ടീച്ചറേ, അമേരിക്ക എങ്ങനുണ്ട്?

കേരളത്തിന്‍റെ സൂക്കേട് മന്ത്രി പി കെ ശ്രീമതി ടീച്ചര്‍ അമേരിക്കയില്‍ പോയതിന് പ്രതിപക്ഷം ആവശ്യമില്ലാത്ത ബഹളങ്ങള്‍ ആണ് ഉണ്ടാക്കുന്നത്‌. റോം കത്തിയെരിയുമ്പോള്‍ അബദ്ധത്തില്‍ വീണയില്‍ തൊട്ടതിന് ആ പാവം നീറോ ചക്രവര്‍ത്തിയെ പീഡിപ്പിച്ച പോലെ അമേരിക്കയില്‍ പോയതിന് നമ്മുടെ ടീച്ചറെ പീഡിപ്പിക്കാനുള്ള പരിപാടിയിലാണ് പ്രതിപക്ഷവും സിണ്ടിക്കേററ് മാധ്യമങ്ങളും. മൂത്രം ഒഴിക്കാന്‍ മുട്ടിയാല്‍ അത് ഒഴിച്ചേ തീരൂ. അമേരിക്കയില്‍ പോകാന്‍ തോന്നിയാല്‍ അത് പോയേ തീരൂ. അതിന് ഇത്രമാത്രം ബഹളം ഉണ്ടാക്കേണ്ട കാര്യമൊന്നുമില്ല.

മഴക്കാലമായാല്‍ പനി വരുന്നത് മാവേലിയുടെ കാലം മുതലുള്ള പതിവാണ്. പനി വന്ന് ആളുകള്‍ മരിക്കുന്നതിന് മാവേലിയേക്കാള്‍ പഴക്കമുണ്ട് താനും. കൊളംബസിന്‍റെ കാലം മുതല്‍ അമേരിക്കയില്‍ ആളുകള്‍ പോകുന്നുണ്ട്, വരുന്നുമുണ്ട്. ശ്രീമതിട്ടീച്ചര്‍ക്ക് മാത്രം ഇതൊന്നും പറ്റില്ല എന്ന് പറയുന്നതിന്റെ ലോജിക്‌ എനിക്ക് മനസ്സിലാവുന്നില്ല. ഒരു മന്ത്രിയായിപ്പോയി എന്ന് വെച്ച് ഒരാള്‍ എന്തൊക്കെ സഹിക്കണം?. പനി ഇന്ന് വരും, നാളെ പോകും. എറണാകുളം നഗരം ഉള്ളിടത്തോളം കാലം കൊതുകുകള്‍ അവരുടെ പണി ചെയ്യുകയും ചെയ്യും  പക്ഷെ ഫൊക്കാന സമ്മേളനം ഇനി കിട്ടില്ല.. കേരളത്തില്‍ ടാമിഫ്ലു കിട്ടാനില്ല എന്ന് വെച്ച് അമേരിക്കയിലുള്ളവര്‍ക്ക് അവരുടെ സമ്മേളനം മാറ്റി വെക്കാന്‍ പറ്റുമോ? ‘ശുംഭത്തരം’ പറയുന്നതിനും ഒരു അതിര് വേണ്ടേ?. 
    

ശ്രീമതി ടീച്ചറോട്‌ എനിക്ക് പറയാനുള്ളത് ഈ ബഹളങ്ങളൊന്നും കാര്യമാക്കേണ്ട എന്നാണ്. മരിക്കാനുള്ളവര്‍ എന്നായാലും മരിക്കും. ടീച്ചര് കണ്ണൂര്‍ ആയാലും ഉഗാണ്ടയില്‍ ആയാലും അതിനൊരു മാറ്റവും ഉണ്ടാവില്ല. ഇത് വരെ പകര്‍ച്ചപ്പനി പിടിച്ച് നൂറ്റി നാല്‍പത്‌ പേരേ മരിച്ചിട്ടുള്ളൂ. ഒരു പത്തോ അഞ്ഞൂറോ ഇനിയും മരിച്ചെന്നിരിക്കും. എലിപ്പനി ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഇരുന്നൂറ് രൂപ വീതമാണ് കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയത്. അതുപോലെ എന്തെങ്കിലും നമ്മളും കൊടുത്താല്‍ മതി. കാണാനുള്ള സ്ഥലങ്ങളൊക്കെ കണ്ട ശേഷം മാത്രം തിരിച്ചു വന്നാല്‍ മതി. രണ്ടാഴ്ച എന്നുള്ളത് രണ്ടു മാസം ആക്കിയാലും കുഴപ്പമൊന്നും ഇല്ല. ഇവിടെ എളമരം സഖാവ് ഉണ്ടല്ലോ. വ്യവസായ വകുപ്പ് ഇപ്പോള്‍ ഏതാണ്ട് ശരിയായിട്ടുണ്ട്. ഇനി ആ വകുപ്പില്‍ കാര്യമായ പണികളൊന്നും ഇല്ല. സ്മാര്‍ട്ട് സിറ്റിയുടെ ഒരു മീറ്റിംഗ് കൂടി കഴിഞ്ഞാല്‍ എല്ലാം ക്ലിയറായി. മാത്രമല്ല മൂപ്പര്‍ക്ക് ഒരു ചെയിഞ്ച് ആവുകയും ചെയ്യും. അമേരിക്ക, ഇംഗ്ലണ്ട്, ദുബായി ഈ മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിച്ചു തിരിച്ചു വരാനാണ് ടീച്ചറുടെ പരിപാടി എന്ന് പത്രത്തില്‍ വായിച്ചു. പറ്റിയാല്‍ സൗത്ത്‌ ആഫ്രിക്കയില്‍ ഒന്ന് ഇറങ്ങണം. വേള്‍ഡ്‌ കപ്പ് ഫൈനല്‍ നേരിട്ട് കാണാമല്ലോ. ഒത്താല്‍ നാല് ദിവസം ജര്‍മനിയിലും തങ്ങണം. അവിടത്തെ മലയാളികള്‍ക്കും ഒരു സമ്മേളനം ഉണ്ടെന്നു കേട്ടു.

