ഇന്ത്യന്‍ ജുഡീഷ്യറിയെക്കുറിച്ച് ‘നല്ല രണ്ടു വാക്ക്’ എഴുതണം എന്നെനിക്കുണ്ട്. പക്ഷെ കോടതിയലക്‌ഷ്യം ആവുമോ എന്ന് പേടിച്ച് കൈ പിറകോട്ട് വലിക്കുകയാണ്. സായിപ്പിന്‍റെ പേര് കേട്ടാല്‍ കോട്ടില്‍ മൂത്രമൊഴിക്കുന്ന ജഡ്ജിമാരാണ് നമ്മുടെ നിയമ വ്യവസ്ഥയുടെ തലപ്പത്തിരിക്കുന്നത് എന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്ന ഭോപ്പാല്‍ വിധി തെളിയിക്കുന്നുണ്ട്. യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറി പുറത്ത് വിട്ട മിത്തെയ്ല്‍ ഐസോസയനെറ്റ് എന്ന വിഷ വാതകം ശ്വസിച്ചു പതിനായിരം പേരാണ് എണ്‍പത്തിനാല് ഡിസംബര്‍ ആദ്യവാരം ഭോപ്പാലില്‍ മരിച്ചു വീണത്. പെട്ടെന്ന് മരിക്കാതെ പോയ ഇരുപത്തയ്യായിരത്തോളം പേര്‍ മാസങ്ങളോളം ദുരിതക്കിടക്കയില്‍ നരകിച്ചും മരിച്ചു.
ലോകം കണ്ട ഏറ്റവും വലിയ വ്യാവസായിക ദുരന്തമായിരുന്നു അത്. പക്ഷെ കാര്‍ബൈഡ് ഫാക്ടറിക്ക് ചുറ്റുമുള്ള ചേരിപ്രദേശത്തെ മനുഷ്യരായിരുന്നു കൂടുതലും മരിച്ചു വീണത് എന്നതിനാല്‍ സര്‍ക്കാരോ കോടതിയോ ഈ കേസിന് പുല്ലുവില കല്പിച്ചില്ല എന്നാണ് ഈ വിധിയിലൂടെ നാം മനസ്സിലാക്കേണ്ടത്.
ലോകം കണ്ട ഏറ്റവും വലിയ വ്യാവസായിക ദുരന്തമായിരുന്നു അത്. പക്ഷെ കാര്‍ബൈഡ് ഫാക്ടറിക്ക് ചുറ്റുമുള്ള ചേരിപ്രദേശത്തെ മനുഷ്യരായിരുന്നു കൂടുതലും മരിച്ചു വീണത് എന്നതിനാല്‍ സര്‍ക്കാരോ കോടതിയോ ഈ കേസിന് പുല്ലുവില കല്പിച്ചില്ല എന്നാണ് ഈ വിധിയിലൂടെ നാം മനസ്സിലാക്കേണ്ടത്.
ദുരന്തം സംഭവിക്കുന്നതിന് മുമ്പ് തന്നെ ഫാക്ടറിക്കുള്ളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് നിരവധി തവണ പരാതികളുയര്‍ന്നതാണ്. രാസവാതകങ്ങള്‍ ലീക്ക് ചെയ്തു തൊഴിലാളികള്‍ അതിനു മുമ്പും മരിച്ചിട്ടുണ്ട്. എന്നിട്ടും യാതൊരു നടപടികളും സ്വീകരിക്കാതിരുന്ന യൂണിയന്‍ കാര്‍ബൈഡ് ചെയര്‍മാനും സി ഇ ഒ യുമായിരുന്ന വാറന്‍ ആന്‍ഡേഴ്സന്‍ എന്ന സായിപ്പാണ് ഈ കേസിലെ ഒന്നാം പ്രതി. ഇരുപത്തിയാറ് വര്ഷം നിയമ പുസ്തകം ചൊറിഞ്ഞു മാന്തി വിധി ചികഞ്ഞെടുത്ത കറുത്ത കോട്ടന്മാര്‍ ഈ സായിപ്പിനെ വെറുതെ വിട്ടു. കേസിന്‍റെ വിചാരണ നടന്ന നീണ്ട ഇരുപത്താറ് വര്‍ഷങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ പോലും ഈ സായിപ്പ് കോടതി കയറിയില്ല എന്നിടത്താണ് നാം ഇന്ത്യക്കാര്‍ നാണിച്ച് തല താഴ്ത്തേണ്ടത്. പതിനായിരങ്ങള്‍ മരിച്ചു വീഴാന്‍ മുഖ്യ കാരണക്കാരനായ അയാള്‍ക്ക് ദുരന്തം നടന്നു നാലാം ദിവസം ഇന്ത്യ വിടാന്‍ അവസരം ഉണ്ടാക്കിക്കൊടുത്ത ഭരണാധികാരികളെ ചെരുപ്പ് കൊണ്ടോ അതോ ചൂല് കൊണ്ടോ തല്ലേണ്ടത്?.
