അസ്നയെ ഓര്‍ക്കാന്‍ ഒരവസരവും കൂടി വന്നിരിക്കുന്നു. അവള്‍ ഇപ്പോള്‍ എസ് എസ് എല്‍ സി പരീക്ഷ എഴുതുകയാണ്. കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന് ഇരയായി കാല്‍ മുറിച്ച് മാറ്റപ്പെട്ട ആ കൊച്ചു കുഞ്ഞ് വേച്ച് വേച്ച് നടന്ന് പത്താം ക്ലാസ്സുകാരിയായിരിക്കുന്നു. ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അവളുടെ വലതു കാല്‍ ബോംബേറില്‍ നഷ്ടപ്പെട്ടത്. പൂവത്തൂരിലെ പഞ്ചായത്ത് തെരെഞ്ഞുടുപ്പില്‍ ബൂത്ത് പിടുത്തം നടന്നു എന്ന് ആക്രോശിച്ചു ഒരു കൂട്ടം മനുഷ്യ മൃഗങ്ങള്‍ അവള്‍ കളിച്ചു കൊണ്ടിരുന്ന വീട്ടു മുറ്റത്തേക്ക് ബോംബു എറിയുകയായിരുന്നു. "അരുത്, കുട്ടികളുണ്ട് "എന്ന് അമ്മ ശാന്ത അലമുറയിട്ടെങ്കിലും ആര് കേള്‍ക്കാന്‍?. ബൂത്ത് പിടിച്ചവര്‍ ആ വീട്ടുമുറ്റത്ത് കൂടിയായിരുന്നത്രേ ഓടിപ്പോയത്!!!
ബൂത്ത് എന്താണെന്ന് പോലും അറിയാത്ത ആ കൊച്ചു കുഞ്ഞിന്റെ ജീവന്‍ ദൈവം ബാക്കിയാക്കി. രാഷ്ട്രീയ കേരളത്തിനു അതൊരു സാധാരണ ദിവസം മാത്രമായിരുന്നു. പതിവ് സമരം. പതിവ് അക്രമം. പതിവ് പ്രസ്താവനകള്‍, പതിവ് പ്രതിഷേധങ്ങള്‍, പക്ഷെ കാല്‍ മുറിച്ച് മാറ്റപ്പെട്ട ഒരു കൊച്ചു കുഞ്ഞിന് അതൊരു പതിവ് ദിവസമായിരുന്നില്ല. അതവളുടെ ജീവിതത്തിന്‍റെ നിറം കെടുത്തിയ ദിനമാണ്. സ്വപ്‌നങ്ങള്‍ കരിഞ്ഞുണങ്ങിയ ദിനമാണ്. ജീവിതം മുഴുക്കെ കൂടെക്കഴിയാന്‍ വേദന വിരുന്നു വന്ന ദിനമാണ്. മുറ്റത്ത് കളം വരച്ച് കൂട്ടുകാര്‍ ചാടിക്കളിക്കുമ്പോഴൊക്കെ കവിളില്‍ കണ്ണീര് വീഴ്ചക്ക് തുടക്കം കുറിച്ച ദിനമാണ്.
കൃത്രിമക്കാലിന്റെ പിന്‍ബലത്തില്‍ അവള്‍ മുന്നോട്ട് വെച്ച ഓരോ അടിയും നമ്മുടെ രാഷ്ട്രീയ സംസ്കാരത്തിന്‍റെ തരിശ് നിലങ്ങളെ ഉഴുതുമറിക്കാന്‍ പര്യാപ്തമായിരുന്നു. അവള്‍ ഒരടി മുന്നോട്ട് വെക്കുമ്പോള്‍ കണ്ണും കാതുമില്ലാത്ത രാഷ്ട്രീയക്കാരന്റെ വികൃത മുഖത്താണ് അടി വീഴുന്നത്. തോറ്റു കൊടുക്കാന്‍ തയ്യാറില്ലാത്ത നിശ്ചയദാര്‍ഢ്യവും മനക്കരുത്തുമാണ് അവളെ ഇന്നൊരു പത്താം ക്ലാസ്സുകാരിയാക്കിയത്. ഡോക്റ്റര്‍ ആവണമെന്ന് അവള്‍ ആഗ്രഹിക്കുന്നു.
അസ്നക്ക് നന്നായി പരീക്ഷ എഴുതാന്‍ കഴിയട്ടെ. ഉയര്‍ന്ന മാര്‍ക്കോടെ ജയിച്ചു വരട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു . നമ്മുടെ സംസ്കാരത്തിന്‍റെ ബോധമണ്ഡലങ്ങള്‍ക്ക് ദീപ്തി പകരാന്‍ ഒരു വിളക്കായി അസ്ന എന്നും നമ്മോടൊപ്പമുണ്ടാവട്ടെ. അവള്‍ക്ക് എല്ലാവിധ ആശംസകളും.
Update: 03 May 2010
Asna got excellent result. She scored A+ in all subjects.