തമിഴ്നാടാണ് സ്ഥലം. അണ്ണാച്ചികളാണ് വോട്ടര്‍മാര്‍. എന്തും സംഭവിക്കാം. എം ജീ ആര്‍ സിനിമകളില്‍ മരം ചുറ്റി നടന്ന ജയലളിതക്ക് മുഖ്യമന്ത്രി ആകാമെങ്കില്‍ ആ പണി ഖുശ്ബുവിനും പറ്റും. ‘രത്തത്തിന്‍ രത്തമാന’ തമിള്‍ മക്കള്‍ അടുത്ത പുരട്ചി തലൈവി പട്ടം അവര്‍ക്ക് കൊടുക്കാനുള്ള സാധ്യത ഏറെയാണ്. മുംബൈയിലെ ഒരു മുസ്‌ലിം കുടുംബത്തില്‍ പിറന്ന ഖുശ്ബു തമിഴ്നാട്ടിലെ ദ്രാവിഡ മുന്നേറ്റ കഴകത്തില്‍ എത്തി മെമ്പര്‍ഷിപ്പ് എടുക്കുന്നത് ( വാര്‍ത്ത ഇവിടെ ) അണ്ണാച്ചികളുടെ ഭാവി മെച്ചപ്പെടുത്താനുള്ള അധമ്യമായ ആഗ്രഹം കൊണ്ടാണെന്ന് ആരും പറയില്ല. ഒന്നുകില്‍ കളരിക്ക് പുറത്ത് അല്ലെങ്കില്‍ ആശാന്‍റെ നെഞ്ചത്ത്
എന്ന തിയറി ഒട്ടും തെറ്റാതെ പ്രാവര്‍ത്തികമാക്കുന്ന പതിവ് അണ്ണാച്ചികള്‍ക്ക് ഉണ്ട്. ഒരു തവണ നൂറുക്ക് നൂറ് സീറ്റ് നല്‍കി തിരഞ്ഞെടുത്ത നേതാവിന് അടുത്ത തവണ ഉപ്പേരിക്ക് പോലും ഒരു സീറ്റ് കൊടുക്കില്ല. ചന്തക്ക് കൊണ്ട് പോകുന്ന പോത്തുകളെ തെളിക്കാന്‍ വളരെ എളുപ്പമാണ്. ഒന്ന് പോലും തിരിഞ്ഞു നടക്കില്ല. മുമ്പേ പോകുന്ന ഒരെണ്ണത്തിനെ ശ്രദ്ധിച്ചാല്‍ മതി. ബാക്കിയൊക്കെ പിറകെ വരും. അതുപോലെയാണ് അവിടത്തെ വോട്ടിന്‍റെ അവസ്ഥ. മുമ്പില്‍ നടക്കുന്ന അണ്ണന്‍ ആര്‍ക്കു കുത്തുന്നവോ അവിടെത്തന്നെ പിറകില്‍ ഉള്ളവരും കുത്തും. ഒരെണ്ണം തിരിഞ്ഞു കുത്തില്ല. അങ്ങനെയുള്ള ഇടങ്ങളില്‍ ആണ് സിനിമാക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ സര്‍ക്കസ്സ് കളിക്കാന്‍ പറ്റുക. മലയാളിയായ എം ജീ ആര്‍ അണ്ണനും കര്‍ണാടകയില്‍ ജനിച്ചു വളര്‍ന്ന ജയലളിത ആന്റിക്കും അവിടെ സര്‍ക്കസ്സ് കളിച്ച് വിജയിക്കാന്‍ സാധിച്ചത് അതുകൊണ്ടാണ്.അണ്ണാച്ചികളെ ശരിക്ക് അറിയാനും മനസ്സിലാക്കാനും ഖുശ്ബുവിന് വേണ്ടത്ര അവസരങ്ങള്‍ കിട്ടിയിട്ടുണ്ട്. താരാരാധന തലയില്‍ കയറിയപ്പോള്‍ അണ്ണന്മാര്‍ അവരുടെ പേരില്‍ ഒരു അമ്പലം ഉണ്ടാക്കി തൊഴുതു. വിവാഹ പൂര്‍വ ബന്ധത്തെക്കുറിച്ച് അവര്‍ വേണ്ടാത്തത് പറഞ്ഞപ്പോള്‍ അതേ അണ്ണന്മാര്‍ തന്നെ പുറത്തിറങ്ങിയാല്‍ പീസ് പീസാക്കുമെന്നും പറഞ്ഞു. ഇതിനെയാണ് പച്ച മലയാളത്തില്‍ കളരിക്ക് പുറത്ത് എന്നും ആശാന്‍റെ നെഞ്ചത്ത് എന്നുമൊക്കെ നാം പറയുന്നത്. അണ്ണാച്ചികളുടെ ‘ബോഡി ലാംഗ്വേജ്’ ശരിക്കും മനസ്സിലാക്കിയ സ്ഥിതിക്ക് കലൈഞ്ജറുടെ തിരക്കഥയില്‍ ഈ നടി ഒരു കളി കളിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഖുശ്ബുവിന്റെ കാര്യം എന്തേലും ആവട്ടെ. എന്റെ വിഷയം അതല്ല. കഴിഞ്ഞ ദിവസം എന്റെ വീടിനടുത്തുള്ള പറമ്പില്‍ ഒരു ബാനര്‍ പ്രത്യക്ഷപ്പെട്ടു. (ഫോട്ടോ കാണുക) "ഈ സിംങ്കത്തെ പിടിച്ചു കെട്ടാന്‍ ഒരു വേട്ടക്കാരനും ആവില്ല" എന്നാണ് പോസ്റ്ററിന്റെ തലവാചകം. തമിഴ് നടന്‍ സൂര്യയുടെ പല പോസിലുള്ള ചിത്രങ്ങളാണ് അതിന്റെ താഴെ. സിംങ്കമായ സൂര്യയോടുള്ള ആരാധന മൂത്ത ഏതെങ്കിലും അണ്ണാച്ചി ഒപ്പിച്ച പണിയായിരിക്കും ഇത് എന്നാണ് ഞാന്‍ ആദ്യം കരുതിയത്. ഇരുന്നൂറ് രൂപയ്ക്കു പണിയെടുത്തു ഇരുന്നൂറ്റമ്പത് രൂപയ്ക്കു പട്ടയടിക്കുന്ന നിരവധി അണ്ണാച്ചിമാര്‍ എന്റെ ഗ്രാമത്തിലുണ്ട്. പക്ഷെ ബോര്‍ഡില്‍ സൂക്ഷിച്ച് നോക്കിയപ്പോള്‍ അവരാരുമല്ല ഈ പണിയൊപ്പിച്ചത് എന്ന് മനസ്സിലായി. ലോള്‍ ബോയ്സ് ആണ് ബോര്‍ഡിന്റെ ഉടമകള്‍. അവരുടെ എല്ലാവരുടെയും പേരുകള്‍ ബോര്‍ഡില്‍ ഉണ്ട്. എല്ലാം എന്റെ അയല്‍വക്കത്തെ പിള്ളേര്‍.
തൊട്ടപ്പുറത്തെ പറമ്പിലും മറ്റൊരു ഫ്ലക്സ് ബോര്‍ഡുണ്ട്.. തെങ്ങോലകള്‍ക്കും ചെടിപ്പടര്‍പ്പുകള്‍ക്കും ഇടയിലൂടെ സൂക്ഷിച്ച് നോക്കിയപ്പോള്‍ വിജയ് ഫാന്‍സിന്റെ വകയാണ് അത് എന്ന് മനസ്സിലായി. (ഫോട്ടോ കാണുക)
ഡോക്റ്റര്‍ മമ്മൂട്ടിക്കും കേണല്‍ മോഹന്‍ലാലിനും നഗരങ്ങളില്‍ ഫാന്‍സ് അസോസിയേഷനുകള്‍ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. ചില പടങ്ങള്‍ക്ക് കയ്യടിക്കുക, മറ്റു ചിലതിന് കൂവുക തുടങ്ങിയ നിരുപദ്രവകരമായ സാംസ്കാരിക പരിപാടികള്‍ അവര്‍ ചെയ്തു പോരുന്നു എന്നും അറിയാം. പക്ഷെ ഓണം കേറാമൂലയായ എന്റെ ഗ്രാമത്തില്‍ പോലും അണ്ണാച്ചിമാരുടെ സൂക്കേട് എത്തിയിരിക്കുന്നു എന്നത് ഒരു പുതിയ അറിവാണ്.
സിനിമാതാരങ്ങളെ ആരാധിക്കുകയും അവര്‍ക്ക് വേണ്ടി മരിക്കാന്‍ തയ്യാറാവുകയും ചെയ്യുന്ന അണ്ണാച്ചികളെ പുച്ഛത്തോടെ കണ്ടിരുന്നവരാണ് നാം. അല്പം നെഞ്ച് വിരിച്ച് ഇത് കേരളമാണ് എന്ന് പലപ്പോഴും നാം പറഞ്ഞിട്ടുമുണ്ട്. പക്ഷെ പതിയ പതിയെ നാം കേരളീയരും അണ്ണാച്ചികളുടെ പിറകെ പോകുന്നുണ്ടോ എന്ന സന്ദേഹം വീടിനടുത്തുള്ള ബോര്‍ഡുകള്‍ എനിക്ക് നല്‍കുന്നുണ്ട്. ഖുശ്ബു തമിഴ്നാട്ടില്‍ മുഖ്യമന്തി ആയാലും ഇല്ലെങ്കിലും അതിലൊരു പുതുമയുമില്ല. അവരായി, അവരുടെ പാടായി. പക്ഷെ കേരളത്തില്‍ ഒരു കുശ്ബു മുഖ്യമന്ത്രിയായാല്‍ വണ്ടിക്ക് തല വെക്കുന്നതായിരിക്കും നല്ലത്.