കേരളത്തിലെ കാര്യങ്ങളൊക്കെ ഇപ്പോള്‍ തീരുമാനിക്കുന്നത് പോളിറ്റ് കൂറോ ആണല്ലോ. അതുകൊണ്ടാണ് ഞങ്ങള്‍ ഈ കത്ത് അങ്ങോട്ട് വിടുന്നത്. അടിയന്തിരമായി ഞങ്ങള്‍ക്ക് ഒരു അംബാസഡര്‍ വേണം. ബാക്കി കാര്യങ്ങളൊക്കെ ഇവിടെ ഓകെയാണ്. അംബാസഡര്‍ ഉണ്ടെങ്കില്‍ ഉടനെ കേരളം സന്ദര്‍ശിക്കാം എന്ന് നൂറ്റി പതിനാല് രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ ഞങ്ങളെ അറിയിച്ചിട്ടുണ്ട്.
ഓരോ കവലയിലും മിനിമം പത്ത് വായ്നോക്കികള്, എല്ലാ ടോയ്ലറ്റിലും മൊബൈല്‍ ക്യാമറ വിത്ത് ബ്ലൂ ടൂത്ത്, ഓരോ പത്ത് കിലോമീറ്ററിലും രണ്ട് മോര്ഫിംങ്ങിന് സ്റ്റുഡിയോ തുടങ്ങി ടൂറിസ്റ്റുകള്‍ക്ക് വേണ്ടതെല്ലാം
ഇവിടെ റെഡിയാണ്. കൂടാതെ മാസത്തില്‍ മുന്നറിയിപ്പില്ലാതെ നാല് ഹര്‍ത്താല്‍ (കെ എസ് ആര് ടി സി ഓടും, ട്ടോ..), എല്ലാ ജംഗ്ഷനിലും മൂന്നു വീതം തട്ടുകട, രണ്ട് കള്ളുഷാപ്പ്, ഒരു സാഗര്‍ ഹോട്ടല്‍, നാല് ആര്യവൈദ്യശാലകള്, എന്നിവയും ഒരുക്കിയിട്ടുണ്ട്. മഴക്കാലത്ത് നേഷണല്‍ ഹൈവേകളില്‍ സ്പീഡ് ബോട്ട്, വേനല്‍ കാലത്തേക്ക് ഉഴിച്ചില്‍ കേന്ദ്രങ്ങള്‍ എന്നിവയും തയ്യാറാണ്. മൂന്നാറിലെ എല്ലാ ഹോട്ടലുകളും ഇടിച്ച് നിരത്തിയിട്ടുണ്ട്. അവിടെ ബാക്കിയുള്ള ഒന്ന് രണ്ടു തടാകങ്ങളും തടയണകളും ടാറ്റയുടെ കൈവശമാണ്. അത് വറ്റിക്കാനുള്ള പരിപാടിയിലാണ് ഞങ്ങള്‍. ആ പണി കൂടെ കഴിഞ്ഞാല്‍ മൂന്നാര്‍ ഓ കെ യായി. എല്ലാ നദികളിലും പാറ കാണുന്നത് വരെ മണ്ണ് വാരാനും തീരുമാനം ആയിട്ടുണ്ട്. റോഡ് തടയല്‍, പിക്കറ്റിംഗ് എന്നിവയ്ക്ക് ഓരോ പഞ്ചായത്തിലും ഈരണ്ട് ടീമുകള്‍ ഉണ്ട്. ഓരോ ടീമിനും അയ്യഞ്ചു വര്‍ഷത്തേക്കാണ് കരാര്‍. ചുരുക്കത്തില്‍ എല്ലാം ഡീസന്റായി ഇവിടെ നടക്കുന്നുണ്ട്. ഒരു അംബാസഡറുടെ കുറവ് മാത്രമാണ് ഉള്ളത്. അത് കൂടെ ശരിയായാല്‍ എവരിതിംഗ് പെര്‍ഫെക്റ്റ്. അമിതാബ് ബച്ചനെ വേണ്ട എന്ന് നിങ്ങള്‍ പറഞ്ഞത് കൊണ്ട് ഞങ്ങള്‍ കേട്ടു. നിങ്ങള്‍ പറയുന്നതിലപ്പുറം ഞങ്ങള്‍ക്ക് ഒരു വാക്കില്ല. അങ്ങേരോട് വെറുപ്പൊന്നും കരുതരുത് എന്ന് പറയണം. പകരം ഇവിടെയുള്ള സൗകര്യങ്ങള്‍ക്ക് ചേര്‍ന്ന വേറൊരു കിടിലന്‍ പാര്‍ട്ടിയെ ഞങ്ങള്‍ ഐക്യ ഐക്യകണ്േഠന കണ്ടുവെച്ചിട്ടുണ്ട്. നമ്മുടെ നാട്ടില്‍ തന്നെ ലോക നിലവാരം ഉള്ള ആളുകള്‍ ഉള്ളപ്പോള്‍ ഇറക്കുമതി ചെയ്യേണ്ട കാര്യമില്ലല്ലോ. അഴീക്കോട് അണ്ണനെക്കുറിച്ചാണ് ഞങ്ങള്‍ പറഞ്ഞു വരുന്നത്. മറുത്തൊന്നും പറയരുത്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളെയും ഇന്നസെന്റ് മുതല്‍ ഇടവേള ബാബു വരെയുള്ള ശിങ്കിടികളെയും മലര്‍ത്തിയടിച്ച് മെഗാസ്റ്റാര്‍ ആയി നില്ക്കുന്ന അദ്ദേഹം ഞങ്ങടെ അംബാസഡര്‍ ആയാല്‍ എല്ലാം ചേരും പടി ചേര്‍ന്ന പോലെയാവും. ഇപ്പോള്‍ തന്നെ എല്ലാം ‘സ്മാര്‍ട്ട്’ ആയി നടക്കുന്ന ഇവിടെ അതോടെ ടൂറിസ്റ്റുകളെക്കൊണ്ട് നിറയും.
ഈ വിഷയത്തില്‍ എത്രയും പെട്ടെന്ന് ഒരു തീരുമാനം ഉണ്ടാക്കിത്തരുവാന്‍ പോളിറ്റ് കൂറോ തയ്യാറാകണം എന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ട് ഈ തുറന്ന കത്ത് ഇവിടെ നിര്‍ത്തുകയാണ്. ലാല്‍ സലാം.
മ്യാവൂ: തത്വമസി എന്ന സംസ്കൃത പദത്തിന് തെറിപ്പാട്ട് എന്നൊരു അര്‍ത്ഥം കൂടിയുണ്ടെന്ന് ചിലര്‍ പറയുന്നുണ്ട്. അവര്‍ സംസ്കൃതം തീരെ അറിയാത്ത ഗ്രന്ഥം ചുമക്കുന്ന കഴുതകള്‍ ആണ്. അഴീക്കോട് അണ്ണന് വേണ്ടി പോളിറ്റ് കൂറോയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് എല്ലാവരും കഴിയുന്നത്ര എസ് എം എസ് അയക്കണം .