ഒബാമ എനിക്കയച്ച ഇമെയില്‍

ഒബാമ എന്റെ ബ്ലോഗ്‌ സ്ഥിരമായി വായിക്കുന്ന ആളല്ല. വല്ലപ്പോഴും വായിക്കാറുണ്ടോ എന്ന് ഞാനൊട്ടു ചോദിച്ചിട്ടുമില്ല. പക്ഷെ അദ്ദേഹം എനിക്കൊരു ഇമെയില്‍ അയച്ചു എന്നത് സത്യമാണ്. ഇന്‍ബോക്സില്‍ ഫ്രം ബാരക്‌ ഒബാമ എന്ന് കണ്ടപ്പോള്‍ ഞാനൊന്ന് ഞെട്ടി. ‘നിങ്ങള്‍ക്ക് രണ്ടര മില്യന്‍ ലോട്ടറി അടിച്ചിട്ടുണ്ട്. നൂറു ഡോളര്‍ ഇങ്ങോട്ട് അയച്ചു തന്നാല്‍ രണ്ടര മില്യന്‍ അങ്ങോട്ടയക്കാം’ എന്ന മട്ടില്‍ ഇമെയിലുകള്‍ ദിവസവും വരാറുണ്ട്. ഇങ്ങനെ വന്ന ഇമെയിലിന് പിറകെ പോയി നാല്‍പത്‌ ലക്ഷം രൂപ നൈജീരിയയിലേക്ക്‌ അയച്ചു കൊടുത്ത ഒരു പൊട്ടന്‍ മലയാളിയെക്കുറിച്ച് ഞാന്‍ തന്നെ ഈ ബ്ലോഗില്‍ എഴുതിയിട്ടുള്ളതുമാണ്.

ബില്‍ ഗേറ്റ്സ്‌, വാറന്‍ ബഫറ്റ്, കരീന കപൂര്‍ തുടങ്ങി വിനീത് ശ്രീനിവാസന്റെ പേരില്‍ വരെ വ്യാജന്മാര്‍ വരുന്ന കാലമാണ്. ഒബാമയുടെ മെയില്‍ ആദ്യമായി കിട്ടുന്നത് കൊണ്ട് ഞാനത് തുറന്നു. ഇമെയിലിന്റെ ഉറവിടം ലിങ്ക് ചെയ്തു നോക്കിയപ്പോള്‍ സംഗതി ഒറിജിനലാണ്. ഒബാമയുടെ പേര്‍സണല്‍ വെബ്‌ സൈറ്റിന്‍റെ മെയില്‍ സര്‍വറില്‍ നിന്നാണ് കക്ഷി വന്നിരിക്കുന്നത്. വള്ളിക്കുന്ന്.കോമില്‍ ഇനി എന്നെ വിമര്‍ശിക്കരുത്, എന്റെ പോപ്പുലാരിറ്റി കുത്തനെ ഇടിയുന്നതിന് നിങ്ങളാണ് കാരണക്കാരന്‍ എന്നെങ്ങാനും പറഞ്ഞു പ്രസിഡണ്ട്‌ അയച്ചതാവും എന്നാണ് ഞാന്‍ കരുതിയത്‌. വായിച്ചു നോക്കിയപ്പോള്‍ വിഷയം അതല്ല.

“ഈ വര്‍ഷത്തെ  ബര്‍ത്ത് ഡേ ഗിഫ്റ്റായി പുതുമയുള്ള ഒന്ന് പ്ലാന്‍ ചെയ്തിട്ടുണ്ട് എന്ന് ഭാര്യ മിഷേല്‍  പറഞ്ഞു” എന്ന ഡയലോഗോട് കൂടിയാണ് മിസ്റ്റര്‍ ഒബാമയുടെ മെയില്‍ തുടങ്ങുന്നത്. ആ വാചകം  വായിച്ചതോടെ എന്റെ ട്യൂബ് കത്തി. അപ്പോള്‍ അതാണ്‌ കാര്യം. ഞാന്‍ ഒബാമക്ക് ഒരു ബര്‍ത്ത് ഡേ കാര്‍ഡ്‌ അയച്ചിരുന്നു. ( വട്ടുണ്ടല്ലേ എന്ന് ചോദിക്കാന്‍ വരട്ടെ ).. ഒരു സുഹൃത്ത്‌ ഫോര്‍വേഡ് ചെയ്തു തന്ന ഫേസ്ബുക്ക്‌ ലിങ്കിലൂടെയാണ് പുള്ളിക്ക് ഞാന്‍ ആശംസ നേര്‍ന്നത്. കാര്‍ഡില്‍ ഞാന്‍ ഇങ്ങനെ എഴുതി. “ബര്‍ത്ത് ഡേ ആഘോഷിക്കുന്നതൊക്കെ കൊള്ളാം. നാല് വര്ഷം ഇപ്പോള്‍ തീരും. പ്രസിഡന്റ്‌ പഥത്തിലെത്താന്‍ വേണ്ടി പറഞ്ഞ വാഗ്ദാനങ്ങള്‍ ഒന്നും മറക്കേണ്ട”. ക്ലിക്കിയ ശേഷം എനിക്ക് നേരിയ ഒരു പേടി. കളി അമേരിക്കന്‍ പ്രസിഡന്റിനോടാണ്. പിടിച്ചാല്‍ ഗോണ്ടനാമോയിലെത്തും. (അത് പൂട്ടിയോ എന്തോ? പൂട്ടുമെന്ന് പുള്ളി പറഞ്ഞാരുന്നു). നന്ദി പറഞ്ഞു കൊണ്ട് മെയില്‍ വന്നതോടെ സംഗതി സുള്ളായി എന്നുറപ്പ്.

