ജയാനന്ദാ, നീ നാറ്റിച്ചു.

ശ്ശെ, എല്ലാ ത്രില്ലും പോയി.. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയ ജയാനന്ദന്‍ ഒരു മഹാ സംഭവം ആണെന്നാണ്‌ ഞാന്‍ കരുതിയിരുന്നത്. കേരളത്തിലെ മാധ്യമങ്ങളിലൂടെ ചെറുപ്പക്കാരുടെ ഒരു ഹരമായി മാറുകയായിരുന്നു ജയില്‍ ചാടിയ ജയാനന്ദനും റിയാസും. അതീവ ജാഗ്രതാ ബ്ലോക്കില്‍ നിന്നും ചാടി രക്ഷപ്പെടണമെങ്കില്‍ മഹാ ‘വെളവന്മാര്‍’  ആയിരിക്കും ഇരുവരും എന്ന് എല്ലാവരെയും പോലെ ഞാനും കരുതി. പക്ഷെ നാല്പത്തെട്ടു മണിക്കൂറിനുള്ളില്‍ തന്നെ പോലീസിന് പിടി കൊടുത്ത് ജയാനന്ദന്‍ അതൊക്കെ കളഞ്ഞു കുളിച്ചു. ഇനി പ്രതീക്ഷ റിയാസില്‍  മാത്രമാണ്.

ഊട്ടിയില്‍ പോയി നാല് മണിക്കൂര്‍ തണുത്ത കാറ്റ് കൊള്ളാനായിരുന്നെങ്കില്‍ ഇത്രയും സാഹസം വേണ്ടിയിരുന്നോ ജയാനന്ദാ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്.  ഇത്രയൊക്കെ സൗകര്യങ്ങള്‍ ചെയ്തു തന്ന ജയില്‍ സൂപ്രണ്ട്മാരോട് പറഞ്ഞു ഒരു കൂളര്‍ സെല്ലിനുള്ളില്‍ ഒപ്പിക്കാമായിരുന്നില്ലേ. എങ്കില്‍ സ്ഥിരമായി തണുത്ത കാറ്റ് കൊള്ളാമായിരുന്നു!!.

'ഞാന്‍ ഊട്ടിയിലേക്ക് വരുന്നുണ്ട്, ദാ ഇപ്പൊ എത്തും' എന്നൊക്കെ ഫാര്യയോട് മൊബൈലിലൂടെ റണ്ണിംഗ് കമന്ററി പറയാന്‍ മാത്രം പൊട്ടനാണ് ജയാനന്ദന്‍ എങ്കില്‍ അയാളെ ഇനി സെന്‍ട്രല്‍ ജയിലിലേക്ക് അയക്കുന്നത് തടവ്‌ പുള്ളികള്‍ക്കൊക്കെ നാണക്കേടാണ്. ഏറ്റവും ചുരുങ്ങിയത് പുള്ളിയെ കുതിരവട്ടത്ത്‌ ഒരാഴ്ച കിടത്തണം. ഒരുമാതിര്‍പ്പെട്ട കേസുകളൊക്കെ ഇന്ന് പിടിക്കുന്നത്‌ മൊബൈല്‍ ടവറിന്റെ പിടലിയിലൂടെയാണെന്ന് നാട്ടുമ്പുറത്തെ കോഴിക്കള്ളന്മാര്‍ക്ക് വരെ അറിയാം. ഏഴാളെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊല്ലുകയും സെന്‍ട്രല്‍ ജയിലിലെ അതീവ ജാഗ്രതാ സെല്ലില്‍ നിന്ന് ചാടുകയും ചെയ്ത ഒരാളില്‍ നമ്മളൊക്കെ അര്‍പ്പിക്കുന്ന ഒരു മിനിമം വിശ്വാസമുണ്ട്! ആ വിശ്വാസമാണ് ജയാനന്ദന്‍ കളഞ്ഞു കുളിച്ചിരിക്കുന്നത്.   


കേരള പോലീസിനെ നമുക്ക് കുറ്റം പറയാന്‍ പറ്റില്ല. ഞാന്‍ ഇവിടെയുണ്ടേ എന്ന് ഒരാള്‍ വിളിച്ചു പറഞ്ഞാല്‍ ഒരു ഇന്നോവ വണ്ടിയെടുത്ത് അവനെ പിടിച്ചു കൊണ്ട് വരികയല്ലാതെ അവര്‍ക്ക് മറ്റു വഴികള്‍ ഒന്നും ഇല്ല. ഏത് പോലീസും ചെയ്യുന്ന പണിയേ അവരും ചെയ്തിട്ടുള്ളൂ. എടാ, റിയാസ്‌ മോനേ, ജയാനന്ദന്‍ കാണിച്ച അബദ്ധമൊന്നും ചെയ്യല്ലേ. മൊബൈല്‍ തൊടുക മാത്രമല്ല ടവറിന്റെ താഴേ കൂടി നടക്കുക പോലും ചെയ്യരുത്. അത്യാവശ്യത്തിന് വീട്ടില്‍ വല്ല വിവരവും അറിയിക്കണമെന്നുണ്ടെങ്കില്‍ ചാനലുകാരോട് പറഞ്ഞാല്‍ മതി. കേരള പോലീസാണെന്ന് കരുതി വല്ലാതെ  നെവര്‍ മൈന്‍ഡ്‌ കളിക്കരുത്. ഞങ്ങള്‍ക്ക് ഉപദേശിക്കാനേ കഴിയൂ. നിന്റെ തടി നീ തന്നെ നോക്കണം. 

മ്യാവൂ:- കണ്ണൂര്‍ ജയിലിനുള്ളില്‍ നടത്തിയ റെയിഡില്‍ ആയുധങ്ങളടക്കം നാല് ലോഡ്‌ നിരോധിത സാധനങ്ങള്‍ പിടിച്ചെടുത്തു എന്ന് എ ഡി ജി പി പറഞ്ഞ സ്ഥിതിക്ക് ഇനി നമ്മള്‍ കേറി ഒരു കമ്മന്റ് പറയേണ്ട ആവശ്യമില്ല. ഉണ്ടോ?.  സെന്‍ട്രല്‍ ജയിലുണ്ടോ ഒരു കൊലപ്പുള്ളിയെടുക്കാന്‍?  എന്ന പോസ്റ്റ്‌ ഇട്ടതിനു തന്നെ എനിക്ക് വേണ്ടത്ര പഴി കിട്ടിയിട്ടുണ്ട്. വെറുതെ എന്തിനാ നമ്മളായിട്ട് ഏടാകൂടം വലിച്ചിടുന്നത്..  

Update:   ഞാന്‍ ഈ പോസ്റ്റ്‌ കാച്ചി മണിക്കൂറുകള്‍ കഴിഞ്ഞില്ല റിയാസും പിടിയിലായി !! ഇവന്മാരെക്കുറിച്ചൊക്കെ പോസ്റ്റു എഴുതി സമയം മിനക്കെടുത്തിയ എന്നെ വേണം ചവിട്ടാന്‍. (ഇത് വായിച്ച നിങ്ങളെയും, കേട്ടോ ) ചവറു കേസുകള്‍!! ഒരുത്തന്‍ ഭാര്യയുമായി ശ്രിംഗരിച്ചു!!, മറ്റേ കൊഞ്ഞാണന്‍ കാമുകിയുമായി!!. ഒലക്കേടെ മൂട്..