മംഗലാപുരം വിമാനാപകടം നടന്ന ശേഷമാണ് ടേബിള്‍ടോപ് റണ്‍വേ എന്ന് ആദ്യമായി ഞാന്‍ കേള്‍ക്കുന്നത്. ടേബിള്‍ ടെന്നീസ് എന്താണെന്ന് ഒരു ഐഡിയ ഉള്ളതിനാല്‍ സംഗതി പെട്ടെന്ന് പിടികിട്ടി. കുന്നുകള്‍ ഇടിച്ചു നിരത്തി ഒരു ടേബിള്‍ പോലെയാക്കി അതിന് മുകളില്‍ റണ്‍വേ പണിയുക. ഏതെങ്കിലും കാരണവശാല്‍ റണ്‍വേയില്‍ നിന്നും വിമാനങ്ങള്‍ തെന്നി മാറിയാല്‍ താഴെ അഗാധ ഗര്‍ത്തങ്ങളിലേക്ക് പതിക്കും. കുട്ടികള്‍ മേശപ്പുറത്ത് കാറും ബസ്സും ഉരുട്ടിക്കളിക്കുന്ന പോലുള്ള ഒരു ഏര്‍പാടാണ് ഇതിന് മുകളിലുള്ള വിമാനമിറക്കം. ഒരടി അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങിയാല്‍ അവ നിലത്ത് കിടക്കും. ഇത് കേട്ടത് മുതല്‍ എന്റെ ഉള്ളില്‍ ഒരു കാളലുണ്ട്.
കൊല്ലത്തില്‍ രണ്ടു തവണയെങ്കിലും ഞാന്‍ കരിപ്പൂരില്‍ ഇറങ്ങാറുണ്ട്. വിമാനം ലാന്റിങ്ങിനു അടുത്താല്‍ ഏറെ സന്തോഷമാണ്. കൊണ്ടോട്ടി അങ്ങാടിയും കടലുണ്ടിപ്പുഴയും അഴിമുഖവും ലൈറ്റ് ഹൗസും എന്ന് വേണ്ട വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷനും അതിനടുത്ത എന്റെ വീടും വരെ ഏതാണ്ട് കാണാം. മിക്കവാറും വിന്‍ഡോ സീറ്റ് തന്നെ ഞാന്‍ ചോദിച്ച് വാങ്ങാറുള്ളത് ഈ കാഴ്ചകള്‍ ആസ്വദിക്കാന്‍ കൂടിയാണ്. ഗള്‍ഫിന്റെ ഊഷരതയില്‍ നിന്നും നാട്ടിന്റെ പച്ചപ്പിലേക്കുള്ള ആ ഇറക്കം ഏറെ ആഹ്ലാദകരമാണ്. പ്രവാസികളായ എല്ലാവരും വിമാന ജാലകത്തിലൂടെ സ്വന്തം നാടിന്റെ ഹരിതാഭ ആസ്വദിച്ച് ചുണ്ടിലും മനസ്സിലും പുഞ്ചിരിയുടെ പൂത്തിരി കത്തിക്കുന്ന നിമിഷങ്ങള്‍. ഇനി അത്തരം ആഹ്ലാദ നിമിഷങ്ങള്‍ ഉണ്ടാകും എന്ന് തോന്നുന്നില്ല. എല്ലാം ടേബിള്‍ ടോപ് കൊണ്ട് പോയി.

റണ്‍വേ വീതി കൂട്ടാന്‍ സ്ഥലം വിട്ടു കൊടുക്കില്ല എന്ന് പറഞ്ഞു കൊണ്ടോട്ടി നിവാസികളായ പ്രവാസികള്‍ കുടിയൊഴിപ്പിക്കലിനെതിരെ ജിദ്ദയില്‍ ഒരു യോഗം ചേര്‍ന്നിരുന്നു. അന്ന് ആ യോഗത്തില്‍ പോയി അവരോട് സോളിഡാരിറ്റി പ്രഖ്യാപിച്ചു ഞാന്‍ പ്രസംഗിച്ചിട്ടുണ്ട്. ഈ ടേബിള്‍ ടോപിന്റെ വിവരം അന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ആ പണിക്ക് ഞാന്‍ പോവില്ലായിരുന്നു. വികസനം എവിടെ വരുകയാണെങ്കിലും അവിടെ പോയി സോളിഡാരിറ്റി കളിക്കുന്ന പരിപാടി ഞാന്‍ നിര്‍ത്തി.