സായിപ്പിനെ കോടതിയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അര്‍ഹമായ നഷ്ടപരിഹാരമെങ്കിലും കിട്ടും എന്ന് കാത്തിരുന്ന പതിനായിരങ്ങളെയാണ് കഴിഞ്ഞ ദിവസത്തെ വിധിയിലൂടെ ബഹുമാനപ്പെട്ട കോടതി നിശ്ശബ്ദരാക്കിയിരിക്കുന്നത്. കമ്പനിയുടെ തലപ്പത്തിരുന്ന ഏഴ് ഇന്ത്യക്കാരില്‍ ആറു പേര്‍ക്ക് രണ്ടു വര്‍ഷത്തെ തടവാണ് ബഹുമാനപ്പെട്ട കോടതി ‘വിധി’ച്ചിരിക്കുന്നത്. (ഒരാള്‍ നേരത്തെ മരിച്ചിട്ടുണ്ട്.) അവര്‍ ആറ് പേരും ഇരുപാത്തി അയ്യായിരം രൂപ ജാമ്യത്തുക കെട്ടി കോടതിയില്‍ നിന്നും കൂളായി ഇറങ്ങിപ്പോയി. യൂണിയന്‍ കാര്‍ബൈഡ് കമ്പനിക്ക് ബഹുമാനപ്പെട്ട കോടതി ഈ വിധിയിലൂടെ ക്ലീന്‍ ചിറ്റും നല്‍കി!!!. നീണ്ട ഇരുപത്തിയാറ് വര്‍ഷം എടുത്ത് കേസ് പഠിച്ചത് ഇത്തരമൊരു ‘അടുപ്പിലെ വിധി’ പറയാനാണോ എന്ന് ചോദിക്കുന്നില്ല. ബഹുമാനപ്പെട്ട കോടതിയെ അപമാനിച്ചു എന്ന് പറയാന്‍ ഇടകൊടുക്കരുതല്ലോ.
ഈ ദുരന്തം മൂലം ജീവിതം തകര്‍ന്ന അഞ്ചര ലക്ഷത്തോളം പേര്‍ക്ക് കാര്‍ബൈഡ്‌കാരന്‍ കൊടുത്ത നഷ്ടപരിഹാരം വീതിച്ചു കൊടുത്തിട്ടുണ്ട് എന്ന ന്യായം സര്‍ക്കാരിനും കോടതിക്കും പറയാനുണ്ടാവും. പക്ഷേ ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ ഏറ്റവും നാണം കെട്ട ഒരദ്ധ്യായമായി ഭോപ്പാല്‍ അവശേഷിക്കും. നൂറ്റി ഇരുപത് കോടി ജനങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഒരു ബഹുരാഷ്ട്ര കുത്തക എങ്ങിനെ വിലക്ക് വാങ്ങി എന്നതിന്റെ സാക്ഷിപത്രമായി ചരിത്രം ഭോപ്പാലിനെ രേഖപ്പെടുത്താതിരിക്കില്ല. മേരാ ഭാരത് മഹാന്‍.. നമ്മുടെ കോടതി കൂതറയല്ല!!!