ലീഗേ, ജമാഅത്തിനെ വിളിച്ചില്ലേ

മുസ്‌ലിംലീഗിന്റെ  നേതൃത്വത്തില്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത സമുദായ സംഘടനകളുടെ യോഗത്തില്‍ ജമാഅത്തെ ഇസ്ലാമിയെ വിളിക്കാത്തതില്‍ അവര്‍ക്ക്‌ ശക്തമായ പരാതിയുണ്ടത്രേ. കുറുക്കനെ എന്ത് ചെയ്യണം എന്ന് ആലോചിക്കുന്നതിനു വേണ്ടി കോഴികള്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കുറുക്കനെത്തന്നെ അദ്ധ്യക്ഷനായി ഇരുത്താന്‍ പറ്റുമോ എന്ന് എനിക്ക് ഒരു സംശയം ഉണ്ട്. ലീഗുകാര്‍ പല കടും കൈകളും ചെയ്യാറുണ്ട് എങ്കിലും ഇന്നലെ ചെയ്തത് ഒരു കടും കൈ ആണ് എന്ന് എനിക്ക് അഭിപ്രായമില്ല.

പോപ്പുലര്‍ ഫ്രണ്ട് , ജമാഅത്തെ ഇസ്ലാമി തുടങ്ങിയ തീവ്ര സംഘടനകളെ എങ്ങിനെ നേരിടണം എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് മുസ്‌ലിം സംഘടനാ നേതാക്കള്‍ ഇന്നലെ ഒത്ത് ചേര്‍ന്നത്‌. നോമ്പ് തുറക്കാനും തരിക്കഞ്ഞി കുടിക്കാനും മാത്രമല്ല, ഇങ്ങനെയുള്ള ചില അത്യാസന്ന ഘട്ടങ്ങളിലും ഒത്ത് ചേരാന്‍ കഴിയുമെന്ന് വരുന്നത് നല്ല കാര്യം തന്നെയാണ്. ഇരു വിഭാഗം സുന്നികള്‍, ഇരു വിഭാഗം മുജാഹിദുകള്‍, എം ഇ എസ്, മുസ്‌ലിം ജമാഅത്ത്‌ തുടങ്ങിയ പ്രധാന വിഭാഗങ്ങള്‍ ആണ് ഇന്നലെ കോട്ടക്കലില്‍ ഒത്ത് ചേര്‍ന്നത്‌.

ഇസ്‌ലാമിക വിശ്വാസം അനുസരിച്ച് സമാധാനത്തോടെ ജീവിച്ചു പോകണം, എല്ലാ മതവിഭാഗങ്ങളുമായും സൗഹാര്‍ദത്തോടെ കഴിയണം. ഇതാണ് കേരളത്തിലെ മുസ്‌ലിം സംഘടനകളുടെയും മഹാ ഭൂരിപക്ഷം വരുന്ന മുസ്ലിംകളുടെയും പൊതു വികാരം. ഇതിലപ്പുറം അജണ്ടകള്‍ ഒന്നും അവര്‍ക്കില്ല. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ട്,  പി ഡി പി, ജമാഅത്ത്‌  കൂട്ടങ്ങള്‍ക്ക്‌ ചില രഹസ്യ അജണ്ടകള്‍ ഉണ്ട്. ആ അജണ്ടകള്‍ ആണ് മുസ്‌ലിം സമൂഹത്തിലെ യുവാക്കള്‍ക്കിടയില്‍ തീവ്രവികാരം ഇളക്കി വിട്ടത് . ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് നാട് നീളെ ചുമരുകളില്‍ എഴുതി വെക്കാന്‍ പാകത്തില്‍ സിമിക്കുട്ടികളെ വളര്‍ത്തിയെടുത്തത് ജമാഅത്തെ ഇസ്ലാമിയാണ്. അവരുടെ പാളയത്തിലാണ് ആ സംഘടന ജനിച്ചതും മുല കുടിച്ച് വളര്‍ന്നതും. കോമ്പ്ലാനും ഹോര്‍ലിക്സുമൊക്കെ അവര്‍ക്ക് വേണ്ടത്ര കിട്ടിയതും അവിടെ വെച്ച് തന്നെയാണ്. 


ഇന്ത്യയെന്താണെന്നോ ഇസ്ലാം എന്താണെന്നോ മനസ്സിലാക്കാതെ ദൈവിക രാജ്യം സംസ്ഥാപിക്കുന്നതിന് വേണ്ടി സാഹിത്യങ്ങള്‍ പടച്ചു വിടുകയായിരുന്നു കഴിഞ്ഞ കാലങ്ങളില്‍ ജമാഅത്ത്‌ ചെയ്തത്. അല്പം വിവേകം ഈയടുത്ത കാലത്താണ് അവര്‍ക്ക് വന്നു തുടങ്ങിയത്. അതിനെ നിഷേധിക്കുന്നില്ല. മൌദൂദിയുടെ പുസ്തകങ്ങള്‍ ഷെല്‍ഫുകള്‍ക്ക് പിറകിലേക്കും പിന്നീട് ഗോഡൌണുകളിലേക്കും നീങ്ങാന്‍ തുടങ്ങിയത് അത് കൊണ്ടാണ്. പക്ഷെ വിവേകം എത്തിയപ്പോഴേക്ക് കാര്യങ്ങള്‍ പിടി വിട്ട് തുടങ്ങിയിരുന്നു. എന്‍ ഡി  എഫും പോപ്പുലര്‍ ഫ്രണ്ടുമൊക്കെ  സിമിയുടെ വക ഭേദങ്ങളാണ് എന്നിരിക്കെ വര്‍ഗീയതക്കെതിരായ സമരത്തില്‍ ജമാഅത്തിനെ വിളിക്കാത്തതില്‍ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല. മാധ്യമം പത്രം അതില്‍ കണ്ണീര്‍ വാര്‍ത്തിട്ട് കാര്യവുമില്ല.

