ആയിരം മെസ്സിക്ക് അരക്കാക്ക

 safeer m - BASHEERKA..write one blog about brazil...11:13 am Delete 
Basheer Vallikkunnu - what Brazil? anything special to write about..?.. curious 2 know..Edit11:51 am Delete
safeer m - .. basheerka world cup football just ahead of us.. i think world's ever crazy fans are from malappuram... i am great fan of brazil..i would like to read a blog from you regarding this subject.. any way thts up to you ... as per my view your blog have been very much clicked in between malayalies..
best of luck2:32 pm Delete


കഴിഞ്ഞ ദിവസം ഗൂഗിള്‍ ബസ്സില്‍ കയറി എന്റടുത്തു വന്ന സഫീര്‍ പറഞ്ഞത്‌ കൊണ്ടാണ് ഞാനീ പോസ്റ്റ്  ഇടുന്നത്. എല്ലാവരും ഫുട്ബാളിനെക്കുറിച്ച് വാതോരാതെ പറയുന്ന ഈ സമയത്ത് ലോക പ്രശസ്ത ബ്ലോഗര്‍ ആയ ഞാന്‍ മാത്രം മിണ്ടാതിരിക്കുന്നത് ശരിയല്ലല്ലോ. ചെറുപ്പത്തില്‍ ഞാന്‍ ഒന്നാന്തരം ഒരു ഫുട്ബാള്‍ കളിക്കാരന്‍ ആയിരുന്നു. (അതിന് വല്ല തെളിവുമുണ്ടോ എന്ന ചോദ്യം വേണ്ട. വേണേല്‍ വിശ്വസിച്ചാല്‍ മതി) തുടക്കത്തില്‍ ഞാന്‍ ഫോര്‍വേഡാണ് കളിച്ചിരുന്നത്. കളിയുടെ ഗുണം കൊണ്ടോ എന്തോ പിന്നെ എല്ലാവരും കൂടി എന്നെ ഗോളിയാക്കി. ഓരോ കളിയിലും ചുരുങ്ങിയത് നാലഞ്ചു ഗോള്‍ എന്റെ പോസ്റ്റില്‍ വീഴും. (അന്നേ ഞാന്‍ ശരിക്കും ഒരു ഇന്ത്യക്കാരനാണ് എന്നര്‍ത്ഥം)  എന്നാലും കളി കഴിയുമ്പോള്‍ ‘നീ ഭയങ്കര ഗോളിയാ’ എന്ന് കൂട്ടുകാരെല്ലാം പറയും. 

ഞാനത് വിശ്വസിച്ച് ഗോളിയായി തന്നെ കുറേക്കാലം തുടര്‍ന്നു. വളരെക്കാലം കഴിഞ്ഞാണ്‌ എന്നെ ഗോളിയാക്കിയതിന്റെ ഗുട്ടന്‍സ്‌  പിടി കിട്ടിയത്. അല്പം വാശിയും കുറുമ്പും കൂടുതല്‍ ഉണ്ടായിരുന്നത് കൊണ്ട് കളിയില്‍ ഞാനൊരു വില്ലന്‍ ആയിരുന്നു. ഒരു ഫൗള്‍ ആരേലും ചെയ്‌താല്‍ (ചെയ്തില്ലേലും) പത്ത്‌ ഫൗള്‍ ഞാന്‍ ചെയ്യും. ചോദ്യം ചെയ്‌താല്‍ അവനെ അടിച്ചു പരുവമാക്കും. ഇത് സഹിക്ക വയ്യാതായപ്പോള്‍ എന്‍റെ കൂട്ടുകാരെല്ലാം കൂടിയെടുത്ത ഒരു നമ്പര്‍ ആയിരുന്നു എന്നെ ഗോളിയാക്കുക എന്നത്. അതിരിക്കട്ടെ, ഫുട്ബാളിനെക്കുറിച്ച് ആധികാരികമായി സംസാരിക്കാനുള്ള വകുപ്പ് എനിക്കുണ്ട് എന്ന് പറയാനാണ് ഇത്രയും എഴുതിയത്.