ഇതുവരെ സഹായിച്ച പോലെ ഇനിയും സഹായിക്കണം എന്നാണ് ഒബാമ എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്!! ഒന്നര വര്‍ഷത്തില്‍ അധികമായി പുള്ളി ഓവല്‍ ഓഫീസിന്റെ കസേരയില്‍ ഇരുന്ന് കറങ്ങുന്നു. ക്ലിന്റന്റെ മോള്‍ ചെല്‍സിയക്ക് ഒരു നല്ല പുതിയാപ്പിളയെ കിട്ടി എന്നതൊഴിച്ചാല്‍ അമേരിക്കയില്‍ പറയത്തക്ക ‘ചേഞ്ചു’ കളൊന്നും വന്നിട്ടില്ല. (ആറ്റു നോറ്റു വന്ന ആ കല്യാണത്തിനൊട്ട് ഒബാമയെ ക്ഷണിച്ചതുമില്ല). കൈറോ യൂണിവേര്‍സിറ്റിയില്‍ വെച്ചു നടത്തിയ ഒരു തട്ടുപൊളിപ്പന്‍ പ്രസംഗം ഒഴിച്ച് നിര്‍ത്തിയാല്‍ പശ്ചിമേഷ്യക്കും ഒരു നുള്ള് ചേഞ്ച്‌ കിട്ടിയിട്ടില്ല. എല്ലാം പഴയ പടി പോലെ തന്നെ. ഇറാഖിലും അഫ്ഗാനിസ്ഥാനിലും കാര്യങ്ങള്‍  നായയ്ക്കും നരിക്കുമല്ലാതെ തന്നെയാണ് മുന്നോട്ട് പോകുന്നത്. (അഫ്ഗാനിസ്ഥാനിലെ മിലിട്ടറി ക്യാമ്പിലുള്ള ബ്ലോഗര്‍ ലൈജുവിനെ പടച്ചവന്‍ കാക്കട്ടെ).. 

ആദ്യ രാത്രിയില്‍ തന്നെ ഭാര്യ പ്രസവിച്ചത് പോലെ അകാലത്തില്‍ ഒരു നോബല്‍ സമ്മാനം കിട്ടി എന്നത് മാത്രമാണ് മിസ്റ്റര്‍ ഒബാമയുടെ ക്രെഡിറ്റില്‍ ഇപ്പോള്‍ ഉള്ളത്. (പ്രസിഡന്റിന്റെ പണി തുടങ്ങുന്നതിനു മുമ്പേ നോബലുകാര്‍ വന്നു സമ്മാനം കൊടുത്തിട്ട് പോയത് ഒബാമയുടെ കുറ്റമായി ഞാന്‍ പറയില്ല) ഇത്തരം കാര്യങ്ങളൊക്കെ തലയില്‍ കിടന്നു കറങ്ങിയത് കൊണ്ടാണ് ബെര്‍ത്ത്‌ ഡേ കാര്‍ഡില്‍ ഞാന്‍ അങ്ങിനെ കുറിച്ചത്. അമേരിക്കയുടെ നാല്പത്തിനാലാം പ്രസിഡന്റായി ഒരു കറുത്ത വംശജന്‍ വൈറ്റ് ഹൌസിന്റെ പടി കയറിയപ്പോള്‍ ഉണ്ടായ ആവേശത്തില്‍ ഏതാനും ലേഖനങ്ങള്‍ ഞാനും എഴുതിയിട്ടുണ്ട്. അതൊക്കെ ‘അങ്കമാലിയിലെ പ്രധാന മന്ത്രി’യെപ്പോലെ ആയി എന്ന് മാത്രം പറഞ്ഞാല്‍ മതിയല്ലോ.. അടുത്ത ഓഗസ്റ്റ്‌ നാലിനും ഒബാമക്ക് ഞാന്‍ ഒരു ബര്‍ത്ത് ഡേ കാര്‍ഡ്‌ അയക്കും. നിങ്ങളും അയക്കണേ.. പുള്ളി എങ്ങനേലും ജീവിച്ചു പോട്ടെ..
 
മ്യാവൂ: “ഒബാമക്ക് ലക്ഷക്കണക്കിന് പേര്‍ ബര്‍ത്ത് ഡേ കാര്‍ഡ്‌ അയച്ചു കാണും. അവര്‍ക്കൊക്കെ ഒബാമയുടെ സൈറ്റില്‍ നിന്നുള്ള ഓട്ടോമാറ്റിക്‌ മെസ്സേജും പോയിക്കാണും. ഇതൊക്കെ വലിയ ആനക്കാര്യമായി ബ്ലോഗിലെഴുതുന്ന തനിക്ക് വേറെ പണിയൊന്നുമില്ലേ?”. (ഒന്ന് പോടെയ്‌..)