കെ ഇ എന്‍ എന്ന പെര്‍ഫെക്റ്റ് ബുദ്ധിജീവി

എല്ലാ ലക്ഷണവുമൊത്ത ഒരൊറ്റ ബുദ്ധിജീവിയേ ഇന്ന് കേരളത്തിലുള്ളൂ. അത് കെ ഇ എന്‍ കുഞ്ഞഹമ്മദ്‌ ആണ്. പിന്നിപ്പറഞ്ഞ മുടി, കൊറ്റനാടിന്‍റെ താടി, അല്പം കാവി പടര്‍ന്ന ജുബ്ബ, ഉണ്ടക്കണ്ണട,  നീളത്തില്‍ തൂക്കിയിടാവുന്ന കൈത്തറിയുടെ ബേഗ്, വി കെ സി യുടെ ഹവായ്‌.. ഇതെല്ലാം ചേര്‍ന്നാല്‍ ബുദ്ധിജീവി അഥവാ കെ ഇ എന്‍ ആയി എന്ന് ആരും കരുതരുത്. ഏറ്റവും പ്രധാനപ്പെട്ട സംഗതി ജനങ്ങള്‍ അന്തം വിട്ടു നില്‍ക്കുന്ന കാര്യങ്ങള്‍ അടിക്കടി പറയാനുള്ള കഴിവാണ്. ഒരു പാരഗ്രാഫില്‍ ഏറ്റവും ചുരുങ്ങിയത്‌ ആറു തവണ 'സ്വത്വം' എന്ന് പറഞ്ഞാല്‍ തന്നെ ജനങ്ങള്‍ അന്തം വിടും. പിന്നെ പുട്ടിന് തേങ്ങയിടുന്ന പോലെ വര്‍ഗസമരം, വരേണ്യത, കീഴാളന്‍, റാഡിക്കല്‍ തുടങ്ങിയ ചേര്‍ക്കണം. അതോടെ ഏതു വീഴാത്തവനും വീഴും.

പഠിക്കുന്ന കാലത്താണ് ഞാന്‍ കെ ഇ എന്നിന്റെ വലിയ ഫാന്‍ ആയത്. അതിന് കാരണം അദ്ദേഹം എഴുതിയ ലേഖനത്തിന്‍റെ ഒരു പാരഗ്രാഫ്‌ വായിച്ചതാണ്. ‘അനുഭൂതികളുടെ മണ്ഡലത്തിലെ വര്‍ഗസമരം’ എന്നായിരുന്നു ലേഖനത്തിന്‍റെ തലക്കെട്ട്‌. തലക്കെട്ട്‌ വായിച്ചതോടെ തന്നെ ഞാന്‍ വീഴാന്‍ തുടങ്ങിയിരുന്നു. പൂര്‍ണമായും വീണത്‌ താഴെ കൊടുത്ത  പാരഗ്രാഫ്‌ എത്തിയപ്പോഴാണ്. 

“സയുക്തിക ജ്ഞാനത്തിന്‍റെ ലോകത്തിനു മുമ്പില്‍ പൈങ്കിളി വലിയൊരു തടസ്സമായി നിലകൊള്ളുന്നു. സയുക്തിക ജ്ഞാനത്തിന്  ഇന്ദ്രിയ ഗോചരജ്ഞാനവുമായുള്ള വ്യത്യാസത്തെക്കുറിച്ച് സേ ദോങ്ങ് എഴുതിയിട്ടുണ്ട്. ഇന്ദ്രിയ ഗോചരജ്ഞാനം വസ്തുക്കളുടെ വ്യത്യസ്ത വശങ്ങളെ, പ്രതിഭാസങ്ങളെ, ബാഹ്യബന്ധങ്ങളെ, സംബന്ധിച്ചുള്ളതാണ്. അതെ സമയം യുക്തിസഹജ്ഞാനം വസ്തുക്കളുടെ ആകെത്തുകയിലും അന്തസ്സത്തയിലും ആന്തരിക ബന്ധങ്ങളിലും എത്തിച്ചേരാനായി ഒരു വലിയ ചുവട് മുന്നോട്ട് വെക്കുകയും ചുറ്റുപാടുമുള്ള ലോകത്തിലെ ആന്തരിക വൈരുദ്ധ്യങ്ങളെ വെളിപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട് യുക്തി സഹജ്ഞാനത്തിന് ചുറ്റുപാടുമുള്ള ലോകത്തിന്‍റെ വികാസത്തെ അതിന്റെ ആകെത്തുകയില്‍ അതിന്റെ എല്ലാ വശങ്ങളെയും ആന്തരിക ബന്ധങ്ങളില്‍ ഗ്രഹിക്കുവാന്‍ കഴിയുന്നു” (മാധ്യമങ്ങളുടെ രാഷ്ട്രീയം : പേജ്  65, ഒരു ചിന്ത വാരിക പ്രസിദ്ധീകരണം) 

