സെന്‍സ് ഉള്ളവനേ കോമണ്‍സെന്‍സ് ഉണ്ടാവൂ, വെല്‍ത്ത് ഉണ്ടെങ്കിലേ കോമണ്‍വെല്‍ത്തും ഉണ്ടാവൂ. ഇത് നന്നായി അറിയാവുന്ന ആളാണ് സുരേഷ് കല്‍മാഡി. മുപ്പത്തയ്യായിരം കോടി കൊണ്ട് ഒന്നാന്തരം കോമണ്‍ വെല്‍ത്താണ് പുള്ളി കളിച്ചിരിക്കുന്നത്. കോമണ്‍ ടോയ്ലെറ്റ് എന്ന് പറഞ്ഞാല്‍ എല്ലാവര്ക്കും ഉപയോഗിക്കാനുള്ളതാണ്. കോമണ്‍ വെല്‍ത്ത് എന്ന് പറഞ്ഞാലും ഏതാണ്ട് ആ അര്‍ത്ഥം വരും. ഇതൊക്കെ മനസ്സിലാക്കാന്‍ മമ്മൂട്ടി പറഞ്ഞ പോലെ ‘സെന്‍സ് വേണം, സെന്‍സിറ്റിവിറ്റി വേണം, സെന്‍സിബിലിറ്റി വേണം’. ഇത് മൂന്നും മാത്രമല്ല, മറ്റൊന്ന് കൂടി കല്‍മാഡിക്കുണ്ട്. നാട്ടുകാരുടെ പൈസ അണ്ണാക്ക് തൊടാതെ വിഴുങ്ങാനുള്ള കഴിവ്.
‘തള്ളേ, ഇത് അയാള്‍ എവിടുന്നു പഠിച്ചു’ എന്ന് ചോദിക്കരുത്. മുതലക്കുട്ടിക്ക് ആരും സ്വിമ്മിംഗ് പഠിപ്പിക്കാറില്ല. തഴക്കവും പഴക്കവും ചെന്ന കോണ്ഗ്രസ്സുകാരന്‍ ആണ് അയാള്‍. ലത്‌കൊണ്ട് തന്നെ, അണ്ണാക്കല്ല, ആമാശയം പോലും തൊടാതെ സംഗതി എങ്ങിനെ താഴോട്ടു പോക്കാം എന്ന് അയാളെ ആരും പഠിപ്പിക്കേണ്ടതില്ല. പോരാത്തതിന് ഇടക്കാലത്ത് ബീ ജെ പിയിലും ഒന്ന് കയറിയിറങ്ങിയിട്ടുണ്ട് !. തീര്‍ന്നില്ല , സഞ്ജയ് ഗാന്ധിയുടെ കൂടെയായിരുന്നുവത്രേ പുള്ളി കളിച്ചു വളര്‍ന്നത്!!. നൂറില്‍ നൂറ്റിപ്പത്ത് കിട്ടാന്‍ പിന്നെ എന്നാ വേണം?
കല്‍മാഡിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ ഇന്ത്യയെ മൊത്തം നാറ്റിക്കുന്നതാണ്. നാനൂറു രൂപ വിലയുള്ള ചന്തി തുടക്കാനുള്ള ടിഷ്യൂ പേപ്പര്‍ പുള്ളിക്കാരന്‍ വാങ്ങിയിരിക്കുന്നത് നാലായിരം രൂപ കൊടുത്താണത്രെ. ഒരു കസേരക്ക് വാടക എണ്ണായിരം രൂപ. പതിനായിരം രൂപ വിലയുള്ള റെഫ്രിജറേറ്ററിന് വാടക നാല്‍പത്തി രണ്ടായിരം. ആയിരത്തറനൂറു രൂപ ഓപ്പണ്‍ മാര്‍കറ്റില്‍ വിലയുള്ള അഡിഡാസ് വിസിറ്റര്‍ വസ്ത്രങ്ങള്‍ നാലായിരം കൊടുത്താണ് വാങ്ങിയിരിക്കുന്നത്. ഒരു ഹീലിയം ബലൂണിന് വാടക നാല് കോടി. കണക്കെല്ലാം മണി മണി പോലെ റെഡി. വരവ് ക മുപ്പത്തയ്യായിരം കോടി.. ചെലവ് ക മുപ്പത്തയ്യായിരം കോടി. ഒരു നയാ പൈസയുടെ ഷോര്‍ട്ട് ഇല്ല. ഇയാളെ നമുക്ക് രാഷ്ട്രപതിയാക്കിയാലോ? വേറെ ഒന്നുകൊണ്ടും അല്ല. കോമണ്‍വെല്‍ത്ത് വിജയിപ്പിക്കാന്‍ പാവം വല്ലാതെ വെയില് കൊണ്ട് തൊലി അല്പം കറുത്തിട്ടുണ്ട്. രാഷ്ട്രപതി ഭവനില്‍ അഞ്ചു കൊല്ലം വെയില് കൊള്ളിക്കാതെ നിര്‍ത്തിയാല്‍ അതൊന്ന് വെളുത്തു കിട്ടും. മാത്രമല്ല ഡല്‍ഹിയിലെ എല്ലാ കോണ്ഗ്രസ്സുകാര്‍ക്കും ഇഷ്ടം പോലെ സല്യൂട്ട് അടിച്ചു നടക്കുകയും ചെയ്യാം. നിങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞിട്ടു ഞാന്‍ സജ്ജെസ്റ്റ് ചെയ്യാം. ഇതുപോലെ ഒരു ഉരുപ്പടിയെ തിരിയിട്ടു തിരഞ്ഞാല്‍ നമുക്കിനി കിട്ടില്ല.
