എനിക്ക് രണ്ടു സ്വപ്നങ്ങള്‍ ഉണ്ട്. അതിലൊരു സ്വപ്നം ഇതാണ്. ബാബറി മസ്ജിദ് വിധി പുറത്തു വരുന്നു. കര്‍സേവകര്‍ ബാബറി മസ്ജിദ് പൊളിച്ചത് ഇന്ത്യന്‍ നിയമ വ്യവസ്ഥയോടുള്ള ധിക്കാരമാണെന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോഴുള്ള മസ്ജിദിന്റെ അവസ്ഥ പുനസ്ഥാപിച്ചു അത് മുസ്ലിംകള്ക്ക് തിരിച്ചു കൊടുക്കണം എന്നും കോടതി വിധിക്കുന്നു. വിധി വന്നപ്പോള്‍ തക്ബീര്‍ മുഴക്കി മുസ്ലിംകള് തെരുവില്‍ ഇറങ്ങിയില്ല. പകരം അവര്‍ കൂടിയാലോചിച്ച് ഒരു തീരുമാനം എടുക്കുന്നു. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവ സമൂഹത്തിന്റെ മനസ്സറിഞ്ഞ് പള്ളിയുടെ പ്രധാന ഭാഗം രാമക്ഷേത്രം പണിയാനായി വിട്ടു കൊടുക്കുന്നു. ശ്രീരാമന് ജനിച്ചു എന്ന് കരുതപ്പെടുന്ന അതേ സ്ഥാനത്തു ഒരു ക്ഷേത്രം ഉയരുന്നു. ആ ക്ഷേത്രത്തോടു ചേര്‍ന്ന് പഴയ പ്രതാപം ഒട്ടും ചോരാതെ ബാബറി മസ്ജിദ് പുനര്‍നിര്‍മിക്കപ്പെടുന്നു. മതമെന്താണെന്നും മതേതരത്വം എന്താണെന്നും ഇന്ത്യ ലോകത്തിന് കാണിച്ചു കൊടുക്കുന്നു. 'സാരെ ജഹാംസെ അച്ഛാ ഹിന്ദുസ്ഥാന്‍ ഹമാരാ' എന്ന് ഓരോ ഇന്ത്യക്കാരനും ഉറക്കെപ്പാടുന്നു. ഇന്ത്യന്‍ ത്രിവര്‍ണ പതാകയുടെ ഓരോ കോണുകളില്‍ നിന്നും ഒരായിരം വെള്ളരിപ്രാവുകള്‍ ഒന്നിച്ചു പറക്കുന്നു. .
മറ്റൊരു സ്വപ്നവും എനിക്കുണ്ട്. വിധി സംഘപരിവാരത്തിന് അനുകൂലമായി വരുന്നു. ത്രിശൂലവും കൊടിയുമേന്തി തെരുവില്‍ ഇറങ്ങുന്നതിനു പകരം ഹൈന്ദവ നേതൃത്വം ഒത്തുചേര്‍ന്നു ഒരു തീരുമാനം കൈക്കൊള്ളുന്നു. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ മനസ്സിന് മുറിവേല്പിച്ച് ശ്രീരാമന് ഒരു ക്ഷേത്രം വേണ്ട. പൊളിച്ച പള്ളിയുടെ സ്ഥാനത്ത് ഒരു പള്ളി തന്നെ ഉയരട്ടെ. ബാബറി മസ്ജിദ് നിന്നിരുന്ന ഇടത്ത് അത് പുതുക്കിപ്പണിയാന്‍ മുസ്ലിംകള്ക്ക് അവര്‍ അനുമതി നല്കുന്നു. അതിനോട് തൊട്ടുചേര്‍ന്ന് അതേ വളപ്പില്‍ സര്‍വകാല പ്രതാപത്തോടെ ഒരു ശ്രീരാമക്ഷേത്രം പണിയുന്നു. താജ്മഹലിനെക്കാളും ചെങ്കോട്ടയെക്കാളും പ്രൌഡിയോടെ ഈ ഇരു മന്ദിരങ്ങളും തലയുയര്‍ത്തി നില്ക്കുന്ന ആ മനോഹര കാഴ്ചയാണ് എന്റെ സ്വപ്നത്തിലെ അയോദ്ധ്യ. ഇതൊരു ഭ്രാന്തന് സ്വപ്നമാണ് എന്ന് നിങ്ങള്‍ പറയാതെ തന്നെ എനിക്കറിയാം. അധികാരക്കസേരകള്‍ സ്വപ്നം കണ്ടു നടക്കുന്ന രാഷ്ട്രീയക്കഴുകന്മാര് എന്നും തച്ചു കെടുത്താന്‍ മാത്രം ശ്രമിച്ചിട്ടുള്ള ഉയിരില്ലാത്ത സ്വപ്നങ്ങള്‍. മതത്തിന്റെ പേര് പറഞ്ഞു കാറ്റ് വിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന വിവേക ശൂന്യര്‍ നശിപ്പിച്ച പ്രതീക്ഷകളുടെ സ്വപ്നങ്ങള്‍.
വര്‍ത്തമാനം - 21 Sept 2010
പേടിപ്പെടുത്തുന്ന മറ്റൊരു സ്വപ്നവും എന്റെ മനസ്സില്‍ ഉണ്ട്. അത് ഞാന്‍ പങ്കു വെക്കുന്നില്ല. ഇന്ത്യയുടെ മണ്ണ് ഒരു ചോരക്കളമായി മാറണം എന്ന് ആഗ്രഹിക്കുന്ന പിശാചുക്കള്‍ക്ക് മാത്രമായി ഞാനാ സ്വപ്നം നീക്കിവെക്കുന്നു. എന്റെ സിരകളെ ത്രസിപ്പിച്ച രണ്ടു സ്വപ്നങ്ങളാണ് ചമയങ്ങളും ചമല്ക്കാരങ്ങളുമില്ലാതെ നിങ്ങളുമായി പങ്കു വെച്ചത്. ഒരു രാത്രിയെങ്കില്‍ ഒരു രാത്രി ഇത്തരമൊരു സ്വപ്നം കാണുവാന്‍ ഓരോ ഇന്ത്യക്കാരനും കഴിയട്ടെ എന്ന് ഞാന്‍ ആശിക്കുന്നു. പ്രിയപ്പെട്ട വായനക്കാര്‍ക്ക് ഭ്രാന്തമായ ഈ സ്വപ്നമാണ് സെപ്റ്റംബര്‍ ഇരുപത്തിനാലിന്റെ പ്രഭാതക്കാഴ്ചയായി എനിക്ക് സമര്‍പ്പിക്കാനുള്ളത്. ജയ് ഹിന്ദ്..