ബച്ചന് പലരെയും ഇടിച്ച് മലര്ത്തിയിട്ടുണ്ട്. പത്തോ പതിനഞ്ചോ മല്ലന്മാര് തോക്കും കോപ്പുമായി വന്നാലും ബച്ചന് പുല്ലു പോലെ നേരിടും. നൂറ് വെടിയേറ്റാലും ഒരു തുള്ളി ചോര പൊടിയില്ല. ‘പോടാ മോനേ ദിനേശാ’ എന്നൊരു ലൈനില്‍ ഏത് കൊമ്പനേയും ഇടിച്ച് പത്തിരിയാക്കി ഒരു പാനും തിന്നു സ്ഥലം വിടും. ആ ബച്ചനെയാണ് നമ്മള് കേരളീയര്‍ ഒറ്റയടിക്ക് ബൌണ്ടറി കടത്തിയിരിക്കുന്നത്. ഇത് കുറച്ച് കടന്ന കയ്യായിപ്പോയി എന്നാണ് പലരും പറയുന്നത്. എനിക്കങ്ങിനെ അഭിപ്രായമില്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയോട് ജീവിതത്തില്‍ ആദ്യമായി എനിക്ക് സ്നേഹം തോന്നിയത് ഇന്നലെയാണ്.
അമിതാബ് ബച്ചനെ കേരളത്തിന്റെ ടൂറിസം ബ്രാന്‍ഡ് അംബാസ്സഡര്‍ ആക്കാനുള്ള സഖാവ് കോടിയേരിയുടെ തീരുമാനത്തിന് സഡണ്‍ ബ്രേക്കിട്ട പോളിറ്റ് ബ്യൂറോയിലെ ആണ്‍കുട്ടികള്‍ക്ക് എന്റെ വക ഓരോ ചുവന്ന ലഡുവുണ്ട്. നരേന്ദ മോഡിയോട് ചങ്ങാത്തം കൂടിയതാണ് ബച്ചന് അടിയായത്. ചാണകം ചാരിയാല്‍ ചന്ദനം മണക്കില്ല എന്ന് വിവരമുള്ളവര്‍ പണ്ടേ പറഞ്ഞിട്ടുണ്ട്. ഒന്നുകില്‍ മോഡിയുടെ കൂടെ. അതല്ലെങ്കില്‍ മനുഷ്യരുടെ കൂടെ. രണ്ടും കൂടെ ഒന്നിച്ച് നടക്കില്ല. നൂറുകണക്കിന് നിരപരാധികളായ മനുഷ്യര്‍ കണ്മുന്നില് കൊന്നൊടുക്കപ്പെട്ടപ്പോള്‍ വീണ വായിച്ച ഒരു ഭരണാധികാരിയെ മനുഷ്യന്മാരുടെ കൂട്ടത്തില്‍ കൂട്ടാന്‍ പറ്റില്ല. അതുകൊണ്ട് തന്നെ മോഡിയുടെ കവിളില്‍ ഉമ്മ കൊടുത്ത ആ ചുണ്ട് കൊണ്ട് കേരളത്തിന് ഒരു ഉമ്മ വേണ്ട. ഞങ്ങടെ ടൂറിസം കാക്ക കൊത്തിയാലും വേണ്ടില്ല, മോഡിയുടെ അംബാസ്സഡരുടെ ചിലവില്‍ ഇവിടെ ഒരു കോപ്പും വികസിക്കേണ്ട. ഇത് കൊണ്ട് ഞങ്ങടെ ടൂറിസം തകരുന്നെങ്കില്‍ അങ്ങ് തകരട്ടെ. മോഡിയുടെ അംബാസ്സഡറോ മാരുതിയോ ഇല്ലാതെ തന്നെയാണ് കേരളത്തിന്റെ ടൂറിസം ഇത്രകാലവും വളര്‍ന്നതും ലോക ഭൂപടത്തില്‍ ഇടം പിടിച്ചതും. ടൂറിസത്തിന്റെ എ ബീ സീ ഡി അറിയാത്ത കോടിയേരിക്ക് ഇക്കാര്യം പറഞ്ഞു കൊടുക്കാന്‍ കേന്ദ്രക്കമ്മറ്റിയില്‍ നിന്ന് ആളെത്തേണ്ടി വന്നു. കഷ്ടം.. ഷ്ടം.