വേള്‍ഡ് കുപ്പ് ദാ നമ്മുടെ പടിക്കല്‍ എത്തിയിരിക്കുന്നു. പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ദൈവം സഹായിച്ച് ഇന്ത്യക്ക് ഇതുവരെ വേള്‍ഡ് കപ്പില്‍ കളിക്കാന്‍ പറ്റിയിട്ടില്ല. ദോഷം പറയരുതല്ലോ, എല്ലാ കപ്പിനും നമ്മള്‍ പേര് കൊടുക്കാറുണ്ട്. പക്ഷെ ക്വാളിഫയിംഗ് റൗണ്ടില്‍ തന്നെ ഗ്രൗണ്ട് വിടും. ഈ വേള്‍ഡ് കപ്പിന്‍റെ ആദ്യ ക്വാളിഫയിംഗ് റൗണ്ടില്‍ തന്നെ നമ്മള്‍ തിരിച്ചു പോന്നു. ഇന്ത്യയുടെ മുന്നൂറില്‍ ഒന്ന് ജനസംഖ്യയുള്ള ലെബനോന്‍ ആണ് നമ്മളെ തോല്പിച്ചത്.  കേരളത്തിന്റെ പത്തിലൊന്ന് ജനസംഖ്യയുള്ള ഉറുഗ്ഗോയിലെ ആണ്‍കുട്ടികള്‍ എല്ലാ വേള്‍ഡ് കപ്പിലും കളിക്കുന്നു!!.  ഇന്ത്യ ഒരിക്കല്‍ പോലും വേള്‍ഡ് കപ്പിന്റെ  ക്വാളിഫയിംഗ് റൗണ്ട് കടന്നിട്ടില്ല എന്ന് പറയാന്‍ പറ്റില്ല. തൊള്ളായിരത്തി അമ്പതില്‍ നമ്മള്‍ തിരഞ്ഞെടുക്കപ്പെട്ടു. (കളിച്ച് ജയിച്ച് വന്നതല്ല. നമ്മുടെ എതിരാളികള്‍ എല്ലാം ടൂര്‍ണമെന്റില്‍ നിന്ന് വിട്ടു നിന്നു !!). തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഇന്ത്യയെ കളിക്കാന്‍ അവന്മാര്‍ സമ്മതിച്ചില്ല. കാരണം ബൂട്ടിടാതെയേ ഞങ്ങള്‍ കളിക്കൂ എന്ന് ഇന്ത്യ പറഞ്ഞു. ബൂട്ടിടാതെയുള്ള കളി ഇന്ത്യയില്‍ മതി, വേള്‍ഡ് കപ്പില്‍ വേണ്ട എന്ന് അവരും പറഞ്ഞു!!. ഇതൊക്കെയാണ് നമ്മുടെ വടക്കന്‍ വീര ഗാഥകള്‍. എന്നാ പറയാനാ.. നമ്മുടെ വിധി.

ഇതൊക്കെയാണെങ്കിലും കളിക്കാനറിയാവുന്ന ആണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ നമ്മള്‍ ആരുടേയും പിറകില്‍ അല്ല. ഏറ്റവും ചുരുങ്ങിയത് മലപ്പുറം ജില്ലക്കാരെങ്കിലും. എന്‍റെ ഗ്രാമത്തില്‍ നിറയെ ഫ്ലക്സ് ബോര്‍ഡുകള്‍ ആണ്. അതില്‍ ഒന്നിന്റെ കേപ്ഷന്‍ ഇതാണ്. “ആയിരം മെസ്സിക്ക് അരക്കാക്ക”. തൊട്ടപ്പുറത്ത് വേറൊരു ബോര്‍ഡുണ്ട്. “ആയിരം കാക്കക്ക് അര മെസ്സി” എല്ലാ കളിക്കാര്‍ക്കും വേണ്ടത്ര ആരാധകര്‍ ഉണ്ട് എന്ന് ചുരുക്കം. മൊട്ടയടിച്ച് പല രാജ്യങ്ങളുടെ ഫ്ലേഗുകള്‍ തലയില്‍ വരച്ചു നടക്കുന്ന പിള്ളേര്‍ വരെയുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും എന്ന് വേണ്ട സുരാജ് വെഞ്ഞാറമ്മൂട് വരെ ഇനി കാക്കക്കും മെസ്സിക്കുമൊക്കെ കുറച്ചു കാലത്തേക്കെങ്കിലും വഴി മാറിക്കൊടുത്തേ പറ്റൂ. സഫീര്‍ പറഞ്ഞത്‌ കൊണ്ട് ഞാന്‍ ബ്രസീലിന്‍റെ കൂടെ കൂടാന്‍ തീരുമാനിച്ചു. അവര്‍ ഇക്കുറി കപ്പും കൊണ്ടേ പോകൂ എന്ന് സഫീറിനു ഉറപ്പാണ്. അതുകൊണ്ട് എനിക്കും അക്കാര്യത്തില്‍ സംശയം ഇല്ല. ബ്രസീല്‍ കപ്പു കൊണ്ട് പോയാല്‍ ഈ ബ്ലോഗ്‌ വായിക്കുന്ന എല്ലാവര്ക്കും എന്‍റെ വക എന്തേലും ഒന്ന് ഉണ്ടാവും. വെയിറ്റ് ആന്‍ഡ്‌ സീ...