അങ്ങിനെ സ്മാര്‍ട്ട് സിറ്റിയും സ്വാഹ..

അഞ്ചു വര്ഷം നാട്ടാരെയും ദുഫായിക്കാരെയും കുരങ്ങു കളിപ്പിച്ച സ്മാര്‍ട്ട് സിറ്റി മയ്യത്തായി. ഇന്നത്തെ മന്ത്രിസഭാ മീറ്റിങ്ങിന്റെ തീരുമാനത്തോട് കൂടി ശകാവ് അച്ചുമാമന്റെ തലമണ്ടയില്‍ മറ്റൊരു തൂവല്‍ കൂടി. മയ്യത്ത് ഖബറിലേക്ക് വെക്കുന്നതിനു മുമ്പ് ചിലയിടങ്ങളില്‍ ഒരു പതിവുണ്ട്. ആര്‍ക്കെങ്കിലും മരിച്ച വ്യക്തി വല്ല കടബാധ്യതകളും വെച്ചിട്ടുണ്ടെങ്കില്‍ അത് പറയണമെന്ന് അടുത്ത ബന്ധുക്കള്‍ പ്രഖ്യാപിക്കും. അതുപോലൊരു പ്രഖ്യാപനം മാത്രമാണ് ഇനി ബാക്കിയുള്ളത്. ഐ ടി മേഖലയില്‍ തൊഴില്‍ സ്വപ്‌നങ്ങള്‍ കണ്ടു നടന്ന പതിനായിരക്കണക്കിനു ചെറുപ്പക്കാരെ അഞ്ചു വര്ഷം കുരങ്ങു കളിപ്പിച്ച ബഹുമാനപ്പെട്ട സര്‍ക്കാരിന് ഒരു പൊന്നാട അണിയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. നടക്കുമോ ആവോ?.


സ്വതന്ത്ര വില്പനാവകാശമുള്ള ഭൂമിയായി സ്മാര്‍ട്ട് സിറ്റിയുടെ ഒരു ഭാഗം  ടീകോം ചോദിച്ചത്രേ. ശരിയാണ്. അങ്ങിനെയൊരു ആവശ്യം അവര്‍ ഉന്നയിച്ചെങ്കില്‍ 'പോയി പണി നോക്കെടാ' എന്ന് തന്നെയാണ് പറയേണ്ടത്. അത് പറയാന്‍ അഞ്ചു കൊല്ലം കയില് കുത്തേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. ഇത്തരമൊരു ആവശ്യം ടീകോം ഉന്നയിക്കുന്നതിലേക്ക് സ്ഥിതി ഗതികള്‍ എത്തിച്ചതില്‍ സെക്രട്ടറിയേറ്റിലെ കസേരകളില്‍ ആസനം ഇട്ടുരുളുന്ന എല്ലാവര്ക്കും പങ്കുണ്ട്. അര മണിക്കൂര്‍ മീറ്റിംഗ് കൂടി തീരുമാനിക്കേണ്ട ഒരു കാര്യം അഞ്ചു വര്ഷം വലിച്ചിഴച്ചു നാട്ടിനും നാട്ടാര്‍ക്കും ചീത്തപ്പേര് ഉണ്ടാക്കിയ  ഇവരെ വിളിക്കേണ്ടത് ഭരണാധികാരികള്‍ എന്നല്ല. വേറെ ഒരു പേരുണ്ട്. നോമ്പ് നോറ്റത്  കൊണ്ട് ആ പേര് ഞാനിവിടെ പറയുന്നില്ല.

ഇടതായാലും വലതായാലും ഏറ്റവും ചുരുങ്ങിയത് പത്താം ക്ലാസ്സെങ്കിലും പാസ്സാകാത്ത ഒരുവനെയും നിയമസഭയുടെ പടി കടത്തരുത് എന്നതാണ് ടീകോം നല്‍കുന്ന പാഠം. സെക്രട്ടറിമാര്‍ പറയുന്നിടത്തൊക്കെ  ഒപ്പിട്ടു കൊടുക്കുന്ന റബ്ബര്‍ സ്ടാമ്പുകള്‍ മാത്രമായി നമ്മുടെ ഭരണാധികാരികള്‍ മാറിയതിന്റെ ദുര്യോഗം കൂടിയാണ് ഈ അഞ്ചു വര്‍ഷത്തെ കുരങ്ങു കളി. ദുഫായിയിലേക്ക് സര്‍ക്കാര്‍ ചിലവില്‍ ടൂര്‍ നടത്തുവാനും സാധ്യതാ പഠനം എന്ന പേരില്‍ അമേരിക്കയില്‍ ചുറ്റിക്കറങ്ങുവാനും മാത്രം താല്പര്യമുള്ള ഒരു വിഭാഗത്തിന്റെ കയ്യിലെ പാവകളായി നമ്മുടെ ഭരണാധികാരികള്‍ മാറിയിരിക്കുന്നു.