മന്ത്രിയായിരിക്കുമ്പോള്‍ ചെയ്യേണ്ട പണികളൊക്കെ ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ പിന്നെ ഖേദിക്കേണ്ടി വരും. കാണാനുള്ള സ്ഥലങ്ങളൊക്കെ കാണുക, മക്കളെ വിദേശത്തു അയച്ചു പഠിപ്പിക്കുക, അവരുടെ കല്യാണം നടത്തുക, പുതിയ വീട് വെക്കുക തുടങ്ങിയവക്കൊക്കെ ഇതിനേക്കാള്‍ പറ്റിയ സമയമില്ല . ഇനിയീ ചാന്‍സ് നമുക്ക് കിട്ടാനുള്ള സാധ്യത കുറവാണ്. സ്വന്തം കാശ് ചിലവാക്കി ഊരോത്ത് മല പോലും കാണാത്ത കോണ്ഗ്രസ്സുകാരാണ് ഇപ്പോള്‍ വിമര്‍ശിക്കുന്നത്. അവരൊക്കെ മന്ത്രിമാര്‍ ആയിരുന്നപ്പോള്‍ ഒറ്റ ട്രിപ്പില്‍ പത്തും പതിനഞ്ചും രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. നമ്മള്‍ കമ്മ്യൂണിസ്റ്റ്‌കാര്‍ക്ക് മാത്രം ഇതൊന്നും പറ്റില്ല എന്ന് പറയുന്നത് വക വെച്ചു കൊടുക്കരുത്. യു നോ..


ടീച്ചറുടെ അഭ്യുദയകാംക്ഷി എന്ന നിലക്ക് ഒരൊറ്റ അഭ്യര്‍ത്ഥനയാണ് എനിക്കുള്ളത്. കൊന്നാലും ഇംഗ്ലീഷില്‍ പ്രസംഗിക്കരുത്. ഒരിക്കല്‍ ടീച്ചറ് ഇംഗ്ലീഷില്‍ പ്രസംഗിക്കുന്നത് ടീവിയില്‍ കേട്ടിരുന്നു. റിമോട്ട് കയ്യില്‍ തന്നെ ഉണ്ടായിരുന്നത് കൊണ്ടാണ് അന്ന് ഞാന്‍ ബോധം കെടാതെ രക്ഷപ്പെട്ടത്. അതുകൊണ്ട് നമുക്ക് നമ്മുടെ മലയാളം മതി. അവിടുത്തെ വിശേഷങ്ങളൊക്കെ എഴുതി അറിയിക്കണേ.. ന്യൂയോര്‍ക്കിലെ ആശുപത്രികളിലൊക്കെ തുള്ളി മരുന്നുകള്‍ ശരിക്കും കൊടുക്കുന്നുണ്ടോ എന്ന് കൂടെയുള്ള സംഘത്തോട് ചെക്ക്‌ ചെയ്യാന്‍ പറയണം. നല്ല പെനഡോള്‍ കിട്ടുമെങ്കില്‍ രണ്ടു പാക്കറ്റ് കൊണ്ട് വരാന്‍ മറക്കരുത്. എപ്പോഴെങ്കിലും ഉപകരിക്കും. ഇവിടുത്തെ പനിയുടെ കാര്യമോര്‍ത്ത് ഒട്ടും വിഷമിക്കരുതേ.. ലാല്‍ സലാം