കൊണ്ടോട്ടിക്കാരെ, പ്ലീസ്.. കുറച്ച് സ്ഥലം കൂടി വിട്ടു കൊടുക്ക്.. നമ്മുടെ റണ്‍വേ ഒന്ന് നീളം കൂട്ടട്ടെ. വീതിയും അല്പം കൂട്ടിക്കോട്ടെ. കൊണ്ടോട്ടി അങ്ങാടി തന്നെ പൊളിച്ചിട്ടായാലും വേണ്ടില്ല. സംഗതി നടക്കണം. (എനിക്ക് അവിടെ ഒരിഞ്ചു ഭൂമിയില്ലാത്തത് കൊണ്ടാണ് ഇത്ര ആവേശത്തോടെ പറയുന്നത്) റഷ്യക്കാരോ ഉഗാണ്ടക്കാരോ മറ്റോ ആയിരുക്കും നമ്മുടെ എയര്‍ ഇന്ത്യ ഓട്ടുന്നത്. ബ്രേക്ക്, ക്ലച്ച്, ആക്സിലറേറ്റര്‍.. ഇതിലേതെങ്കിലും ഒന്ന് മാറിച്ചവിട്ടിയാല്‍ എല്ലാം തീര്‍ന്നു. ഇതൊന്നും തമാശയായിട്ട് എടുക്കരുത്. കാര്യമായിട്ടു പറയുകയാണ്.
കഴിഞ്ഞ ദിവസം അറബ് ന്യൂസ് പത്രത്തില്‍ റോയിട്ടര്‍ റിപ്പോര്‍ട്ടര്‍ ടിം ഹെഫറുടെ ഒരു ലേഖനം ഉണ്ടായിരുന്നു. മംഗലാപുരം ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ടേബിള്‍ ടോപ് റണ്‍വേകളുടെ അപകട സാധ്യതയെക്കുറിച്ചും അവ കുറക്കാനുള്ള പുതിയ സാങ്കേതിക സംവിധാനങ്ങളെക്കുറിച്ചുമാണ് അതില്‍ പ്രതിപാദിക്കുന്നത്. റണ്‍വേകളില്‍ നിന്ന് വിമാനങ്ങള്‍ തെന്നിമാറാതിരിക്കാന്‍ EMAS ( Engineered Materials Arresting System ഫോട്ടോ കാണുക. വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറാതിരിക്കാന്‍ ക്രഷബിള്‍ കോണ്ക്രീറ്റ് ഉപയോഗിച്ചിരിക്കുന്നു ) തുടങ്ങിയ പല നൂതന സംവിധാനങ്ങളും അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ ഉണ്ടെന്ന് റോയിട്ടര്‍ ലേഖകന്‍ പറയുന്നുണ്ട്. അത്തരം സംവിധാനങ്ങള്‍ നമ്മുടെ എയര്‍പോര്‍ട്ടുകളിലും ഉണ്ടാക്കാന്‍ പറ്റിയേക്കും. അപകടം ഉണ്ടായി നൂറ്ററുപത് പേര്‍ക്ക് പത്ത് ലക്ഷം കൊടുക്കുന്നതിനേക്കാള്‍ നല്ലത് അപകടം ഉണ്ടാകാതിരിക്കാന്‍ അല്പം പണം മുടക്കുന്നതാണ്. വിമാനത്താവള അധികൃതരും രാഷ്ട്രീയ നേതൃത്വവുമൊക്കെ നമ്മുടെ ടേബിള്‍ ടോപ്പിന്‍റെ കാര്യം ശ്രദ്ധിക്കുമോ ആവോ?
എം എ യൂസഫലി സാഹിബ് എയര്‍ ഇന്ത്യയുടെ ഡയരക്ടര്‍ പദവിയില്‍ എത്തിയത് ഗള്‍ഫ് പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. അദ്ദേഹമെങ്കിലും കരിപ്പൂരിന്‍റെയും മംഗലാപുരത്തിന്റെയും കാര്യം ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കാം. പടച്ചോനേ.. കാക്കണേ...