 'ഐ ലവ് യു' പറയാന്‍ എത്ര പേര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ലോകത്തെ ദുരിതങ്ങള്‍ പാടെ മായ്ച്ചു കളയാന്‍ ആര്‍ക്കും ആവില്ല. പക്ഷെ വല്ലപ്പോഴും ഒരു ഐ ലവ് യു പറയാന്‍ നമുക്കൊക്കെയും കഴിയും. കഴിയണം. ഗുഡ് ബൈ.