റിമി ടോമിയെ കേരളത്തിന്‍റെ വിദ്യാഭ്യാസ മന്ത്രിയാക്കണം. (വിവരവും വിദ്യാഭ്യാസവും ഉള്ളവരെ മാത്രമേ ആ സ്ഥാനത്തിരുത്താവൂ എന്ന് ഇന്ത്യന്‍ ഭരണഘടനയില്‍ ഒരിടത്തും പറയുന്നില്ല). അങ്ങനെയായാല്‍ ഒരു ഗുണമുണ്ട്. പ്ലസ് ടു എടുത്തുകളയാം. എസ് എസ് എല്‍ സി ജയിച്ചവരെയെല്ലാം മൂന്നാര്‍ കേറ്ററിംഗ് കോളേജില്‍ അയച്ചാല്‍ മതി. സര്‍ക്കാരിന് പ്ലസ് ടു നടത്തുന്ന വകയില്‍ കോടിക്കണക്കക്കിന് രൂപയുടെ ലാഭമുണ്ടാവും. ഒരു വര്‍ഷത്തെ പണം കൊണ്ട് തന്നെ ഏറ്റവും ചുരുങ്ങിയത് മൂന്നോ നാലോ വാട്ടര്‍ തീം പാര്‍ക്കുണ്ടാക്കാനുള്ള കാശ് കിട്ടും. മന്ത്രിമാര്‍ക്ക് ഉദ്ഘാടനങ്ങളും പാര്‍ട്ടിക്ക് കാശും വരും! എല്ലാവരും ഹാപ്പിയാവും.
എസ് എസ് എല്‍ സി കഴിഞ്ഞാല്‍ എന്തിനാ പ്ലസ് ടൂ വിനു പോകുന്നേ, മൂന്നാര്‍ കേറ്ററിംഗ് കോളേജില്‍ പോയിക്കൂടെ എന്നാണ് റിമി ടോമിയുടെ ചോദ്യം. രണ്ടു കൊല്ലം കൊണ്ട് അസോസിയേറ്റ് ഡിഗ്രി കിട്ടും മാത്രമല്ല മത്തിക്കറിയും കപ്പയും ഉണ്ടാക്കാന്‍ പഠിക്കുകയും ചെയ്യാം. പരസ്യമാവുമ്പോള്‍ വായില്‍ വരുന്നതൊക്കെ വിളിച്ചു കൂവാം എന്നാണ് നമ്മുടെ നിയമം. നെല്ല് പത്തായത്തിലുണ്ടെങ്കില്‍ എലി വയനാട്ടീന്ന് വരും എന്ന് പറഞ്ഞ പോലെ നാല് കാശ് കിട്ടുമെങ്കില്‍ ടോമിമാര്‍ എത്ര വേണമെങ്കിലും പാലായിലുണ്ട്. പരസ്യക്കാരന്‍ എന്ത് തോന്ന്യാസം എഴുതി കൊടുത്താലും അത് ഉളുപ്പില്ലാതെ വിളിച്ചു കൂവാന്‍ എത്ര തൊലിക്കട്ടി വേണമോ അത്രയും സ്റ്റോക്കുണ്ട്!!. കേള്‍ക്കാനാണെങ്കില്‍ നമ്മള്‍ റെഡിയുമാണ്!.