തെരുവില്‍ കൊടുവാളുമായി ഇറങ്ങുന്ന ഏതാനും ആളുകള്‍ സമുദായത്തിന്‍റെ അജണ്ട നിശ്ചയിക്കുന്നതിനെ തടയിടേണ്ടത് മുസ്‌ലിം സംഘടനകളുടെ മൊത്തം താല്പര്യമാണ്. അവര്‍ ഈ വിഷയത്തില്‍ ഒന്നിച്ച് നില്‍ക്കേണ്ടത് സ്നേഹത്തിലും സൗഹാര്‍ദത്തിലും വിശ്വസിക്കുന്ന കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും ആവശ്യമാണ്‌. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവ സമൂഹം ഹിന്ദു തീവ്രവാദികളെ മുഖ്യധാരയില്‍ നിന്ന് എങ്ങിനെ അകറ്റി നിര്‍ത്തുന്നുവോ അത്പോലെ ഇസ്‌ലാമിക തീവ്രവാദികളെ അകറ്റി നിര്‍ത്തേണ്ടത് മറ്റാരെക്കാളും മുസ്ലിംകളുടെ കടമയാണ്. പള്ളികള്‍, മദ്രസകള്‍, മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ രംഗങ്ങളില്‍ നിന്നും ഇത്തരം ആശയഗതിക്കാരെ അകറ്റി നിര്‍ത്തുവാന്‍ മുസ്‌ലിം മതസംഘടനകള്‍ക്കു മാത്രമേ കഴിയൂ. ഒരു പള്ളികമ്മറ്റിയുടെ പ്രസിഡണ്ടും സെക്രട്ടറിയും ആരാകണമെന്ന് തീരുമാനിക്കാന്‍ സര്‍ക്കാരിനോ ആഭ്യന്തര വകുപ്പിനോ കഴിയില്ല. അത് ചെയ്യേണ്ടത് ഇവിടുത്തെ മതസംഘടനകളാണ്. കേരളത്തിലെ തൊണ്ണൂറ്റിയഞ്ചു ശതമാനം പള്ളികളും മദ്രസകളും ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്ത സംഘടനകളുടെ കീഴിലാണ് ഉള്ളത്. ബാക്കിയുള്ള അഞ്ചു ശതമാനം മാത്രമേ (അത്രയും കാണുമോ എന്ന് പോലും സംശയമാണ്) ജമാഅത്ത്‌, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ തീവ്ര ഗ്രൂപ്പുകളുടെ കൈവശം കാണൂ.. അതുകൊണ്ട് തന്നെ കേരളത്തിന്റെ മണ്ണില്‍ നിന്നും തീവ്രവാദത്തെ വേരോടെ പിഴുതെറിയാന്‍ പ്രമുഖ മത സംഘടനകളുടെ കൂട്ടായ്മക്ക് സാധിക്കും, സാധിക്കണം.  

കൊടുവാളുമായി മതത്തെയും പ്രവാചകനെയും സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന വിരലില്‍ എണ്ണാവുന്ന ബുദ്ധിശൂന്യരെ മുസ്‌ലിം സംഘടനകള്‍ക്കു ഇപ്പോള്‍ നിയന്ത്രിക്കാന്‍ കഴിയും. അതിന് വേണ്ട കര്‍മ പദ്ധതികള്‍ യുദ്ധ കാലാടിസ്ഥാനത്തില്‍ ഓരോ സംഘടനയും നടപ്പിലാക്കേണ്ടിയിരിക്കുന്നു. ഇത്തരം വികാര ജീവികളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടി വരുന്ന പക്ഷം ആര്‍ക്കും നിയന്ത്രിക്കാന്‍ ആവാത്ത വിധം നമ്മുടെ മണ്ണ് രക്തപങ്കിലമാവും. മത വിഷയങ്ങളിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കെ തന്നെ പൊതുശത്രുവിനെതിരെ ഒന്നിച്ച് നില്‍ക്കുവാന്‍ എല്ലാവര്ക്കും സാധിക്കണം. മുസ്‌ലിം സംഘടനകള്‍ ഒന്നിച്ച് നിന്ന് ഒരു ചരിത്ര ദൗത്യം നിര്‍വഹിക്കേണ്ട സമയമാണിത്. സമാധാനത്തിന്റെ അവസാന ബസ്സാണ് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്. അത് മിസ്സ്‌ ചെയ്‌താല്‍ ഇനിയൊരു ബസ്സില്ല.  

Related Posts