വല്ലതും പിടികിട്ടിയോ.. ഉണ്ടാവാനിടയില്ല. ഉള്ളത് പറഞ്ഞാല്‍ എനിക്ക് ഒരക്ഷരം മനസ്സിലായിട്ടില്ല. പൈങ്കിളി എന്ന  പദം ഉള്ളത് കൊണ്ട് സൈലന്റ് വാലിയില്‍ മാത്രം കാണപ്പെടുന്ന ‘ഇന്ദ്രിയ ഗോചരജ്ഞാനമുള്ള’ ഏതെങ്കിലും പൈങ്കിളിയെക്കുറിച്ച്‌ വല്ലതും പറഞ്ഞതാവാന്‍ സാധ്യതയുണ്ട് എന്ന് ഊഹിച്ചു. കൂടുതല്‍ ആലോചിച്ച് തല പുണ്ണാക്കാന്‍ ഞാന്‍ നിന്നില്ല. ചാടിക്കേറി  കെ ഇ എന്നിന്‍റെ ഫാന്‍ ആയി. ഈ പാരഗ്രാഫ്‌ വായിച്ചു കഴിഞ്ഞ നിങ്ങളും ഒരു പക്ഷെ കെ ഇ എന്നിന്‍റെ ഫാനായി മാറിയിട്ടുണ്ടാവും. അതാണ്‌ ബുദ്ധിജീവികളുടെ ഒരു പ്രത്യേകത. ഒരൊറ്റ വാചകത്തില്‍ ആരെയും വീഴ്ത്തും. 


ഇത്രയും പറയാന്‍ കാരണം മാര്‍ക്സിറ്റ്‌ പാര്‍ട്ടിക്ക് സ്വത്വരാഷ്ട്രീയം വേണം എന്ന കെ ഇ എന്നിന്‍റെ വാദഗതിയെ ചുറ്റിപ്പറ്റി നടക്കുന്ന ചര്‍ച്ചകള്‍ ആണ്. വര്‍ഗ സമരത്തിനു പകരം സ്വത്വസമരം വേണമെന്നതാണത്രേ പുള്ളിക്കാരന്‍ പറഞ്ഞു വരുന്നത്. എല്ലാ സഖാക്കള്‍ക്കും സമരം എന്താണെന്നത് അറിയാം. പക്ഷെ വര്‍ഗസമരം എന്താണെന്ന് ചോദിച്ചാല്‍ ഒരു മാതിരിപ്പെട്ട സഖാക്കളൊക്കെ ഗോവിന്ദപ്പിള്ളയോട് ചോദിക്കാന്‍ പറയും. ലോക്കല്‍ കമ്മറ്റി മുതല്‍ പോളിറ്റ് ബ്യൂറോ വരെ ഇടയ്ക്കിടയ്ക്ക് പഠന ക്ലാസ്സ്‌ നടത്തുന്നത് സഖാക്കളെ വര്‍ഗ സമരത്തിന്‍റെ അര്‍ത്ഥം പഠിപ്പിക്കാനാണ്. അതിന്റെ പുകില് തന്നെ പാര്‍ട്ടിക്ക് വേണ്ടത്രയുണ്ട്. അതിനിടയിലാണ് കെ ഇ എന്‍ സ്വത്വ സമരവുമായി വരുന്നത്. വര്‍ഗസമരം തന്നെ മനസ്സിലാവാത്ത സഖാക്കളെ ഇനി സ്വത്വസമരം പഠിപ്പിക്കാന്‍ പാര്‍ട്ടി എത്ര പഠന ക്ലാസ്സുകള്‍ നടത്തേണ്ടി വരുമോ ആവോ?. കുഞ്ഞഹമ്മദിനെ സമ്മതിച്ചിരിക്കുന്നു. ഇനി വെറുതെയിരിക്കേണ്ടി വരില്ല. പിടിപ്പത് പണിയുണ്ടാവും.

മ്യാവൂ:- ജാതി, മതം, ഗോത്രം, ലിംഗം  എന്നിവയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയമായി സംഘടിക്കുന്നതിനെയാണ് സ്വത്വരാഷ്ട്രീയം എന്ന് പറയുന്നത്. എന്നാല്‍ അതങ്ങു നേരെ ചൊവ്വേ പറഞ്ഞാല്‍ പോരേ എന്ന് ചോദിക്കും. പാടില്ല. അങ്ങനെ പറഞ്ഞാല്‍ ജനങള്‍ക്ക് മനസ്സിലാവും. പിന്നെ ബുദ്ധിജീവിക്ക് എന്ത് വില?.. സെമിനാര്‍ നടത്താനും അത് കഴിഞ്ഞാല്‍ പൊരിച്ച കോഴിയും ഉറുമാല്‍ ചപ്പാത്തിയും കൊടുക്കാനും (T.A ഡോണ്ട് ഫോര്‍ഗെറ്റേ...അത് മുഖ്യമാണ വിഷയം..) ആളെ കിട്ടുമോ?