എസ് എസ് എല്‍ സി പരീക്ഷ കഴിഞ്ഞ് പ്ലസ് ടു വിന് ഒരു സീറ്റ് കിട്ടാന്‍ കുട്ടികളും രക്ഷിതാക്കളും നെട്ടോട്ടം ഓടുന്നതിനിടയിലാണ് ഈ അവതാരകയുടെ (അവതാരം എന്നും പറയാം) രംഗ പ്രവേശം. കഴിഞ്ഞ വര്‍ഷവും മാവേലി വരുന്ന പോലെ സമയം തെറ്റാതെ ഈ അവതാരം എത്തിയിരുന്നു. കേറ്ററിംഗ് കോളേജ് ഒരു മോശപ്പെട്ട സംഗതിയാണെന്ന് എനിക്ക് അഭിപ്രായം ഇല്ല. കോഴിക്കോട് സാഗര്‍ ഹോട്ടില്‍ ഒളിക്ക്യാമാറ വെച്ച വിദ്വാന്‍ കേറ്ററിംഗ് കോളേജില്‍ പഠിച്ചു എന്ന് വെച്ച് എല്ലാ വേന്ദ്രന്മാരും കേറ്ററിംഗ്കാരാണ് എന്ന് പറയാനും പറ്റില്ല. കേരളത്തിലെ കവലകളില്‍ വായ് നോക്കി നിക്കുന്ന പത്തുപേരെയെടുത്താല്‍ അതില്‍ രണ്ടു ലിഫ്റ്റ് ടെക്നീഷന്‍മാരെയും ഒരു ഫയര്‍ ആന്‍ഡ് സേഫ്റ്റിക്കാരനെയും കാണാം. അവരുടെ കൂടെ ഒരു മൂന്നാര്‍ കേറ്ററിംഗ് കോളേജുകാരനും ഉണ്ടായെന്നു വെച്ച് ആകാശം ഇടിഞ്ഞു വീഴാനൊന്നും പോണില്ല!.
മൂന്നാര്‍ കോളേജും പരിസരവും ‘കാണ്ണണ്ണം’ എന്ന് പറഞ്ഞ സ്ഥിതിക്ക് ഞാന്‍ ഗൂഗിള്‍ ബസ്സില്‍ കയറി ആ വഴിയൊന്ന് കറങ്ങി. പ്രോസ്പെക്റ്റ് കടലാസിന് ആയിരം രൂപ മാത്രം. ഹോസ്റ്റലില്‍ താമസിച്ചു വേണം പഠിക്കാന്‍. അതിന് നാല്‍പത്തിരണ്ടായിരം കൊടുത്താല്‍ മതി. അഡ്മിഷന്‍ ഫീസ്, ട്യൂഷന്‍ ഫീസ്, അടുക്കള ഫീസ് തുടങ്ങി പതിവ് ‘സംഗതി’കള്‍ക്കൊക്കെ ശ്രുതി തെറ്റാതെയുള്ള ഫീസ് ഘടന.. ഒരു ചാക്ക് കാശുമായി പോയാല്‍ കയ്യും വീശി വരാം എന്നര്‍ത്ഥം. അതായത് കേരളത്തിലെ പട്ടിണിപ്പാവങ്ങളായ എല്ലാ എസ് എസ് എല്‍ സി ക്കാര്‍ക്കും ചേര്‍ന്ന് പഠിക്കാന്‍ പറ്റിയ ഒന്നാന്തരം കേന്ദ്രം!!!.
അവരൊക്കെ “എന്തിനാ പ്ലസ് ടു വിന് പോകുന്നേ..” എന്ന ചോദ്യം കേട്ടപ്പോള്‍ എനിക്കാകെ ഒരു ചൊറിച്ചില്‍. കയ്യെത്തും ദൂരത്താണെങ്കില്‍ ചെകിടത്ത് ഒന്ന് കൊടുക്കാമായിരുന്നു. എന്നിട്ട് ജയിലില്‍ പോയാലും വേണ്ടില്ല. ശരിക്ക് ഉറക്കം കിട്ടും. (എപ്പോ വേണേലും ചാടിപ്പോരാന്‍ സംവിധാനം ഉള്ളത് കൊണ്ട് ജയിലെന്നു കേള്‍ക്കുമ്പോള്‍ എനിക്ക് പണ്ടത്തെ പോലെ പേടിയൊന്നുമില്ല, കെട്ടോ . മാത്രമല്ല മൊബൈലില്‍ ഒരു മിസ്സ് കാള്‍ വിട്ടാല്‍ , ഇന്നോവ വണ്ടിയില്‍ എത്തി പോലീസ് കൂട്ടിക്കൊണ്ട് വരികയും ചെയ്യും). അപ്പോള്‍ പറഞ്ഞ പോലെ.. അടുത്ത വിദ്യാഭ്യാസ മന്ത്രി.. നമുക്കങ്ങ് ഉറപ്പിക്കാം. ന്താ...