ആനന്ദാശ്രു പൊഴിക്കുക എന്ന് വെച്ചാല്‍ എന്താണെന്ന് എനിക്ക് ഇന്നലെയാണ് മനസ്സിലായത്. വാര്‍ത്ത കേട്ട് കൊണ്ടിരുന്നപ്പോള്‍ ഇടത്തേ കണ്ണിലൂടെ ഒരു അശ്രു ചാടി. അല്പം കഴിഞ്ഞപ്പോള്‍ വലത്തേ അശ്രുവും ചാടി. നമ്മുടെ എംപി മാരുടെ ശമ്പള വര്‍ദ്ധനവിന്റെ വാര്‍ത്ത കേട്ട് കൊണ്ടിരുന്നപ്പോഴാണ് ഇടത് വലത് അശ്രു വീരന്മാര്‍ ചാടിക്കൊണ്ടിരുന്നത്. തലയ്ക്കു പ്രാന്ത് പിടിപ്പിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഇത്തരം അശ്രുക്കള്‍ ഉണ്ടാവുമെന്ന് പലരും പറഞ്ഞിട്ടുണ്ട് എങ്കിലും അത് നേരിട്ട് അനുഭവിക്കുവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഞാന്‍ . പതിനായിരം രൂപയുടെ ശമ്പളം ഒറ്റയടിക്ക് അമ്പതിനായിരം ആക്കിയിട്ടും എംപിമാര്‍
പാര്‍ലമെന്റില്‍ ബഹളം ഉണ്ടാക്കി. ഇന്നലെ വീണ്ടും ഒരു പതിനായിരവും കൂടെ
കൂട്ടി നല്‍കിയിട്ടും ഇവറ്റകള്‍ക്ക് സന്തോഷം ആയിട്ടില്ലത്രേ. എണ്‍പതിനായിരം
ആക്കണം എന്ന് കയര്‍ത്ത് സ്പീക്കറുടെ ചേംബറിലേക്ക് ഈ
ആര്‍ത്തിപ്പണ്ടാരങ്ങള്‍ മാര്‍ച്ച് നടത്തി.
സാധാരണക്കാര്‍ക്ക് ആറ്റംബോംബ് പ്രയോഗിക്കാന്‍ ഇന്ത്യന്‍ നിയമത്തില്‍ അനുമതി ഉണ്ടെങ്കില്‍ ഒരുമാതിരിപ്പെട്ട ഇന്ത്യക്കാരൊക്കെ ഇന്നലെ അത് ഇവന്മാര്‍ക്ക് നേരെ പ്രയോഗിക്കുമായിരുന്നു. അത്രമാത്രം ‘ആനന്ദാശ്രു’വാണ് ഈ വാര്‍ത്ത ഉണ്ടാക്കിയിരിക്കുന്നത്. എംപിമാര്‍ക്ക് മാന്യമായ ശമ്പളം വേണം എന്ന കാര്യത്തില്‍ എനിക്ക് എതിരഭിപ്രായം ഇല്ല. പക്ഷെ അത് കൂട്ടുന്നതിനും കുറക്കുന്നതിനും ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയുമൊക്കെ വേണം. അമേരിക്കയിലെയും ജപ്പാനിലെയും എംപിമാര്‍ക്ക് ഇതിനേക്കാള്‍ കൂടുതല്‍ ശമ്പളമുണ്ട് എന്ന് വെച്ച് അതിവിടെ നടപ്പിലാകാന്‍ പറ്റില്ല. കാരണം വാഷിംഗ്ടണിലേയോ ടോക്കിയോയിലെയോ പാര്‍ലിമെന്റില്‍ അല്ല നമ്മുടെ എംപിമാര്‍ ഇരിക്കുന്നത്. അത് ഡല്‍ഹിയിലെ പാര്‍ലിമെന്റില്‍ ആണ്. ലക്ഷക്കണക്കിന് മനുഷ്യര്‍ ഒരു നേരത്തെ കഞ്ഞിക്ക് വകയില്ലാതെ കഴിയുന്ന ചേരിയില്‍ നിന്ന് ഡല്‍ഹിയിലെ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് അധികം ദൂരമില്ല. ദാരിദ്ര്യ രേഖക്ക് താഴെ കഴിയുന്ന കോടിക്കണക്കിന് മനുഷ്യരുടെ പ്രതിനിധികളായാണ് അവര്‍ പാര്‍ലിമെന്റില്‍ ഇരിക്കുന്നത്. ആ ഇന്ത്യക്കാരന്‍റെ വിയര്‍പ്പിന്റെ മണമാണ് ഇന്ത്യന്‍ പാര്‍ലിമെന്റില്‍ ഉണ്ടാവേണ്ടത്. അമേരിക്കന്‍ സായിപ്പിന്‍റെ അടിവസ്ത്രം മണത്തു നോക്കി നമുക്ക് ഇവിടെ ശമ്പളം കൂട്ടാന്‍ പറ്റില്ല.