ബച്ചനെ വേണ്ട എന്ന തീരുമാനം നല്കുന്ന ഒരു സാംസ്കാരിക സന്ദേശം ഉണ്ട്. മത തീവ്രവാദികളോട് ചങ്ങാത്തം കൂടുന്നവര്‍ അതെത്ര ഉന്നതന്മാരായാലും വേണ്ടില്ല,അവരെ മതേതര വൃത്തത്തിന് ഉള്‍കൊള്ളാന്‍ അല്പം പ്രയാസമുണ്ടാവും എന്നതാണത്. തീവ്രവാദം ഹിന്ദുവിന്റെതോ മുസ്ലിമിന്റെതോ ആകട്ടെ അത്തരക്കാരുമായി ചങ്ങാത്തം കൂടുന്നവര്‍ക്ക് ബച്ചന് എപ്പിസോഡില്‍ നിന്ന് ചിലത് പഠിക്കാനുണ്ട്. ഇത്തരം വേണ്ടാതീനങ്ങള് ചെയ്താല്‍ ഏത് കോപ്പിലെ ഇമേജായാലും വേണ്ടില്ല അതൊക്കെ ചീട്ടുകൊട്ടാരം പോലെ ഒറ്റ രാത്രി കൊണ്ട് തകരും. ബച്ചനെ ബൌണ്ടറിക്ക് പുറത്തേക്ക് അടിച്ചു പറത്താനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തത് മറ്റാരുമല്ല, ബച്ചന് തന്നെയാണ്. മോഡിയുടെ അംബാസ്സഡര്‍ ആയിരുന്നില്ലെങ്കില്‍ ബച്ചനെ കേരളം എന്നല്ല ഇന്ത്യയിലെ ഏത് സ്റ്റേറ്റും ഇരുകയ്യും നീട്ടി സ്വീകരിക്കുമായിരുന്നു.
കേരള ടൂറിസത്തിന് അംബാസ്സഡറാകാന്‍ ഒരു സെലിബ്രിറ്റി വേണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ മണി മണി പോലുള്ള എത്രയെണ്ണം വേറെ കിടക്കുന്നു. നമ്മുടെ ഷാറൂഖിനെപ്പോലുള്ള ഒന്നാന്തരം ബീ എം ഡബ്ലിയൂ വില കുറച്ച് കിട്ടാനുള്ളപ്പോള്‍ ഔട്ട് ഡേറ്റായ അംബാസ്സഡര്‍ തന്നെ വേണമെന്ന് എന്തിനാണ് സഖാവേ ഈ നിര്‍ബന്ധം?. ഷാറൂഖിനെ വേണ്ടെങ്കില്‍ വേണ്ട. ബച്ചന്റെ വീട്ടില്‍ തന്നെയില്ലേ രണ്ടെണ്ണം വേറെ. ഐശ്വര്യമായി ഒരു അഭിഷേകം നടത്തി ഏതെങ്കിലും ഒന്നിനെ പിടിച്ചോണ്ട് വന്നിരുന്നെങ്കില്‍ പോളിറ്റ് ബ്യൂറോക്ക് വടിയെടുക്കേണ്ട ആവശ്യം വരില്ലായിരുന്നു.
മ്യാവൂ: അംബാസ്സഡറാകാന്‍ ആരെയും കിട്ടിയില്ലെങ്കില്‍ പത്തോ നൂറോ തന്നാല്‍ ആളെ ഞാന്‍ കൊണ്ട് വരാം. അതല്ല ബൂലോകത്തെ ഫുലിയായ ഞാന്‍ തന്നെ വേണമെന്ന് നിങ്ങളെല്ലാവരും നിര്‍ബന്ധിക്കുകയാണെങ്കില്‍ എന്റെ വിധി അതാണെന്ന് കരുതി ആ ത്യാഗത്തിന് ഞാന്‍ റെഡിയാണ്.