എഴുപത്തൊന്നു രാജ്യങ്ങളിലെ കായിക താരങ്ങള്‍ ഡല്‍ഹിയില്‍ എത്തുമ്പോള്‍ അവരെ വേണ്ട പോലെ സ്വീകരിക്കുവാനും സൗകര്യങ്ങള്‍ ഒരുക്കുവാനും നമ്മുടെ നാടിനു കഴിയണം. അത് ഏതൊരു ഇന്ത്യക്കാരന്റെയും അഭിമാനത്തിന്‍റെ പ്രശ്നമാണ്. ഉണ്ടാക്കിയ ഗ്രൗണ്ടുകള്‍ ഉദ്ഘാടനത്തിന്‍റെ പിറ്റേന്ന് തന്നെ ചോരാന്‍ തുടങ്ങി. കല്‍മാഡിയെപ്പോലൊരു കാട്ടുകള്ളനെ കത്തിയും കഴുത്തും കൊടുത്ത് വിടുമ്പോള്‍ ആലോചിക്കണമായിരുന്നു അതിങ്ങനെയൊക്കെയേ പര്യവസാനിക്കൂ എന്ന്. ഇനിയിരുന്ന് മോങ്ങിയിട്ട് കാര്യമില്ല. ഗെയിംസിന് ഇനി അമ്പതു ദിവസങ്ങള്‍ മാത്രമാണ് മുന്നിലുള്ളത്. അതിനിടയില്‍ ചെയ്യാവുന്നത് ചെയ്യാന്‍ കഴിയണം. നാല് മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഡല്‍ഹിയില്‍ പോയപ്പോള്‍ അവിടെ തകൃതിയായ പണിയാണ്. എയര്‍ പോര്‍ട്ടിലും റെയില്‍വേ സ്റ്റേഷനിലും എന്ന് വേണ്ട സകല സ്ഥലത്തും കോമണ്‍ വെല്‍ത്തിന്റെ പൊടിയും ചളിയും തന്നെ. ചേളാരി ചന്തക്ക് ഇതിനേക്കാള്‍ അടുക്കും ചിട്ടയും ഉണ്ട് എന്ന് ഡല്‍ഹിയില്‍ ഉള്ള എന്‍റെ ജേഷ്ഠനോട് ഞാന്‍ പറയുകയും ചെയ്തു. മാസം നാല് കഴിഞ്ഞെങ്കിലും ഇപ്പോള്‍ സ്ഥിതി അതിലേറെ വഷളായിരിക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഡല്‍ഹിയിലെ ഒരു പ്രധാന വീഥിയില്‍ കുമിഞ്ഞു കൂടിയ അഴുക്കുകള്‍ക്ക് ഇടയിലൂടെ മൂക്ക് പൊത്തി ചാടിച്ചാടി നടക്കുന്ന ടൂറിസ്റ്റുകളുടെ ഒരു ക്ലിപ്പിംഗ് ഇന്നലെ ടീ വിയില്‍ കണ്ടു. ഒന്നര മാസം കൊണ്ട് നമ്മുടെ ‘നയീ ദില്ലി’ എങ്ങിനെയിരിക്കുമെന്ന് കണ്ടു തന്നെ അറിയണം.
ഒരു കായിക മേള എങ്ങനെ നടത്തണമെന്ന് സൗത്ത് ആഫ്രിക്ക വേള്‍ഡ് കപ്പ് ഫുട്ബാളിലൂടെ കാണിച്ചു തന്നിട്ടുണ്ട്. കാശില്ലേലും ഉള്ള കാശ് കൊണ്ട് എങ്ങിനെ ജോറാക്കാം എന്നാണ് അവര്‍ കാണിച്ചു തന്നത്. ഉള്ള കാശ് കൊണ്ട് എങ്ങിനെ കല്‍മാഡിമാരുടെ വയറു വീര്‍പ്പിക്കാം എന്നാണ് നാം കാണിച്ചു കൊണ്ടിരിക്കുന്നത്. പതിനാലു കൊല്ലമായി ഈ വേന്ദ്രനാണ് നമ്മുടെ ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡണ്ട്. ഇരുപത്തൊന്നു കൊല്ലമായി ഇയ്യാള് തന്നെയാണ് അത്‌ലെറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റും. (നമ്മള് നന്നാവുമോ?. എവടെ?.) കോമണ്‍വെല്‍ത്തേ, നാറ്റിക്കല്ലേ എന്ന് മാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂ. ബാക്കി നമുക്ക് വെയിറ്റ് ആന്‍ഡ് സീ. എല്ലാവര്ക്കും എന്റെയും കല്‍മാഡിയുടെയും സ്വാതന്ത്ര്യദിന ആശംസകള്‍.