പുതിയ വര്‍ദ്ധനവ് അനുസരിച്ച് ഒരു എംപിക്ക് ഒരു മാസം ലഭിക്കുക ഏതാണ്ട് ഒന്നേ മുക്കാല്‍ ലക്ഷം രൂപയാണ്. അന്‍പതിനായിരം ശമ്പളം. നാല്പത്തി അയ്യായിരം ഓഫീസ് അലവന്‍സ് (അതായത് ഡല്‍ഹിയിലെ വീട്ട് ചിലവിന്) നാല്പത്തി അയ്യായിരം മണ്ഡല അലവന്‍സ് (അതായത് മണ്ഡലത്തിലെ വീട്ടുചിലവിന്). ദിവസ ബത്ത രണ്ടായിരം. പങ്കെടുക്കുന്ന ഓരോ കമ്മറ്റി മീറ്റിങ്ങിനും ആയിരം വേറെ. പിന്നെ വിമാനയാത്ര, തീവണ്ടി യാത്ര, തുടങ്ങി ഏത് യാത്രക്കും ടിക്കറ്റ് ഫ്രീ, യാത്ര ചെയ്യുന്ന ഓരോ കിലോമീറ്ററിനും പതിനാറ് രൂപ വെച്ച് റോഡ് അലവന്‍സ്, ഫ്രീ ടെലഫോണ്‍, മാസത്തില്‍ ഒന്നേ മുക്കാല്‍ ലക്ഷം രൂപയുടെ വരെ കറന്‍റ് ഫ്രീ, നാല്‍പതിനായിരം രൂപയുടെ വരെ വെള്ളം ഫ്രീ.. മാസം ഇരുപതിനായിരം വെച്ച് മരണം വരെ പെന്‍ഷന്‍. മെയ് 2009 മുതല്‍ മുന്‍കാല പ്രാബല്യത്തോട് കൂടിയാണത്രേ വര്‍ദ്ധനവ്. അതായത് ഓരോ എം പിക്കും മിനിമം പതിനഞ്ചു ലക്ഷത്തോളം രൂപ കുടിശ്ശിക ഇനത്തില്‍ ലഭിക്കാനുണ്ടാകും. ടി എ യും മറ്റും നന്നായി എഴുതിയെടുക്കുന്ന വിരുതന്മാര്‍ ആണെങ്കില്‍ ഇത് ഇരുപത്തഞ്ചു ലക്ഷത്തിനപ്പുറവും കടക്കും.. അങ്ങനെ എഴുതാന്‍ തുടങ്ങിയാല്‍ ഒത്തിരിയുണ്ട്. ഇതൊന്നും പോര എന്ന് പറഞ്ഞാണ് നമ്മള്‍ തിരഞ്ഞെടുത്ത എല്ലാ എമ്പോക്കികളും ഇന്നലെ ഒന്നിച്ച് ബഹളം ഉണ്ടാക്കിയത്. ഒരു ‘ധമാഷ’ക്ക് വേണ്ടി ഇടത് എംപിമാര്‍ ‘വേണ്ടിയിരുന്നില്ല’ എന്ന് പറഞ്ഞു. മാസം തികയുമ്പോള്‍ അവരും ഈ തുകയോക്കെ ഒപ്പിട്ടു വാങ്ങും. ഒരു രൂപ കുറയില്ല.