നായനാരുടെ പ്രസിദ്ധമായ ഒരു ടെലിഫോണ്‍ പ്രോഗ്രാം ഞാന്‍ ഓര്‍ത്ത്‌ പോകുന്നു. ഒരിക്കല്‍ ഒരു പ്രേക്ഷകന്‍ ചോദിച്ചു 'സാറേ കേരള സര്‍ക്കാരിന് ഇമെയില്‍ ഉണ്ടോ?' 'അതെന്തുവാടാ ഈ ഇമെയില്‍?.. ' പാവം നായനാര്‍ തൊട്ടടുത്ത സെക്രട്ടറിയോട് ചോദിച്ചു. സെക്രട്ടറി പറഞ്ഞ മറുപടി തന്റേതായ ശൈലിയില്‍ നായനാര്‍ പ്രേക്ഷകനോട് പറഞ്ഞു. വിവരമില്ലാത്ത കാര്യങ്ങള്‍ മറ്റുള്ളവരോട് ചോദിച്ചറിയാനുള്ള ഒരു വലിയ മനസ്സ് നായനാര്‍ക്ക് ഉണ്ടായിരുന്നു. നാലാം ക്ലാസ്സില്‍ തോറ്റുവോ ജയിച്ചുവോ എന്നതിന് പോലും രേഖയില്ലാത്ത ഇന്നത്തെ മന്ത്രിമാര്‍ സ്വന്തം വിവരക്കേട് അംഗീകരിച്ചു കൊടുക്കില്ല. അവര്‍ക്കെന്ത് കമ്പ്യൂട്ടര്‍? അവര്‍ക്കെന്ത് ഐ ടി?. എവിടെയോക്കൊയോ ഒപ്പിടുന്നു, എന്തൊക്കെയോ വിളിച്ചു കൂവുന്നു.

വികസന കാഴ്ചപ്പാടുകളില്‍  സ്മാര്‍ട്ട് സിറ്റി പോലുള്ള പ്രോജക്ടുകള്‍ക്ക് ഒന്നാം സ്ഥാനം നല്‍കണം എന്ന അഭിപ്രായം എനിക്കില്ല. എന്നാല്‍ ഇതുപോലുള്ള വന്‍ പ്രോജക്ടുകള്‍ പുറം ലോകത്തിനു നല്‍കുന്ന സന്ദേശം വലുതാണ്‌. ചര്‍ച്ചകളും സംവാദങ്ങളും മാത്രമായി ഒരു പ്രൊജെക്ടിനു പിന്നാലെ അഞ്ചെട്ടു വര്ഷം നാം വെറുതെ കളഞ്ഞു എന്നത് ഒരു സന്ദേശം നല്‍കുന്നുണ്ട്. ആ സന്ദേശം കേരള വികസനത്തെ ദോഷകരമായി ബാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ബംഗാളില്‍ നിന്ന് സമരം ചെയ്തു ഓടിച്ച ടാറ്റയുടെ നാനോയെ ഒരാഴ്ചക്കുള്ളില്‍ കരാറുണ്ടാക്കിയാണ് ഗുജറാത്തുകാര്‍ സ്വന്തം സംസ്ഥാനത്തേക്ക്  കൊണ്ട് വന്നത്. ചാനലുകളില്‍  വിഴുപ്പലക്ക് മഹോത്സവം നടത്താനും പത്ര സമ്മേളനങ്ങളില്‍ മിമിക്രി കളിക്കാനുമല്ലാതെ നാടിന്റെ വികസനം മുഖ്യ അജണ്ടയാക്കുന്ന ഒരു നേത്രത്വം എന്നാണാവോ നമ്മുടെ കേരളക്കരക്ക് ഉണ്ടാവുക?.