എംപി മാരുടെ ശമ്പളം എംപിമാര്‍ തന്നെ തീരുമാനിക്കുന്നു എന്നതാണ് ഏറ്റവും വലിയ തമാശ. അതിന് ശമ്പളകമ്മീഷനോ റിപ്പോര്‍ട്ടോ കുടച്ചക്രമോ ഒന്നും ഇല്ല. രാജ്യത്തെ മറ്റേത് വകുപ്പിലും ശമ്പളം കൂട്ടണമെങ്കില്‍ അതിനു നിയമങ്ങളും വ്യവസ്ഥകളുമുണ്ട്. ഒരു കൊല്ലത്തെ ശമ്പളം കൂട്ടാന്‍ നാല് കൊല്ലത്തെ പഠനം നടത്തണം. പക്ഷേ പാര്‍ലിമെന്റിന് ഈ നിയമങ്ങളൊന്നും ബാധകമല്ല. ശമ്പളം കൂട്ടണമെന്ന് ഒരാള്‍ പറയുക. എന്നാല്‍ കൂട്ടാം എന്ന് വേറൊരാള്‍ പറയുക. എല്ലാവരും ചേര്‍ന്ന് കയ്യടിക്കുക. തീര്‍ന്നു. പുതിയ ശമ്പളം റെഡി. ഇതൊക്കെയാണ് നമ്മുടെ തലവിധി. സഹിക്കുക തന്നെ. ഒരു ഗവര്‍മെന്റ് സെക്രട്ടറിക്ക് എണ്‍പതിനായിരം ശമ്പളമുണ്ട്. അതിനേക്കാള്‍ ഒരു രൂപ കൂടുതല്‍ എംപി ക്ക് വേണം എന്നാണ് പാര്‍ലിമെന്റില്‍ കേട്ട ന്യായം. പത്തിരുപത്തഞ്ച് കൊല്ലം കയിലുകുത്തി പഠിച്ച ശേഷമാണ് ഒരാള്‍ ഐ എ എസും സമാന ബിരുദങ്ങളുമെടുത്ത് സെക്രട്ടറിയാവുന്നത്. നാലാം ക്ലാസും ഗുസ്തിയും കഴിഞ്ഞ് പാര്‍ലമെന്റില്‍ എത്തുന്ന പൊട്ടനും അത് വേണമെന്ന്.. ന്യായം എപ്പടി..?
മ്യാവൂ: നമ്മുടെ മാധ്യമങ്ങളെയൊക്കെ കണക്ക് പഠിക്കാന്‍ പുതിയ സ്കൂളില്‍ അയക്കണം. പതിനാറായിരം രൂപ ശമ്പളം അമ്പതിനായിരം ആക്കിയപ്പോള്‍ മുന്നൂറ് ശതമാനം വര്‍ദ്ധനവ് എന്നാണു എല്ലാവരും എഴുതിയത്. കണക്കില്‍ ഞാന്‍ സഖാവ് വീ എസിനെക്കാള്‍ മോശമാണ്. രണ്ടും രണ്ടും എത്രയാണെന്ന് ചോദിച്ചാല്‍ പോലും അല്പം ആലോചിച്ചേ ഞാന്‍ മറുപടി പറയൂ. ആ എനിക്ക് പോലും ഈ ശതമാനം ദഹിക്കുന്നില്ല. ഞാന്‍ പഠിച്ച കണക്ക് പ്രകാരം വര്‍ദ്ധനവ് ഇരുനൂറ്റി പന്ത്രണ്ടര ശതമാനമേ വരൂ.. നിങ്ങള്‍ പഠിച്ച കണക്ക് പ്രകാരം എത്ര വരും?.
അംബാനിയുടെ മക്കളും 5 രൂപയുടെ ലഞ്ചും.